Image

ലോക ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ താരം സിഡ്‌നി തന്നെ (സനില്‍ പി. തോമസ്)

Published on 19 September, 2025
ലോക ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ താരം സിഡ്‌നി തന്നെ (സനില്‍ പി. തോമസ്)

മോണ്ടോ ഡുപ്ലാന്റിസ് പോള്‍ വോള്‍ട്ടില്‍ മൂന്നാമതും ലോക ചാമ്പ്യനായി. പതിനാലാം തവണ ലോക റെക്കോര്‍ഡ് തിരുത്തി(6.30 മീറ്റര്‍). കഴിഞ്ഞ മാസം ഡുപ്ലാന്റിസ് 6.29 മീറ്റര്‍ മറികടന്നിരുന്നു. ഈ സ്വീഡിഷ് താരത്തിനു പക്ഷേ, ടോക്കിയോ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികള്‍ ഇല്ലായിരുന്നു. വെള്ളി മെഡല്‍ നേടിയ ഗ്രീക്ക് താരം ഇമ്മാനൗയില്‍ കാര്‍ലിസ് താണ്ടിയത് ആറു മീറ്റര്‍ മാത്രം.

ടോക്കിയോ കണ്ട ഏറ്റവും മികച്ച മത്സരം വനിതകളുടെ ഒരു ലാപ് ഓട്ടമായിരുന്നു. അടുത്ത കാലത്ത് അത്‌ലറ്റിക്‌സ് ലോകം കണ്ട ഏറ്റവും മികച്ച പോരാട്ടമെന്നു വിശേഷിപ്പിക്കാം. അമേരിക്കയുടെ സിഡ്‌നി മക് ലോഗ് ലിന്‍ ചാമ്പ്യന്‍ഷിപ് റെക്കോര്‍ഡോടെ(47.78സെ) സ്വര്‍ണ്ണം നേടി. മരിത കോച്ച് 1985 ല്‍ സ്ഥാപിച്ച ലോക റെക്കോര്‍ഡ് (47.60 സെ) മാത്രമാണ് ഇതിലും മെച്ചപ്പെട്ട സമയം. സെമിയില്‍ തന്നെ മക് ലോഗ് ലിന്‍ യു.എസ്. റെക്കോര്‍ഡ് തിരുത്തിയിരുന്നു.(48.29 സെ). 19 വര്‍ഷം മുമ്പ് സന്യ  റിച്ചാര്‍ഡ് സ്ഥാപിച്ച 48.70 സെക്കന്‍ഡിന്റെ യു.എസ്. റെക്കോര്‍ഡാണ് തിരുത്തിയത്.

വനിതകളുടെ 400 മീറ്റര്‍ ഫൈനലില്‍ കനത്ത പോരാട്ടമാണ് നടന്നത്. വെള്ളി നേടിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് താരം മെരിലെയ്ഡി പൗളിനോ 47.98 സെക്കന്‍ഡിന് ഫിനിഷ് ചെയ്തു. സിഡ്‌നി 2024 ലെ പാരിസ് ഒളിംപിക്‌സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സ്‌ ജേത്രിയാണ്. മെരിലെയ്ഡി അതേ ഒളിമ്പിക്‌സിലെ 400 മീറ്റര്‍ വിജയിയാണ്. വെങ്കലം നേടിയ സാല്‍വാ ഈദ് നാസറിന്(ബഹ്‌റൈന്‍) ഇതു തിരിച്ചുവരവാണ്. 2019 ല്‍ ലോക ചാമ്പ്യനായ സാല്‍വ പിന്നീട് സസ്‌പെന്‍ഷനിലായിരുന്നു.


നാല്‍പതു വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഒരു വനിത 48 സെക്കന്‍ഡില്‍ താഴെ 400 മീറ്റര്‍ ഓടിയത്. വെള്ളി നേടിയ മെരിലെയ്ഡിയും 48 സെക്കന്‍ഡില്‍ താഴെ ഫിനിഷ് ചെയ്തപ്പോള്‍ മത്സരം ചരിത്രമായി. 1983 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചെക്കസ് ലോവാക്യയുടെ ജര്‍മീലാ ക്രാറ്റോചി വ്‌ലോവ സ്ഥാപിച്ച 47.99 സെക്കന്‍ഡിന്റെ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡാണ് സിഡ്‌നിയും മെരിലെയ്ഡിയും മെച്ചപ്പെടുത്തിയത്.

സിഡ്‌നി മക് ലോഗ് ലിന് പ്രായം 26 മാത്രം. 2028 ല്‍ ലൊസാഞ്ചലസില്‍ ഒളിംപിക്‌സിന് വേദിയൊരുക്കുന്ന യു.എസിന് അവിടെ പ്രതീക്ഷ നല്‍കുന്ന താരമാണ് സിഡ്‌നി.

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ അപ്രതീക്ഷതമായൊരു യു.എസ്. താരം മെഡല്‍ നേടി. കര്‍ടിസ് തോംസന്‍ ആണ് ഏതാണ്ട് രണ്ടു പതിറ്റാണ്ടിനുശേഷം ജാവലിനില്‍ യു.എസിന് മെഡല്‍ സമ്മാനിച്ചത്; വെങ്കല മെഡല്‍(86.67 മീറ്റര്‍). പോയ തവണത്തെ ലോക ചാമ്പ്യന്‍ നീരജ് ചോപ്രയും പാരിസ് ഒളിംപിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് അര്‍ഷദ് നദീമും ലോക ഒന്നാം റാങ്കുകാരന്‍ ജൂലിയന്‍ വെബറുമൊക്കെ പരാജയപ്പെട്ടിടത്ത് ട്രിനിഡാഡിന്റെ കെഷോന്‍ വാല്‍ക്കോട്ട് അത്ഭുതം സൃഷ്ടിച്ചു. 2012 ല്‍ കൗമാരതാരമായി ഒളിംപിക് സ്വര്‍ണ്ണം നേടിയ വാല്‍ക്കോട്ട്(88.16 മീറ്റര്‍) സകലരെയും ഞെട്ടിച്ച് സ്വര്‍ണ്ണം നേടി. ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനായിരുന്നു വെള്ളി(87.38 മീറ്റര്‍).

നീരജ് ചോപ്ര എട്ടാമനായപ്പോള്‍(84.03 മീറ്റര്‍) ഇന്ത്യയുടെ സച്ചിന്‍ യാദവ് നാലാം സ്ഥാനം നേടി(86.27 മീറ്റര്‍). 2021 ജൂണിനു ശേഷം ആദ്യമാണ് നീരജ് ഒരു രാജ്യാന്തര മീറ്റില്‍ വെള്ളി മെഡല്‍ എങ്കിലും ഇല്ലാതെ മടങ്ങിയത്. വെബര്‍ അഞ്ചാമതും നദീം പത്താമതും എത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക