കേരളത്തിലെങ്ങും റോഡ് പണിയും പാലം പണിയും നടക്കുകയാണ്, ഇത്തവണ ഓണത്തിന് പ്രജകളെ കാണാൻ പോകണ്ട എന്ന് പാതാളത്തിൽ പലരും പറഞ്ഞതാണ്. പക്ഷേ, അതൊന്നും കേൾക്കാതെ പഴയ ഓലക്കുടയും തപ്പിപ്പിടിച്ച് ഇറങ്ങിയതാണ്.റോഡേതാണ്, വഴിയേതാണ്, കുഴിയേതാണെന്നൊന്നും തിരിച്ചറിയാതെ കിടക്കുന്ന റോഡ് കണ്ടപ്പോഴാണ് ഇറങ്ങി പുറപ്പെടേണ്ടിയിരുന്നില്ല എന്ന് മാവേലിത്തമ്പുരാനും തോന്നിയത്. ‘’ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ട് എത്തുകയും ചെയ്തില്ല ‘’ എന്ന് പറഞ്ഞ അവസ്ഥയാകുമോ എന്ന് തമ്പുരാൻ ശങ്കിച്ചു.
പഴയ വഴികളൊന്നും തിരിച്ചറിയാനേ കഴിയുന്നില്ല, ചിലയിടത്ത് റോഡിന് വീതി കൂട്ടുന്നു, ചിലയിടത്ത് മേൽപ്പാലം നിർമ്മാണം നടക്കുന്നു, താഴെ കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ..മഴയും കൂടി വന്നപ്പോൾ ചെളിയും വെള്ളവും നിറഞ്ഞ് കിടക്കുന്ന റോഡുകൾ..വഴി ചോദിക്കാനെകിൽ ഒറ്റ മലയാളിയെപ്പോലും വഴിയിലെങ്ങും കാണാനുമില്ല..എല്ലാം റോഡ് പണിക്ക് വന്ന ബംഗാളികളും ആസാമികളും മാത്രം..
നോക്കി നോക്കി നടന്നിട്ടും പൊടി പോലുമില്ല ഒരു മലയാളി.. ഇനി തന്റെ പ്രജകളെ കാണാൻ വിദേശത്ത് പോകേണ്ടി വരുമോ? ഇവിടെ ബംഗാളികൾ ചെയ്യുന്ന ജോലികൾ വിദേശത്ത് പോയി ചെയ്യാൻ മലയാളികൾക്ക് ഒരു മടിയുമില്ല, അത് ഇവിടെ ചെയ്യാൻ ബംഗാളികൾ തന്നെ വേണം..
വഴിയറിയാതെ നടന്നു നടന്നു മടുത്തപ്പോൾ എന്തും വരട്ടെ എന്ന് കരുതി ഒരുത്തനോട് വഴി ചോദിച്ചു..
തന്റെ വേഷത്തിലേക്കും ഓലക്കുടയിലേക്കുമൊക്കെ കൗതുകത്തോടെ നോക്കിയിട്ട്
അവൻ തിരിച്ചു ചോദിച്ചു..’’ആപ് ക്യാ ബോലേ, ഹം മാലൂം നയീ ഹേ..’’
തന്റെ ഹിന്ദി അവനും അവന്റെ ഹിന്ദി തനിക്കും പിടി കിട്ടാത്ത സ്ഥിതിയ്ക്ക് വേഗം സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി.. ഇനി ഹിന്ദി മാറ്റി ബംഗാളിയിൽ വല്ല ചീത്തയും പറഞ്ഞാൽ അതും മനസ്സിലാകില്ല..
അതിനിടയിൽ ആരോ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ഒരാശ്വാസം തോന്നി..ഏതോ പത്രം വിൽപ്പനക്കാരനാണെന്ന് തോന്നുന്നു..
‘’ ചൂട് വാർത്ത, ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു, കാമുകി കാമുകനെ വിഷം കൊടുത്തു കൊന്നു, മൊബൈൽ കൊടുക്കാത്തതിന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു..’’
കൊള്ളാം, പ്രജകളെ കാണാൻ വന്ന തനിക്ക് നല്ല വാർത്തകളാണല്ലോ കേൾക്കാൻ കഴിഞ്ഞത്, ഇതൊക്കെയാണ് ഇപ്പോൾ നാട്ടിലെ ട്രെൻഡെന്ന് ന്തോന്നുന്നു.. കാലം പുരോഗമിക്കുന്തോറും തന്റെ പ്രജകൾക്കും നല്ല പുരോഗതിയുണ്ട്.
പ്രജകളുടെ വീടുകളിൽ ചെല്ലുമ്പോൾ വല്ല എനർജി ഡ്രിങ്കൊക്കെ തന്ന് തന്നെയും തട്ടിക്കളയുമോന്ന് തമ്പുരാൻ പേടിച്ചു..ഇങ്ങനെ ഓരോന്ന് ആലോചിച്ച് നടക്കുമ്പോഴാണ് അതി വേഗതയിൽ വന്ന ഒരു സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് ബസ് റോഡിലെ ചെളിയും തെറിപ്പിച്ച് കടന്നു പോയത്.. ഓലക്കുടയും പിടിച്ച് ചെളിയിൽ കുളിച്ച് നിന്ന മാവേലിത്തമ്പുരാൻ ഒരു നിമിഷം ഡ്രൈവറെ പ്രാകി..
അല്ലെങ്കിൽ തന്നെ ഡ്രൈവർക്ക് മാവേലിയായാലും സാധാ പ്രജയായാലും എല്ലാം ഒന്നു പോലെ. നോക്കി നടന്നാൽ നമുക്ക് കൊള്ളാം..
ഇനിയിപ്പോൾ എന്താ ചെയ്യുക..തമ്പുരാൻ ഒരെത്തും പിടിയും കിട്ടാതെ വഴിയിൽ കുത്തിയിരുന്നു..ഈ കോലത്തിൽ മാവേലിയാണെന്നും പറഞ്ഞ് ചെന്നാൽ പ്രജകൾ വന്ന വഴിയേ ഓടിക്കും..ഇനി പോലീസുകാർ കണ്ടാൽ വല്ല തെളിയാത്ത കേസിലെയും പ്രതിയാക്കി പൊക്കി കൊണ്ട് പോയി അകത്തിടാനും..മടിക്കില്ല.
അപ്പോഴാണ് ഒരു ഹിന്ദിക്കാരൻ അടുത്തു വന്നത്..തന്റെ ദയനീയമായ ഇരിപ്പു കണ്ടാകാം അവൻ ചോദിച്ചു
’’ആപ് കോൻ ഹേ, കഹാം ജാ രഹേ ഹേ’’
അവന്റെ ആംഗ്യത്തിൽ നിന്നും ആരാണ്, എവിടെ പോകാനാണ് എന്നാണ് ചോദിക്കുന്നതെന്ന് മനസ്സിലായി, നല്ല പ്രായത്തിൽ ഇത്തിരി ഹിന്ദിയും ബംഗാളിയും കൂടെ പഠിക്കേണ്ടതായിരുന്നുവെന്ന് തമ്പുരാന് തോന്നി..
‘’ഭായി, മേം മാവേലി ഹേ..’’ അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു.. അത് കേട്ട് വായും പൊളിച്ച് നിൽക്കുന്ന അവനെ കണ്ടപ്പോഴാണ് മാവേലി ഓർത്തത്, അല്ലെങ്കിലും ബംഗാളിക്കെന്ത് മാവേലി?
മലയാളികളൊക്കെ നാട്ടിൽ വരുന്ന സമയത്ത് ഇങ്ങോട്ട് വരാം, ഇപ്പോൾ സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി. പതിയെ എഴുന്നേറ്റ് ചെളി വെള്ളം തെറിച്ച് പിടിയേത്, കുടയേത് എന്ന് തിരിച്ചറിയാനാവാത്ത പരുവത്തിലായ ഓലക്കുടയും പിടിച്ച് മാവേലി റോഡിലേക്ക് കാലെടുത്തു വെച്ചു, വെച്ചത് ഒരു ചെളിക്കുഴിയിലേക്കായിരുന്നു..ഒരു നിലവിളിയോടെ നേരെ താഴേക്ക് പോയ മാവേലിത്തമ്പുരാൻ നേരെ ചെന്നത് പാതാളത്തിൽ..പണ്ട് വാമനൻ ചവിട്ടി താഴ്ത്തിയെങ്കിൽ ഇപ്പോൾ നേരെ ഇങ്ങ് പാതാളത്തിലേയ്ക്ക് പോന്നു. അങ്ങോട്ട് പോയതിനെക്കാൾ വേഗത്തിൽ തിരിച്ചു വരാൻ കഴിഞ്ഞല്ലോ? ജീവനെങ്കിലും തിരിച്ചു കിട്ടിയത് ഭാഗ്യം, സന്തോഷത്തോടെ തമ്പുരാൻ കൊട്ടാരത്തിലേയ്ക്ക് നടന്നു..