അന്ധമായ പ്രണയത്തിന്റെ പേരില്‍ നടി മഞ്ജുവാര്യരുടെ പിന്നാലെ നടന്ന് നിരന്തരം ശല്യപ്പെടുത്തിയ ചലചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് പ്രണയരോഗമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്ന് എത്തിയ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റിലായതോടെയാണ് 2019 മുതല്‍ മഞ്ജുവിനോടുള്ള ഇയാളുടെ വണ്‍സൈഡ് പ്രേമം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. നടിയുടെ പരാതിയില്‍ എറണാകുളം എളമക്കര പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച സനല്‍കുമാറിനെ എളമക്കര പൊലീസ് അവിടെയെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പിടിയിലായ സനല്‍കുമാര്‍ ശശിധരന്‍ വിചിത്രമായ വാദങ്ങളാണ് ഉന്നയിച്ചത്. താനും നടിയും തമ്മില്‍ പ്രണയത്തിലാണെന്നും പ്രണയം തകര്‍ക്കാന്‍ പിണറായി സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പോലീസും ശ്രമിക്കുകയാണെന്നുമെല്ലാം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് എത്തിക്കുമ്പോള്‍ സനല്‍കുമാര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 2022-ല്‍ നടി നല്‍കിയ പരാതിയില്‍ എളമക്കര പോലീസ് സനല്‍കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അമേരിക്കയിലാണ് താമസം. ശല്യം സഹിക്കവയ്യാതെ ഇക്കൊല്ലം ജനുവരിയില്‍ നടി വീണ്ടും പരാതി കൊടുത്തിരുന്നു. ഇതിനിടെയാണ് അറസ്റ്റിലായത്.
നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സനല്‍കുമാര്‍ ഒട്ടേറെ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരം പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ നിന്നു നീക്കാന്‍ പൊലീസ് നടപടിയെടുത്തിരുന്നു. മുമ്പ് സനലിനെതിരെ നല്‍കിയ പരാതിയില്‍ കേസ് നിലനില്‍ക്കെ, വീണ്ടും പിന്തുടര്‍ന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടി വീണ്ടും പൊലീസിനെ സമീപിച്ചത്. താനും നടിയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും മഞ്ജു വാര്യര്‍ സെക്‌സ് മാഫിയയുടെ തടങ്കലിലാണെന്നുമാണ് സനല്‍കുമാര്‍ പറയുന്നത്.
അതിശയലോകം, പരോള്‍, ഫ്രോഗ്, ഒരാള്‍പ്പൊക്കം, ഒഴിവുദിവസത്തെ കളി, സെക്‌സി ദുര്‍ഗ, കയറ്റം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സനല്‍കുമാര്‍ മികച്ച സംവിധായകനെന്ന് പേരെടുത്തിട്ടുണ്ട്. 2020-ല്‍ ഹിമാലയം പശ്ചാത്തലമാക്കിയ 'കയറ്റം' എന്ന സിനിമയില്‍ മഞ്ജു വാര്യരായിരുന്നു മുഖ്യ കഥാപാത്രം. 2012-ലെ കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയ ഹ്രസ്വചിത്രമാണ് ഫ്രോഗ്. സെക്‌സി ദുര്‍ഗ 2017-ല്‍ നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ടൊവിനോ തോമസ് നായകനായ 'വഴക്ക്' ആണ് സനല്‍ കുമാര്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.
തിരുവനന്തപുരത്തെ പെരുംകടവിളയില്‍ 1977 ഏപ്രില്‍ 8-നാണ് സനല്‍കുമാര്‍ ജനിച്ചത്. അച്ഛന്‍ ശശിധരന്‍, അമ്മ സരോജം. ജന്തുശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ ശേഷം വക്കീലായി ജോലി ആരംഭിച്ചു. 2001-ല്‍ കാഴ്ച ചലച്ചിത്രവേദി എന്നൊരു ഫിലിം സൊസൈറ്റി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് രൂപീകരിച്ചു. ജനപങ്കാളിത്തത്തോടെ സ്വതന്ത്രമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഈ സൊസൈറ്റിയുടെ ഉദ്ദ്യേശം. ജനങ്ങളുടെ കയ്യിലുള്ള പണം ശേഖരിച്ച് 3 ഹ്രസ്വചിത്രങ്ങളും, ഒരുമുഴുനീള ചലച്ചിത്രവും സനല്‍ നിര്‍മ്മിച്ചു. 2014-ല്‍ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ആദ്യ ചലച്ചിത്രമായ ഒരാള്‍പ്പൊക്കത്തിനു ലഭിച്ചു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ സനല്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി മികവു തെളിയിച്ച സനല്‍കുമാര്‍ ശശിധരന്‍ അരിയപ്പെടുന്ന കവി കൂടിയാണ്. അതേസമയം അറസ്റ്റിലായ സനല്‍കുമാര്‍ ശശിധരനെ മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിടുകയായിരുന്നു. സനല്‍കുമാറിന്റെ അസാധാരണമായ പെരുമാറ്റം മാനസിക വിഭ്രാന്തിയുടെ സൂചനയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാവാം ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നു കരുതി ജാമ്യത്തില്‍ വിട്ടത്. സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സനലിനെതിരെ നടി നല്‍കിയത്.
എളമക്കര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പം മുംബൈയില്‍ നിന്ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സനല്‍കുമാര്‍ ക്ഷുഭിതനായാണ് സംസാരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെ ഇയാള്‍ പ്ലാറ്റ്‌ഫോമില്‍ വീഴുകയും ചെയ്തു. ''എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നത്..? ഞാന്‍ എന്തെങ്കിലും കൊലക്കുറ്റം ചെയ്‌തോ..? ഞാന്‍ മോഷ്ടിച്ചോ..? ഞാന്‍ ഖജനാവ് കൊള്ളയടിച്ചോ?. ഞാന്‍ മാസപ്പടി വാങ്ങിയോ..? ഞാന്‍ പ്രേമിച്ചു. രണ്ടു പേര്‍ തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ..? ഒരാളെ സ്നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം..? ഒരു സ്ത്രീയെ തടവില്‍ വച്ചിരിക്കുകയാണെന്ന് പറഞ്ഞതുകൊണ്ട് പൊലീസ് എന്നെ പിടിച്ചിരിക്കുകയാണ്. എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നത്..?- സനല്‍ കുമാര്‍ ചോദിച്ചു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ചിലര്‍ തന്നെ കൊല്ലാന്‍ വരുന്നുവെന്ന് ധരിച്ചാണ് സനല്‍കുമാര്‍ അമേരിക്കയിലേയ്ക്ക് പോയത്. ഒരിക്കല്‍ പാറശാല മഹോദേവ ക്ഷേത്രത്തില്‍ അമ്മയ്ക്കും സഹോഹരനും സഹോദരിക്കുമൊപ്പം തൊഴാന്‍ പോയപ്പോള്‍ ഒരുസംഘം ആള്‍ക്കാര്‍ ഇന്നോവ കാറിലെത്തി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്നും അത് തന്നെ കൊല്ലാന്‍ വന്ന ഗുണ്ടകളാണെന്നുമാണ് സനല്‍കുമാര്‍ വിശ്വസിക്കുന്നത്. ചുരുക്കത്തില്‍ വധ ഭീഷണിയുടെ പേരിലാണ് സനല്‍കുമാര്‍ നാട്ടില്‍ നിന്നും മുങ്ങിയത്.
വാസ്തവത്തില്‍ 'ലിമറന്‍സ്' എന്ന മാനസികാവസ്ഥയുടെ തടവറയിലാണ് സനല്‍കുമാര്‍ എന്ന് അയാളുടെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തമാണ്. ഒരാളോട് ഭ്രാന്തമായി പ്രണയത്തിലാകുന്ന മാനസികാവസ്ഥയാണിത്. ഒരാളോടുള്ള തീവ്രമായ, ഭ്രാന്തമായ ഒരു പ്രണയത്തിന്റെയോ ആസക്തിയുടെയോ അവസ്ഥയാണിതെന്ന് പറയാം. യഥാര്‍ത്ഥ സ്‌നേഹത്തില്‍ നിന്ന് വ്യത്യസ്തമായി, മറ്റൊരാളുടെ ക്ഷേമത്തില്‍ അമിതമായി ശ്രദ്ധിക്കുന്നതിന് പകരം ആ വ്യക്തിയെക്കുറിച്ചുള്ള ചിന്തകളില്‍ സദാമുഴുകിയിരിക്കുന്ന ഒരു അഭിനിവേശത്തിന്റെ വൈകാരിക അവസ്ഥയാണിത്.
എന്നാല്‍ ഇത് മാനസിക വിദഗ്ധര്‍ തെളിയിക്കേണ്ടതുണ്ട്. ഇത് കാലക്രമേണ മങ്ങുകയും ഏതാനും മാസങ്ങള്‍ മുതല്‍ രണ്ട് വര്‍ഷങ്ങള്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. 'ആറാട്ടണ്ണന്‍' എന്ന പേരിലറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ജീവി സന്തോഷ് വര്‍ക്കിക്ക് ഈയൊരു അസുഖമുണ്ടായിരുന്നു. നടി നിത്യാ മേനോനോടായിരുന്നു ഇയാളുടെ കലശലായ വണ്‍സൈഡ് പ്രേമം. നല്ല കൈ 'ചികില്‍സ'യുടെ ഭാഗമായി അത് ഇപ്പോള്‍ മാറിയിട്ടുണ്ട്.
അതേസമയം, സിനിമയിലൂടെ ലിംഗ വിവേചനത്തിനെതിരെ ആഞ്ഞടിച്ച വ്യക്തിയാണ് സനല്‍ കുമാര്‍ എന്നിരിക്കേ, ഇപ്പോള്‍ ഒരു നടിയുടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന നിലയിലാണ് ഇയാള്‍ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. നടിക്കെതിരെ സനല്‍കുമാര്‍ വീണ്ടും രംഗത്തു വന്നാല്‍ 'കാപ' നിയമം വരെ ചുമത്തപ്പെട്ടേക്കാം. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നിലവില്‍ വന്ന നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ. ഈ നിയമം 2007-ല്‍ നിലവില്‍ വന്നു, 2014-ല്‍ ഭേദഗതി വരുത്തി. കാപ പ്രകാരം അറസ്റ്റു ചെയ്യുന്നതിനുള്ള റിമാന്‍ഡ് കാലാവധി ഒരു വര്‍ഷമാണ്.
സനല്‍കുമാര്‍ മുന്‍പ് വിവാഹിതനായിരുന്നു എങ്കിലും, പിന്നീട് വിവാഹമോചനം നേടി. മുന്‍ഭാര്യ പുനര്‍വിവാഹം ചെയ്ത കാര്യം ഇദ്ദേഹം ഒരു പോസ്റ്റിലൂടെ പണ്ട് വെളിപ്പെടുത്തിയിരുന്നു. രണ്ട് ആണ്മക്കളുണ്ട്. കുട്ടികള്‍ രണ്ടും അമ്മയുടെ ഒപ്പമാണത്രെ താമസം. അമേരിക്കയില്‍ കുടുംബം കൂടെയില്ലാതെ ഒറ്റയ്ക്കാണ് സനല്‍ കുമാറിന്റെ താമസം. സുഹൃത്തുക്കളും ഇല്ല. ഈ ഏകാന്തത താന്‍ ആസ്വദിക്കുന്നു എന്നും സനല്‍ കുമാര്‍ നോരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നെങ്കിലും നാട്ടിലേക്ക് മടങ്ങിപ്പോകും എന്ന് ചിന്തിക്കുന്നില്ല എന്നും സനല്‍ കുമാര്‍ പറയുകയുണ്ടായി. പക്ഷേ സനല്‍കുമാര്‍ നാട്ടിലേയ്ക്ക് മടങ്ങുകയും എയര്‍പോര്‍ട്ടില്‍ വച്ച് പിടിക്കപ്പെടുകയും ചെയ്തു.