മുപ്പതു വർഷത്തോളമായി ഗ്രീൻ കാർഡുള്ള ഇന്ത്യൻ ബിസിനസുകാരനെ ഇന്ത്യയിൽ നിന്നു യുഎസിലേക്കു മടങ്ങുമ്പോൾ ഷിക്കാഗോ ഓ'ഹാരെ വിമാനത്താവളത്തിൽ ഐ സി ഇ തടഞ്ഞു. ബ്രെയ്ൻ ട്യൂമർ ഉൾപ്പെടെയുള്ള രോഗാവസ്ഥകൾ ഉണ്ടായിട്ടും ഇന്ത്യാന നിവാസി ഒരു മാസത്തിലധികമായി ജയിലിലാണ്.
ഏതെങ്കിലും കേസിൽ മുൻപ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇത്തരം നടപടികൾ ഉണ്ടാവുമെന്നു ഫെഡറൽ അധികൃതർ പറയുന്നു. പരംജിത് സിംഗിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ള കുറ്റം വർഷങ്ങൾക്കു മുൻപ് പേ ഫോൺ പണം നൽകാതെ ഉപയോഗിച്ച് എന്നതാണ്. ആ കേസിൽ അദ്ദേഹം കുറ്റം ഏൽക്കുകയും ശിക്ഷ അനുഭവിക്കയും സമൂഹത്തോടുള്ള കടമ നിറവേറ്റുകയും ചെയ്തിട്ടുണ്ടെന്നു അഭിഭാഷകൻ ലൂയി ആഞ്ചലസ് പറയുന്നു. "അതിന്റെ പേരിൽ വീണ്ടും തടവ് എന്തിനാണ്?"
ജൂലൈ 30നു എത്തിയ ശേഷം അഞ്ചു ദിവസം വിമാനത്താവളത്തിൽ തന്നെ തടഞ്ഞു വച്ചതിനിടയിൽ സിംഗിനു കടുത്ത രോഗാവസ്ഥയുണ്ടായി. അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടി വന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം തന്നെ വിവരം അറിയുന്നത്.
അതിനു ശേഷം പക്ഷെ ഐ സി ഇ അദ്ദേഹത്തെ വിട്ടയച്ചിട്ടില്ല. മുൻ ക്രിമിനൽ റെക്കോർഡുകൾ ഉള്ളവരെ തടവിൽ വയ്ക്കുക എന്നതാണ് ഗവൺമെന്റിന്റെ നയമെന്നു സി ബി പി വ്യക്തമാക്കുന്നു.
കുടുംബങ്ങളെ തന്നെ തകർക്കുന്ന വിധത്തിലാണ് അധികാരം ഉപയോഗിക്കുന്നതെന്നു ആഞ്ചലസ് ചൂണ്ടിക്കാട്ടി. ബ്രെയ്ൻ ട്യൂമറും ഹൃദ്രോഗവുമുള്ള സിംഗിന് ഒരു മാനുഷിക പരിഗണനയും ലഭിച്ചില്ല.
"ന്യായമായ കാരണം കൂടാതെയാണ് സിംഗിനെ തടഞ്ഞു വച്ചിട്ടുള്ളത്," അഭിഭാഷകൻ പറഞ്ഞു. "അദ്ദേഹത്തിന്റെ രോഗാവസ്ഥ വഷളാകുകയാണ്. കുടുംബം കഠിനമായ ദുരിതത്തിലാണ്."
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നു ഇമിഗ്രെഷൻ അഭിഭാഷകർ പറയുന്നു.
Green Card holder in month-long ICE custody