
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍. ടോക്കിയോയില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എന്‍ട്രി ലിസ്റ്റിലെ ഈ നേട്ടം അമേരിക്കയ്ക്കും ജമൈക്കയ്ക്കുമൊക്കെ മാത്രം സാധ്യമായതായിരുന്നു. നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് (2023 ല്‍ ബുഡാപെസ്റ്റില്‍) എന്ന നിലയില്‍ നീരജ് ചോപ്രയ്ക്ക വൈല്‍ഡ് കാര്‍ഡ് എന്‍ട്രി . പിന്നെ, ലോക റാങ്കിങ്ങിന്റെ മെച്ചത്തില്‍ മൂന്നുപേര്‍ക്കുകൂടി ടോക്കിയോ ബെര്‍ത്ത് . സച്ചിന്‍ യാദവ്, യശ് വീര്‍ സിങ് , രോഹിത് യാദവ് എന്നിവർ.
ജാവലിനിലെ ഇന്ത്യന്‍ കുതിപ്പ് ഒരു തുടര്‍ച്ചയാണ്. 2023ല്‍ നീരജിനു പുറമെ കിഷോര്‍ ജെനയും(അഞ്ചാം സ്ഥാനം), ഡി.പി. മനുവും(ആറാം സ്ഥാനം) ഫൈനലില്‍ മത്സരിച്ചവരാണ്. 2022ല്‍ യൂജിനില്‍ നീരജ് വെള്ളി നേടിയപ്പോള്‍, ഫൈനലില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം, രോഹിത് യാദവ് പത്താം സ്ഥാനം നേടിയിരുന്നു. 2023ല്‍ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ നീരജ് സ്വര്‍ണ്ണം നിലനിര്‍ത്തിയപ്പോള്‍ വെള്ളി കിഷോര്‍ ജെനയ്ക്കായിരുന്നു.
യോഗ്യതാ മാര്‍ക്ക് കടന്നും റാങ്കിങ്ങിലൂടെയും സ്ഥാനമുറപ്പിച്ച 19 പേരാണ്(അഞ്ചു വനിതകള്‍) ടോക്കിയോ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നീരജിന് അപ്പുറം ആരും മെഡല്‍ പ്രതീക്ഷ ഉയർത്തിയില്ല . എങ്കിലും അന്നു റാണി(ജാവലിന്‍), പാരുള്‍ ചൗധരി(3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്), എം.ശ്രീശങ്കര്‍(ലോങ്ജംപ്), ഗുല്‍വീര്‍ സിങ്(5000 മീറ്റര്‍), പ്രവീണ്‍ ചിത്രവേല്‍(ട്രിപ്പിള്‍ ജംപ്) എന്നിവര്‍ ഫൈനലില്‍ കടക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. 49 ഇനങ്ങളില്‍ 15 ല്‍ ഇന്ത്യ മത്സരിച്ചു. ഗുല്‍വീറും പൂജയും രണ്ട് ഇനങ്ങളില്‍ പങ്കെടുത്തു.
ഒടുവില്‍ ടോക്കിയോ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചപ്പോള്‍ മെഡല്‍ ഇല്ലാതെ ഇന്ത്യക്കു മടക്കം. ഫൈനലില്‍ കടന്നവര്‍ മൂന്നുപേര്‍ മാത്രം. ജാവലിനില്‍ നീരജും സച്ചിനും ഹൈജംപില്‍ സര്‍വേശ് അനില്‍ കുഷാരെയും. ഇതില്‍ നീരജ് എട്ടാമതും സച്ചിന്‍ നാലാമതും സര്‍വേശ് ആറാമതും എത്തി. അത്‌ലറ്റുകളുടെ മികച്ച പ്രകടനം കണക്കിലെടുത്താല്‍ മൂന്നുപേര്‍ക്ക് മാത്രമാണ് അത് സാധ്യമായത്. സച്ചിന്‍ യാദവ്(86.27 മീറ്റര്‍), സര്‍വേശ് കുശാരെ(2.28 മീറ്റര്‍), പൂജ ഒല (800 മീറ്ററില്‍ 2:01:03).
ചുരുക്കിപ്പറഞ്ഞാല്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇപ്പോഴും ഒരു സ്വര്‍ണ്ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ തുടരും. 2003 ല്‍ അഞ്ജു ബോബി ജോര്‍ജും 2022 ലും 23ലും നീരജ് ചോപ്രയും നേടിയ മെഡല്‍ മാത്രം. ഭാവിയിലേക്കു നോക്കുമ്പോള്‍ സച്ചിന്‍ യാദവില്‍ പ്രതീക്ഷ വയ്ക്കാം. ഇരുപത്തഞ്ചുകാരനായ സച്ചിന് ഇത് രണ്ടാമത്തെ രാജ്യാന്തര മത്സരം മാത്രമായിരുന്നു. യോഗ്യതാ റൗണ്ടില്‍ സച്ചിന്‍ യാദവ് 83.67 മീറ്റര്‍ എറിഞ്ഞ് പത്താം സ്ഥാനവുമായാണ് ഫൈനലില്‍ കടന്നത്. ഫൈനലില്‍ ആകട്ടെ ജീവിതത്തിലെ മികച്ച ദൂരം കണ്ടെത്തി. കോച്ച് നവല്‍ സിങ്ങിന്റെ ശിക്ഷണം കിട്ടിയത് കഴിഞ്ഞ വര്‍ഷം മാത്രം. അതുവരെ പ്രഗല്‍ഭനായൊരു പരീശീലകന്‍ കൂടെയില്ലായിരുന്നു. ഇന്ത്യക്കു
മെഡല്‍ നേട്ടമുണ്ടായ 2022 ല്‍ 22 പേരും 2023ല്‍ 28 പേരുമാണ് ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. വനിതകള്‍ യഥാക്രമം നാലും അഞ്ചും. ഇക്കുറി പുരുഷ ജാവലിനു പുറമെ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലും പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപിലും ഒന്നിലധികം ഇന്ത്യക്കാര്‍ മത്സരിച്ചു. വനിതകളുടെ ജാവലിനില്‍ മത്സരിച്ച അന്നു റാണിക്ക് ഇത് അഞ്ചാമത്തെ ലോകചാമ്പ്യന്‍ഷിപ്പ് ആയിരുന്നു. ഗുല്‍വീര്‍(5000 മീറ്റര്‍), പ്രവീണ്‍ ചിത്രവേല്‍(ട്രിപ്പിള്‍ ജംപ്), പാരുള്‍ ചൗധരി(3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്)എന്നിവര്‍ യോഗ്യതാമാര്‍ക്ക് കൈവരിച്ച് എത്തിയവരായിരുന്നു. ഇനി അടുത്ത വർഷം ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും. കാത്തിരിക്കാം.