
കാറ്റ് , ആദ്യം പുണരുന്നത് ശാന്തമായി
എന്റെ ജാലക വാതിലിൽ മടിച്ചു നിൽക്കുന്നവൾ
എന്റെ ചിന്തകളുടെ അരികുകളെ സ്പർശിച്ച്,
അവയുടെ ചുരുളുകൾ തുറന്നു
വായുവിലേക്ക് അവയെ ചിതറിച്ചു വിടുന്നു..
അകലെ എവിടെയോ പെയ്യുന്ന
മഴയുടെ സുഗന്ധവും
പേറിയാണതെത്തുക,
കല്ലുകളിൽ തട്ടി പതഞ്ഞൊഴുകുന്ന നദികളുടെ ചിരി,
കാല്പാടുകളധികം കടന്നു ചെന്നിടാത്ത ഉൾവനങ്ങൾ തൻ ശാന്തി..
ഓരോ ചുഴിയും സന്ദേശവാഹകരാണ് ,
എന്റെ ഹൃദയം ഓർമ്മിക്കുന്ന,
എന്നാൽ
എന്റെ പാദങ്ങൾ ഒരിക്കലും പതിഞ്ഞിടാത്തയി-
ടങ്ങളുടെ പ്രതിധ്വനി കാതുകളിൽ മുഴങ്ങുന്നു ..
വാക്കുകളില്ലാതെ,
എന്നാൽ ഉണർച്ചകളുയരുന്ന സംഗീതവുമായി —
ട്ടിലകളെല്ലാമിളകി- യാടിടുന്നു ..
വാനിൽ തെന്നിനീങ്ങിടും മേഘപടലങ്ങൾ തൻ മൃദുസഞ്ചാരം..
എല്ലാമെല്ലാം മന്ത്രിച്ചിടുന്നിതെന്റെ കാതിൽ..
പർവതം പോലും തന്റെ മഞ്ഞുടയാടകൾ അഴിച്ചുമാറ്റും
സമുദ്രം ചന്ദ്രനെ പുൽകും ..
ഞാൻ കണ്ണടയ്ക്കുമ്പോൾ
കാറ്റ് സ്വാതന്ത്ര്യത്തിന്റെ ഭാഷ സംസാരിക്കുന്ന
എന്റെ മാത്രം സുഹൃത്തായിടുന്നു .
അത് പഠിപ്പിക്കുന്നു അലഞ്ഞുനടക്കാൻ,
മതിമറന്നു നൃത്തം ചെയ്യാൻ,
ജീവന്റെ ഓരോ ശ്വാസവും കൊണ്ടുവരുന്ന
അദൃശ്യമായ പ്രവാഹങ്ങളെ വിശ്വസിക്കാൻ..
കാറ്റേ നീ മടങ്ങുമ്പോൾ
ഒരിക്കലും വിടപറയാറില്ല
മെല്ലെ മെല്ലെ
ഒഴുകിയൊഴുകി
എവിടേക്കോ , അറിയാത്ത ആരെയോ പുൽകിടാൻ
യാത്രയാകുന്നു , എങ്കിലും
വീണ്ടും
എന്നെയും തേടിയത് വന്നീടുമെന്നറിയുന്നു ഞാൻ .