Image

ലക്ഷ്വറി കാറില്‍ കുടുങ്ങി ദുല്‍ഖറും പൃഥ്വിയും; നേരത്തെ പെട്ടത് സുരേഷ് ഗോപിയും ഫഹദും അമലയും(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 23 September, 2025
ലക്ഷ്വറി കാറില്‍ കുടുങ്ങി ദുല്‍ഖറും പൃഥ്വിയും; നേരത്തെ പെട്ടത് സുരേഷ് ഗോപിയും ഫഹദും അമലയും(എ.എസ് ശ്രീകുമാര്‍)



ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേയ്ക്ക് കള്ളക്കടത്ത് നടത്തിയതിന്റെ പേരില്‍ നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളില്‍ നടന്ന റെയ്ഡ് നിസ്സാര സംഭവമല്ല. ഇത്തരം തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടികൂടാന്‍ രാജ്യവ്യാപകമായി നടക്കുന്ന 'ഓപ്പറേഷന്‍ നുംകൂറി'ന്റെ ഭാഗമയി നടന്ന റെയ്ഡില്‍ ദുല്‍ഖര്‍ സല്‍മാന്റെ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, നിസാന്‍ പെട്രോള്‍ കാറും അമിത് ചക്കാലക്കലിന്റെ മധ്യപ്രദേശ് രജിസ്‌ട്രേഷന്‍ ലാന്‍ഡ് ക്രൂയിസറും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിരിക്കുകയാണ്. എന്നാല്‍, പൃഥ്വിരാജിന്റെ അന്വേഷണ പരിധിയിലുള്ള കാര്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലും കൊച്ചിയിലെ ഫ്‌ളാറ്റിലും കണ്ടെത്താനായില്ല.

നികുതി വെട്ടിച്ചുള്ള വാഹനക്കടത്തില്‍ നടന്മാര്‍ക്ക് നേരിട്ട് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. കൂടാതെ കേരളത്തിലെ 30 ഇടങ്ങളിലുമാണ് പരിഷേധന. ഭൂട്ടാനില്‍ നിന്ന് നിരവധി ലക്ഷ്വറി വാഹനങ്ങള്‍ നിയമവിരുദ്ധമായി കടത്തിയതായാണ് വിവരം. തട്ടിപ്പില്‍ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമാനമായ കേസില്‍ നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ച് കേരളത്തിലെ 2357 വാഹനങ്ങള്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്‌തെന്ന്  കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരെ പ്രതികളാക്കി കേസെടുത്തത്. പുതുച്ചേരി ചാവടിയിലെ അപ്പാര്‍ട്‌മെന്റില്‍ താല്‍ക്കാലിക താമസക്കാരന്‍ എന്ന രീതിയിലാണ് 2010-ല്‍ വാങ്ങിയ കാര്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത്.

വ്യാജ മേല്‍വിലാസത്തിലെ രജിസ്‌ട്രേഷനിലൂടെ 16 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. 2010, 2016 വര്‍ഷങ്ങളില്‍ രണ്ട് ആഡംബര കാറുകള്‍ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. രജിസ്‌ട്രേഷനു വേണ്ടി വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. മൊത്തം 30 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയതത്രേ.

ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്കെതിരെയും വാഹന റജിസ്‌ട്രേഷന്‍ തട്ടിപ്പിനു കേസ് എടുത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ബെംഗളൂരുവില്‍ നിന്ന് വാഹനം വാങ്ങിയ അമല പോള്‍ കേരളത്തില്‍ കൊണ്ടുവന്നിട്ടില്ലാത്തതില്‍ കേരള പൊലീസിനു നടപടി സ്വീകരിക്കാനായില്ല. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് വാഹനം വാങ്ങിയ ഫഹദ് കേരളത്തിലേക്കു റജിസ്‌ട്രേഷന്‍ മാറ്റുകയും 19 ലക്ഷം രൂപ പിഴ അടയ്ക്കുകയും ചെയ്‌യ്ത് പ്രശ്‌നം പരിഹരിച്ചു. അതേസമയം, തനിക്കെതിരായ വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം എറണാകുളം എ.സി.ജെ.എം കോടതി തള്ളിയിരുന്നു.

ഭൂട്ടാനില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിച്ച വാഹനങ്ങളാണ് ദുല്‍ഖറിന്റെയും പ്രിഥ്വിയുടെയും അമിതിന്റെയുമൊക്കെ കൈകളില്‍ എത്തിയത്. മലയാള സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇവരുടെ വീടുകളില്‍ ഉള്‍പ്പെടെ കേരളത്തിലെ പലയിടത്തും കസ്റ്റംസ്-റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ് നടന്നത്. ഭൂട്ടാന്‍ സൈന്യം ഉപയോഗിക്കുന്ന ലക്ഷ്വറി വാഹനങ്ങള്‍ കുറച്ചുകാലത്തിന് ശേഷം അവര്‍ വില്‍ക്കും. ഇവ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഹിമാചല്‍ പ്രദേശില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം റാക്കറ്റുകള്‍ ഇന്ത്യയുടെ പല ഭാഗത്തുമുള്ള പ്രമുഖര്‍ക്ക് വാഹനം മറിച്ച് വില്‍ക്കും.

ഭൂട്ടാന്‍ സൈന്യം ലേലം ചെയ്യുന്ന വാഹനങ്ങള്‍, പ്രത്യേകിച്ച് ടൊയോട്ട ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്.യു.വികള്‍ തുടങ്ങിയവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് ഉയര്‍ന്ന വിലയ്ക്കാണ് സിനിമാ താരങ്ങള്‍ക്ക് വില്‍ക്കുക. പക്ഷേ, ഇന്ത്യയിലെ വിലയേക്കാള്‍ കുറവായിരിക്കും. ഏകദേശം 5 ലക്ഷം രൂപയില്‍ താഴെയാണ് വാഹനങ്ങള്‍ ലേലം ചെയ്യപ്പെടുന്നത്. ഇങ്ങനെ കടത്തുന്ന വാഹനങ്ങള്‍ക്ക് വന്‍ തുക ഇറക്കുമതി നികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ നികുതി വെട്ടിക്കുന്നതിനായി വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നു. തുടര്‍ന്ന് നാലിരട്ടി വിലയ്ക്കാണ് (40 ലക്ഷം രൂപയ്ക്ക് മുകളില്‍) സംഘം വില്‍ക്കുന്നത്.

സിനിമാ താരങ്ങക്ക് പുറമെ വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നികുതി വെട്ടിപ്പ് നടത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് തയ്യാറാക്കിയ പട്ടികയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നികുതി വെട്ടിച്ചാണ് ഇവ കൊണ്ടുവരുന്നത് എന്ന് താരങ്ങള്‍ ഉള്‍പ്പെടെ വാഹനം വാങ്ങിയവര്‍ക്ക് അറിയുമോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നാല് മാസം മുമ്പാണ് ഇക്കാര്യത്തില്‍ റവന്യൂ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്. 200-ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടത്രെ.  

ഈ വന്‍ തട്ടിപ്പ് കണ്ടെത്താന്‍ അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന പരിപാടിയാണ് 'ഓപറേഷന്‍ നുംകൂര്‍. നികുതി വെട്ടിച്ച് വാഹനം വാങ്ങിയവരെ കണ്ടെത്തുകയും, നിയമനടപടികള്‍ സ്വീകരിക്കുകയുമാണ് കസ്റ്റംസിന്റെ ലക്ഷ്യം. നികുതി വെട്ടിച്ച് വാഹനം സ്വന്തമാക്കിയവര്‍ ഇറക്കുമതി നികുതിയും പിഴയും അടയ്ക്കേണ്ടി വരും. വാഹനത്തിന്റെ ഒറിജിനല്‍ പെയിന്റും രൂപവും മാറ്റിയതിനും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

Join WhatsApp News
Kulavathu Sekhar 2025-09-23 17:48:05
നികുതി വെട്ടിപ്പന്മാരെ ആരായാലും പിടികൂടണം മാതൃകാപരമായി ശിക്ഷിക്കണം. ഇവരെയൊക്കെ, അമേരിക്കൻ മലയാളികൾ തോളിലേറ്റി നടക്കുന്നതും, അവരെയൊക്കെ നമ്മുടെ സമ്മേളനങ്ങളിൽ മുക്കിയ അതിഥികൾ ആക്കുന്നതും നിർത്തണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക