
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ സംഭാവനകൾക്ക് ഇന്ത്യ ഗവണ്മെന്റ് നൽകുന്ന പരമോന്നത ബഹുമതിയാണ് ദാദ സാഹേബ് ഫാൽക്കേ അവാർഡ്. ഇന്ത്യൻ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദ സാഹേബ് ഫാൽക്കേയാണ് ചലിക്കുന്ന, സംസാരിക്കുന്ന ഇന്ത്യൻ സിനിമ യെ, പ്രത്യേകിച്ചു ഹിന്ദി സിനിമയെ അതിന്റെ ശൈശവ ദശ മുതൽ അദ്ദേഹത്തിന്റെ മരണം വരെ പരിപോഷിച്ചത്. 1954 ലെ ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് ബഹുമതികൾ പ്രഖ്യാപിച്ചു തുടങ്ങിയ ഇന്ത്യൻ ദേശീയ അവാർഡുകളിൽ ഫാൽക്കെ അവാർഡ് കടന്നു കൂടിയത് 1969 ലാണ്.
1969 മുതൽ ഫാൽക്കെ അവാർഡുകൾ നൽകി വന്നിരുന്നു എങ്കിലും 2004 ലാണ് മലയാള സിനിമ രംഗത്തേക്ക് ഈ അവാർഡ് ആദ്യമായി എത്തിയത്. 2004 ജനുവരിയിൽ തിരുവനന്തപുരത്തു വച്ച് നടന്ന ലാനയുടെ ആദ്യ അന്തർദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയത് അടൂർ ഗോപാലകൃഷ്‌ണനായിരുന്നു. 'കൊടിയേറ്റ' നാൾ മുതൽ അദ്ദേഹത്തെ പരിചയം ഉണ്ടായിരുന്ന ഞാൻ ലാന സെക്രട്ടറി എന്ന നിലയിൽ മുഖ്യാതിഥിയായിരുന്ന അദ്ദേഹത്തെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. സ്വാഗത പ്രസംഗത്തിൽ ഞാൻ ദാദ സാഹേബ് ഫാൽക്കെ അവാർഡ് മലയാളത്തിലേക്ക് എത്തിയിട്ടില്ല എന്ന വസ്തുത ചൂണ്ടികാട്ടുകയും അടൂരിന് ഫാൽക്കെ അവാർഡ് നൽകി ആദരിക്കണമെന്നും പറഞ്ഞു. മറുപടി പ്രസംഗത്തിൽ അടൂർ വളരെ വിനയാ അന്വിതനായി ഫാൽക്കെ അവാർഡ് ലഭിക്കുവാൻ വേണ്ട പ്രായം ഒന്നും തനിക്കായിട്ടില്ല എന്ന് പറഞ്ഞു. എന്നാൽ അത്ര വളരെ പ്രായം ആയിട്ടില്ലാത്ത പലരും ഫാൽക്കെ അവാർഡുകൾ നേടിയിട്ടുള്ള ചരിത്രം ഞാൻ പറഞ്ഞു. മാസങ്ങൾക്കു ശേഷം ഫാൽക്കേ അവാർഡിന് അടൂർ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന പ്രഖ്യാപനം ഉണ്ടായി. ഇത് ഒരു പക്ഷെ ഒരു നിമിത്തം ആയിരുന്നിരിക്കാം. അല്ലെങ്കിൽ എന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അടൂരിന്റെ പബ്ലിക് റിലേഷൻസ് ടീമോ മറ്റാരെങ്കിലുമോ പ്രവർത്തിച്ചുണ്ടാകാം. എന്തായാലും അതിർ വരമ്പുകൾ മറികടന്നു ആദ്യമായി ഫാൽക്കെ അവാർഡ് കൊച്ചു കേരളത്തിലും എത്തി.

24 വർഷങ്ങൾക്കു ശേഷം ഈ ബഹുമതി മലയാളത്തിലെ അതുല്യ നടനും താരവുമായ മോഹൻലാലിന് ചൊവാഴ്ച ഇന്ത്യൻ പ്രസിഡണ്ട് സമ്മാനിക്കുന്നു. 1978 ൽ 'തിരനോട്ട'ത്തിലൂടെയാണ് ലാൽ തന്റെ അഭിനയജീവിതം ആരംഭിച്ചത്. ചിത്രം ഇതുവരെ തീയേറ്ററുകളിൽ എത്തിയിട്ടില്ല. അതിനാൽ 1980 ലെ ചിത്രം, 'മഞ്ഞിൽ വിരിഞ്ഞ പൂക്കളാ'ണ് ഒരു നടനായി ലാലിനെ അംഗീകരിച്ചത് എന്ന് പറയാം. ചിത്രത്തിൽ പുതുമുഖങ്ങളായ മൂന്നു പേർ, പൂർണിമ ജയറാം, ശങ്കർ, ലാൽ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലാലിൻറെ കഥാപാത്രം ഒരു വില്ലൻ ടൈപ്പ് ആയിരുന്നു. തുടർന്നും ചില ചിത്രങ്ങളിൽ വില്ലനായോ സഹ നടനായോ പ്രത്യക്ഷപ്പെട്ട ലാലിനു തുടർന്നും വിജയമായ ചില ചിത്രങ്ങൾ ഉണ്ടായെങ്കിലും 1986 ലെ 'രാജാവിന്റെ മകനി'നു ശേഷമാണ് ലാലിനെ സൂപ്പർസ്റ്റാർ ആയി ചലച്ചിത്ര മാധ്യമങ്ങൾ വിശേഷിപ്പിക്കുവാൻ ആരംഭിച്ചത്. കോമെഡിയും, ആക്ഷനും, പ്രണയവും, തീവ്ര വികാരാവിഷ്കരണവും തനിക്കു നന്നായി വഴങ്ങുമെന്ന് തുടർന്ന് വന്ന വർഷങ്ങളിലും ചിത്രങ്ങളിലും ലാൽ സംശയലേശമന്യേ തെളിയിച്ചു. അണ്ടർ ഡോഗ് കഥാപാത്രങ്ങളെ അണ്ടർ പ്ലേ ചെയ്തു നിരൂപകരുടെയും ആരാധകരുടെയും പ്രശംസ നേടിയെടുക്കുവാൻ ഈ നീണ്ട വർഷങ്ങളിൽ ലാലിന് കഴിഞ്ഞു.
മിക്കവാറും ഫിലിം സ്റ്റുഡിയോകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ചിത്രീകരണങ്ങൾ വാതിൽപുറങ്ങളിലും കടൽ കടന്നും മാറി പൂർത്തിയാക്കുന്ന കാലത്തേക്ക് കടന്നപ്പോൾ തന്റെ അഭിനയ മികവിനെ മാറിയ പശ്ചാത്തലത്തിലും സ്വീകാര്യമാക്കി മാറ്റുവാൻ ലാലിന് കഴിഞ്ഞു. 350 ൽ അധികം ചിത്രങ്ങളാണ് ഈ നടന്റെ ക്രെഡിറ്റിൽ ചലച്ചിത്ര പ്രേമികൾ നൽകുന്നത്. തന്റെ കഥാപാത്രങ്ങൾക്ക് നൂറു ശതമാനം പ്രയത്നം നൽകി പ്രശംസിക്കുവാനാത്തവ പോലും തന്റെ പ്രകടനം മൂലം ആരാധകർക്ക് വിസ്മരിക്കാനാവാത്തവയാക്കി മാറ്റുവാൻ ലാൽ അങ്ങേയറ്റം ആത്മാർത്ഥമായി പരിശ്രമിക്കുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത 'കാല പാനി'യിൽ ബ്രിട്ടീഷ് സൈനികത്തലവൻ അംരീഷ് പുരിയുടെ ഷൂസ് നക്കി തുടക്കുന്ന രംഗത്ത് ഒരു മടിയും കൂടാതെ ലാൽ അഭിനയിച്ചു എന്ന് അംരീഷ് പിന്നീട് പറഞ്ഞിട്ടുണ്ട് . അധികം അഭിനേതാക്കൾ ഇത്തരം രംഗങ്ങളിൽ അഭിനയിക്കാതെ വിട്ടു നിൽക്കുകയോ ഡ്യൂപ്പിനെ ഉപയോഗിക്കുവാൻ പറയുകയോ ചെയ്യും. പക്ഷെ ലാലിൻറെ അർപ്പണ ബോധം അയാൾ തന്നെ ഈ രംഗത്ത് അഭിനയിക്കുന്നതിൽ നിന്ന് അയാളെ വിലക്കിയില്ല.

40 വർഷത്തിലധികമായി കലാപരമായും സാമ്പത്തികമായും ഉന്നത നിലവാരം പുലർത്തുന്ന ഒട്ടേറെ ചിത്രങ്ങൾ കാഴ്ച വയ്ക്കുവാൻ ലാലിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും വളരെ തിരക്കുള്ള നടനായും താരമായും തുടരുന്നു. സംഗീത പ്രധാനമായ ചിത്രങ്ങൾ സ്വയം നിർമ്മിച്ച 'ഹിസ് ഹൈനെസ്സ് അബ്ദുല്ല'ക്ക് ശേഷം വലിയ വിജയമാക്കുവാനും ആരാധകരുടെ ചുണ്ടുകളിൽ ചിത്രങ്ങളിലെ ഗാനങ്ങൾ എക്കാലവും നിറഞ്ഞു നിർത്തുവാനും ലാലിന് കഴിഞ്ഞിട്ടുണ്ട്. ഒരു കൾച്ചറൽ ഐക്കോൺ ആയി മൂന്നു, നാലു തലമുറകൾക്കു ലാൽ ആരാധ്യ വിഗ്രഹമാണ്.
'ദശരഥം', 'ഇരുവർ', കമ്പനി, തുടങ്ങി ധാരാളം ചിത്രങ്ങളിൽ ലാൽ തന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കിയിട്ടുണ്ട്.
21 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളം സിനിമയിലേക്ക് ദാദ സാഹേബ് ഫാൽക്കെ അവാർഡ് കൊണ്ട് വന്ന ലാലിന് അഭിനന്ദനങ്ങൾ. രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുള്ള ലാലിനെ തേടി ഇനി പദ്മ ഭൂഷണോ പദ്മ വിഭൂഷണോ എത്തി എന്ന് വരാം. അല്ലെങ്കിൽ ഒരു രാജ്യ സഭ എം പി സ്ഥാനവും ആകാം.