
ഒരിക്കൽ സാൻ ഫ്രാൻസിസ്കോയിൽനിന്നും ഇന്ത്യയിലേക്കുള്ള ഒരു ഫ്ലൈറ്റ് യാത്രയിലായിരുന്നു സംഭവം നടന്നത്. ഒരച്ഛനും മകനും എന്നോടൊപ്പം ഉണ്ടായിരുന്നു. അച്ചൻ എന്റെ തൊട്ടടുത്ത സീറ്റിലും മകൻ തൊട്ടു മുന്നിലെ സീറ്റിലുമായിരുന്നു . ഇടക്ക് എയർ ഹോസ്റ്റസ് ആൽക്കഹോളിന്റെ ട്രോളിയുമായി എത്തിയപ്പോൾ ഞാൻ ഒരു ഡ്രിങ്ക് ഓർഡർ ചെയിതു. കാർന്നോര് നേരത്തെ ഒന്നു വീശുന്നത് ഞാൻ കണ്ടിരുന്നു. എന്നിട്ടും ഞാൻ ഓർഡർ ചെയ്യുന്നതു കണ്ടപ്പോൾ അയാൾ അവളോട് വീണ്ടും ആജ്ഞാപിച്ചു
" വൺ വിസ്‌കി ഓൺ ദി റോക്ക് "
ഞാനും എയർ ഹോസ്റ്റസും ഒന്നിച്ചതാണ് അയാളെ നോക്കിയത് . കിളവൻ ആളു മോശമല്ലല്ലോ എന്നായിരിക്കും അവളും ചിന്തിച്ചത് . ഉടൻതന്നെ തീർത്തും അപ്രതീക്ഷിതമായി തൊട്ടപ്പറത്തിരുന്ന മകൻറെ ശക്തമായ ആജ്ഞ.
"ഡോണ്ട് ഗിവ് റ്റൂ ഹിം എനിമോർ "
അപ്പോൾ അവൾക്കൊപ്പം ഞാനും ഒന്നു ഞെട്ടി. പിന്നെ ആ അച്ഛന്റെ മൂഖത്തെ നിരാശ കണ്ടപ്പോൾ ഒരു സഹതാപം തോന്നി. എയർ ഹോസ്റ്റസ് പോയിക്കഴിഞ്ഞപ്പോൾ ഞാൻ ആ പാവം കാർന്നോരോടു ചോദിച്ചു.
"ഈസ് ദാറ്റ് യുവർ സൺ "
അതു കേൾക്കാതെ. ഉടനെ എന്നെ സൂക്ഷിച്ചു നോക്കിയിട്ട് ചോദിച്ചു .
"ആർ യു മിസ്റ്റർ തമ്പി ആന്റണി "
ഞാൻ ഒന്നുകൂടെ ഞെട്ടി. കാരണം അതുവരെ എന്നെ മൈന്റ് ചയ്യുകയോ എന്റെ മുഖത്തുനോക്കി ഒന്നു ചിരിക്കുകപോലും ചെയ്യാതെ പെട്ടന്നൊരു ചോദ്യം. ഞാൻ അതെ എന്നു പറഞ്ഞു ചിരിച്ചു.
" മിസ്റ്റർ ആന്റണി"
എന്നെ തന്തപേരു വിളിച്ചപ്പോൾ പെട്ടന്ന് ഓർമ്മയിൽവന്നത് എഞ്ചിനീയറിംഗ് കോളേജിലെ ഞങ്ങളുടെ കണക്കിന്റെ കുലപതി പ്രൊഫസ്സർ എസ് രാമകൃഷ്ണൻ എന്ന പട്ടരു സാറിനെയായിരുന്നു. അയാൾ തന്തപേരിലെ എല്ലാവരെയും വിളിക്കൂ. ഇയാളേയും കണ്ടിട്ട് ഒരു തിവന്തോരം പട്ടരുടെ ലക്ഷണമുണ്ട്. പക്ഷെ ആ സാഹചര്യത്തിൽ അതൊന്നു ചോദിക്കനുള്ള ധൈര്യം തോന്നിയില്ല. അതുകൊണ്ട് വളരെ സൗമ്യമായി ചോദിച്ചു.
" മകനാണല്ലേ കൂടെയുള്ളത് "
എന്നിട്ടും അയാൾ ഗൗരവം വിടാതെ പറഞ്ഞു.
"അതൊക്കെ നാട്ടിൽ. അമേരിക്കക്കു പഠിക്കാൻ വന്നപ്പോഴും ഇവനെന്റെ മകനായിരുന്നു"
"ഇപ്പോൾ പിന്നെ എന്തുപറ്റി "
"ഇപ്പോൾ അവനെന്റെ തന്തയും ഞാനവന്റെ മകനുമാ. കണ്ടില്ലേ ഞാനിത്തിരി കള്ളു ചോദിച്ചപ്പോഴത്തെ
തനിനിറം"
അപ്പോൾ ഞാനും ഓർത്തത്, എന്റെ മകനും ഇപ്പോൾ അങ്ങനെയാണല്ലോ എന്നാണ്. ന്യൂ ജെൻ പിള്ളേരു വളർന്നാൽ എല്ലാ തന്തമാരുടെയും അവസ്ഥ അതുതന്നെയല്ലേ. അങ്ങനെ വീണ്ടും മകനാകാനുള്ള ഭാഗ്യം, അയാൾക്കും ലഭിച്ചു. ഇങ്ങനെപോയാൽ കൊച്ചുമക്കളുമായിട്ടേ മരിക്കൂ. 😂
ഒരുകണക്കിന് അതും ഒരു ഭാഗ്യംതന്നെയാ.
ഇടക്ക് മകൻ ഉറങ്ങിയപ്പോൾ അയാൾ മെല്ലെ കാബിന്റെ അങ്ങേയറ്റത്തു പോയി ആരും കാണാതെ എയർ ഹോസ്റ്റസിനോട് ഒരു ഗ്ളാസ്സിൽ വിസിക്കി മേടിച്ചു നല്ല സ്പീഡിൽ ഒരു നിപ്പനടിക്കുന്നതു കണ്ടു, ഇതാദ്യമായിട്ടൊന്നുമല്ലന്ന് ആ വീശു കണ്ടാലറിയാം. നിത്യതൊഴിൽ അഭ്യാസം അല്ലാതെന്ത്!
എനിക്കു ചിരിവന്നു, അതറിയിക്കാതെ ഞാൻ കണ്ണടച്ചിരുന്നു. അല്ലപിന്നെ അപ്പന്മാരോടാ ഇവന്മാരുടെയൊക്കെ ഒരു കളി 🤣