Image

ലോക പാരാ അത്‌ലറ്റിക്‌സിന് ന്യൂഡല്‍ഹി ഒരുങ്ങി ( സനില്‍ പി. തോമസ്)

Published on 25 September, 2025
ലോക പാരാ അത്‌ലറ്റിക്‌സിന് ന്യൂഡല്‍ഹി ഒരുങ്ങി ( സനില്‍ പി. തോമസ്)

പന്ത്രണ്ടാമത് ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ആദ്യമായി ഇന്ത്യയില്‍ നടക്കുന്നു. ഈ മാസം 27 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെ ന്യൂഡല്‍ഹിയിലാണ് മത്സരങ്ങള്‍. നാലാം തവണയാണ് ഈ മേള ഏഷ്യയില്‍ നടക്കുന്നത്. 2015 ല്‍ ദോഹയിലും 2019 ല്‍ ദുബായ് യിലും 2024ല്‍ കോബെയിലും(ജപ്പാന്‍) നടന്നു. കോബെയില്‍ ഇന്ത്യ ആറു സ്വര്‍ണ്ണവും അഞ്ചു  വെള്ളിയും ആറു  വെങ്കലവും(ആകെ 17 മെഡല്‍) നേടിയിരുന്നു.  ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ഇതാണ്.

ലണ്ടനില്‍ 2017ല്‍ ആദ്യ സ്വര്‍ണ്ണം നേടിയ ഇന്ത്യ ദുബായ്‌യില്‍ രണ്ടും 2023ല്‍ പാരിസില്‍ മൂന്നും സ്വര്‍ണ്ണം നേടിയിരുന്നു. പാരിസില്‍ ആണ് ഇന്ത്യ ആദ്യമായി മെഡല്‍ നേട്ടത്തില്‍ രണ്ടക്കം കണ്ടത്. മൂന്നു സ്വര്‍ണ്ണം, നാലു വെള്ളി, മൂന്നു വെങ്കലം. കഴിഞ്ഞ വര്‍ഷം 1073 അത്‌ലിറ്റുകള്‍ 168 ഇനങ്ങളില്‍ മത്സരിച്ചെങ്കില്‍ ഇത്തവണ ഒരു മിക്‌സ്ഡ് ഇനം ഉള്‍പ്പെടെ 186 ഇനങ്ങളില്‍ മത്സരം പ്രതീക്ഷിക്കുന്നു. നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പാരാ അത്‌ലിറ്റുകള്‍ ന്യൂഡല്‍ഹിയില്‍ മത്സരിക്കും.

ഉദ്ഘാടനം ഇന്നാണെങ്കിലും മത്സരങ്ങള്‍ ശനിയാഴ്ചയാണു തുടങ്ങുക. 73 താരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്. 19 വനിതകള്‍ ഉണ്ട്. 35 പേര്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റമാണ്. പാരാലിംപിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യയ്‌ക്കൊപ്പം കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയവും കൈകോര്‍ക്കുന്നതിനാല്‍ മേള വന്‍വിജയമാകുമെന്നാണു പ്രതീക്ഷ. ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ആണ് പ്രധാന വേദി. ത്യാഗരാജ് സ്റ്റേഡിയവും കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജുമാണ് പരിശീലന വേദികളായി ക്രമീകരിച്ചിരിക്കുന്നത്. സ്റ്റേഡിയത്തില്‍ മോണ്ടോ ട്രാക്കിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 29നു നടന്നു. ഇന്ത്യന്‍ ഓയില്‍ ആണ് പ്രായോജകര്‍.

"ലോകം ഒരു കുടുംബമാണ് "എന്ന മുദ്രാവാക്യമുയര്‍ത്തി പാരാ സ്‌പോര്‍ട്‌സിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യമാണു നല്‍കുന്നത്. 2024 ലെ പാരിസ് പാരാലിംപിക്‌സില്‍ ക്ലബ് ത്രോയില്‍ സ്വര്‍ണ്ണം നേടിയ ധരംബീര്‍ നെയ്‌നും സ്പ്രിന്റില്‍ ഇരട്ട വെങ്കലം നേടിയ പ്രീതി പാലും ആണ് ഉദ്ഘാടനത്തിന് ഇന്ത്യന്‍ പതാക പിടിക്കുക. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒളിംപിക് സീലോ പാരാലിംപിക്‌സിലോ ട്രാക്ക് ഇനത്തില്‍ മെഡല്‍ നേടിയ ആദ്യ താരമാണ് പ്രീതി പാല്‍. പാരിസില്‍ 100 മീറ്ററിലും 200 മീറ്ററിലുമാണ് പ്രീതി വെങ്കലം നേടിയത്.
പാരിസ് പാരാലിംപിക്‌സില്‍ ഇന്ത്യ ഏഴു സ്വര്‍ണ്ണം ഉള്‍പ്പെടെ 29 മെഡല്‍ നേടിയതില്‍ നാലു സ്വര്‍ണ്ണം ഉള്‍പ്പെടെ 17 മെഡലുകള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ 2021 ല്‍ ടോക്കിയോയില്‍ സുമിത് അന്റില്‍(ജാവലിന്‍ ത്രോ) മാത്രമാണ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടിയത്. നാലു വെള്ളിയും രണ്ടു വെങ്കലവും ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ടോക്കിയോയില്‍ ലഭിച്ചു. പാരിസിലെ പ്രകടനം ഇന്ത്യക്ക് ലോക പാരാ അത്‌ലറ്റിക്‌സില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

സുരക്ഷയിലും മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം ഏറെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 300 ല്‍ അധികം വോളന്റിയര്‍മാരെയും ആയിരത്തിലധികം പോലീസുകാരെയും ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക