കൊച്ചി:അരുന്ധതി റോയിയുടെ ആത്മകഥാംശമുള്ള 'മദർ മേരി കംസ് ടുമി' എന്ന പുസ്തകം നിയമക്കുരുക്കിൽ. പുസ്തകത്തിന്റെ കവർ പേജിലെ അരുന്ധതിയുടെ പുകവലി ചിത്രമാണ് പുലിവാല് പിടിച്ചത്.
പുകവലിക്കെതിരെ നിയമപരമായ ജാഗ്രതാ നിർദേശമില്ലാത്തത് നിയമവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി രാജ സിംഹൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. പുസ്തകത്തിന്റെ വിൽപ്പന തടയണമെന്നാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര സർക്കാരിനും അരുന്ധതിക്കും പ്രസാധകർക്കും പൊതുതാൽപര്യ ഹർജിയിൽ കോടതി നോട്ടീസ് അയച്ചു. ഈ മാസം 25നകം വിശദീകരണം നൽകണം. പുസ്തകത്തിന്റെ കവർപേജിൽ അരുന്ധതി റോയി ബീഡി വലിക്കുന്ന ചിത്രമാണ് കുരുക്കായത്. ബന്ധപ്പെട്ട അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.
അരുന്ധതി റോയി പ്രസിദ്ധീകരിച്ച ആദ്യ ഓർമക്കുറിപ്പ് കൂടിയാണ് മദർ മേരി കംസ് ടു മീ. അമ്മയുമായുള്ള തന്റെ സങ്കീർണമായ ബന്ധത്തെക്കുറിച്ചും അക്ഷരങ്ങളുടെ ലോകത്ത് എത്തപ്പെട്ടതിനെപ്പറ്റിയുമാണ് പുസ്തകത്തിൽ പറഞ്ഞുപോകുന്നത്. ഓഗസ്റ്റ് 28-നാണ് പുസ്തകം പുറത്തിറങ്ങിയത്.
കോട്ടയത്തെ പള്ളിക്കുടം സ്‌കൂൾ സ്ഥാപകയായ മേരി റോയിയാണ് അരുന്ധതി റോയിയുടെ അമ്മ. ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിൽ പെൺകുട്ടികൾക്കും തുല്യാവകാശമുണ്ടെന്ന നിർണായക സുപ്രീം കോടതി വിധിയ്ക്ക് കാരണമായ കേസിലെ ഹർജിക്കാരി മേരി റോയി ആയിരുന്നു.