
പ്രകാശ ഗോപുര
നട തുറന്നിറങ്ങിയ
പ്രകൃതി മനോഹരീ,
പ്രണയിനീ !
ഘനശ്യാമ മേഘങ്ങളിൽ
കനവുകൾ മിന്നൽപ്പിണർ
പുളകമായ് പുണരുന്നു നിൻ
മൃദു ചുംബനങ്ങൾ.
വിരഹത്തിൻ വീണത്തേങ്ങൽ
ശ്രുതികളായ് പൊഴിയുന്ന
തിരകളിൽ പ്രണയാതുര
മഴത്തുള്ളികൾ !
ഹൃദയത്തിൽ തറയുന്നു -
ണ്ടിണകളെ പൊതിയുന്ന
രതിമൂർച്ച പിടയലിൻ
ബന്ധനം പോലെ !
ഇവിടെയാണിതളിട്ട
പരമമാം സ്നേഹത്തിന്റെ
പരിണാമ പരിണിത
പാദ പത്മങ്ങൾ,
തെരയുന്നു വീണ്ടും മണ്ണിൽ
യുഗസന്ധി വിടർത്തുന്ന
മനുഷ്യാഭിലാഷത്തിന്റെ
മറ്റൊരു സ്വർഗ്ഗം!