
നാട് വല്ലാണ്ട് മാറിപ്പോയീന്നാ ല്ലാരും പറയണെ, നാട് മാത്രല്ല, നാട്ടാരും മാറീട്ടുണ്ട് ന്നതാ സത്യം. പക്ഷേങ്കി ൻ്റ മനസ് ഒന്ന് പിന്നിലേക്ക് പോവുകയേ വേണ്ടൂ , ആ പഴയ ഓലമേഞ്ഞ വീടും, നടുമുറ്റോം, പ്ലാവിൻ കൊമ്പിൽ കെട്ടിയ ഊഞ്ഞാലും, കൊറേ കോഴിക്കുഞ്ഞുങ്ങളും, നിർത്താണ്ട് കരയണ പൂച്ചയേം, ആട്ടിൻ കുട്ട്യോളേം ഒക്കെ കാണാം.
ന്താരുന്നു ആ കിളീൻ്റ പേര്, അതേന്ന് കരിയിലക്കിളി, ന്തൊരു നല്ല ശബ്ദാണ് കൊറേയെണ്ണം വന്നങ്ങനെ മുറ്റത്തിരുന്നിട്ട് ആകെ കലപിലയാ.
ദേ ആ ഓലക്കയ്യിൻമേലിരുന്ന് കാക്ക വിരുന്നു വിളിക്കണത് കണ്ടാ, അച്ചട്ടായും ആരോ വരണുണ്ട് ന്നുള്ളത് സത്യാ... കവുങ്ങിൻ്റെ മുകളിലിരുന്നു നമ്മടെ കുയിലമ്മ പാടിത്തുടങ്ങി, അവളാരാ സാധനം ഞാനും കൂടെ കൂടാനാ, അവൾടെ ശബ്ദാ നല്ലതെന്ന് അറിയിക്കണം, ആള് ദേഷ്യക്കാരിയാ ട്ടോ.
കണ്ട നാട്ടാരോടെല്ലാം കുശലം പറഞ്ഞ് പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ പോണം. പാടത്ത് മേയണ കന്നിൻ്റെ കാതിൽ കിന്നാരം ചൊല്ലണ കൊറ്റിയോട് എന്നും ന്താ ത്ര പറയാനൊള്ളേന്ന് ചോദിക്കണം.
തിരികെ വരുമ്പൊ മൂളിപ്പറക്കണ തുമ്പിയെ പിടിക്കാൻ നോക്കണം, രാവിലെ കൂട്ടബെല്ലിന് മുന്നേ സ്കൂളെത്താൻ ഓട്ടമത്സരം നടത്തണം. ഒണങ്ങിയ ആനപ്പിണ്ടത്തേൽ ചവിട്ടിയാൽ ഭാഗ്യം വരൂന്ന് കരുതി ദൂരേന്ന് കണ്ടാലും കാണാത്ത മട്ടിൽ പോയി ചവിട്ടണം. ക്ലാസിലെത്തിയാൽ ഗൃഹപാഠം ചെയ്തിട്ടില്ലേൽ ആ സാറ് വരല്ലേന്ന് പ്രാർത്ഥിക്കണം.
പത്തു പൈസ കൊടുത്ത് കടയിൽ നിന്നും നെല്ലിക്ക വെള്ളം വാങ്ങി ഒരു തുള്ളി കളയാതെ കുടിക്കണം. നാലു മണിക്ക് ദേശീയ ഗാനം തീരുന്ന നിമിഷം ബെല്ലിന് കാത്തു നിൽക്കാതെ ഇറങ്ങിയോടണം. സ്കൂൾ വിട്ടെത്തിയാൽ പുസ്തകങ്ങളെറിഞ്ഞ് കൈകാൽ കഴുകിയെന്നു വരുത്തി ന്തേലും കഴിച്ച് കളിക്കാനെത്തണം.
എൻ്റെ വരവു പ്രതീക്ഷിച്ചു നിൽക്കണ പനിനീർപ്പൂക്കൾടെ അടുത്തു ചെല്ലണം. എന്തേലുമൊന്ന് മിണ്ടണം, വാടാത്ത മല്ലിയും, നാണത്തോടെ നിക്കണ നാലു മണിപ്പൂവിനോടും എന്തേലുമൊക്കെ പറയണം, അതിനായിട്ടാകണം കാറ്റത്തവളങ്ങങ്ങനെ ആടിയാടി നിക്കണത്.
അന്തി മയങ്ങണതിന് മുന്നേ വീട്ടിലെ മുറ്റത്തുള്ള ചെമ്പരത്തീം തെച്ചീം തൊളസീം ഒക്കെ ചേർത്ത് മാല കെട്ടി അടുത്തുള്ള ദേവീടെ കോവിലിൽ കൊണ്ടോണം. ആ നടപ്പാതയിൽ ഇടവഴിയരികിൽ എന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന അവനെ കണ്ടാലും കാണാത്ത മട്ടിൽ നടക്കണം. പ്രണയത്തിൻ്റെ മധുരമുറയുന്ന ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് ഒരു മിന്നായം പോലെ നോക്കണം. പിന്നേം,ന്തിനാ വെറുതെ ആളുകളെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കണെന്നുള്ള മുത്തശ്ശീടെ വർത്താനം ഓർക്കുമ്പോൾ ഒന്നുമറിയാത്തതു പോലെ നടക്കണം. തിരികെ വീടെത്തിയാൽ വിളക്ക് കൊളുത്തി ഉച്ചത്തിൽ നാമം ചൊല്ലണം.
ഗൃഹപാഠങ്ങൾ ചെയ്യാനായി ആ മണ്ണെണ്ണ വിളക്കിന് മുന്നിലിരിക്കുമ്പോൾ മുഖത്തേക്ക് അടിക്കണ പൊകയെ കുറ്റം പറയണം.
ദൂരെ നത്തിൻ്റെ കരച്ചിൽ കേൾക്കുമ്പൊ, പട്ടി നിർത്താതെ നീട്ടിക്കരയുമ്പോ ആരോ മരിക്കാറായീന്ന് കരുതി പേടിച്ചങ്ങനെ മിണ്ടാതിരിക്കണം. ഒഴുകി വരുന്ന പാലപ്പൂവിൻ്റെ ഗന്ധത്തിൽ അന്നുവരെ കണ്ടിട്ടില്ലെങ്കിലും കൊന്നു രക്തം കുടിക്കാനായെത്തുന്ന യക്ഷിയെ ഓർത്ത് പേടിയ്ക്കണം.
അത്താഴം കഴിഞ്ഞ് പായയിൽ അമ്മേം കെട്ടിപ്പിടിച്ച് കിടന്നുറങ്ങണം.....
എത്ര മാറിയാലും മാറാത്ത എൻ്റെ നാടിനേം വീടിനേം കുറിച്ച്, ഒരിക്കലും തിരികെ കിട്ടാത്ത ഇന്നലെകളെക്കുറിച്ച്, ഞാനിന്നും ഇന്നലെ എന്ന പോലെ അറിയാറുണ്ട്, ഓർക്കാറുണ്ട്, ഒരു നിമിഷമെങ്കിലും തിരികെ നടക്കാറുണ്ട് .....