Image

ഉറുമ്പൂട്ട് (ഓണം വന്നല്ലോ: കുമാരി എൻ കൊട്ടാരം)

Published on 04 September, 2025
ഉറുമ്പൂട്ട് (ഓണം വന്നല്ലോ: കുമാരി എൻ കൊട്ടാരം)

പൂക്കളമിടീലും ഓണ സദ്യയും കഴിഞ്ഞാൽ ഞങ്ങൾ കുട്ടികൾക്കിഷ്ടപ്പെട്ട ഒരു ചടങ്ങായിരുന്നു ഉറുമ്പൂട്ട്.
സദ്യ കഴിഞ്ഞ് അയൽ വീട്ടിലെ കുട്ടികളെല്ലാം ഞങ്ങളുടെ വീട്ടിൽ കൂടും . ഊഞ്ഞാലാട്ടം സാറ്റ്കളി 
തലപ്പന്തുകളി കണ്ണുകെട്ടിക്കളി തുടങ്ങിയ കളികളിലേർപ്പെടും. വൈകുന്നേരം ചേച്ചിമാർ വീടിനകവും മുറ്റവും പരിസരവുമെല്ലാം അടിച്ചുതൂത്ത് വൃത്തിയാക്കും.
സന്ധ്യയ്ക്കു മുന്നേ അമ്മ വിളിക്കും. ഉറു മ്പൂട്ടണ്ടെ പോയി കുളിച്ചിട്ടു വരൂ എന്നു പറയും ' . അതിനു മുമ്പ് കുരുമുളകു കൊടിയുടെ ഇലകൾ പറിച്ചോണ്ടുവരാൻ പറയും. അമ്മ അപ്പോൾ വിളിക്കിത്തിരി തെറുത്തെടുക്കുകയായിരിക്കും. ഞങ്ങൾ കുളിച്ചു വരുമ്പോഴേയ്ക്കും അമ്മ അരി വറുത്തിട്ടുണ്ടാവും ചേച്ചിമാർ ആരെങ്കിലും തേങ്ങ ചിരവിയിട്ടുണ്ടാവും.
വറുത്ത അരിയിലേക്ക് ശർക്കര ചീവിയിടും ചിരണ്ടിയതേങ്ങയുമിട്ട് നന്നായി ഇളക്കിയോജിപ്പിക്കും. എന്നിട്ട് ഓരോ കൊടിയിലയിലും ഓരോ സ്പൂൺ വീതം കോരി വച്ച് ഇലയിൽ തിരിയും കത്തിച്ചു വയ്ക്കും. അപ്പോഴേയ്ക്കും ഞാനും ചേട്ടനും അനുജനും അത് വാങ്ങിയ്ക്കാൻ തയ്യാറായി നില്ക്കുന്നുണ്ടാവും. അമ്മ തയ്യാറാക്കിയ ഓരോ ഇലയായി ഞങ്ങളുടെ കയ്യിൽ തരും.
ഇത് ചവിട്ടുപടിയുടെയടുത്ത്, ഇത് തെക്കേമുറിയിൽ ഇത് പടിഞ്ഞാറെ മുറിയിൽ, ഇത് അടുക്കളയിൽ ഇത് ചായ്പിൽ അങ്ങനെയങ്ങനെ അരകല്ലിൻ തറയിൽ അലക്കുകല്ലിൽ വീടിൻ്റെ നാലു മൂലയിൽ, കുളിമുറിയിൽ ഒക്കെ ഞങ്ങൾ വാശിയോടെ ഓടി നടന്ന് വയ്ക്കും. വെറുതെ വച്ചാൽ പോര' ഞാനും മക്കളും അകത്ത് ഉറുമ്പും മക്കളും പുറത്ത് 'എന്ന് പറയുകയും വേണം. ഓരോ പ്രാവശ്യവും ഞങ്ങൾ പ്ലേറ്റിലേക്ക് നോക്കും കൂട്ട് തീർന്നോ എന്ന്. എല്ലായിടത്തും വച്ചു എന്ന് ഉറപ്പുവരുത്തിയിട്ട് ഞങ്ങൾ അമ്മയ്ക്ക് ചുറ്റും തിണ്ണയിൽ ഇരിക്കും.
ഉറുമ്പിനെ ഊട്ടിയതിൻ്റെ ബാക്കി അമ്മ കൊടിയിലയിൽത്തന്നെ ഞങ്ങൾക്കും തരും. ആ്ഹാ എന്തു രുചിയാണെന്നോ !

അമ്മയുള്ളത്ര നാൾ വീട്ടിൽ ഉറുമ്പൂട്ടുമായിരുന്നു. ഉറുമ്പിൻ്റെ ശല്യം ഉണ്ടാവില്ലത്രെ.
അതാണ് വിശ്വാസം.
(ഓണം മനുഷ്യർക്കു മാത്രമല്ല ഈച്ച ഉറുമ്പ് ആദിയായവയ്ക്കും കൂടിയുള്ളതാണ് എന്ന് അമ്മ പറയുമായിരുന്നു. )

പിറ്റേ ദിവസം വച്ചതെല്ലാം ഉറുമ്പു തിന്നോ എന്ന് ഞങ്ങൾ നോക്കുമായിരുന്നു. 
ചില ഇലയിലേത്
അടുത്ത വീട്ടിലെ ഞങ്ങളുടെ കൂട്ടുകാരനായ ഒരു രണ്ടുകാലൻ ഉറുമ്പ് ആരും കാണാതെ പതുങ്ങി വന്ന് തിന്നിട്ടു പോകാറുണ്ടായിരുന്നു.

ഈ വീട്ടിൽ  ഉറുമ്പൂട്ടിയ ഓർമ്മയില്ല. ഇപ്രാവശ്യം എന്തായാലും ഉറുമ്പൂട്ടണം. ഉറുമ്പിൻ്റെ ശല്യം ഇല്ലാതിരിക്കട്ടെ.
ഞാനും മക്കളും അകത്ത് ഉറുമ്പും മക്കളും പുറത്ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക