Image

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്കോ..? (എ.എസ്. ശ്രീകുമാര്‍)

Published on 19 September, 2025
 ഇന്ത്യ-യു.എസ് വ്യാപാര കരാര്‍  യാഥാര്‍ത്ഥ്യത്തിലേക്കോ..? (എ.എസ്. ശ്രീകുമാര്‍)

വാര്‍ത്ത

ന്യൂഡല്‍ഹി: വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ ക്ഷണിച്ച് അമേരിക്ക. കാര്‍ഷിക ഉത്പന്നങ്ങളിലടക്കം ചര്‍ച്ചയോട് എതിര്‍പ്പില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചതായാണ് സൂചന. തീരുവ ചുമത്തിയുള്ള ഭീഷണിക്കൊടുവില്‍ നരേന്ദ്ര മോദിയെ ഡോണള്‍ഡ് ട്രംപ് വിളിച്ചത് അമേരിക്ക നിലപാട് മാറ്റുന്നു എന്ന സൂചനയായാണ് ഇന്ത്യ കാണുന്നത്. ഇന്ത്യ-അമേരിക്ക ചര്‍ച്ചയില്‍ വ്യപാര കരാറിനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ധാരണയിലെത്തിയത്. കാര്‍ഷിക ഉത്പന്നങ്ങളില്‍ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ല എന്നാണ് സൂചന. ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന ആവശ്യം യു.എസ് ആവര്‍ത്തിച്ചു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാം എന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.

അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ മധ്യസ്ഥ സംഘത്തെ അമേരിക്കന്‍ വാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് യു.എസിലേക്ക് ക്ഷണിച്ചു. അടുത്ത റൗണ്ട് സംഭാഷണത്തിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യ അമേരിക്ക കരാറും കൂട്ടിക്കുഴയക്കരുത് എന്നാണ് ഇന്ത്യ ഇന്നലെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ എണ്ണ വാങ്ങുന്നതിനുള്ള ഇരട്ട തീരുവ പിന്‍വലിക്കുമോ എന്നതില്‍ വ്യക്തതതയില്ല. എന്തായാലും പ്രധാനമന്ത്രി മോദിക്കും ട്രംപിനും ഇടയില്‍ തന്നെ സംഭാഷണം നടന്നത് കയറ്റുമതി മേഖലയ്ക്ക് ആശ്വാസമാകുകയാണ്.

വിചാരം

നേരത്തെ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആദ്യവാരം 25 ശതമാനം തീരുവ ചുമത്തിയ ട്രംപ്, പിന്നീട് ഇത് 50 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരിക്കെയാണ് വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. വാസ്തവത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതല്ല ട്രംപിന്റെ വിഷയം. ഇന്ത്യന്‍ കാര്‍ഷിക, ക്ഷീര മേഖലകള്‍ പൂര്‍ണമായും യു.എസിന് തുറന്നുനല്‍കണമെന്ന ട്രംപിന്റെ നിര്‍ബന്ധമാണ് അധിക തീരുവയ്ക്ക് ആധാരം. രാജ്യത്തെ വലിയൊരു ശതമാനം ജനങ്ങളുടെ ഉപജീവനമാര്‍ഗമായ കാര്‍ഷിക മേഖല പൂര്‍ണമായും തുറന്നുനല്‍കാന്‍ ഇന്ത്യ തയ്യാറായില്ല. മാത്രമല്ല, ജനിതകമാറ്റം വരുത്തിയ അന്തക വിത്തുകള്‍ ഇറക്കുമതി ചെയ്യണമെന്ന യു.എസ് ആവശ്യം ഇന്ത്യ നിരസിച്ചതും ബന്ധം വഷളാവാന്‍ കാരണമായി.

ട്രംപ് കടുത്ത തീരുവ ഏര്‍പ്പെടുത്തുംമുമ്പ്, 2025 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി തുടര്‍ന്നുവെന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 131.84 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യന്‍ കയറ്റുമതിയുടെ 18 ശതമാനവും ഇറക്കുമതിയുടെ 6.22 ശതമാനവും അമേരിക്കയില്‍ നിന്നാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ അമേരിക്കയുമായി 41.18 ബില്യണ്‍ ഡോളറിന്റെ ചരക്ക് വ്യാപാര മിച്ചം രേഖപ്പെടുത്തി. 2024-ല്‍ ഇത് 35.32 ബില്യണ്‍ ഡോളറായിരുന്നു. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ലക്ഷമിട്ടപ്പോഴായിരുന്നു തീരുവ ഏര്‍പ്പെടുത്തല്‍ തടസമായത്.

തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, ചെമ്മീന്‍, വാഴപ്പഴം, മുന്തിരി, എണ്ണക്കുരു തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ താരിഫ് ഇളവുകള്‍ തേടുന്ന പ്രധാന ഇനങ്ങള്‍. വ്യാവസായിക വസ്തുക്കള്‍, ഇലക്ട്രിക് വാഹനങ്ങള്‍, വൈന്‍, പാല്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍, മരഉരുപ്പടികള്‍, ജനിതകമാറ്റം വരുത്തിയ വിളകള്‍ തുടങ്ങിയ ഇനങ്ങളിലാണ് തീരുവ കുറയ്ക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നത്. ചില ആശങ്കകള്‍ കാരണം ഇന്ത്യ ജനിതകമാറ്റം വരുത്തിയ വിളകളുടെ ഇറക്കുമതിയില്‍ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും, കന്നുകാലി തീറ്റയായ അല്‍ഫാല്‍ഫ വൈക്കോല്‍ പോലുള്ള ജനിതകമാറ്റം വരുത്തിയ വിളകള്‍ അല്ലാത്ത കാര്‍ഷിക ഇനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാണ്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഇടക്കാല വ്യാപാരക്കരാറിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, തീരുവ പ്രശ്‌നം നിലനില്‍ക്കെ ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ അടുത്ത സുഹൃത്തായി ട്രംപ് വിശേഷിപ്പിക്കുകയും ചര്‍ച്ചകള്‍ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് സാധ്യത തെളിഞ്ഞത്. എത്രയും വേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയും പ്രതികരിച്ചിരുന്നു. ഇന്ത്യയും യു.എസും ഏറെ അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്നും മോദി പറഞ്ഞിരുന്നു. ചര്‍ച്ചകളില്‍ ഉണ്ടാകുന്ന പുരോഗതി അനുസരിച്ചായിരിക്കും വ്യാപാര കരാറിന്റെ ഭാവി. ചര്‍ച്ചകളുടെ വിജയം മോദിയുടെ യു.എസ് സന്ദര്‍ശനത്തിനും വഴിതുറക്കുമെന്നാണ് സൂചന.

അതേസമയം, ഇന്ത്യക്കെതിരെ ഏര്‍പ്പെടുത്തിയ അധിക തീരുവ അമേരിക്ക പിന്‍വലിച്ചേക്കുമെന്ന് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ പിഴത്തീരുവ നവംബര്‍ 30-നു ശേഷം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നു അദ്ദേഹം പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളില്‍ വലിയ പുരോഗതിയുണ്ടാകും. സാഹചര്യങ്ങളെ മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിധി

ശക്തരായവരല്ല അതിജീവിക്കുന്നത്, മറിച്ച് മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നവരാണ്...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക