
ഏറെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ പമ്പയില്‍, വിദേശികള്‍ ഉള്‍പ്പെടെ 3,500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഈ സംഗമം ഇടതു സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായാണ് സംഘടിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വിവാദങ്ങളുടെ ശരണം വിളികള്‍ ഉയരുകയും ചെയ്യുന്നു.
അതേസമയം, വിശ്വാസ പ്രകാരം അയ്യപ്പന്റെ വീട്ടുകാരായ പന്തളം കൊട്ടാരം പ്രതിനിധികള്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ല. പരമശിവന്റെയും മഹാവിഷ്ണുവിന്റെ സ്ത്രീരൂപമായ മോഹിനിയുടെയും മകനായ ധര്‍മ്മ ശാസ്താവിന്റെ അവതാരമാണ് അയ്യപ്പന്‍ എന്നാണ് വിശ്വാസം. പന്തള രാജകുമാരനായ അയ്യപ്പന്‍ അഥവാ മണികണ്ഠന്‍ ശബരിമലയില്‍ വച്ച് ശാസ്താവില്‍ ലയിച്ചു ചേര്‍ന്നു എന്നാണല്ലോ വിശ്വസിക്കപ്പെടുന്നത്.
കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് കൊട്ടാരത്തിന്റെ വിശദീകരണം. എന്നാല്‍ അയ്യപ്പ സംഗമം സംബന്ധിച്ചുള്ള അതൃപ്തിയും വിയോജിപ്പുകളും കൊട്ടാരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുവതി പ്രവേശന കാലയളവിലെ കേസുകള്‍ പിന്‍വലിക്കാത്തതിലും സുപ്രീംകോടതിയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താത്തതിലും കടുത്ത പ്രതിഷേധമുണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പറഞ്ഞു.
സംഗമം കൊണ്ട് സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമുണ്ടാവുമെന്ന് കൊട്ടാരം ചോദിക്കുന്നു. യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം. ഇനി ഒരിക്കലും ഭക്തജനങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കുമേല്‍ 2018-ല്‍ സ്വീകരിച്ചതുപോലെ ഉള്ള നടപടികള്‍ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്നും പന്തളം കൊട്ടാരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
''ഭക്തജന സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാനും അവരെ വിശ്വാസത്തിലെടുത്തും അവരുടെ ആചാരങ്ങള്‍ക്ക് ഒരു കോട്ടം വരാതെ സംരക്ഷിച്ചെങ്കില്‍ മാത്രമേ ഈ അയ്യപ്പസംഗമം കൊണ്ട് അതിന്റെ എല്ലാ ഉദ്ദേശ്യങ്ങളും സാധൂകരിക്കൂ. യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തി ആചാരം സംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണം. കൊട്ടാരത്തിന് ഈ കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ല. ആചാരം സംരക്ഷിക്കുന്നതിന് ഭക്തജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകും...'' എന്നാണ് പന്തളം കൊട്ടാരത്തിന്റെ നിലപാട്.
ഇതിനിടെ ആഗോള അയ്യപ്പസംഗമത്തിന് പോകാന്‍ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് സ്റ്റേ ചെയ്തു. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ക്ഷേത്ര ജീവനക്കാരുടെ ചെലവുകള്‍ക്ക് ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ഫണ്ട് എന്നിവയില്‍ നിന്നും പണം എടുക്കാമെന്നായിരുന്നു മലബാര്‍ ദേവസ്വം കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇതു ചോദ്യം ചെയ്ത് കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ത്ത് ബി.ജെ.പി ശക്തമായി വീണ്ടും രംഗത്തു വന്നു. വിലക്കയറ്റം അടക്കമുള്ള ഗുരുതര വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ചില നാടകങ്ങളുമായി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. പമ്പയില്‍ നടക്കുന്നത് എല്‍.ഡി.എഫിന്റെ രാഷ്ട്രീയ സമ്മേളനവും തട്ടിപ്പു സംഗമവുമാണെന്നും എം.ടി രമേശ് പറഞ്ഞു.
സംഗമം യു.ഡി.എഫ് ബഹിഷ്‌കരിക്കും. പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അയ്യപ്പ ഭക്തരെ കബളിപ്പിക്കാനാണ് സംഗമം നടത്തുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. പന്തളം രാജകൊട്ടാരത്തിന് പുറമെ ശബരിമല തന്ത്രി കുടുംബവും സംഗമത്തില്‍ പങ്കെടുക്കുന്നില്ല. അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ട മലയരയ സഭ അടക്കമുള്ള സമുദായങ്ങളും സംഗമത്തിലുണ്ടാവില്ല. സംഗമത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചത് തമിഴ്‌നാട് സര്‍ക്കാര്‍ മാത്രമാണ്. ഉദ്ഘാടന ചടങ്ങില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരായ പി.കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ മാത്രമാണ് പങ്കെടുക്കുന്നത്. കര്‍ണാടക, ഡല്‍ഹി, തെലങ്കാന സര്‍ക്കാരുകളെ അടക്കം സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പ്രതിനിധികളെ അയച്ചിട്ടില്ല. സംഗമത്തിലെ മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്.
സംഗമത്തില്‍ അയ്യപ്പ ഭക്തരുടെ സ്ഥാനത്ത് പങ്കെടുക്കുന്നത് സി.പി.എം-സി.പി.ഐ പ്രവര്‍ത്തകരാണെന്നും ആക്ഷേപമുണ്ട്. ശബരിമല അയ്യപ്പന്റെ പേരില്‍ നടത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള പ്രവര്‍ത്തകരെ പ്രത്യേക നിര്‍ദേശം നല്‍കി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ തിരഞ്ഞെടുക്കുകയായിരുന്നുവത്രേ. എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാര്‍, എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരും പങ്കെടുക്കും. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ എന്‍.എസ്.എസിന്റെ സാന്നിധ്യം സര്‍ക്കാരിന് ആശ്വാസകരമാണ്. സംഗമത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട മൂന്ന് ഹര്‍ജികളും തള്ളുകയുണ്ടായി. ശബരിമലയിലെ സ്വര്‍ണം പൂശിയ ദ്വാരപാലകശില്‍പം ചെന്നൈയില്‍ നന്നാക്കി തിരിച്ചെത്തിച്ചപ്പോള്‍ നാലു കിലോ സ്വര്‍ണം നഷ്ടപ്പെട്ട സംഭവവും പശ്ചാത്തലത്തിലുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിന് 7 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഫണ്ട് സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് ലഭിക്കുകയെന്നും ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ബാധ്യത വരില്ലെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അവകാശവാദം. ശബരിമല മാസ്റ്റര്‍ പ്ലാന്‍ മുതല്‍ സന്നിധാനത്തെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും വരെ സംഗമത്തില്‍ ചര്‍ച്ചയാകും.
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസ സംഗമം തമിഴ്‌നാട് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. 22-ന് പന്തളത്താണ് ഭക്തജന സംഗമം നടക്കുക. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്.