Image

ട്രാക്കില്‍ യു.എസ്. ആധിപത്യം തുടര്‍ക്കഥയാകുന്നു (സനില്‍ പി. തോമസ്)

Published on 22 September, 2025
ട്രാക്കില്‍ യു.എസ്. ആധിപത്യം തുടര്‍ക്കഥയാകുന്നു (സനില്‍ പി. തോമസ്)

ടോക്കിയോയില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചപ്പോള്‍ ട്രാക്ക് ഇനങ്ങളില്‍, പ്രത്യേകിച്ച് സ്പ്രിൻറില്‍ യു.എസ്. ആധിപത്യം തുടര്‍ക്കഥയാകുന്നതാണു കണ്ടത്. പുരുഷന്മാരുടെ 100 മീറ്ററില്‍ നോഹ ലൈല്‍സ് വെങ്കലം കൊണ്ടു തൃപ്തിപ്പെട്ടതാണ് സ്പ്രിന്റില്‍ യു.എസിന് തിരിച്ചടിയായത്. പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേയില്‍ യു.എസി.നെ അട്ടിമറിച്ച് ബോട് സ്വാന സ്വര്‍ണ്ണം നേടിയതും ശ്രദ്ധിക്കപ്പെടണം.\

എന്നാൽ യു.എസ്. 16 സ്വര്‍ണ്ണം, അഞ്ചു വീതം വെള്ളിയും വെങ്കലവും എന്നിങ്ങനെ 26 മെഡല്‍ നേടി ഒന്നാമതെത്തി. പോയിന്റ് കണക്കാക്കിയാല്‍ 308 പോയിന്റ്(ഒന്നു മുതല്‍ എട്ടുവരെ സ്ഥാനങ്ങള്‍ക്കാണു പോയിന്റ്). മെഡല്‍ പട്ടികയില്‍ രണ്ടാമതുള്ള കെനിയയ്ക്ക് ഏഴു സ്വര്‍ണ്ണവും രണ്ടു വീതം വെള്ളിയും വെങ്കലവും കിട്ടി. മൂന്നാം സ്ഥാനത്തുള്ള കാനഡയ്ക്ക് മൂന്നു സ്വര്‍ണ്ണം, ഒന്നു വീതം വെള്ളിയും വെങ്കലവും. മറ്റു രാജ്യങ്ങള്‍ക്കൊന്നും രണ്ടില്‍ അധികം സ്വര്‍ണ്ണം ലഭിച്ചിട്ടില്ല.

പുരുഷ, വനിതാ വിഭാഗം 4x100 മീറ്റര്‍ റിലേയില്‍ യു.എസ്. സ്വര്‍ണ്ണം നേടി. അതിനു തിളക്കം നല്‍കിയതാകട്ടെ 200 മീറ്ററിലെ സ്വര്‍ണ്ണ ജേതാവ് ലൈല്‍സും സ്പ്രിന്റ് ഡബിള്‍ ജേത്രി  മെലീസയും. സ്പ്രിന്റില്‍ മെലീസ ജെഫേഴ്‌സന്‍ വുഡന്‍ മൂന്നു സ്വര്‍ണ്ണം നേടി. ഇതിനു മുമ്പ് ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ (2013) മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ സിഡ്‌നി മകലോറിൻ ആങ്കര്‍ ചെയ്ത യു.എസ്. ടീം സ്വര്‍ണ്ണം നേടി. പുരുഷ വിഭാഗത്തില്‍ വെള്ളി നേട്ടം യു.എസിന് ഒരുതരത്തില്‍ ആശ്വാസമായി. കാരണം അവര്‍ ഹീറ്റ്‌സില്‍ ആറാമതായിരുന്നു. കെനിയ, യു.എസ്. ടീമുകള്‍ ബാറ്റന്‍ കൈമാറിയപ്പോള്‍ സാംബിയന്‍ താരം തടസമായെന്നും സമയം നഷ്ടപ്പെട്ടുവെന്നുമുള്ള പരാതി അംഗീകരിച്ച് യു.എസിനും കെനിയയ്ക്കും മാത്രമായി രണ്ടാമത് മത്സരം നടത്തി. ഇതു ജയിച്ച് യു.എസ്. ഫൈനലില്‍ കടന്നു. ഈ മത്സരത്തില്‍ പങ്കെടുത്ത നാലുപേരെയും മാറ്റിയാണ് യു.എസ്. ഫൈനലിന് ഇറങ്ങിയത്. 400 മീറ്റര്‍ വിജയി, കോളന്‍ കെബിനാറ്റ്ഷിപി എന്ന ഇരുപത്തൊന്നുകാരനാണ് അവസാന നിമിഷം ബോട് സ്വാനയ്ക്ക് റിലേ സ്വര്‍ണ്ണം ഉറപ്പിച്ചത്. കഴിഞ്ഞ 10 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്‍പതിലും യു.എസ്. ആയിരുന്നു പുരുഷന്മാരുടെ 4 X 400 മീറ്റർ ജേതാക്കള്‍.

നോഹ ലൈല്‍സ് 200 മീറ്ററില്‍ തുടര്‍ച്ചയായി നാലാം സ്വര്‍ണ്ണമാണു കരസ്ഥമാക്കിയത്. ഇതിനു മുമ്പ് ഉസൈന്‍ ബോള്‍ട്ട് ആണ് തുടരെ നാലു തവണ 200 മീറ്റര്‍ വിജയിച്ചിട്ടുള്ളത്(2009-15). വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ ജമൈക്ക വെള്ളി നേടിയപ്പോള്‍ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിന് അത് വിടവാങ്ങല്‍ മെഡല്‍ ആയി. ഷെല്ലിയുടെ പതിനേഴാമത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ആയിരുന്നത്.
സ്പ്രിന്റിലെ യു.എസ്. ആധിപത്യംപോലെയായിരുന്നു കെനിയന്‍ വനിതകള്‍ മധ്യ-ദീര്‍ഘദൂരം ഓട്ടങ്ങളില്‍ കാഴ്ചവച്ച മികവ്. 800 മീറ്റര്‍ മുതല്‍ മാരത്തണ്‍ വരെ കെനിയന്‍ വനിതകളുടെ സുവര്‍ണക്കുതിപ്പാണു കണ്ടത്. 800 മീറ്റര്‍, 1500മീറ്റര്‍, 5000 മീറ്റര്‍, 10,000 മീറ്റര്‍, 3000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസ്, മാരത്തണ്‍ ഇനങ്ങള്‍ അവര്‍ വിജയിച്ചു. ഏഴു സ്വര്‍ണ്ണം. യു.എസിനു പുറമെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കുതിക്കുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പിന്നോട്ടു പോകുന്നു. പക്ഷേ, 2027 ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ബെയ്ജിങ്ങിലാണ്. ചൈന ഉറപ്പായും മികവുകാട്ടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക