
സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ച് നാടൊട്ടുക്ക് പ്രചരണ ഘോഷം നടത്തിയിട്ടും പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിലെ ആളൊഴിഞ്ഞ കസേരകള്‍ എല്ലാവരും കണ്ടു. ആഗോള അയ്യപ്പ സംഗമത്തിന്റെ പ്രധാന ആകര്‍ഷണമായി പറഞ്ഞിരുന്ന പാനല്‍ ചര്‍ച്ചകള്‍ വഴിപാട് പോലെയായിരുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കെ അവിടെ പങ്കെടുത്തവരുടെ എണ്ണത്തെപ്പറ്റിയായിരുന്നു പിന്നീടുള്ള സര്‍ക്കാര്‍ വിശദീകരണം. ആഗോള അയ്യപ്പസംഗമത്തില്‍ 4126 പേര്‍ പങ്കെടുത്തുവെന്നും രജിസ്ട്രേഷന്‍ നടത്തി നമ്പര്‍ എണ്ണിയ കണക്ക് ആണിതെന്നും, പരിപാടിയെ സംബന്ധിച്ച് ആര്‍ക്കും യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പലവട്ടം ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ പങ്കെടുത്തവരുടെ എണ്ണം മൂന്നക്ക സംഖ്യയിലൊതുങ്ങമെന്നായിരുന്നു ആക്ഷേപം.
സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമത്തിന് എത്തിയെന്ന് സ്ഥാപിക്കാന്‍ മന്ത്രി നടത്തിയ ശ്രമങ്ങള്‍ സംശയത്തിനിടയാക്കുകയും ചെയ്തു. ''5000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പന്തല്‍ ആണ് ഒരുക്കിയത്. 9.55-നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ എത്തിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് ചിലര്‍ തെറ്റായ പ്രചാരണം നടത്തി. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ ആളുകള്‍ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം. അവര്‍ പോയത് മറ്റ് സെഷനുകളില്‍ പങ്കെടുക്കാനാണ്. മൂന്ന് സ്ഥലങ്ങളില്‍ ആയിരുന്നു സെഷനുകള്‍ നടത്തിയത്. ഇതാണ് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചത്...'' എന്നാണ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞത്.
വിചിത്രമായ ഒരു വാദമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയത്. സംഗമത്തിനെതിരെ ചില മാധ്യമങ്ങള്‍ കള്ളപ്രചരണം നടത്തുന്നു എന്ന് പറഞ്ഞ ഗോവിന്ദന്‍, കസേരകളുടെ ദൃശ്യം എ,ഐ വഴി ഉണ്ടാക്കാമല്ലോ എന്നും ചോദിച്ചു. ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമാണെന്നും 4600 ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തുവെന്നും 3,000 ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം അയ്യപ്പന്റെ ജന്‍മ നാടായ പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തില്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടില്ല. നിറഞ്ഞ സദസിലാണ് പരിപാടികള്‍ നടന്നതെന്നും യഥാര്‍ത്ഥ വിശ്വാസികളുടെ സംഗമമാണിതെന്നുമാണ് സംഘാടകരായ ശബരിമല കര്‍മസമിതിയുടെ ഭാരവാഹികള്‍ പറയുന്നത്.
എന്നാല്‍ പമ്പയിലെ മൂന്നു വേദികളിലും നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത പാനലിസ്റ്റുകള്‍ എല്ലാം വിദഗ്ധര്‍ ആയിരുന്നുവെങ്കിലും സദസ് ശുഷ്‌കമായിരുന്നു. 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രധാന വേദിയില്‍ 3500 കസേരകളാണ് ഇട്ടിരുന്നത്. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗം നടത്തുമ്പോല്‍ കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നത് കാണാമായിരുന്നു. വേദിയാകട്ടെ അതിഥികളാല്‍ സമ്പന്നവും. പ്രധാന പന്തലില്‍ ഇരുന്നവരില്‍ ദേവസ്വം ജീവനക്കാരും ഏറെ ഉണ്ടായിരുന്നു. ആള്‍ക്കൂട്ടം കുറഞ്ഞെങ്കിലും സംഗമം വന്‍ വിജയമെന്നാണ് സി.പി.എം അവകാശപ്പെടുന്നത്.
ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ തങ്ങള്‍ക്ക് തെറ്റപറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും അയ്യപ്പനെ വാഴ്ത്തുകയും ശബരിമല ക്ഷേത്രത്തിന്റെ വിശ്വമാനവിക ദര്‍ശനത്തെ പുകഴ്ത്തുകയും ചെയ്ത മുഖ്യമന്ത്രി നടത്തിയത് ക്ഷമാ യാചനമായിരുന്നു. വലിയ കലാപത്തിന്റെ അന്തരീക്ഷത്തില്‍ ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നീ സ്ത്രീകളെ കനത്ത പോലീസ് ബന്തവസില്‍് 2019 ജനുവരി 2-ന് ശബരിമല ക്ഷേത്രദര്‍ശനം നടത്താന്‍ അനുവദിച്ച പിണറായി സര്‍ക്കാര്‍ 'പുരോഗമനപരം' എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുകയായിരുന്നു. എന്നാല്‍ ഇന്ന് പന്തളത്തെ ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത തമിഴ്നാട് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ പ്രസംഗം പിണറായി വിജയനെ ടാര്‍ജറ്റ് ചെയ്തുകൊണ്ടായിരുന്നു.
''ഭക്തരെങ്ങനെ ആകണമെന്നതിനെക്കുറിച്ച് ഭഗവദ്ഗീതാ വചനങ്ങള്‍ പിണറായി വിജയന്‍ തങ്ങള്‍ക്ക് ക്ലാസെടുത്ത് തരേണ്ട. കണ്ണാടി നോക്കി സ്വയം പഠിച്ചാല്‍ മതി. അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടത്. 2018-ല്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയവര്‍ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകും...'' എന്ന് അണ്ണാമലൈ ചോദിച്ചു. പിണറായി വിജയന് പുറമെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനേയും അണ്ണാമലൈ രൂക്ഷമായി വിമര്‍ശിച്ചു. സനാതന നധര്‍മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ സ്റ്റാലിനെയാണ് അയ്യപ്പസംഗമത്തിന് ക്ഷണിച്ചത്. നിയമസഭാ സ്പീക്കര്‍ ഷംസീറിന് ഗണപതി കേവലം മിത്ത് മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ അണ്ണാമലൈ വിമര്‍ശിച്ചു.
പന്തളത്ത് രണ്ട് വേദികളിലായി നടന്ന പരിപാടി വികസനം, വിശ്വാസം, സുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാറുകളോടെ ആയിരുന്നു തുടഹങ്ങിയത്. സംഘപരിവാര്‍ നേതാക്കള്‍ സെമിനാറുകളില്‍ പങ്കെടുത്തു. ശബരിമല തന്ത്രിയും മകനും ചേര്‍ന്നാണ് സംഗമത്തിന് ദീപം തെളിയിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന ഭക്തജന സംഗമത്തില്‍ തേജസ്വി സൂര്യയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും പങ്കെടുത്തു. വീരമണിയുടെ പ്രസിദ്ധമായ ഗാനം മകന്‍ വീരമണി കണ്ണന്‍ ആലപിച്ചു. ആഗോള അയ്യപ്പ സംഗമം പിണറായിയുടെയും സിപി.എമ്മിന്റെയും രാഷ്ട്രീയ വിജയമാണ്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഉള്‍പ്പെടെ ഹൈന്ദവ സമുദായ സംഘടനാ നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമാവുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ശേഖര്‍ ബാബുവും പളനിവേല്‍ ത്യാഗരാജനും മാത്രമാണ് സംസ്ഥാനത്തിനു പുറത്തു നിന്ന് പരിപാടിക്കെത്തിയ മന്ത്രിമാര്‍. പ്രസംഗിക്കാന്‍ ക്ഷണിക്കാന്‍ വൈകിയെന്ന കാരണത്താല്‍ പളനിവേല്‍ ത്യാഗരാജന്‍ വേദിയില്‍ നിന്ന് ഇറങ്ങി പോകാന്‍ ശ്രമിച്ചത് കല്ലുകടിയായി. ലൈംഗിക വിവാദങ്ങളെ തുടര്‍ന്ന് സന്നിധാനത്തു നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കണ്ഠരര് മോഹനനും അയ്യപ്പ സംഗമ വേദിയിലെ അയ്യപ്പവിഗ്രഹത്തിന് മുന്നിലെ വിളക്ക് തെളിയിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നതും ശോഭകേടായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന 18 അംഗ സമിതി അയ്യപ്പ സംഗമത്തിലുരുത്തിരിഞ്ഞ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
പമ്പയിലെ സംഗമം വിട്ടുപോയ വിശാവിസികളെ തിരിച്ചു പിടിക്കാനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ ശ്രമം ആയിരുന്നുവെങ്കില്‍ പന്തളത്തെ പരിപാടി ബി.ജെ.പിയുടെയും സംഘപരിവാര്‍ ശക്തികളുടെയും വോട്ടുറപ്പിക്കള്‍ യജ്ഞമായിരുന്നു. രണ്ടിലും മേമ്പൊടി രാഷ്ട്രീയം.
''സ്വാമി തന്നെ ശരണം...''