
ഈയിടെയായി ഓർമ്മക്കുറിപ്പുകളും അനുഭവങ്ങളും കാണാറില്ലല്ലോ എന്ന് ആരൊക്കെയോ ചോദിച്ചു. എഴുതുന്നത് വായിക്കാറുണ്ടെന്ന് പറഞ്ഞ്
സ്നേഹത്തോടെ കൈപിടിക്കുന്നവരെ കാണുമ്പോഴാണ് എൻ്റെ കഴിഞ്ഞ കുറച്ച് ദിവസത്തെ വിശേഷങ്ങൾ ഇവിടെ പറയാതിരുന്നത് ശരിയായില്ല എന്ന് തോന്നിയത്.
അതിനിടെ ഞാൻ മദിരാശിയിലേക്കൊരു പോക്ക് പോയിരുന്നു !
മൂത്തമകൾക്ക് പിന്നാലെ ഇളയവൾക്കും മദിരാശിയിൽ ജോലിയായപ്പോൾ എൻ്റെ ഓട്ടത്തിൻ്റെ വ്യാപ്തി കുറഞ്ഞു. ബാംഗ്ലൂർ, ചെന്നൈ, ദുബായി, കതിരൂർ എന്ന ചതുരത്തിൽ നിന്ന് ബാംഗ്ലൂർ ഡിലീറ്റായി! സമാധാനം !
ചെന്നൈയിൽ തിരുനീർമലൈ എന്ന ടെംപിൾസിറ്റിയിലാണ് മൂത്തവൾ താമസിക്കുന്നത്. തിരുനീർമലൈയുടെ മുകളിൽ വസിക്കുന്നത് നമ്മുടെ
അനന്തശായിയായ
പത്മനാഭനാണ്. അദ്ദേഹത്തെ നേരിട്ടു കണ്ട വിശേഷങ്ങൾ പിന്നെ പറയാം.
അതിനടുത്ത് തന്നെ ചെറിയവൾക്കും ഒരു താമസസ്ഥലത്തിനായുള്ള അലച്ചിലിനൊടുവിൽ
തിരുമുടിവാക്കം എന്ന സ്ഥലത്ത് ഒരു ഫർണ്ണിഷ്ഡ് ഫ്ലാറ്റ് കിട്ടി. രണ്ട് സ്ഥലപ്പേരുകളും തമ്മിലുള്ള സാമ്യം കൗതുകമായി. എല്ലാം തിരുമയമാണല്ലോ എന്ന് കൗതുകപ്പെട്ടു.
തിരുനീർമലൈയുടെ എതിർ വശത്തായിരുന്നു തിരുമുടിവാക്കം. അവിടെയും അമ്പലങ്ങൾ കുറവല്ല. മാരിയമ്മനും മുരുകനും അയ്യപ്പനും മഞ്ഞൾക്കറയുള്ള മുണ്ടുകൾ ചുറ്റി ചെറുപുഞ്ചിരിയോടെ ഭക്തജനങ്ങളെ പ്രസാദിപ്പിക്കുന്നുണ്ടായിരുന്നു. അവിടെയുള്ള മനുഷ്യരെപ്പോലെ ദൈവങ്ങൾക്കും ആർഭാടങ്ങളിൽ ഭ്രമമുണ്ടായിരുന്നില്ല എന്നു തോന്നി. മത്തജമന്തിപൂക്കളും അരളിപ്പൂക്കളും ചേർത്ത് കെട്ടിയ മാലയാൽ തൃപ്തരായിരുന്നു അവർ.
തിരുനീർ മലയിൽ നിന്ന് ഒന്നു രണ്ട് വളവുകളും തിരിവുകളും അനാഥയായ ഒരു അമ്മൻ കോവിലും, ചിന്നതളപതി വിജയ്ക്ക് പിറന്നാൾ ആശംസിച്ചു കൊണ്ടുള്ള വലിയ ഫ്ലക്സു വെച്ച പാലവും കടന്നാൽ തിരുമുടി വാക്കത്തെ ഫ്ലാറ്റിലെത്താം. ഞാൻ ഒറ്റയ്ക്കുള്ള ഓരോ യാത്രയ്ക്കിടയിലും അടയാളങ്ങൾ ഓർത്തു വെക്കും. ചിലപ്പോൾ എളുപ്പ വഴിയിലേക്ക് ഓട്ടോ തിരിയുമ്പോൾ വഴി മാറിയെന്ന് സംശയിച്ച് ഞാൻ പേടിക്കും.
മകൾ മുൻപ് താമസിച്ച ബാംഗ്ലൂരിലെ ഫ്ലാറ്റ് പോലെ പതിനാല് നിലയുടെ ആഡംബരങ്ങൾ ഒന്നുമില്ല, പേരിനൊരു ഗേറ്റഡ് കമ്മ്യൂണിറ്റി എന്ന് മാത്രം.
ലിഫ്റ്റ് ആവശ്യം തന്നെയില്ല പുതിയ ഫ്ലാറ്റിന് എന്നതായിരുന്നു എൻ്റെ ആദ്യ സന്തോഷം. ലിഫ്റ്റ് എനിക്കൊരു പ്രഹേളികയാന്നെങ്കിലും സത്യത്തിൽ പല സൗഹൃദങ്ങളും സെറ്റാവാറുള്ളത് ലിഫ്റ്റിലെ മിന്നൽ സഞ്ചാരങ്ങൾക്കിടയിലാണ്. ചെറിയ ഒരു ചിരിയിൽ തുടങ്ങുന്ന മിണ്ടിപ്പറച്ചിൽ ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് ഹൃദ്യമായ ബന്ധങ്ങളായി മാറാറുണ്ട് എന്നത് മറക്കുന്നില്ല. എന്നാലും ലിഫ്റ്റിൻ്റെ മൂളക്കവും മുന്നേ കയറിയവർ അവശേഷിപ്പിക്കുന്ന ഗന്ധങ്ങളും എന്നെ അസ്വസ്ഥയാക്കും.
ചെന്നൈയിൽ എന്നെ അലട്ടുന്ന പ്രശ്നം ഭാഷയാണ്.
ബാംഗ്ലൂരിൽ മുറിയൻ ഹിന്ദി കൊണ്ടും ഇംഗ്ലീഷ് കൊണ്ടും കാര്യസാദ്ധ്യം നടത്താം. പക്ഷേ ഇവിടെ ആശയവിനിമയത്തിന് തമിഴ് തന്നെ വേണം.
തമിഴ്നാട്ടിൽ എവിടെയും ഹിന്ദിയിൽ സംസാരിച്ചാൽ അവരുടെ ഇടപെടലുകളിലെ സൗഹൃദം മുറിയും. "ഈ സാധനം ഇതേടന്ന് വര്ന്ന് " എന്ന ഭാവത്തിൽ മുറിച്ച് നോക്കും.
എനിക്കാണെങ്കിൽ എത്രയൊക്കെ ശ്രമിച്ചാലും അക്ക,തമ്പി,നല്ലാർക്കിങ്കളാ, ശാപ്പിട്ടാച്ചാ, കാലൈ , നേത്ത് എന്നിങ്ങനെ വിരലിലെണ്ണാവുന്ന തമിഴ് വാക്കുകളേ ഇത്രയും കാലമായിട്ടും അറിയൂ. കോയമ്പത്തൂരിലേക്ക് പോക്ക് വരവ് ഉണ്ടായിട്ടു പോലും ഇതാണ് സ്ഥിതി.
എന്നേക്കാൾ കഷ്ടമാണ് ഭാഷയുടെ കാര്യത്തിൽ മക്കളുടെ അവസ്ഥ. ബാംഗ്ലൂർ ശീലം കൊണ്ട് ഓട്ടോക്കാരെ ഭായ് എന്ന് വിളിച്ച് കൂർപ്പിച്ച നോട്ടങ്ങൾ കിട്ടിത്തുടങ്ങിയപ്പോഴാണ് മൂത്തവൾ തമിഴ് കേൾക്കാൻ കൂടി ശ്രമിച്ച് തുടങ്ങിയത്. ചെറിയവൾ കോയമ്പത്തൂർ അമ്മയോട് ചോദിച്ച്, അടി കിട്ടാതിരിക്കാൻ അത്യാവശ്യമായ ചില വാക്കുകളും വാചകങ്ങളും പഠിച്ച് വെച്ചിട്ടുണ്ട്. എന്നാലും സംസാരഭാഷയിൽ ശിശുക്കൾ തന്നെ.
ഭാഷാശാസ്ത്രം പഠിച്ചിട്ടും മറ്റുഭാഷകൾ പഠിക്കാനാവാത്തതെന്ത് എന്ന സംശയം വിശ്വേട്ടൻ എന്നോട് പലവട്ടം ചോദിച്ചിട്ടുണ്ട്. ബ്രയിനിൽ സ്റ്റോർ ചെയ്ത് വെച്ചിട്ടുള്ള ഭാഷാവബോധം നിൻ്റെ തലയിൽ മാത്രം സ്റ്റോർ ചെയ്യാൻ ദൈവം മറന്നതാണോ എന്നതിന് മൂപ്പർ സ്വയം മറുപടിയും പറയും , ഭാഷ പോയിട്ട് ബോധം പോലും സ്റ്റോർ ചെയ്യാൻ ദൈവം മറന്നതാണല്ലോ എന്ന്. അതു കേൾക്കുമ്പോൾ എനിക്ക് ശരിക്കും ദേഷ്യം വരും ! അറബി നാട്ടിൽ മനോഹരമായി പത്തിരുപത്തിഏഴ് കൊല്ലം ജീവിച്ച ഞാനാണ് ഈ ഞാൻ എന്ന് തർക്കത്തരം പറഞ്ഞ് രക്ഷപ്പെടും. ദുബായിൽ മലയാളം മാത്രം കൊണ്ട് സുഖമായി ജീവിക്കാം എന്നത് എൻ്റെ രക്ഷയെന്നത് മറ്റൊരു കാര്യം.
ഏതായാലും ഞാൻ ചെന്നൈയിൽ അവളുടെ താമസസ്ഥലം വാസയോഗ്യമാക്കാനുളള ദൗത്യം ഏറ്റെടുത്തു. മൂത്തവളുടെ ഭർത്താവിൻ്റെ അമ്മയും അച്ഛനും പിൻതുണയുമായി കൂടെ നിന്നു.
കുറച്ച് കാലമായി പൂട്ടിക്കിടന്ന ഫ്ലാറ്റ് വൃത്തിയാക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. സഹായികൾ ഇല്ലാതെ
എന്നെക്കൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടില്ല എന്നുറപ്പാണ്. അമ്മ ജോലികളുടെ മേൽനോട്ടം നോക്കിയാൽ മതി എന്ന കർശന നിർദ്ദേശവും മക്കളിൽ നിന്നുണ്ടായിരുന്നത് കൊണ്ട്
അർബൻക്ലാപ്പ് എന്ന ആപ്പിലൂടെ ഒരു ക്ലീനിങ്ങ് കമ്പനിയെ കോൺടാക്ട് ചെയ്തു.
ആപ്പ് വഴി സർവ്വീസ് ബുക്ക് ചെയ്യാൻ എളുപ്പത്തിൽ കഴിഞ്ഞു. ഫുൾഹൗസ് ക്ലീനിങ്ങ്, 6000 രൂപ. എന്തുകൊണ്ടും ലാഭമെന്ന് എൻ്റെ മൂരാച്ചി മലയാളി മനസ് പറഞ്ഞു.
"ലൊക്കേഷൻ ശൊല്ലുങ്കോ" എന്ന ഫോൺ കാൾ വരുന്നത് വരെ ഞാൻ ഹാപ്പിയായിരുന്നു. എനിക്ക് തന്നെ ശരിക്കുമറിയാത്ത ലൊക്കേഷൻ ഞാനെങ്ങനെ പറയാനാണ് ? അതും തമിഴിൽ ! ഭാഗ്യത്തിന് അതുവഴി വന്ന ഇലക്ട്രീഷ്യൻ്റെ കൈയിൽ ഫോൺ കൊടുത്ത് സംഭവം സോൾവ് ചെയ്തു. അയാൾക്ക് മലയാളം അറിയാമെന്നാണ് അവകാശപ്പെടുന്നത്.
ഞാൻ ഇവിടെ വന്ന ഉടൻ അടുക്കളയിലെ ഫാൻ ഓൺ ചെയ്തപ്പോൾ ഒന്ന് കറങ്ങി ഊർദ്ധ്വശ്വാസം വലിച്ചു. ഇലക്ട്രീഷ്യനെ വിളിച്ച് വിവരം പറയാൻ വീട്ടുടമസ്ഥൻ പറഞ്ഞപ്പോൾ ഫാനിൻ്റെ തമിഴ് എന്തെന്നറിയാതെ ഞാൻ വിയർത്തു. ഏതായാലും ഫ്ലാറ്റ് നമ്പർ പറഞ്ഞ്, " ഇങ്കെ കൊഞ്ചം വര മുടിയുമാ " എന്ന് വിനീതമായി ചോദിച്ചു.
"കണ്ടിപ്പാ" എന്ന് പറഞ്ഞ് അയാൾ ഓടി വന്നു. ഫാൻ കാട്ടി സ്വിച്ച് ഇട്ട് കറങ്ങുന്നില്ല എന്ന് ആംഗ്യം കാട്ടി. ഉടനെ അവൻ "അക്കാ എനക്ക് മലയാളം തെരിയും" എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
ശബരിമലയിൽ എല്ലാവർഷവും പോവുന്നത് കൊണ്ട് ഒരു വിധം എല്ലാ ഭാഷയും അറിയാമെന്ന് അവന് മാത്രം മനസ്സിലാവുന്ന മലയാളത്തിൽ അവൻ അഭിമാനിച്ചു. ശബരിമല അരവണയേക്കാൾ രുചി പഴനിയിലെ പഞ്ചാമൃതത്തിനാണെന്നും, ഇവിടെ തിരുമുടിവാക്കത്തിനടുത്ത് ഒരു വലിയ മുരുകൻ അമ്പലമുണ്ടെന്നും പ്രാർത്ഥിച്ചതൊക്കെ നടക്കുമെന്നും, പറഞ്ഞു കൊണ്ട് അവൻ ഫാൻ മാറ്റിവെക്കുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മടിക്കാതെ വിളിക്കണമെന്നും പറഞ്ഞ് കൊണ്ട് യാത്ര പറഞ്ഞു. ജി പേയിൽ താമോതരൻ എന്നാണ് അവൻ്റെ പേരെന്ന് പറഞ്ഞപ്പോൾ ഞാൻ കേരളപാണിനീയത്തിലെ തവർഗ്ഗോപമർദ്ദം എന്ന നയത്തെക്കുറിച്ച് ആലോചിച്ചു.
ഏതായാലും അരമണിക്കൂറിനുള്ളിൽ ക്ലിനിങ്ങു കാരെത്തി. അല്ലാവുദ്ദീൻ്റെ മാന്ത്രികവടി ചുഴറ്റുന്നത് പോലെ വീടിൻ്റെ മുക്കും മൂലയും ഒരു പൊടിപോലുമില്ലാതെ തുടച്ച് വൃത്തിയാക്കി. അവർ എന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഞാൻ മുക്കിയും മൂളിയും മറുപടി പറഞ്ഞു. "6000 രൂപ തരുന്നതാണേ , നന്നായി ചെയ്യണേ മക്കളേ എന്ന് തമിഴിൽ പറയാനറിയാത്ത വിമ്മിഷ്ടത്തിൽ അവർക്ക് കോഫി ഓഫർ ചെയ്തു. "തമ്പീ കൊഞ്ചം കോഫി സാപ്പിട്" എന്ന് എന്തോ ഒരു ധൈര്യത്തിൽ അവരോട് പറഞ്ഞു. തമ്പിയുടെ ബഹുവചനം അറിയാത്തത് കൊണ്ട് ഓരോരുത്തരുടെയും മുന്നിൽ പോയി വിളിക്കേണ്ടി വന്നു. കുറെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പറ്റാതെ വന്നപ്പോൾ "എനിക്ക് തമിഴ് തെരിയാത്, കേരളാവിൽ നിന്ന് വന്തത്" എന്ന് വീണ്ടും കേരളപാണിനീയത്തിലെ താലവ്യാദേശത്തെ കൂട്ട് പിടിച്ച് മലയാളത്തെ തമിഴീകരിച്ചു.
"എല്ലാ മലയാളത്തുകാർക്കും തമിഴ് നന്നാ തെരിയും" എന്ന് പറഞ്ഞ് അവർ തമിഴ്പേച്ച് തുടർന്നു. ഏതായാലും അവർ അതിഗംഭീരമായി വീട് വൃത്തിയാക്കി, "കോഫി നല്ലാർക്ക് അക്കാ , കൊഞ്ചം ട്രൈ പണ്ണിയാൽ തമിഴ് സൂപ്പറായി വരും" എന്ന് അനുഗ്രഹിക്കാനും മറന്നില്ല
അടുത്ത കുരിശ് എ.സി റിപ്പയർ ആയിരുന്നു. അയാളോട് എ.സിയുടെ കംപ്ലയിൻ്റ് പറഞ്ഞേ പറ്റൂ.. അതിനായി ഒരു തമിഴ് വാക്ക് പോലും മനസ്സിൽ വരുന്നില്ല. "ഉങ്കൾക്ക് ഹിന്ദി തെരിയുമോ " എന്ന ഒരു ചമ്മിയ ചോദ്യം ചോദിച്ച് ഞാൻ റിമോട്ട് എടുത്തു പൊക്കി, No cooling എന്ന് "ഹിന്ദി "യിൽ പാഞ്ഞു. അവർ പരിശോധിച്ചതിന് ശേഷം, അതിൻ്റെ പ്രശ്നങ്ങൾ പറയാൻ തുടങ്ങി. കോപ്പർ കേബിൾ, ഗ്യാസ് എന്ന രണ്ടേ രണ്ട് പരിചിത വാക്കുകൾ കൊപ്പം കൊടുന്തമിഴ് പോലെ ഒരു ഭാഷാ പ്രവാഹമായിരുന്നു പിന്നെ. ആംഗ്യഭാഷയുടെ പരിമിതിയിൽ വേവലാതിപ്പെട്ട ഞാൻ ഉടനെ മകളുടെ ഭർത്താവിൻ്റെ അമ്മയെ വിളിച്ചു. എന്നെ ഒന്നു രക്ഷിക്കണേ എന്ന് അപേക്ഷിച്ചു. ഏതായാലും അവർ ഇടപെട്ടത് കൊണ്ട് അതിൽ നിന്നും ഞാൻ രക്ഷപ്പെട്ടു.
അടുത്തത് ഫ്രിഡ്ജ് ഇൻസ്റ്റലേഷന് വന്ന വേൾപൂൾ സർവീസ് സ്റ്റാഫാ യിരുന്നു. തനിക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്ന് അവൻ മുൻകൂറായി എന്നോട് പറഞ്ഞു. എനിക്ക് തമിഴുമെന്ന് ഞാൻ നിസ്സഹായയായി. പക്ഷേ അവൻ സ്മാർട്ടായി ഗൂഗിൾ ട്രാൻസിലേറ്റർ ഉപയോഗിച്ച് മനോഹരമായി ആശയവിനിമയം നടത്തി.
തിരുമുടിവാക്കത്തെ അഭ്യാസങ്ങൾ കഴിഞ്ഞാൽ ഊബർ ഓട്ടോ വിളിച്ച് തിരുനീർ മലൈയിലേക്ക് തിരിക്കും. ഓട്ടോക്ക് ലൊക്കേഷൻ പ്രശ്നമല്ലെങ്കിലും വിലപേശലാണ് പാരയായത്. ആപ്പിൽ കാണിച്ചതിനേക്കാൾ കൂടുതൽ ചോദിക്കും. അപ്പോൾ വില പേശണം. ശരിക്കുമൊരു ടാസ്ക് ആയിരുന്നു അത്. തമിഴിലെ നമ്പരുകൾ അറിയാത്തത് കൊണ്ട് വിലപേശി വില കൂട്ടിയ കസ്റ്റമറെ അവർ ഇപ്പോൾ മിസ്സ് ചെയ്യുന്നുണ്ടാവും.
ഞാനും തമിഴുമായി നിരന്തര യുദ്ധത്തിലാണെന്നും, ഞാൻ ദയനീയമായി പരാജയപ്പെടുകയാണെന്നും മനസ്സിലായ ശരത്തിൻ്റെ അമ്മ എൻ്റെ സഹായത്തിനായി ഓടിയെത്തി. കൂട്ടിനാളെ കിട്ടിയപ്പോൾ എനിക്ക് കുറച്ച് അഹങ്കാരവും ആത്മവിശ്വാസവും വന്നു.
ഞങ്ങൾ രംഗനാഥസ്ട്രീറ്റിലെ ഇടുങ്ങിയ തെരുവുകളിൽ അലഞ്ഞ് നടന്ന് സാധനങ്ങൾക്ക് വിലപേശി. ആടിസെയിലിൻ്റെ തിരക്കിനടയിൽ തുണിക്കടകൾ കയറിയിറങ്ങി പട്ടുസാരികളുടെ മണമറിഞ്ഞു.. രത്നാ സ്റ്റാർസിലെ സ്റ്റീൽപാത്രങ്ങൾക്കിടയിൽ പുറത്തിറങ്ങിയ എന്നിലെ നാഗവല്ലിയെ പിടിച്ച് കെട്ടാനാവാതെ വശംകെട്ടു. വാടിയ മുല്ലമല്ലിപ്പൂക്കളുടെ ഗന്ധത്താൽ സമൃദ്ധമായ സബർബൻ ട്രെയിനിൽ ചാരി നിന്ന് ലോക്കൽ യാത്ര ആസ്വദിച്ചു. അഡയാർ ആനന്ദഭവനിലെ മസാല ദോശയുടെയും ഫിൽട്ടർ കാഫിയുടെയും രുചിയിൽ ക്ഷീണമാറ്റി. പല്ലാവരത്തെ സെക്കൻ്റ് ഹാൻഡ് തെരുവിൽ കൂട്ടിയിട്ടിരിക്കുന്ന വില്പന സാധനങ്ങളുടെ വൈചിത്ര്യത്തിൽ കണ്ണ് മിഴിച്ച്, ഇരുമ്പ് ചീനച്ചട്ടിയുടെയും ദോശക്കല്ലിൻ്റെയും വില ചോദിച്ചു. വേണമെങ്കിൽ ഇവിടെ അച്ഛനെയും അമ്മയെയും വരെ വിലക്ക് കിട്ടുമെന്ന് കളി പറഞ്ഞു കൊണ്ട് അലഞ്ഞ് നടന്നു.
ഒടുവിൽ സ്നേഹത്തിനും കരുതലിലും ഭാഷയുടെ ആവശ്യമില്ലെന്ന് മനസ്സിലാക്കിത്തന്നത് തിരുമുടി വാക്കത്തെ സെക്യൂരിറ്റിക്കാരാണ്. അവിടന്ന് യാത്ര പറയുമ്പോൾ ഒന്നും പേടിക്കേണ്ട, ഞങ്ങൾക്കെല്ലാവർക്കും പെൺമക്കൾ ഉണ്ടെന്നും, നിങ്ങളുടെ മകൾ ഇവിടെ സുരക്ഷിതയാണെന്നും അവർ സമാധാനിപ്പിക്കുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു. അവിടെ ഫ്ലാറ്റിന് താഴെയുള്ള ഇത്തിരി സ്ഥലത്തെ ഗാർഡനിൽ പൂക്കളാൽ അലംകൃതമായി
അതിപ്രതാപിയായി ഇരിക്കുന്ന ഗണപതി ഭഗവാനെ ചൂണ്ടിക്കാട്ടി, "ഇങ്കെ അയ്യാ ഇറുക്ക്, ഒന്നും കവലപ്പെടവേണ്ട എന്ന് പറഞ്ഞത് മല്ലിക എന്ന വീട്ടുജോലിക്കാരിയായിരുന്നു. അവർക്ക് മറ്റ് വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ലെങ്കിലും ഒരു വൺബെഡ് റൂം ഫ്ലാറ്റ് ഉണ്ട്. ചെറിയ പ്രായത്തിലെ ഭർത്താവ് മരിച്ച, മക്കൾ ഇല്ലാത്ത അവർക്ക് അഭയമാവുന്നത് ഇവിടത്തെ സ്റ്റാഫും വീട്ടുകാരുമാണ്.
ഇനിയും വരണമെന്നും വരുമെന്നും പരസ്പരം പറഞ്ഞ് ഞാൻ യാത്രയായി. കൈവീശി യാത്ര പറയുന്ന മക്കളും വിളക്കിൻ്റെ തെളിച്ചമില്ലാതെ, തെരുവിനറ്റത്തെ പൊളിയാനായ കോവിലിലിരിക്കുന്ന അനാഥയായ അമ്മൻ ദൈവത്തെയും ഓർത്ത് എൻ്റെ കണ്ണ് നിറഞ്ഞു. ദൈവത്തിന് വേണ്ടി കണ്ണ് നിറക്കുന്ന ആളെ ആദ്യം കാണുകയാണെന്ന് മക്കൾ കളിയാക്കിയപ്പോൾ എനിക്ക് ചിരി വന്നില്ല. ദൈവങ്ങൾക്കും കഷ്ടകാലമുണ്ടെന്ന് പറഞ്ഞാൽ അവരുടെ പരിഹാസം കേൾക്കാൻ വയ്യാത്തത് കൊണ്ട് നിശബ്ദയായി.
ഇനി തമിഴ് പഠിക്കണം...
എൻ്റെ തലച്ചോറിൽ തമിഴിന് കൂടി അല്പം ഇടം തരണേ എന്ന് മാത്രമാണ് ഇപ്പോഴത്തെ പ്രാർത്ഥന!