
കേരള പോലീസിന്റെ ക്രിമിനല്‍ സ്വഭാവം വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌വി.എസ് സുജിത്തിനെ പോലീസ് സ്റ്റേഷന്റെ ഇടിമുറിയിലിട്ട് മര്‍ദിച്ചവശനാക്കിയ ക്രൂരകൃത്യത്തിന്റെ അതിദാരുണമായ ദൃശ്യങ്ങള്‍ നമ്മളെല്ലാവരും കണ്ടു. അതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സമാനമായ മറ്റൊരു അക്രമത്തിന്റെ ദൃശ്യവും ഇപ്പോള്‍ പ്രചരിക്കുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് 2023 ഏപ്രില്‍ 5-നാണ് നിരപരാധിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് കൊടിയ മര്‍ദനമേറ്റതെങ്കില്‍ 2023 മെയ് 24-നാണ് പീച്ചി പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ മാനേജര്‍ റോണി ജോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയും അകാരണമായി പോസീസ് മര്‍ദിക്കുന്ന സി.സിടി.വി ഫുട്ടേജ് വിവരാവകാശ കമ്മിഷന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയത്.
വി.എസ് സുജിത്തിനെ മൃഗീയമായി മര്‍ദിച്ച എസ്.ഐ നുഹ്‌മാന്‍, സി.പി.ഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരെ സസ്‌പെന്റ് ചെയ്‌തെങ്കിലും അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് സുജിത്തും കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. മര്‍ദനത്തിനിരയായ രണ്ടു കൂട്ടരും 2023 ഏപ്രില്‍-മെയ് മാസം മുതല്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് മര്‍ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമായത്. വിവരാവകാശ കമ്മിഷന്‍ ഇടപെട്ട് ഈ ദൃശ്യങ്ങള്‍ കൊടുത്തില്ലായിരുന്നുവെങ്കില്‍ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരത പുറംലോകം കാണില്ലായിരുന്നു. എന്നാല്‍ അറിയപ്പെടാത്ത എത്രയോ മര്‍ദനങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകള്‍ കേരളത്തിലെ ലോക്കപ്പ് മുറികള്‍ക്കും ഇടിമുറികള്‍ക്കും പറയാനുണ്ടാവുമെന്നോര്‍ക്കുക.
അതേസമയം, പീച്ചി സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന പി.എം രതീഷ് ലാലീസ് റെസ്റ്റോറന്റ് മാനേജര്‍ റോണിയെയും മറ്റൊരു ജീവനക്കാരനെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അവരെ മൂന്നാം മുറയ്ക്കിരയാക്കുകയായിരുന്നു. എസ്.എച്ച്.ഒയുടെ മുറിയില്‍ വച്ച് റോണിയുടെ കരണത്തടിക്കുകയും ഒപ്പമുള്ള ജീവനക്കാരനെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കുന്നതിന്റെയും ദൃശ്യമാണ് പുറത്തുവന്നത്. റെസ്റ്റോറന്റ് ഉടമയായ കെ.പി ഔസേപ്പ് ഒന്നര വര്‍ഷത്തോളം നീണ്ട നിയമപോരാട്ടം നടത്തിയാണ് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനില്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കൈവശമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് തന്നെയും മകന്‍ പോള്‍ ജോസഫിനെയും സ്റ്റേഷനില്‍ എത്തിച്ചു ഉദ്യോഗസ്ഥര്‍ അപമാനിച്ചതില്‍ തെളിവ് തേടിയാണ് നിയമ പോരാട്ടത്തിനിറങ്ങിയതെന്ന് ഔസേപ്പ് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. പീച്ചി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരിയുടെ മകളെ തന്റെ സ്ഥാപനത്തില്‍ നിന്നും ഒന്‍പതിനായിരത്തിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചതിന് പിടികൂടിയിരുന്നു. അവസരം കിട്ടിയപ്പോള്‍ തങ്ങളോട് പക തീര്‍ത്തതാണെന്നും ഔസേപ്പ് ആരോപിച്ചു. ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ വധശ്രമവും പോക്‌സോ അടക്കം ചേര്‍ത്ത് എഫ്.ഐ.ആറിട്ട് അകത്താക്കുമെന്നായിരുന്നു എസ്.ഐ പി.എം രതീഷിന്റെ ഭീഷണി.
ലാലീസ് റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതുമായി ബന്ധപ്പഎട്ട് ദിനേശ് എന്ന വ്യക്തിയുടെ പരാതിയനുസരിച്ചാണ് എസ്.ഐയുടെ നടപടി. ദിനേശുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കക്കാന്‍ എസ്.ഐ പറഞ്ഞു. ഇത് പ്രകാരം പരാതിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും ഔസേപ്പ് പറഞ്ഞു. പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. പണം നല്‍കിയതിന് പിന്നാലെ, തിരിച്ച് സ്റ്റേഷനില്‍ എത്തി പരാതിക്കാരന്‍ തന്റെ പരാതി പിന്‍വലിക്കുയും ചെയ്തു. പണം പരാതിക്കാരനും എസ്.ഐയും വീതം വച്ചെടുത്തുവത്രേ. മര്‍ദകനായ എസ്.ഐ രതീഷ് സ്ഥാനക്കയറ്റം ലഭിച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയി കടവന്ത്ര സ്റ്റേഷനില്‍ ജോലി ചെയ്യുകയാണെന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല എന്നും ഔസേപ്പ് ചൂണ്ടിക്കാണിക്കുന്നു.
രതീഷിനെതിരെ ഉടന്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. അഡീഷണല്‍ എസ്.പി കെ.എ ശശിധരന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടിയെടുക്കുക. പീച്ചി സംഭവത്തില്‍ ജനുവരിയിലാണ് രതീഷിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. രതീഷിന് കടവന്ത്ര സര്‍ക്കിള്‍ ആയി പ്രമോഷന്‍ ലഭിച്ചതോടെ നോര്‍ത്ത് സോണ്‍ ഐ.ജി സൗത്ത് സോണ്‍ ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് കണ്ടെത്തല്‍. കര്‍ശന നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുമുണ്ടായിരുന്നു. പണം വാങ്ങി കേസ് ഒതുക്കി തീര്‍ത്തു എന്ന ആരോപണത്തിലും അന്വേഷണത്തിന് സാധ്യതയുണ്ട്.
എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളിലുണ്ടായ ഒരേ സ്വഭാവത്തിലുള്ള ഈ പോലീസ് ക്രൂരതയുടെ രണ്ട് സംഭവ ദൃശ്യങ്ങള്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് ഉയര്‍ത്തിയിരിക്കുന്നത്. എന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരന്‍ കൂടിയായ മുഖ്യമന്ത്രി പാലിക്കുന്ന ദുരൂഹമായ മൗനം അപലപനീയമാണ്. പോലീസ് പ്രഹരത്തിന്റെ വേദന നന്നായി അറിയുന്ന വ്യക്തിയാണ് അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ കൊടിയ ഭേദ്യം ചെയ്യലുകള്‍ക്കിരയായ വ്യക്തിയാണ് പിണറായി വിജയന്‍.
എം.എല്‍.എ ആയിരിക്കെ 1977 മാര്‍ച്ച് 30-ന് പിണറായി വിജയന്‍ സംസ്ഥാന നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം നേരിടേണ്ടി വന്ന അതിക്രൂരമായ പീഡാനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകാരെ മിസ പ്രകാരം അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി 1975 സെപ്തംബര്‍ 28-ാം തീയതി രാത്രിയാണ് പിണറായി വജയനെ ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ ലിമിറ്റില്‍, തലശ്ശേരി പൊലീസ് സര്‍ക്കിള്‍ ഏരിയയിലുള്ള വീട്ടില്‍ നിന്ന് കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാലരാമനും സംഘവും പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് ലോക്കപ്പിലാക്കി. പിന്നീട് നടന്ന മൂന്നാം മുറയെക്കുറിച്ച് പിണറായി വിജയന്‍ ഇപ്രകാരം പറയുന്നു...
''അവര്‍ രണ്ടുപേര്‍ ആദ്യറൗണ്ട് അടിച്ചു. രണ്ടുപേര്‍ മാത്രമായിട്ട് അടിക്കുന്നത് പോരെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടായിരിക്കാം. വലിയ ഒരു സംഘം പൊലീസുകാര്‍ ലോക്കപ്പിനു മുമ്പില്‍ നില്‍ക്കുന്നുണ്ട്. സി.ഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ..? ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകള്‍ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ടു പല പ്രാവശ്യമായിട്ട് ഞാന്‍ വീഴുന്നുണ്ട്, എഴുന്നേല്‍ക്കുന്നുണ്ട്. അവര്‍ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, നീ ആഫീസര്‍ക്കെതിരായി പറയുന്നുണ്ട്, മന്ത്രിക്കെതിരായി പറയുന്നുണ്ട്. അല്ലേടാ എന്നൊക്കെ. അതിനിടക്ക് തല്ലും നടന്നുകൊണ്ടിരിക്കുന്നു...''
''പല പ്രാവശ്യം വീണു. പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയായി. പൂര്‍ണമായിട്ടും വീണു. എഴുന്നേല്‍ക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവുട്ടി. എത്രമാത്രം ചവിട്ടാന്‍ കഴിയുമോ അത്രമാത്രം ചവിട്ടി. അഞ്ചാളുകള്‍ മാത്രമേ തല്ലിയുള്ളു. അവര്‍ ക്ഷീണിക്കുന്നതുവരെ തല്ലി. പതിനഞ്ചു ഇരുപതുമിനിട്ടു സമയം. എന്നിട്ട് അവര്‍ പോയി. ഞാന്‍ പിറ്റേദിവസംവരെ അങ്ങനെ കിടന്നു. അതിനിടക്ക് ഷര്‍ട്ട് പോയിട്ടുണ്ട്, ബനിയന്‍ പോയിട്ടുണ്ട്, മുണ്ടു പോയിട്ടുണ്ട്, ഡ്രായര്‍ മാത്രം അവശേഷിച്ചു. അതാണ് ആ ലോക്കപ്പില്‍വെച്ച് എനിക്കുണ്ടായത്...'' പിണറായിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗമാണിത്.
ആ പിണറായി വിജയന്‍ ഇന്ന് ആഭ്യന്തര വകുപ്പുകൂടി ഭരിക്കുമ്പോള്‍ പോലീസിന്റെ നെറികേടുകള്‍ അനുവദിക്കാന്‍ പാടുള്ളതല്ല. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി തല്ലാന്‍ പോലീസിന് യാതൊരു അധികാരവും അവകാശവുമില്ല. പോലീസ് ജനങ്ങളുടെ സേവകരാണ്, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരുമാണ്. അവര്‍ കാപാലികരാവുകയാണെങ്കില്‍ പെന്‍ഷന്‍ പോലും ലഭിക്കാത്ത വിധത്തില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് പോലീസ് സേനയുടെ വിശ്വാസ്യത ഉറപ്പിക്കണം. കാക്കി യൂണിഫോം ജനങ്ങളുടെ മേല്‍ കുതിരകയരാനുള്ള ലൈസസന്‍സല്ല. ഈ ധാര്‍ഷ്ട്യത്തിനും അഹന്തയ്ക്കും ഒരിക്കല്‍ തിരിച്ചടിയുണ്ടാവും. അതുപക്ഷേ താങ്ങാന്‍ പറ്റുന്നതായിരിക്കില്ല.