30-ാം ഓർമ്മദിനം ഇന്നലെയായിരുന്നു.
നാടകങ്ങളിൽ മുഖ്യ കഥാപാത്രങ്ങളായും സിനിമയിൽ അമ്മയായും അഭിനയിച്ച് ചിരിത്രത്തിൽ സ്ഥാനം പിടിച്ച നടിയാണ് മാവേലിക്കര എൻ. പൊന്നമ്മ. നടൻ സത്യന്റെ അമ്മയായി വന്ന് സമകാലികരായ പല നടീനടന്മാരുടെയും അമ്മയും അമ്മൂമ്മയുമായി വന്ന നടിയാണിവർ.
'കടലമ്മ'(1963), 'രുഗ്മിണി'(1963), 'ഉള്ളടക്കം'(1991), 'വളയം'(1992) തുടങ്ങിയ സിനിമകളിൽ അവരുടെ മികച്ച അഭിനയം ഓർക്കപ്പെടുന്നവ തന്നെയാണ്.
ഇതിനേക്കാൾ ഏറെ ദീർഘമായിട്ടുള്ള, നാടകരംഗത്തെ പൊന്നമ്മയുടെ വിപുലമായ സംഭാവനകൾ അക്കാദമി അംഗീകാരം നേടിയിട്ടുണ്ട്.
(പ്രത്യേക കുറിപ്പ്: 'മാവേലിക്കര എൽ. പൊന്നമ്മ' എന്ന മറ്റൊരു അഭിനേത്രിയുണ്ടായിരുന്നു; അവർ മലയാളത്തിലെ രണ്ടാമത്തെ ശബ്ദ ചലച്ചിത്രമായ 'ജ്ഞാനാംബിക'യിൽ (1940) മുതൽ അഭിനയമാരംഭിച്ച നടിയാണ്.)
മാവേലിക്കരയിൽ 'പായിക്കാട്' കുടുംബത്തിൽ ജനിച്ചു; ജനിച്ച വർഷമോ മാതാപിതാക്കളുടെ പേരുവിവരങ്ങളോ എന്റെ അന്വേഷണത്തിൽ ലഭിച്ചില്ല.
സംഗീതം പഠിച്ച് സർക്കാർ സ്ക്കൂളിൽ സംഗീതാദ്ധ്യാപികയായി: പക്ഷേ, നാടകം പോലുള്ള സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതിൽ വീട്ടിൽ നിന്ന് വലിയ എതിർപ്പായിരുന്നു.
തിരുവതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് അടൂർ സ്വദേശി രാഘവപ്പണിക്കർ ആണ് പൊന്നമ്മയെ കലാരംഗത്ത് സജീവമാകുന്നതിന് പ്രോത്സാഹനം നല്കിയത്; അതോടെ പൊന്നമ്മ നാടക വേദിയിൽ പാടി അഭിനക്കുന്നതിൽ സജീവമായി. സ്ക്കൂൾ അവധി ദിനങ്ങളിലും മറ്റും നാടക അഭിയത്തിന് പോകാൻ സ്ക്കൂൾ അധികൃതരിൽ നിന്ന് മുൻകൂർ അനുവാദവും വാങ്ങിയിരുന്നു.
അക്കാലത്ത് കൈക്കുഞ്ഞായിരുന്ന തന്നെയും കൊണ്ട് നാടകത്തിൽ അഭിനയിക്കാൻ അമ്മയായ പൊന്നമ്മ, (അമ്മൂമ്മയേയും കൂടി കൂട്ടിക്കൊണ്ട്) പോയിട്ടുള്ള അനുഭവങ്ങളും നാടകവാഹനം അപകടത്തിൽ പെട്ടിട്ടും നാടക അഭിനയം തുടർന്നതായും പൊന്നമ്മയുടെ ഏക മകൾ സുഷമ പത്മനാഭൻ അനുസ്മരിച്ചിട്ടുണ്ട്.
മാവേലിക്കര പൊന്നമ്മ അക്കാലത്തെ എല്ലാ പ്രമുഖ സംഘങ്ങളോടുമൊപ്പം നാടകം അഭിനയിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, അഗസ്റ്റിൻ ജോസഫ് (യേശുദാസിന്റെ പിതാവ്) ഒ. മാധവൻ (നടൻ മുകേഷിന്റെ പിതാവ്) തുടങ്ങിയ നടന്മാരോടൊപ്പവും പ്രൊഫഷനൽ നാടക വേദിയിൽ അവർ അഭിനയിച്ചിട്ടുണ്ട്. 'കരുണ', 'സ്ത്രീ' തുടങ്ങിയ പല പ്രശസ്ത നാടകങ്ങളിലും അവർ നായികയായി തിളങ്ങി.
പിൽക്കാലത്ത്, സ്ക്കൂൾ ടീച്ചർ ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം, തിരുവന്തപുരത്ത് സ്ഥിരതാമസമാക്കിയശേഷം അമച്വർ നാടക വേദിയിലും പൊന്നമ്മ സജീവമായി സഹകരിച്ചു. ടി.ആർ. സുകുമാരൻ നായർ, ടി.എൻ. ഗോപിനാഥൻ നായർ, ജഗതി എൻ.കെ. ആചാരി തുടങ്ങിയവരായിരുന്നു അവിടെ സഹനടന്മാർ. 500-ൽ പരം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്, ഈ കലാകാരി.
ഇതിനു പുറമെ, ആകാശവാണി, ദൂരദർശൻ പരിപാടികളിലും അക്കാലത്ത് (1980-കളുടെ രണ്ടാം പകുതിയിലും 90കളിലെ ആദ്യവും) സജീവമായിരുന്നു.
ഉദയായുടെ 'കടലമ്മ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് 1963-ലാണ് പൊന്നമ്മ ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്; അതിൽ ചിത്രാംഗദ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് പൊന്നമ്മ ആ സിനിമയിലെത്തുന്നത്. ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു കാര്യം കൂടിയുണ്ട്. ആ
ചിത്രത്തിൽ, സത്യന്റെ നായികയായ നിശ്ചയിച്ച രാഗിണി പിൻവാങ്ങിയതിനെ തുടർന്ന് 'കാർത്തി' എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച മായ (സുഷമ) മാവേലിക്കര പൊന്നമ്മയുടെ മകളാണ്. ഒരേ ചിത്രത്തിലൂടെ അമ്മയും മകളും സിനിമയിൽ വന്നു എന്നൊരു അപൂർവ്വതയും അങ്ങനെ സംഭവിച്ചു.
'തുടർന്ന്, കടലമ്മയ്ക്ക്ശേഷം 1970 ൽ രാമുകാര്യാട്ടിന്റെ 'അഭയ'ത്തിൽ ഷീലയുടെ അമ്മ (സരസ്വതിയമ്മ) യായാണ് പിന്നീട് പൊന്നമ്മ അഭിനയിക്കുന്നത്.
72 ൽ തോപ്പിൽ ഭാസിയുടെ 'ഒരു സുന്ദരിയുടെ കഥ'യിൽ തങ്കച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
'അഭയം' (1970), 'ഒരു സുന്ദരിയുടെ കഥ' (1972) എന്നീ സിനിമകൾ കൂടി കഴിഞ്ഞ് ഒരു നീണ്ട ഇടവേളയെടുത്തു. നാടക അഭിനയവും സ്ക്കൂളിലെ സംഗീത അദ്ധ്യാപികയുടെ ജോലിയിലാരുന്നു പിന്നെ, അങ്ങാട്ട് ....
പിന്നീടുള്ള തിരിച്ചു വരവ് ഒന്നര പതിറ്റാണ്ടു കഴിഞ്ഞാണ്. അപ്പോഴെക്കും ജോലിയിൽ നിന്നു പിരിഞ്ഞ് മകളോടൊപ്പം താമസം തിരുവനന്തപുരത്താക്കുകയും ചെയ്തിരുന്നു.
1989-ൽ 'രുക്മിണി' എന്ന കെ.പി. കുമാരന്റെ ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അവർ അഭിനയത്തിൽ തിരിച്ചെത്തി. (മാധവിക്കുട്ടിയുടെ ലഘുനോവലിനെ ആസ്പദമാക്കി ഉള്ള ഒരു ചിത്രമായിരുന്നുവല്ലോ അത്.) പിന്നീട് ജയരാജിന്റെ 'ആകാശക്കോട്ടയിലെ സുൽത്താൻ'. കമലിന്റെ 'ഉള്ളടക്കം', 'എന്നോടിഷ്ടം കൂടാമോ', ടി.വി. ചന്ദ്രന്റെ 'പൊന്തൻ മാട', വിജി തമ്പിയുടെ 'പിടക്കോഴി കൂകുന്ന നൂറ്റാണ്ട്' തുടങ്ങി ചില സിനിമകളിലും കൂടി അഭിനയിച്ചു. ലോഹി -സിബി കൂട്ടുകെട്ടിൻ്റെ 'വളയം' (1992) എന്ന സിനിമയിലെ 'അമ്മിണി' എന്ന കഥാപാത്രത്തിൻ്റെ വേഷം (അഭിനയം) പ്രത്യേകം പറയേണ്ടതുണ്ട്. ഗംഭീരമായി അഭിനയിക്കുമായിരുന്ന ഒരു സ്വഭാവ നടിയായിരുന്നു ഇവർ.
സ്വതസിദ്ധമായ ശൈലിയിലൂടെയും സവിശേഷമായ ശബ്ദത്തിലൂടെയും പൊന്നമ്മ നാടകത്തിലും സിനിമയിലും തിളങ്ങി. നെഗറ്റീവ് വേഷങ്ങളും തമാശ വേഷങ്ങളും സാത്വിക വേഷങ്ങളും ഒരുപോലെ യോജിക്കുന്ന നടിയായിരുന്നു അവർ.
1995 സെപ്റ്റംബർ 6-ന് ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ ഹൃദയാഘാതം മൂലം ഈ കലാകാരി അന്തരിച്ചു.
മാവേലിക്കര പൊന്നമ്മയുടെ ഭർത്താവ്, രാഘവപ്പണിക്കർ, പെരുമൺ തീവണ്ടി ദുരന്തത്തിൽ (1988 ജൂലൈ 8) മൃതിയടഞ്ഞിരുന്നു. ഈ ദമ്പതികളുടെ
ഏക മകൾ സുഷമ പത്മനാഭൻ; മരുമകൻ, പത്മനാഭ അയ്യങ്കാർ; ഡോ. ശ്രീകുമാർ, ലക്ഷ്മീഭായി എന്നിവർ ഇവരുടെ രണ്ട് കൊച്ചുമക്കൾ.
...................
ഫോട്ടോ കടപ്പാട്: 'Mavelikkara Ponnamma' online sauces ; Dr. Sreekumar Padmanabhan; Sushama Padmanabhan