Image

നോണ്‍ സ്റ്റോപ് ചിരിയുമായി ചിരിക്കുതിര

സ്വന്തം ലേഖകന്‍ Published on 13 September, 2025
      നോണ്‍ സ്റ്റോപ് ചിരിയുമായി ചിരിക്കുതിര

ഓണക്കാലത്ത് പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കാന്‍ വേണ്ടി തിയേറ്ററുകളിലെത്തിയ 'ഓടും കുതിര ചാടും കുതിര' അക്ഷരാര്‍ത്ഥത്തില്‍ ആ ദൗത്യം നിറവേറ്റിയിട്ടുണ്ട്. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ചിത്രം ഫുള്‍ പൊട്ടിച്ചിരികളും അതിനെ സാധൂകരിക്കുന്ന ലോജിക്കുകളും എല്ലാമായി ചിത്രം കളര്‍ഫുള്‍ ആയിരുന്നു. അതുകൊണ്ടു തന്നെ കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനും കഴിഞ്ഞു.

മലയാളത്തിലെ മികച്ച നടനായ ഫഹദ് ഫാസിലും യൂത്തിന്റെ പ്രിയപ്പെട്ട കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രം ഫുള്‍ കോമഡി എന്റര്‍ടെയ്ന്‍മെന്റാണ്. എബി മാത്യു എന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. അച്ഛനായി എത്തുന്നത് ലാലാണ്. സഹോദരന്‍ സിബിയയി വിനയ് ഫോര്‍ട്ടും എത്തുന്നു. തികച്ചും അപ്രതീക്ഷിതമായാണ് നിധി (കല്യാണി) എബിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുന്നു. വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. വിവാഹത്തെ കുറിച്ച് ഇരുവര്‍ക്കും ഒരുപാട് സ്വപ്നങ്ങളുണ്ട്. അതവര്‍ പരസ്പരം പങ്കു വയ്ക്കുന്നു. തന്റെ വിവാഹദിനത്തെ കുറിച്ച് നിധിയ്‌ക്കൊരു സ്വപ്നമുണ്ട്. അതവള്‍ എബിയുമായി പങ്കു വയ്ക്കുന്നു. തന്റെ ഭാവിവധുവിന്റെ ആഗ്രഹം സാക്ഷാത്ക്കരിക്കാന്‍ എബിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷേ അത് അവരുടെ ജീവിതത്തില്‍ കൊണ്ടു വരുന്നത് തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ്. ഇതേ തുടര്‍ന്ന് വീണ്ടും എബിയുടെ ജീവിതം കലങ്ങി മറിഞ്ഞ് മുന്നോട്ടു പോവുകയാണ്. അതിനിടെ അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മനുഷ്യരും അവര്‍ക്കിടയില്‍ മുളപൊട്ടുന്ന ബന്ധങ്ങളുടെ നിറപ്പകിട്ടുകളുമൊക്കെയാണ് ചിത്രം പറയുന്നത്.

ആദ്യപകുതി പൊട്ടിച്ചിരിപ്പിക്കുന്നതാണെങ്കില്‍ രണ്ടാം പകുതി കുറേയൊക്കെ യാഥാര്‍ത്ഥ്യങ്ങള്‍ക്കും അയഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയില്‍ കുടുങ്ങി പോകുന്ന ജീവിതങ്ങളെ കാട്ടിത്തരുന്നു. ഇത് കഥയുടെ ഒഴുക്കിനെ തെല്ലും ബാധിക്കുന്നില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ സംഭവിക്കുന്നതാണ് ചിത്രത്തില്‍ പറയുന്നത്. എബിയുടെയും നിധിയുടെയും ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതും സങ്കീര്‍ണ്ണമാക്കിയതും അവരുടെ സ്വപ്നങ്ങളാണ്. എന്നാല്‍ അവര്‍ക്കൊപ്പമുളള മനുഷ്യരുടെ ജീവിതത്തെ സങ്കീര്‍ണ്ണമാക്കുന്നതാകട്ടെ, യഥാര്‍ത്ഥ സംഭവങ്ങളും. എബിയുടെ സഹോദരന്‍ സിബിയും രേവതി പിള്ള അവതരിപ്പിക്കുന്ന കഥാപാത്രവും ഇത്തരമൊരു പ്രതിസന്ധിയിലേക്ക് വീണു പോയതവരാണ്.

'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിനു ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 153 മിനിട്ടുളള ചിത്രം ഒരിക്കല്‍ പോലും പ്രേക്ഷനെ മുഷിപ്പിച്ചില്ല എന്നതാണ് ചിത്രത്തിന്റെ വിജയം. മിക്കയിടങ്ങളിലും ചിരി പൂത്തുലയുന്നതും കാണാം. ഭ്രമകല്‍പ്പനയും യാഥാര്‍ത്ഥ്യവും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തുകൊണ്ടാണ് അല്‍ത്താഫ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമയി എത്തിയ 'ലോക'യുടെ പടയോട്ടത്തില്‍ അല്‍പ്പം പിന്നിലായെങ്കിലും കുടുംബപ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറാന്‍ അല്‍ത്താഫ് ഒരുക്കിയ ചിരിക്കുതിരക്ക് സാധിക്കുന്നുണ്ട്. ഫഹദിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നു പറയാം. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ താരം സമ്മാനിക്കുന്നു. കല്യാണിയും നിധിയെ മനോഹരമാക്കുന്നു. ചെറുപ്പക്കാരുടെ ഇഷ്ടതാരമാകാന്‍ കല്യാണിയുടെ നിധി കൂടുതല്‍ വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. ഇരുവരും ഒത്തുള്ള റൊമാന്റിക് രംഗങ്ങള്‍ ഏറെ ഹൃദ്യമാണ്.

ലാല്‍ സ്‌ക്രീനിലെത്തുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചിരി പൊട്ടുന്നുണ്ട്. കൂടാതെ സുധീര്‍ കരമന, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട് എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കുന്നതിനൊപ്പം മികച്ച ചിരിമുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നുണ്ട്. രേവതി പിള്ളയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

ജിന്റോ ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും നിധിന്‍ രാജ് അരോളിന്റെ എഡിറ്റിങ്ങും മഷര്‍ ഹംസയുടെ വസ്ത്രാലങ്കാരവും ഔസേപ്പ് ജോണിന്റെ കലാസംവിധാനവും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ചിത്രത്തിന്റെ മൂഡനുസരിച്ചുള്ള സംഗീതം നല്‍കുന്നതില്‍ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗ്ഗീസ് വിജയിച്ചു. കഥയില്‍ ചോദ്യമില്ല എന്നു പറയാറുണ്ട്. ഈ ചിത്രത്തില്‍ ലോജിക്കിന് സ്ഥാനമില്ല. യാഥാര്‍തഥ്യവും അയഥാര്‍ത്ഥ്യവും അത്ര വിദഗ്ധമായി ചേര്‍ത്തുകൊണ്ട് പ്രേക്ഷകനെ ചിരിപ്പിക്കുന്നതില്‍ സംവിധായന്‍ അല്‍ത്താഫിന് കൈയ്യടിക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക