
ഇന്ത്യൻ ജനാധിപത്യ പ്രക്രിയ നിഷ്പക്ഷമായും സുതാര്യമായും സംരക്ഷിച്ചു നിർത്താൻ പ്രതിജ്ഞാബദ്ധമായ ഒരു ഭരണഘടന സ്ഥാപനമാണ് ദേശിയ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം രൂപംകൊണ്ട കമ്മീഷൻ തുടക്കത്തിൽ ഏകാംഗ സമ്പ്രദായമായിരുന്നെങ്കിലും 2006 നു ശേഷം ഒരു ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ടു കമ്മീഷണർമാരും ഉൾപ്പെടുന്ന ഒരു മൂന്നംഗ സ്ഥാപനമായി അതിന്റെ ഘടനക്കു മാറ്റം വരുത്തിയിരുന്നു.
ലോകത്തു നിലനിൽക്കുന്ന ഏറ്റവും വലിപ്പമേറിയ ഏകദേശം 991 മില്ലിയൻ വോട്ടർമാരുള്ള ഇന്ത്യൻ ജനാധിപത്യത്തെ ഏഴു പതിറ്റാണ്ടിലേറെക്കാലമായി ( ഒരു ചുരുങ്ങിയ കാലഘട്ടത്തിലൊഴികെ) വിജയകരമായി തടസ്സങ്ങൾ കൂടാതെ സംരക്ഷിച്ചു മുന്നോട്ടു നയിക്കാൻ ആ സ്ഥാപനത്തിനു കഴിഞ്ഞത് ഭരണഘടന സംരക്ഷണവും ജനങ്ങൾ അവരിൽ അർപ്പിച്ച വിശ്വാസവും കൊണ്ടായിരുന്നു. വിശ്വാസത്തിനു ഭംഗം ഉണ്ടായിട്ടുള്ള അവസരങ്ങളിൽ പാർലമെന്റും കോടതിയും ഇടപെടലുകൾ നടത്തി നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിച്ചിട്ടുമുണ്ട്. ജനപ്രാതിനിധ്യ നിയമമനുസരിച്ചു രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെയും നിയന്ത്രണമുൾപ്പെടെ ജനാധിപത്യ പ്രക്രിയയെ സക്രിയമാക്കുന്ന വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ഒഴിവു വരുന്ന മുറക്ക് സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം.
ഇന്ത്യൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,ലോക്സഭ രാജ്യസഭ അംഗങ്ങൾ, സംസ്ഥാനങ്ങളിലെ വിധാൻ സഭ (നിയമസഭ), വിധാൻ പരിഷത് (ഉപരി സഭ അത് കേരളത്തിൽ നിലവിലില്ല) എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളാണ് കേന്ദ്ര കമ്മീഷന്റെ പരിധിയിൽ വരുന്നത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാണ് വരുക.
കേന്ദ്ര കമ്മീഷന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സമുണ്ടായ ഇടവേളയ്ക്കു കാരണമായത് 1971 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കമ്മീഷന്റെ ഭാഗത്തുണ്ടായ കൃത്യവിലോപവും തുടർന്നുണ്ടായ 1975 ലെ അലഹബാദ് ഹൈക്കോടതി വിധിയുമായിരുന്നു. 1971 ൽ ഉത്തർപ്രദേശിലെ റായ്ബറേലി ലോക്സഭ മണ്ഡലത്തിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മത്സരിക്കുമ്പോൾ അവരുടെ വിജയത്തിനായി ജില്ലാ മജിസ്‌ട്രേറ്റിനെയും പോലീസ് സേനയെയും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്‌തെന്നും ഇലൿഷൻ ഏജന്റ് ആയി സർക്കാർ ഉദ്യോഗസ്ഥനായ യശ്പാൽ കപൂറിനെ നിയോഗിച്ചെന്നും ആരോപിച്ചു എതിർ സ്ഥാനാർത്ഥിയും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന രാജ് നാരായണൻ തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ദിര ഗാന്ധിക്കുമെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
രാജ്യത്തെ പ്രധാനമന്ത്രി പ്രതിയായ കേസായതിനാൽ പരാതിയുടെ വിവിധ ഭാഗങ്ങൾ സമഗ്രമായി പരിശോധിച്ചു നിജസ്ഥിതി ബോധ്യപ്പെട്ട കോടതി 1975 ജൂണിൽ ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കുകയും അടുത്ത ആറു വർഷത്തേക്ക് അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ദിരക്കും എതിരായുണ്ടായ സുപ്രധാനമായ വിധിക്കെതിരെ പ്രതികൾ സുപ്രിം കോടതിയെ സമീപിച്ചു. വിധിന്യായം പൂർണ്ണമായി പരിശോധിച്ച പരമോന്നത നീതിപീഠം ഹൈക്കോടതി വിധി ഉപാധികളോടെ താത്കാലികമായി സ്റ്റേ ചെയ്തു. എന്നാൽ ആ വിധി ഇന്ദിരയെ പാർലമെന്റിൽ വോട്ടു രേഖപ്പെടുത്തുന്നതിനും പ്രധാനമന്ത്രി എന്ന നിലയിൽ ശമ്പളം പറ്റുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.
അധികാരഭ്രമത്തിൽ ആണ്ടുപോയ ഇന്ദിര കോടതിവിധി അംഗീകരിക്കുന്നതിനു പകരം 1975 ജൂൺ 25 നു രാജ്യത്തു ദേശിയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെടുകയും
ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും ഭരണഘടന സംരക്ഷണങ്ങളും നിഷേധിച്ച അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിലേക്ക് രാജ്യം നീങ്ങുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അടുത്തൊരു ഗുരുതരമായ ആരോപണം ഉയരുന്നത് 2006 മുതൽ 2009 വരെയുള്ള മൻമോഹൻ സിംഗിന്റെ ഭരണകാലത്താണ്. അന്നത്തെ കമ്മീഷൻ അംഗമായിരുന്ന നെഹ്‌റു/ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന നവീൻ ചൗള കമ്മീഷൻ രഹസ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് ചോർത്തിക്കൊടുക്കുന്നുവെന്നതായിരുന്നു പ്രതിപക്ഷ ആരോപണം. പരാതിയെക്കുറിച്ചു അന്വേഷിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാല സ്വാമി ചൗളയെ പ്രസ്തുത സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ മുൻപാകെ സമർപ്പിച്ചു.
എന്നാൽ ആ ആവശ്യത്തെ പരിപൂർണ്ണമായി നിരാകരിച്ച മൻമോഹൻ സർക്കാർ നവീൻ ചൗളയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനക്കയറ്റം നൽകി 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ നിയന്ത്രണം ഏൽപ്പിക്കുകയാണുണ്ടായത്.
പരിഗണിക്കപ്പെട്ടതും അല്ലാത്തതുമായ പരാതികൾ കമ്മീഷനെതിരെ ഉണ്ടായിട്ടുണ്ടെങ്കിലും വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ തുടക്കം മുതൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലനിൽക്കുന്നുണ്ടായിരുന്നു.
അക്കാര്യത്തിൽ ഒരു സമൂലമായ പരിഷ്കരണം ഉണ്ടായത് 1990 മുതൽ 96 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ. ശേഷന്റെ കാലത്തായിരുന്നു. ചരിത്രത്തിൽ ആദ്യമായി വോട്ടർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധിതമാക്കൽ
മാതൃക പെരുമാറ്റ ചട്ടം നിർമ്മാണം, സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധിയേർപ്പെടുത്തൽ, ഇലക്‌ഷൻ ഒബ്സർവർമാരുടെ മേൽനോട്ടം തുടങ്ങിയ നടപടികളിലൂടെ ഒരു ഭരണഘടന സ്ഥാപനം എങ്ങനെയായിരിക്കണം എന്ന് അദ്ദേഹം രാജ്യത്തെ ബോധ്യപ്പെടുത്തി.
സ്വാതന്ത്ര്യം പ്രാപിച്ചു മുക്കാൽ നൂറ്റാണ്ടു പിന്നിട്ടിട്ടും ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന ഒരു ദേശിയ രജിസ്റ്റർ നിർമ്മിക്കാനോ പൗരത്വം സ്ഥിരീകരിക്കുന്ന ഒരു രേഖ നൽകുന്നതിനോ
അയൽ രാജ്യങ്ങളിൽ നിന്നും നുഴഞ്ഞുകയറി വോട്ടർ പട്ടികയിൽ കയറിപ്പറ്റുന്നവരെ തിരിച്ചറിയാനോ കഴിയാത്ത ഇന്ത്യയിൽ കുറ്റമറ്റ ഒരു വോട്ടർപട്ടിക ഇനീയും ഇനിയും വിദൂര സ്വപ്നമാണ്.
ഇലക്ഷൻ കമ്മീഷൻ 2002 ൽ പരസ്യപ്പെടുത്തിയ പട്ടികയിൽ നിന്നും അനർഹമായി കയറിപ്പറ്റിയവരെയും മരിച്ചു പോയവരെയും സ്ഥലം മാറി പോയവരെയും ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടുള്ളവരെയും ഒഴിവാക്കി 18 വയസ്സ് പൂർത്തിയായവരെയും നിലവിലെ പട്ടികയിൽ ഇടംനേടാൻ കഴിയാത്തവരെയും ഉൾപ്പെടുത്തി പുതിയ വോട്ടർ പട്ടിക നിർമ്മിക്കുന്ന തീവ്ര യജ്ഞത്തെയാണ് സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ (എസ്.ഐ.ആർ) എന്ന് അറിയപ്പെടുന്നത്.
വോട്ടർപട്ടിക പരിഷ്കരണം
കമ്മീഷന്റെ സാധാരണ പ്രവർത്തനമാണെങ്കിലും ഉടനെ നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാൻ പോകുന്ന ബിഹാറും കേരളവും ബംഗാളും തമിഴ്‌നാടും ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉയരുന്ന വിമർശനങ്ങളാണ് കമ്മീഷനെ വിവാദങ്ങളിൽ എത്തിച്ചിരിക്കുന്നത്.
എസ്.ഐ.ആറിന്റെ ഭാഗമായി ബിഹാറിൽ കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ ഓരോ ഭവനങ്ങളിലും മുൻകൂർ അറിയിച്ചു നേരിട്ടെത്തി വിവരങ്ങൾ സ്ഥിരീകരിക്കുന്ന രീതിയാണ് അവലംബിച്ചത്.
2002 ലെ പട്ടിക അടിസ്ഥാന രേഖയാക്കി അന്യായമായി ഒരാളും ഒഴിവാകാതെയും തെറ്റായി ഒരാളെയും ഉൾപ്പെടുത്താതെയും നടത്തിയ പ്രത്യേക തീവ്ര പരിശോധനയിൽ 52.3 ലക്ഷം പേരാണ് പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടത്.
പരിഷ്കരിച്ച പട്ടികയുടെ കരട് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകുകയും പൊതുജനങ്ങൾക്കായി പരസ്യപ്പെടുത്തുകയും അതിന്മേൽ പരാതികൾ ഉണ്ടെങ്കിൽ പരിഹരിച്ചു മൂന്നു മാസത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതാണ് നിലവിലെ നടപടിക്രമം.
ബിഹാറിലെ പട്ടികയിൽ 97.3% വോട്ടർമാരും കൃത്യമായ രേഖകൾ കാണിച്ചു പട്ടികയിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ തിരിച്ചറിയൽ രേഖകളുടെ അഭാവത്താലോ മരണപ്പെട്ടതിനാലോ രാജ്യം വിട്ടു പോയതിനാലോ ഇരട്ട വോട്ടു ഉള്ളതിനാലോ ആണ് 52.3 ലക്ഷം പേർ പട്ടികക്ക് പുറത്തായത്. ദുരൂഹമായ കാരണങ്ങളാൽ വ്യാജ വോട്ടർമാരാണെന്നു തിരിച്ചറിഞ്ഞു പുറത്താക്കിയവർക്കു വേണ്ടി ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രംഗത്ത് വരുകയും അപക്വവും അസത്യജടിലവുമായ ആരോപണങ്ങൾ ഭരണഘടന സ്ഥാപനമായ ഇലക്‌ഷൻ കമ്മീഷനെതിരെ ആരോപിച്ചു പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുകയാണുണ്ടായത്.
കരട് പട്ടികയിൽ അർഹമായവരെ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ രേഖകൾ സഹിതം കമ്മീഷൻ മുമ്പാകെ തിരുത്തു ആവശ്യപ്പെടുന്നതിന് പകരം വോട്ടർ പട്ടിക തന്നെ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കോൺഗ്രസ്സും കൂട്ടാളികളും സുപ്രിംകോടതിയെ സമീപിച്ചു. ഇലക്‌ഷൻ കമ്മീഷന്റെ ഭാഗം കൂടി കേട്ട കോടതി സ്റ്റേ നല്കാൻ വിസമ്മതിക്കുകയും തിരിച്ചറിയൽ രേഖകളായി ആധാർ ഉൾപ്പെടെയുള്ള 12 രേഖകൾ അംഗീകരിക്കണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു കേസ് അന്തിമ വാദങ്ങൾക്കായി മാറ്റിവക്കുകയാണുണ്ടായത്. രാജ്യത്തു നിലവിലുള്ള ജനാധിപത്യ വ്യവസ്ഥ അഭങ്കുരം തുടരണമെങ്കിൽ കോടതികൾ ഉൾപ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളെയും വ്യക്തികളെയും ബഹുമാനിക്കുകയും വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ പരാതികൾ പരിഹരിക്കുകയുമാണ് വേണ്ടത്.
വ്യവസ്ഥയെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങളെ പൊതുജന മധ്യത്തിൽ അധിക്ഷേപിക്കുന്നത് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന അയൽരാജ്യങ്ങളിലെ യാഥാർഥ്യമെങ്കിലും ഇന്ത്യയിലെ പ്രതിപക്ഷം തിരിച്ചറിയണം.
നൂറ്റി നാൽപതു കോടി വരുന്ന ഇന്ത്യൻ ജനതയിൽ അവശേഷിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും നിരക്ഷരതയും കാർഷിക പ്രതിസന്ധികളും ആഗോളവൽക്കരണം സമ്മാനിക്കുന്ന ദുരിതങ്ങളും എല്ലാറ്റിനുപരി രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലെ അഴിമതികളും ഇല്ലാതാക്കാൻ ഉതകുന്ന കർമ്മ പദ്ധതികളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങേണ്ട പ്രതിപക്ഷം ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ ഒട്ടും അഭികാമ്യമല്ല. ജനാധിപത്യത്തിന്റെ നന്മകൾ പൊതുജനങ്ങൾക്ക് ലഭ്യമാകാൻ മികച്ച പ്രതിപക്ഷം അനിവാര്യമാണ്. അവർ ഇപ്പോൾ ഉയർത്തുന്ന ആശങ്ക നിറയ്ക്കുന്ന സംസ്കാരശൂന്യ മുദ്രാവാക്യങ്ങൾ ഒരിക്കലും ജനപ്രിയമല്ല. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഭാരതയക്ഷിയെന്നു ആക്ഷേപിച്ച എതിർപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയമെങ്കിലും പ്രധാനമന്ത്രി മോദിയെ വെറുപ്പിന്റെ ഭാഷയിൽ സംബോധന ചെയ്യുന്ന ന്യൂജെൻ കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് പരാജയങ്ങൾ തുടർക്കഥയായിതന്നെ
ശേഷിക്കും.