Image

അപരാജിതൻ (മനോഹർ തോമസ്)

Published on 21 September, 2025
അപരാജിതൻ    (മനോഹർ തോമസ്)

സമാന പ്രകൃതക്കാർ തമ്മിൽ കണ്ടുമുട്ടുമ്പോൾ അവർ വീണ്ടും കണ്ടുമുട്ടാൻ ആഗ്രഹിക്കും എന്നത് ഒരു സാമാന്യ തത്വം മാത്രമാണ് .വാൾ സ്ട്രീറ്റ് വന്ന് വില്യം സ്ട്രീറ്റിൽ മുട്ടുമ്പോൾ   “ മൈക്കിൾസ്‌ “ എന്ന പേരിൽ ചെറിയൊരു കാപ്പിക്കടയുണ്ട് . ജെ . പി , മോർഗനിൽ ജൂനിയർ അനലിസ്റ്റായി ജോലികിട്ടിയപ്പോൾ ഉച്ചക്ക് അവിടെ പോയിരുന്നു  സാൻഡ്വിച്ച് കഴിക്കുന്നത് ഒരു പതിവാക്കി . അവിടെ തന്നെ പോയിരിക്കാൻ രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്നാമതായി പുറത്തിട്ടിരിക്കുന്ന കസേരയിൽ ,നല്ല വെളിച്ചത്തിൽ ഇരിക്കാം.
കടന്നു പോകുന്ന ആളുകളെ ശ്രദ്ധിച്ചു കൊണ്ട് പുസ്തകം വായിക്കാം . ഗ്രിക്കുകാരനായ കടയുടമസ്ഥൻ മൈക്കുമായി  പരിചയപ്പെട്ടപ്പോൾ കൂടുതൽ
സ്വാതന്ത്യമായി . ആ തിരക്കിലിരുന്ന് മലയാള പുസ്തകം വായിക്കുന്ന ഒരാളെ കണ്ടപ്പോൾ ,എന്നും കാണുന്ന രണ്ടിന്ത്യൻ മുഖങ്ങൾ ഒരു ചോദ്യം ചോദിച്ചു .
    “ മലയാളിയാണല്ലേ ? “
    “ അതെ . ശുദ്ധ നാടൻ . ചേർപ്പളശ്ശേരിക്കാരൻ . “

അവിടെ ഒരടുപ്പം തുടങ്ങുകയായിരുന്നു .കാന്തിയേട്ടനും ,കാദംബരി ചേച്ചിയും
ഹിൽ ഫാർബെർ എന്ന വാൾസ്ട്രീറ്റ് ഫേമിലെ വൈസ് പ്രസിഡണ്ട്മാരാണ് . അവരുടെ ഓഫീസും ജെ . പി .മോർഗൻ ബിൽഡിങ്ങിലാണ് , എന്നത് എന്നും കാണാൻ സൗകര്യമായി  . അവർ രണ്ടുപേരും വിവാഹിതരാണോ എന്നറിയില്ല , കഴിഞ്ഞ പതിനഞ്ചു വർഷമായി ഒന്നിച്ചാണ് താമസിക്കുന്നത് .
ഒരവധി ദിവസം ഈസ്റ്റ് വില്ലേജിലുള്ള അവരുടെ അപ്പാർട്‌മെന്റിലേക്ക് ഭക്ഷണത്തിനു ക്ഷണിച്ചപ്പോഴാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത് .
     മുന്ന് ബെഡ്റൂംസ് ഉള്ള വലിയ അപ്പാർട്മെന്റ് . അവിടെ മുന്ന് കാര്യങ്ങൾ നമ്മളെ മാനസികമായി ഉലച്ചുകളയും .ആദ്യത്തേത് പുസ്തകങ്ങളുടെ ഒരു സാമ്രാജ്യം : ഇംഗ്ലീഷും ,മലയാളവും .ഡി .സി യിൽനിന്നും മാതൃഭൂമിയിൽ നിന്നും നേരിട്ട് വരാനുള്ള സംവിധാനം ചെയ്തിരിക്കുന്നു . സന്ദർശിച്ച ഓരോ രാജ്യങ്ങളിൽനിന്നും ഓർക്കാൻ എന്തെങ്കിലും ഒരു വസ്തു . മൂന്നാമത്തേതാണ് ഏറ്റവും വിഭിന്നമായത് . ലോകത്തിൽ കിട്ടാവുന്ന എല്ലാത്തരം വൈനുകളും .

     കാദംബരി ചേച്ചിയുണ്ടാക്കിയ പച്ചക്കറി ഡിന്നർ തുടങ്ങുന്നതിനുമുമ്പ് ഒരു ചോദ്യം വന്നു . ആ ചോദ്യം ഞാൻ പ്രതിക്ഷിച്ചതാണ് .
      “   ബെന്നിയെങ്ങിനെയാ ,മദ്യപിക്കുമോ? “
      “ ഇവിടെ മുഴുവൻ വൈനുകളാണല്ലോ .ഞാൻ അൽപ്പം കൂടി സ്ട്രോങ്ങ്        ആകാറാണ് പതിവ് “                                                                                                
      “ ഇവിടെ വൈനിനെക്കാൾ സ്ട്രോങ്ങ് ആയ ഒന്നും കാണില്ല . “
      “ ഞാൻ വൈനിന്റെ ഒരാളല്ല . കാരണം വിവരക്കുറവ് തന്നെ .”
      “ നമ്മുടെ സ്‌പൈസസ് ,അതിനോടിണങ്ങുന്ന ഒരു വൈനുണ്ട്
        സൗത്ത് അമേരിക്കയിൽ നിന്നെത്തുന്ന മെൽബെക് “
       “ പരീക്ഷിക്കാം “
അതിൻ്റെ ഗുണഗണങ്ങൾ ഒക്കെ കാന്തിയേട്ടൻ പറഞ്ഞു . ആ വീഞ്ഞു ആസ്വദിച്ചുകുടിക്കുമ്പോൾ മനസ്സ്‌ പറയുകയായിരുന്നു
“Ignorance is not a crime , It is a shame ,”
ഒരു വായനക്കാരനായതുകൊണ്ട് അവരുടെ ജീവിതവുമായി പെട്ടന്ന് ഇണങ്ങി. മക്കളില്ലാത്ത അവരുടെ വീട്ടിൽ ഞാനൊരു അതിഥി അല്ലാതായി. ഏതു പുസ്തകം വരുമ്പോഴും വേഗം വായിച്ചു തീർത്തിട്ട് ,അതിനെ വിലയിരുത്തി വസ്തുനിഷ്ടമായ അഭിപ്രായം പറയുന്ന കാന്തിയേട്ടന്റെ പ്രകൃതം പിടിച്ചു .

      ഇപ്പോൾ താമസിക്കുന്ന അപാർട്മെന്റ് വിറ്റിട്ട് ന്യൂ ജേഴ്‌സിയിൽ  ഇരുപതേക്കറിൽ ഒരു ഫാം വീട് വാങ്ങുന്നതിനെപ്പറ്റി കാന്തിയേട്ടൻ സൂചിപ്പിച്ചു.
താമസിയാതെ അവരത് വാങ്ങി അങ്ങോട്ടു താമസം മാറ്റി .കാദംബരി ചേച്ചി ജോലി രാജി വച്ച് വീട് ഭംഗിയാക്കുന്നതിൽ മുഴുകി .

     മിക്കവാറും വൈകുന്നേരങ്ങളിൽ ഓഫീസ് കഴിഞ്ഞു കാന്തിയേട്ടൻറെ കൂടെ ന്യൂജേഴ്‌സിക്ക് ,അവിടെ എത്തിയശേഷം വീടിൻറെ ചില അറ്റകുറ്റ പണികൾ ഞങ്ങൾ ഒന്നിച്ചു ചെയ്തു തീർത്തു . അങ്ങിനെ ഒരു യാത്രക്കിടയിൽ വച്ചാണ് കാന്തിയേട്ടൻ പുതിയൊരാശയം പറഞ്ഞത് .

 “ബെന്നി ഇപ്പോൾ അനലിസ്റ് ആയി തുടങ്ങിയതല്ലെ ഉള്ളു . സാമാന്യം തരക്കേടില്ലാത്ത ഒരു ശമ്പളമൊക്കെ കിട്ടി ,ഒരു വീടൊക്കെ വാങ്ങിച്ചു മാറാൻ ചുരുങ്ങിയത് ഇരുപതു വർഷമെടുക്കും . ഇപ്പോൾ ചെറുപ്പമാണ് ,അധ്വാനിക്കാൻ പറ്റിയ പ്രായം .ഞാനൊരു ആശയം പറയാം .ഒന്നാലോചിക്ക് .ഒരു ചെറിയ വൈൻ കട തുടങ്ങാം .നോഹൗ എൻ്റെ കൈയിൽ ഉണ്ട് .ഇൻവെസ്റ്റ് ചെയ്യാനുള്ള പണവും തരമാക്കാം .കട ബെന്നി നടത്തണം .”
ഒന്നാലോചിക്കട്ടെ എന്ന് പറഞ്ഞാണ് ഒഴിഞ്ഞതെങ്കിലും ,ദിവസങ്ങൾ കറുത്തും വെളുത്തും മുന്നോട്ട് പറക്കുന്നതിനിടയിൽ ,ബുദ്ധിയും മനസ്സും തമ്മിൽ ഏറ്റുമുട്ടി ഒരു തീരുമാനത്തിന് കീഴടങ്ങി .പണ്ടെങ്ങോ വായിച്ച ചില പുസ്തക വരികൾ കൂട്ടിനെത്തി . “ ഭാഗ്യം ഒരു പെന്ഡുലത്തിൻറെ രൂപത്തിൽ മുമ്പിൽ കിടന്നു കുറച്ചു നേരം ആടിക്കൊണ്ടിരിക്കും .ഒന്നുകിൽ കടന്നു പിടിക്കുക, അല്ലെങ്കിൽ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുക .”  

    അങ്ങിനെ വൈൻ കട തുടങ്ങാൻ തീരുമാനിച്ചു . സ്റ്റോർ എടുക്കലും, പേപ്പറുകൾ നീക്കലും ,സ്റ്റോക്ക് വാങ്ങലും ,ക്രെഡിറ്റ് ബാങ്കിൽ തുടങ്ങലും
എല്ലാം കാന്തിയേട്ടൻ ഒരഭ്യാസിയെപ്പോലെ ,യുദ്ധകാലാടിസ്ഥാനത്തിൽ
സ്വരുക്കൂട്ടി .എൻ്റെ മെയിൻ പണി , വൈനുകളെപ്പറ്റി പഠിക്കുക ,വിൽക്കുക.
ഒരുകാര്യത്തിൽ ഞങ്ങൾ രണ്ടാളും പോരാതെ വന്നു .പെട്ടികൾ നീക്കുക,വൈൻ അടുക്കുക മുതലായ ശരീരം കൊണ്ടുള്ള പണികൾ .
    ശൈത്യകാലം തുടങ്ങിയതോടെ ,വിൽക്കലുകൾ കൂടിവന്നു . ഒരാളെ കടയിൽ നിർത്താൻ ആലോചിക്കുന്നതിന് ഇടയിലാണ് അത് സംഭവിച്ചത് .
മഞ്ഞുപെയ്തു തേറാടി നിൽക്കുന്ന ഒരുച്ചക്ക് ,കടയിൽ ആളൊഴിഞ്ഞ നേരം,ആറടിയോളം പൊക്കമുള്ള ഒരാൾ , തലയടച്ചു  മൂടി ,ബാലക്ലാവ മുഖത്തിട്ട് കണ്ണുമാത്രം പുറത്തുകാണിച്ചു കയറിവന്നു. തണുപ്പും ,മഞ്ഞും
ഒക്കെ തുടങ്ങിയെങ്കിലും ,അലാസ്കയിലെ വേഷവിധാനങ്ങളുമായി ഒരാൾ വരുമ്പോൾ ആരും ഒന്ന് ഞെട്ടും .വന്നയാൾ യാതൊരു കൂസലുമില്ലാതെ നടന്നുവന്ന് കൈനീട്ടി . ഒരാൾ കൈനീട്ടുമ്പോൾ അയാൾ ആരായാലും നമ്മൾ ഹസ്തദാനം ചെയ്തുപോകും ; കാരണം അതൊരു ലോകമര്യാദയുടെ ഭാഗമാണല്ലോ
എൻ്റെ മുഖത്തെ പകപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു അയാൾ വേഗം പറഞ്ഞു തുടങ്ങി ;
  “ അച്ചായോ , പേടിക്കണ്ട !ഞാൻ   ഐസുകുട്ടി ! ഐസുകുട്ടി ഇമ്മാനുവൽ
കുമ്പളാംപൊയ്‌കയിൽ നിന്നാണ് . അച്ചായന് ഒരാളെ വേണമെന്ന് പലരും പറഞ്ഞു . രണ്ടുകാര്യങ്ങളിൽ അച്ചായന് എന്നെ വിശ്വസിക്കാം ഒന്നാമതായി ഞാൻ കുടിക്കില്ല .രണ്ടാമതായി മറ്റൊരാളുടെ ഒന്നും അനുവാദമില്ലാതെ എടുക്കില്ല  . വല്യവിവരം ഒന്നും ഇല്ലെങ്കിലും ,ഒരു ദൈവവിശ്വാസിയാണ്.
നാട്ടിൽ കുമ്പളാം പൊയ്കയിൽ ഒരു സര്ബത് കട നടത്തുകയായിരുന്നു .”

   ഐസുകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു .കാന്തിയേട്ടനും സമ്മതം മൂളി .
  “ആദ്യമായി ഐസുകുട്ടിയോട് ഞാനൊരു കാര്യം പറയാം. പറയുന്ന കാര്യങ്ങളെ ചെയ്യാവു . പറയാത്തതൊന്നും ചെയ്യരുത് .കാരണം ഐസുകുട്ടി നാട്ടിൽ നിന്ന് വന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു .ഇവിടെ അഴിക്കുംതോറും കുരുങ്ങുന്ന ഒരുപാടു കെട്ടുകളുണ്ട്  .പോകെ  പോകെ മനസ്സിലായി കൊള്ളും . “

   കൊടുത്ത ചെക്ക് എല്ലാം ബാങ്കിൽ വരുന്നത് പന്ത്രണ്ട് മണിക്കാണ് . മടങ്ങാതിരിക്കണമെങ്കിൽ ,മുൻകൂറായി പണം അടച്ചിരിക്കണം .തലേ ദിവസത്തെ കളക്ഷൻ എല്ലാം കൂട്ടി അയ്യായിരം ഡോളർ ഷോർട് . വേഗം പണം പൊതിഞ്ഞു കെട്ടി ഒരു ബ്രൗൺ ബാഗിൽ ഐസുകുട്ടിയുടെ കൈയിൽ ബാങ്കിലേക്ക് കൊടുത്തുവിട്ടു . പോകുന്നതിന് മുമ്പ് ഇത്രയും പറഞ്ഞത് ഓർമയുണ്ട് ;

    “ ഐസുകുട്ടി അയ്യായിരം ഡോളറാണ്. നേരെ ബാങ്കിൽ ചെല്ലുക ലൈൻ നിൽക്കുക . കൗഡറിൽ കൊടുത്തു റെസിപ്പ്റ്റ് വാങ്ങുക . മടങ്ങുക .”

  ആയിടക്കാണ് ബാങ്കുകൾ കേന്ദ്രികരിച്ചു ,തീവ്രവാദികൾ കൊള്ള നടത്തുന്നുണ്ടെന്നും .മാൻഹാട്ടനിൽ മൂന്ന് സംഭവങ്ങൾ ഉണ്ടായെന്നും .മറ്റു ബോറോയിൽ ഉള്ള ബാങ്കുകൾ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ടായത്. പത്രങ്ങളും ,ചാനലുകളും ,ഈ വാർത്ത തുടർച്ചയായി കാണിച്ചു കൊണ്ടിരുന്നത്
ഞാനറിഞ്ഞില്ല .
  അപ്പോഴാണ് ആറടിപൊക്കവും ,ഒത്തവണ്ണവുംഉള്ള ഐസുകുട്ടി തലവരെമൂടി
ബാലക്ലാവ തലവഴിയിട്ട് ,കണ്ണുമാത്രം പുറത്തുകാണിച്ചു ബാങ്കിൻറെ ലൈനിൽ നിക്കുന്നത് . കൈയിൽ വലിയൊരു ബ്രൗൺ ബാഗും .അത് നെഞ്ചിനോട് ചേർത്തുവച്ചു പിടിച്ചിരിക്കുന്നു .
  
       ആളുകൾ തക്കും ,പുക്കും നോക്കുന്നു .ലൈനിൽ നിന്നവർ ഓരോരുത്തരായി ഒഴിഞ്ഞു പുറത്തുപോകുന്നു . ബാങ്കിൽ ഉള്ള ജോലിക്കാർ എല്ലാവരും പുറത്തുകടക്കുന്നു . അഞ്ചു വണ്ടി പോലീസ് വന്ന് ബാങ്ക് വളയുന്നു.
പിന്നെ വന്നത് റൈഫിളുകളുമായി ബ്ലാക്ക് ക്യാറ്റ്‌സ് ആണ് . ഇതെല്ലാം നടക്കുമ്പോഴും ഒരിഞ്ചുമാറാതെ ഐസുകുട്ടി ലൈനിൽ തന്നെ നിൽക്കുകയാണ് . കൗഡറിന് അകത്തല്ലാതെ ആർക്കും പണം കൊടുക്കരുത് എന്ന എൻ്റെ വാക്കുമാത്രം ഒരു വെള്ളിടി പോലെ വായുവിൽ നിന്നു .

       പൊലീസിലെ മഫ്റ്റി വേഷം ധരിച്ച ഒരാൾ മാത്രം ബാങ്കിന്റെ അകത്തുചെന്ന് കൈനീട്ടിയപ്പോൾ ഐസുകുട്ടി പണം അയാളെ ഏൽപ്പിക്കുന്നു.
റെസിപ്റ്റിന് ഐസുകുട്ടി കൈ നീട്ടുന്നു . അയാൾ കൊടുക്കുന്നു . ഒന്നും സംഭവിക്കാത്തപോലെ നടന്ന് കടയിൽ എത്തുന്നു .
ബാങ്കിൽ നിന്ന് ഒരു ഫോൺ വന്നു .ഒന്നവിടം വരെ ചെല്ലണം എന്ന് അപേക്ഷിച്ചു
 അവിടെ എത്തിയപ്പോൾ ക്ഷമാപണങ്ങളുടെ ഒരു മലവെള്ളപ്പാച്ചിലായിരുന്നു.
   “ ബെന്നി ,ആരാണയാൾ ? “
  “ കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്നും വന്ന ഒരു ഗ്രാമവാസിയാണ് .ഇംഗ്ലീഷ് അറിയില്ല . തണുപ്പ് തീരെ സഹിക്കാൻ പറ്റുന്നില്ല .പാവം .വൈൻ പെട്ടികൾ പിടിക്കാൻ ഒരാളായി .”
മറ്റുപലരും പറഞ്ഞാണ് അവിടെ നടന്ന മണ്ണിടിച്ചിലിൻറെ കഥ ഞാനറിയുന്നത്.
തെറ്റ് ചാർത്താൻ തലകൾ ഇല്ലാത്തതുകൊണ്ട് പഴിചാരൽ ഒഴിവായി .

   തനികൃഷിക്കാരനും ,നാടനുമായ ഐസുകുട്ടിയെ കാന്തിയേട്ടന് വളരെ പിടിച്ചു .വീടിനു ചുറ്റും ഇരുപതേക്കറല്ലേ കിടക്കുന്നത് .അതിൻ്റെ പരിണിതഫലമായി ചെറിയും ,റാസ്‌ബെറിയും ,സ്ട്രോബറിയും, ബ്ലാക്കബെറിയും  ഒക്കെ വീടിനു ചുറ്റും നിന്ന് ചിരിക്കാൻ തുടങ്ങി. ബൈബിളിൽ വായിച്ചിട്ടുള്ള അത്തിപ്പഴങ്ങളോടായിരുന്നു ഐസുകുട്ടിക്കു ഏറെ ഇഷ്ട്ടം .

  കാദംബരിചേച്ചിയും ,കാന്തിയേട്ടനും കൂടി ഐസുകുട്ടിയെ  ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി .കടയിലെ ചുമട് എടുക്കാനല്ലല്ലോ നാട്ടിൽ നിന്നും വന്നത്.
ടെസ്റ്റ്കൾ എന്തെങ്കിലും എഴുതി രക്ഷപെടാൻ നോക്കണം .ഭാര്യയും, മൂന്നു കുട്ടികളും എവിടെയോ ഇരുന്നു സ്വപനം കാണുന്ന കാര്യം ചേച്ചി ഓർമ്മിപ്പിച്ചു
കൊണ്ടേയിരുന്നു .അതുകേൾക്കുമ്പോഴെല്ലാം എവിടെയോ നഷ്ടപ്പെട്ടതുപോലെയുള്ള ചലനങ്ങളുമായി അയാൾ നിൽക്കും .

     ദിവസങ്ങൾക്കോ ,സമയത്തിനോ വല്ല ഔചിത്യവുമുണ്ടോ അതങ്ങിനെ ശരവേഗത്തിൽ കടന്നു പൊയ്‌ക്കൊണ്ടിരുന്നു .കട കുറച്ചുകൂടി വലുതായി ,
മൂന്നുനാലുവെള്ളക്കാരായ  പണിക്കാർ കൂടി ഉണ്ടെങ്കിലേ വളർച്ച ഉണ്ടാകൂ എന്ന്
നിത്യജീവിതം പഠിപ്പിക്കാൻ തുടങ്ങി . വൈനിനെപ്പറ്റി എത്ര പഠിച്ചാലും,
രുചിച്ചാലും  വൈൻ കുപ്പിക്കകത്തു ജനിക്കുന്ന വെള്ളക്കാരനെപ്പോലാകാൻ
ഒരിന്ത്യക്കാരന് കഴിയില്ല എന്ന് കാലം മനസ്സിലാക്കി .അതിനിടക്ക് ,പല ടെസ്റ്റുകളും എഴുതി ഐസുകുട്ടി മറ്റൊരു ബോറോയിലേക്ക് താമസം മാറ്റിപോയി .ഒരു ദിവസം ഞായറാഴ്ച മൂന്നു കുട്ടികളെയും ഭാര്യയെയും കൂട്ടി കാന്തിയേട്ടൻറെ വീട്ടിൽ വരുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു .

   ദിപാവലിക്ക് കാന്തിയേട്ടൻറെ വീട്ടിൽ ഉണ്ണാൻ ക്ഷണിച്ചിരുന്നു . കടയിൽ നിന്ന് തിരക്ക് ഒഴിഞ്ഞു അവിടെ എത്തിയപ്പോൾ തന്നെ രാത്രി ഒമ്പതു മണിയായി . വൈനിലാണ് തുടങ്ങിയതെങ്കിലും , എൻ്റെ ഇഷ്ടം മാനിച്ചു് കാന്തിയേട്ടൻ സിംഗിൾ മാൾട്ട് കരുതിയിരുന്നു .കാദംബരിച്ചേച്ചിയുടെ
രുചിക്കൂട്ടുകളും ,സിംഗിൾമാൾട്ടും കൂടി നല്ല പെരുക്കായി .അധികം വായിക്കാൻ സമയം കിട്ടാറില്ലാത്ത കാരണം കാന്തിയേട്ടൻ പുസ്തകങ്ങൾ വായിച്ചു വാചാലനാകുമ്പോൾ ,ഇഷ്ടമുള്ള വിഷയം ആയതുകൊണ്ട്
കേട്ടിരിക്കാൻ രസമാണ് .രാത്രി ഏതാണ്ട് രണ്ടു മണിയായിക്കാണും
“ ഇന്നെനി പോകണ്ട   “എന്ന് കാന്തിയേട്ടൻ നിർബന്ധിച്ചെങ്കിലും ,രാവിലെ വൈൻ ലോഡ് വരുന്ന കാരണം , ഐസുവെള്ളത്തിൽ മുഖം കഴുകി കാറ് സ്റ്റാർട്ട് ചെയ്തു .

          ഹൈവേ 78 ൽ നിന്ന് 278 ലേക്ക് കയറുന്നിടത്തു നല്ല ബ്ലോക്ക് ആയിരുന്നു .
ആദ്യം വിചാരിച്ചതു ആക്‌സിഡൻറ് ആണെന്നാണ് .  ട്രൂപ്പേഴ്‌സ് നിന്ന്       ഡ്രൈവേഴ്‌സിനെ മൊത്തം നിർത്തി ചെക്ക് ചെയ്യുകയായിരുന്നു .ഉള്ളിൽകൂടി ഒരു തീ ആളിയിട്ട്  ,അടിവയറ്റിൽക്കൂടി പരന്നിറങ്ങി .ഇൻഷുറൻസിന് നാലു പോയിന്റ് . അപ്പോൾ തന്നെ മാസം പ്രീമിയം ആയിരം ഡോളർ കൂടും . നിലവെളിവില്ലാതെ കുടിച്ചിട്ടുള്ളതുകൊണ്ട് അറസ്റ് ചെയ്താൽ ഉടനെ  ജെയിലിൽ കൊണ്ടുപോകും .അവിടെനിന്ന് നാളെ രാവിലെ ആരെങ്കിലും വിവരം  ഉള്ളവർ
വന്ന് ജാമ്മ്യം എടുക്കേണ്ടിവരും .കാറു ബെൻസ് ആണെങ്കിലും അവർ വലിച്ചുകെട്ടി പൗണ്ടിൽ കൊണ്ടുപോകും എന്നകാര്യം തീർച്ചയാണ്  അതവിടെനിന്ന് വീണ്ടെടുക്കാൻ എല്ലാംകൂടി നാനൂറുഡോളർ പൊട്ടും . അതിലൊക്കെ ഉപരി ഒരു ബെർത്ത് ലൈസർ ടെസ്റ്റ് ഉണ്ട് ,അതിൽ ഇത്ര ശതമാനത്തിൽ കൂടുതലാണ്  കാണിക്കുന്നതെങ്കിൽ ,ഒരു ദുരന്തം നമ്മളെ കാത്തിരിക്കുന്നുണ്ട് .  ടെസ്റ്റ് ചെയ്യുന്ന പുതിയ മെഷിൻ ഒരു വ്യത്യാസവും കാണിക്കില്ല .റീഡിങ്ങ് വളരെ ഹൈ ആണെങ്കിൽ ഡ്രൈവേഴ്സ് ലൈസെൻസ് പോയതുതന്നെ . ഒരു വാളം ഏലക്കാ എടുത്തു വായിലേക്ക് ഇട്ടു .അറിയാവുന്ന എല്ലാ ദൈവങ്ങളെയും ഒരു വട്ടം വിളിച്ചു . ആ കൊടും തണുപ്പത്തും സമൂലം വിയർത്തു .
    
 ട്രൂപ്പർ ഇടത്തേക്ക് ഒതുക്കാൻ കൈകാണിച്ചു .അയാളുടെ ലെതർ ക്രോസ് ബെൽറ്റും ,നെയിം ടാഗും നിലാവത്തു തിളങ്ങി നിന്നു .പക്ഷെ ശരീരത്തിന്റെ വിറയൽ കാരണം പേര് വായിക്കാൻ കഴിഞ്ഞില്ല .

    “ ഓഫ് ദി എൻജിൻ . സിറ്റ് ഇൻ ദി കാർ “ .പുറത്തെ ആരവത്തിനിടക്ക് ഇത്രയും കേട്ടതായി ഓർക്കുന്നു .ഡ്രൈവർ സീറ്റിന്റെ ജനാല മെല്ലെ താഴ്ത്തിയപ്പോൾ തണുത്ത കാറ്റ് മുഖത്തടിച്ചു . വിയർപ്പിന് ഒരു ആക്കം കിട്ടി .

    കറുത്ത ഹെൽമറ്റ് വച്ച ട്രൂപ്പർ കാറിന്റെ വിൻഡോയുടെ അടുത്ത് ആദ്യം വന്ന് ,രണ്ടടി പുറകോട്ടുമാറി , വിശദമായ ഒരു സല്യൂട്ട് തന്നു .
  “ അച്ചായോ ഇത് ഞാനാ ! “

           സ്വപ്നമോ ,മായയോ , ആത്മവിഭ്രാന്തിയോ !!!!!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക