
അമൃതാനന്ദമയി എന്ന പേരിനപ്പുറം അവരെ പരിചയപ്പെടുത്താൻ അധികമൊന്നും പറയേണ്ടതില്ലാത്ത വിധം വളർന്ന വ്യക്തിയാണ് അമൃതാനന്ദമായി. എന്നാൽ ഇടതു മന്ത്രിസഭയിലെ സംസ്കാരിക മന്ത്രി സജി ചെറിയാനെ പേര് പറഞ്ഞാൽ മാത്രം തിരിച്ചറിയുന്നവർ കുറവായിരിക്കും. ആൾദൈവങ്ങളുടെ പേരിൽ അമൃതാനന്ദമയി ചെയ്തു കൂട്ടിയ പ്രവർത്തനങ്ങളെ നിരന്തരം സമൂഹമധ്യത്തിൽ വിമർശനത്തിന് വിധേയമാക്കിയവരായിരുന്നു ഇടതുപക്ഷം. എന്നാൽ അവയെല്ലാം കാറ്റിൽ പറത്തുകയും അത്തരം കാര്യങ്ങളോട് യുക്തിയൊട്ടും ഇല്ലാത്ത നിലപാടാണ് ഇപ്പോൾ ഇടതുപക്ഷം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും അവർ തീവ്ര വലതുപക്ഷം ആയി പരിണമിക്കുന്ന കാഴ്ച്ച യാഥാർത്ഥ്യമാണ്. താഴെ പ്രധാനപ്പെട്ട രണ്ട് കുറിപ്പുകൾ നൽകുന്നു. എഴുത്തുകാരിയും പത്രപ്രവർത്തകയുമായ മനില സി. മോഹൻ എഴുതിയ കുറിപ്പാണ് ഏറ്റവും ആദ്യം. ഇടതുപക്ഷത്തിന്റെ ഒട്ടും ധൈഷണികം അല്ലാത്ത നിലപാടുകളും മാതാഅമൃതാനന്ദമയി സമൂഹത്തിൽ നിർമ്മിച്ചിട്ടുള്ള വർഗീയ വിഷനിർമിതികളും അതിന് പിന്നിലെ ധൈഷണികമായ പ്രവർത്തനങ്ങളും വളരെ ലളിതമായി പറയുന്ന കുറിപ്പാണത്.
രണ്ടാമത്തെ കുറിപ്പ് എഴുതിയിട്ടുള്ളത് ഡൽഹി സർവകലാശാല ചരിത്ര വിഭാഗം പ്രൊഫസറായ ഡോ. യാസർ അറഫാത്താണ്. കേരളത്തിലെ അക്കാദമിക ബുദ്ധിജീവികൾ പുലർത്തി പോരുന്ന വർഗീയതയോടും അത്തരം കാര്യങ്ങളോടുമുള്ള ബുദ്ധിജീവികളുടെ മൗനത്തെ രൂക്ഷമായി വിമർശിക്കുന്ന ഉള്ളടക്കമാണ് യാസർ അറഫാത്ത് എഴുതിയിരിക്കുന്നത്.
മനില സി. മോഹൻ എഴുതിയ കുറിപ്പ് ആദ്യം വായിക്കാം. "സാംസ്കാരിക മന്ത്രിയാൽ, ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരിനാൽ ആദരിക്കപ്പെടുകയാണ് അമൃതാനന്ദമയി എന്ന ആത്മീയ വ്യാപാരി, ആൾദൈവം.
അന്ന്, എന്നു വെച്ചാൽ 2019 ൽ അയ്യപ്പസംഗമത്തിൽ പങ്കെടുത്ത അമൃതാനന്ദമയിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പരിഭവം പറഞ്ഞിരുന്നു. പരിഭവം ഇന്നിതാ ആദരമായി മാറിയിരിക്കുന്നു.
ആൾ ദൈവങ്ങളും വർഗ്ഗീയ വാദികളും ഇടതുസർക്കാരിൻ്റെ, സി.പി.എമ്മിൻ്റെ സ്നേഹാദര ചുംബനങ്ങൾക്ക് പാത്രമായിരിക്കുന്നു.
ചരിത്രം ബോധം കെട്ടു വീഴുന്നു, ചിലർ വരുമ്പോൾ….
അന്ന്, 2019 ൽ - എഴുതിയ അമൃതാനന്ദമയി- പിണറായി വിജയൻ കുറിപ്പ് വീണ്ടും ഇവിടെ കുറിക്കുന്നു.
അമൃതാനന്ദമയി അയ്യപ്പസംഗമത്തിൽ പങ്കെടുത്തത് ശരിയായില്ലെന്നും പങ്കെടുക്കരുതായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അവർ പിന്നെ മറ്റെവിടെ പങ്കെടുക്കുമെന്നായിരുന്നു കരുതിയിരുന്നത് എന്നാണ് ചോദിക്കാൻ തോന്നുന്നത്. അവർ പങ്കെടുത്തില്ല എങ്കിലല്ലേ അത്ഭുതമുള്ളൂ?
അയ്യപ്പ കർമസമിതിയുടെ ദേശീയ സമിതിയുടെ മുഖ്യ രക്ഷാധികാരിയാണവർ. അയ്യപ്പ സംഗമത്തിന് മാത്രമായി എത്തിച്ചേർന്ന അതിഥിയൊന്നുമല്ല. ദേശീയ തലത്തിൽ സമരം വ്യാപിപ്പിക്കാൻ ചുമതലപ്പെട്ട സംഘാടക. ശബരിമലയിലും തെരുവിലുമൊക്കെ അക്രമ പ്രവർത്തനം നടത്തിയവരിൽ അയ്യപ്പഭക്തർ മാത്രമല്ല അമൃതാനന്ദമയിയുടെ ഭക്തരുമുണ്ടായിരുന്നെന്ന് തന്നെയർത്ഥം.
നവോത്ഥാനത്തെക്കുറിച്ച് നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന, വർഗ്ഗീയ, പ്രതിലോമ ശക്തികളുടെ കേരളത്തിലെ സാന്നിധ്യത്തെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി സ്ഥലത്തെ പ്രധാന ആൾദൈവത്തോട് പരിഭവത്തിന്റെ ഭാഷയിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അസ്വാഭാവികത തോന്നുന്നുണ്ട്.
ഒരു സ്ത്രീയുടെ വയലൻസ് മനുഷ്യരെ മുഴുവൻ കെട്ടിപ്പിടിച്ച് , ചുംബിച്ച് , കയ്യുയർത്തി തലയിളക്കി പതിഞ്ഞ സ്നേഹമെന്ന് നടിച്ച് മക്കളേയെന്ന് നീട്ടിവിളിച്ച്, സംഹാര താണ്ഡവമാടാൻ തുടങ്ങിയിട്ട് കാലം കുറേയായിട്ടുണ്ട്. ഇത്രയേറെ വയലൻസ് ഉള്ളിലുള്ള ഒരു മനുഷ്യനും കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ അമൃതാനന്ദമയിയെപ്പോലെ ഇത്ര എളുപ്പത്തിൽ വിധ്വംസകമായി വിജയിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം അവർ അയ്യപ്പന് ജയ് വിളിച്ചപ്പോൾ തമാശ തോന്നിയവരുണ്ട്. തമാശയല്ലത്. അവരുടെ ബുദ്ധിപരമായ പാലം പണിയാണ്. ഭക്തിക്കും പാർലമെന്ററി രാഷ്ട്രീയത്തിനും ഇടയിലെ തകർക്കാൻ പറ്റാത്ത വിശ്വാസ പാലം. ഹെവി. ആ സ്ത്രീ അവിടെ വന്നപ്പോൾ സംഘപരിവാർ അപ്പാടെ അവരായി മാറി. അവർ കേരളത്തിൽ 15% മാത്രം വോട്ട് ഷെയറുള്ള തീവ്രവലതുപക്ഷത്തിന്റെ ബ്രാൻഡ് അംബാസിഡറാവുന്നത് തമാശയല്ല. ഇനിയിപ്പോ അവർ ആ ബ്രാന്റിന്റെ അംബാസിഡറാവുന്നത് തടയാനാണ് ഈ പരിഭവം പറച്ചിലെങ്കിൽ ശരി, ഇനി പക്ഷേ നവോത്ഥാനമെന്നൊന്നും ഓർമിപ്പിക്കാൻ നിൽക്കരുത്. നാരായണ ഗുരുവിനെയെങ്കിലും മറക്കണം.
അവർ വിമർശിക്കപ്പെടുമെന്ന് തോന്നുമ്പോഴൊക്കെ നമ്മളവരുടെ 'ദൈവിക‘ പദവി മറന്ന് അവരൊരു സ്ത്രീയാണെന്ന് ഓർമിപ്പിക്കും. അവർക്കെതിരായ വിമർശനങ്ങൾ സ്ത്രീവിരുദ്ധമാണ്, അങ്ങനെ ചെയ്യല്ലേയെന്ന് വിലപിക്കും. ദളിത് വിരുദ്ധമാണെന്ന് മനസ്സിലാക്കി രാഷ്ട്രീയ ശരിയോടെ നിശ്ശബ്ദരാവും. രാഷ്ട്രീയ വിമർശനങ്ങളേയും വ്യക്തിയധിക്ഷേപങ്ങളേയും കൂട്ടിക്കലർത്തി അത് ശരിയല്ലെന്ന് വ്യാഖ്യാനിക്കും. അങ്ങനെ നമ്മൾ ആ സ്ത്രീയുടെ വർഗ്ഗീയതയെ, പലതരം വയലൻസുകളെ സംരക്ഷിച്ചു വെക്കുകയായിരുന്നു, വെച്ചുകൊണ്ടിരിക്കുകയാണ്.
സ്ത്രീകളുടെ വർഗ്ഗീയവയലൻസിനെ നമ്മൾ വേണ്ടവിധത്തിൽ അഡ്രസ്സ് ചെയ്തിട്ടില്ല. കെ.പി. ശശികല സത്യങ്ങൾ പറയാറില്ല. ശോഭാ സുരേന്ദ്രന്റെ നുണ പ്രസംഗങ്ങളിലെ വയലൻസ് ഒട്ടും ചെറുതല്ല. ശരീരത്തിന്റെയോ സമൂഹനിലയുടേയോ കീഴാളതയുടേയോ ദുർബലാവസ്ഥ പറഞ്ഞുകൊണ്ട് ന്യായീകരിക്കപ്പെടേണ്ടതല്ല ഒരു സമൂഹത്തിൽ വർഗ്ഗീയത കൊണ്ട്, അധികാരവും ആത്മവിശ്വാസവുമുള്ള സ്ത്രീകൾ ഉണ്ടാക്കുന്ന വയലൻസ്. അമൃതാനന്ദമയിയുടെ വർഗ്ഗീയതയോട് മുഖ്യമന്ത്രി പരിഭവിക്കുമ്പോൾ, താലോലിച്ചുകൊണ്ടിരിക്കുമ്പോൾ നവോത്ഥാനത്തെക്കുറിച്ച് പറഞ്ഞ് വെച്ചതെല്ലാം പാഴ് വാക്കുകളായിപ്പോവുകയാണ്".
യാസർ അറഫാത്ത് കൃത്യമായി ചരിത്ര വസ്തുതകൾ നിരത്തി അക്കാഡമിക് ബുദ്ധിജീവികളെ വിമർശന വിദേയമാക്കുന്നു. താഴെ ആ കുറിപ്പ് വായിക്കാം.
''മലയാളി ബുദ്ധിജീവികൾ മൗനത്തിൽ തന്നെയാണ്.
അക്കാഡമിക് ബുദ്ധിജീവികളെപ്പറ്റിയാണ് ഞാൻ പറഞ്ഞുവരുന്നത്.കഴിഞ്ഞ പലമാസങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന, കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക ഘടനകളെ മാറ്റിമറിക്കുന്ന വിഷയങ്ങളോട് നീതീകരിക്കാൻ കഴിയാത്ത മൗനത്തിലാണ്ട് ഉറക്കം നടിക്കുകയാണ് ഒരുപാട് വിസിബിലിറ്റിയും, പ്രസൻസുമുള്ള അക്കാഡമിക് ബുദ്ധിജീവികളിലെ വലിയ ഭൂരിപക്ഷം.
പലതരത്തിലുള്ള തരത്തിലുള്ള ഭീതി അല്ലെങ്കിൽ അവസരങ്ങൾ നഷ്ടപ്പെടുമെന്നുള്ള ഭയം, ഏറ്റവും പ്രാധാന്യമുള്ളവയെപ്പറ്റി നിശബ്ദത പാലിക്കാനും ഏറ്റവും നിസ്സാരമായതിനെക്കുറിച്ചു വാചാലരാവാനും അവരെ മെരുക്കിയെടുത്തിരിക്കുന്നു എന്ന് തന്നെ പറയേണ്ടിവരും. അങ്ങനെയല്ലാതെയുള്ള സുഹൃത്തുക്കൾ, എണ്ണത്തിൽ വളരെകുറഞ്ഞവർ, ഉണ്ട് എന്നുള്ള കാര്യം വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. കഴിഞ്ഞ ഒന്നുരണ്ട് മാസങ്ങളായി അവരിൽ ചിലരുടെ തന്നെ ശബ്ദങ്ങൾ നേർത്തുവരുന്നതായും അനുഭവപ്പെടുന്നു.
സത്യത്തിൽ വ്യത്യസ്ത പാർട്ടികളുടെ ഭാഗമായിരിക്കുകയും, പക്ഷം പിടിച്ചുകൊണ്ടേയിരിക്കുകയും ചെയ്തു, അധികാരങ്ങൾക്കും അവസരങ്ങൾക്കും വേണ്ടി കണ്ണടക്കുകയും ചെയ്ത് തന്നെയല്ലെ, കേരളത്തിലെ മുഖ്യധാരാ ബുദ്ധിജീവികളും അക്കാഡമിക്സുകളും ദശാബ്ദങ്ങളായി ജീവിച്ചുപോരുന്നത്?
ഇതിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ, കേരളത്തിലെ മുഖ്യധാരാ സാമൂഹ്യ ശാസ്ത്രജ്ഞർ നിശബ്ദമാക്കിവെച്ച രണ്ട് കാര്യങ്ങൾ മാത്രം പറയാം.
ഒന്ന് ജാ-തിയുടെ ചരിത്രവും രാഷ്ട്രീയവും, രണ്ട്, ഹി-ന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയുമാണ്.
അംബ്ദേക്കറൈറ്റ് മൂവേമെന്റ് ശക്തമാവുകയും ദളിത്-ബഹുജൻ മുന്നേറ്റം പുതിയ ഡിസ്‌കോഴ്സിന്റെ ത്വരിതപ്പെടുത്തുകയും ചെയ്തശേഷം കേരളത്തിൽ ഉയർന്നുവന്ന ദളിത് ബഹുജൻ പബ്ലിക് ഇന്റലെക്ച്വൽസ് ആണ് 'ജാതി' കേരളത്തെ അടയാളപ്പെടുത്താൻ തുടങ്ങുന്നത്. പികെ ബാലകൃഷ്ണനൊക്കെ കേരളത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത് ഈ ഡിസ്കോഴ്സുകൾക്ക് ശേഷമാണ്.
അക്കാഡമിക് സ്ഥാപനങ്ങൾ മണ്ഡൽ നിർദേശങ്ങൾ പാലിക്കപ്പെടാൻ നിർബന്ധീകരിക്കപ്പെടുകയും, കേരളത്തിന്റെ പുറത്തുള്ള അക്കാഡമിക് സ്ഥാപനങ്ങളിലേക്ക് ബഹുജൻ സമൂഹങ്ങളിൽനിന്നുള്ള സ്കോളർസ് ഉയർന്നുവരികയും ചെയ്തപ്പോൾ, ഉണ്ടായ മാറ്റമാണ്, കേരളത്തിലെ ജാതിയെക്കുറിച്ചുള്ള ചരിത്ര പരവും സാമൂഹ്യപരവുമായ ചിന്തകളുടെ മുഖ്യധാരരാ പ്രവേശനം എന്നുകാണാം.
അതേസമയം മുഖ്യധാരാ സ്ഥാപനങ്ങൾ കയ്യടക്കിവെച്ച വരേണ്യ അക്കാഡമിക് പണ്ഡിതർ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ഇത്തരത്തിലുള്ള ഗവേഷണങ്ങൾ ഉണ്ടാകുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തിരുന്നതും പലർക്കും അറിയാവുന്ന കാര്യങ്ങളാണ്.
കേരളത്തിനുള്ളിൽ നിന്ന് അവയെപ്പറ്റി നിരന്തരമായി ശബ്‌ദിച്ച ഒറ്റക്കയ്യിലെ വിരലിലെണ്ണാവുന്ന പ്രഗത്ഭരായ സ്കോളേഴ്സ്റ്റിനെ ഒതുക്കിയും, അവസരങ്ങൾ ഇല്ലാതാക്കിയും, പ്രൊമോഷൻ തടഞ്ഞും നിശ്ശബ്ദരാക്കാൻ മാറിമാറി വന്ന ഗവൺമെന്റുകളും അവരുടെ അധ്യാപക സംഘടനകളും ശ്രമിച്ചതും നമ്മുടെ മുന്നിലുണ്ട്.
ഇംഗ്ളീഷും മലയാളവും ഒരേപോലെ കൈകാര്യം ചെയ്യാൻ പറ്റുന്ന പോസ്റ്റ് മണ്ഡൽ ജനറേഷൻ സ്കോളർസ്, ഭയമേതുമില്ലാതെ ദേശീയ- അന്താരാഷ്ട്ര അക്കാഡമിക് പ്ലാറ്റുഫോമുകളിൽ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്താൻ തുടങ്ങിയതിന്റ് ശേഷമാണ് ജാതി മര്ദനങ്ങളുടെ വലിയ ചരിത്രം കേരളത്തിൽ വീണ്ടും ചർച്ചയാവുന്നത്.
തങ്ങൾ വിചാരിച്ചാൽ തടുക്കാൻ പറ്റാത്ത പുതിയ സ്കോളർസ് വെട്ടിയ പാതയുടെ വെളിച്ചം പറ്റി, അതുവരെ അധികാരികകളായി വാണ ചുരുക്കം ചില വരേണ്യ അക്കാഡമിക്കുകളും ജാതിയെപ്പറ്റി സംസാരിക്കാൻ നിര്ബന്ധിക്കപ്പെടുന്നത് അങ്ങിനെയാണ്.
രണ്ടാമത്തേത് ഹി-ന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയാണ്.
തികഞ്ഞ നിശബ്ദതയാണ് ഈ വിഷയത്തിൽ കേരളത്തിലെ അക്കാഡമിക് സമൂഹം കഴിഞ്ഞ പത്തുവർഷം മുൻപുവരെ വച്ച് പുലർത്തിയിരുന്നത്. ഒന്നോ രണ്ടോ പേരെ മാറ്റിനിർത്തിയാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടായി നമ്മുടെ കണ്മുന്നിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തെക്കുറിച്ചു ഏറ്റവും പ്രാഥമികമായ ഗവേഷണം നടത്താൻ പോലും അവർ തയ്യാറായില്ല. ഇങ്ങിനെയൊരു വളർച്ചയെക്കുറിച്ചു കേരളസമൂഹത്തോടു പറയാൻ അവർ വിമുഖത കാണിച്ചു എന്ന് തന്നെ പറയാം.
നേരത്തെ പറഞ്ഞതുപോലെ, കേരളത്തിന്റെ പുറത്തുള്ള അക്കാഡമിക് സമൂഹത്തിന്റെ ഭാഗമായ, അക്കാഡമിക് കേരളത്തിലെ അധികാരസ്ഥാപനത്തിലുള്ളവർ നിഷേധിക്കുന്ന അവസരങ്ങൾക്ക് പുല്ലുവിലകല്പിക്കുന്ന ഒരു കൂട്ടം ഗവേഷകരാണ് ഹി-ന്ദുത്വ രാഷ്ട്രീയമെന്ന പ്രതിഭാസത്തിനെ ആഴമുള്ള ഗവേഷണങ്ങൾക്ക് വിധേയമാക്കുന്നത്, വിളിച്ചുപറയുന്നത്.
'ഹി-ന്ദുത്വം കേരളത്തിലെ ചെറിയ ഒരു വ്യതിചലനമാണ് ' എന്നുള്ള പരമ്പരാഗത നിലപാടുകൾക്ക് വിരുദ്ധമായി, അത് കേരളത്തിൽ നിരന്തരമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ യാഥാർഥ്യമാണ്' എന്ന് ഹൈദരാബാദിലും, ജെ എൻ യു വിലും, ഡൽഹി യൂണിവേഴ്സിറ്റിയിലും ഐ ഐ റ്റികളിലും ഉള്ള പുതുതലമുറ ഗവേഷകർ വിളിച്ചുപറഞ്ഞപ്പോൾ, അത് തുറന്ന സാധ്യതയിലേക്ക്, അതുവരെ ഒരക്ഷരം മിണ്ടാത്തവര്പോലും നടന്നടുക്കുന്നതും നമ്മൾ കാണുന്നു. പക്ഷെ ഈ പുതുതലമുറ ഉരുത്തിരിഞ്ഞുവന്ന കഴിഞ്ഞ പത്തുവർഷം വരെ നിരന്തരമായി വളർന്ന ഹി-ന്ദുത്വ രാഷ്ട്രീയം ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്ന് നാം ആലോചിക്കുക.
തങ്ങളുടെ പാർട്ടികൾ ഭരിക്കുമ്പോൾ അത്തരത്തിലൊന്നും ഉണ്ടാവില്ല എന്ന് വിശ്വസിച്ച അക്കാഡമിക് ബുദ്ധിജീവികൾ; ഉണ്ടെന്നറിഞ്ഞിട്ടും , അതുപറഞ്ഞാൽ പാർട്ടികൾക്ക് വിഷമാവുമോ, അവസരങ്ങൾ നഷ്ടമാവുമോ എന്ന് കരുതി മിണ്ടാതിരുന്നവർ; ഹിന്ദുത്വത്തെ വിമർശിച്ചാൽ തങ്ങളുടെ വരേണ്യത തന്നെ വിമര്ശനവിധേയമാക്കേണ്ടിവരും എന്ന് തിരിച്ചറിഞ്ഞവർ; തുടങ്ങിയവരാണ്, അതിന്റെ വളർച്ച അടുത്തുനിന്നു കണ്ടപ്പോഴും ക്രൂരമായ നിശബ്ദതയുമായി നിന്നത്. ഒരുതരത്തിൽ പറഞ്ഞാൽ അതിന്റെ വളർച്ചക്കു കൂട്ടുനിന്നവർ തന്നെയാണവർ.
ആ നിശബ്ദത ഇപ്പോഴും തുടരുകയാണ്, ആ വരേണ്യ അക്കാഡമിക് അധികാര വർഗ്ഗത്തിന്റെ ഭാഗമായ പഴയ തലമുറയും അവർ വാർത്തെടുത്ത, കേരളത്തിനുള്ളിലുള്ള ഒന്ന് രണ്ടു തലമുറകളും.
നോക്കുക!
കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ വളർന്നു വന്ന ചെറുതും വലുതുമായ ആൾ ദൈവങ്ങൾ എത്രയാണ്? എന്റെ ഡിജിറ്റൽ അർക്കൈവിൽ തന്നെ ചെറുതും വലുതുമായ മുപ്പത്തോളും പേരുണ്ട്.
ആത്മീയ ടൂറിസമെന്ന നവ-യാഥാസ്ഥികതയുടെ പുതിയ പാക്കറ്റിനെ പുരോഗമന രാഷ്ട്രീയം പറയുന്നവർ തന്നെ പ്രൊമോട്ട് ചെയ്യുന്നു.
തനിക സർക്കാർ വർഷങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയ, ‘പോലീസ് സ്റ്റേഷൻ മുതൽ-പോസ്റ്റ് ഓഫിസ് വരെയുള്ള' സ്ഥലങ്ങളിൽ ഹി-ന്ദുത്വ രാഷ്ട്രീയത്തെ മറയില്ലാതെ പുല്കുന്നവർ സ്ഥാനങ്ങളിരിക്കുന്നു.
ജാ-തി, വർഗീയ സംഘടനകൾ എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും പരോക്ഷമായും പ്രത്യക്ഷമായും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
പച്ചക്കു വർ-ഗീയത പറയുന്നവർ അധികാരത്തലത്തിൽ തന്നെ ഔദ്യോഗികമായി ആദരിക്കപ്പെടുന്നു.
ലിസ്റ്റ് ഇനിയും എത്രയും നീട്ടാം.
എന്നാലും അക്കാഡമിക് ബുദ്ധിജീവികളും, പാർട്ടിപക്ഷങ്ങളുടെ ഭാഗമായ പബ്ലിക് ഇന്റലെക്ച്വൽസും കുറ്റകരമായ മൗനം തുടരുന്നു. സ്വാർത്ഥരായി നിൽക്കുന്നു എന്ന് തന്നെ പറയാം. (വീണ്ടും പറയുന്നു, ഒറ്റക്കൈ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ മറന്നല്ല ഇത് എഴുതുന്നത്).
അവസര നിഷേധവും, അപ്പ നിഷേധവും പേടിയില്ലാത്ത, വരേണ്യതയുടെ അധികാരങ്ങൾക്ക് വഴങ്ങാത്ത, ലോകത്തോട് സംസാരിക്കാൻ പ്രാപ്‌തരായ, കേരളത്തെ സ്നേഹിക്കുന്ന, മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു ഇടതുപക്ഷവും, ഇതരപക്ഷങ്ങളും കേരളത്തിന്റെ അനിവാര്യതയാണ് എന്ന് ബോധ്യമുള്ള ഒരു പുതുതലമുറ കേരളത്തിനകത്തും പുറത്തും ബാക്കി നിൽക്കുന്നുണ്ട് എന്ന് മാത്രമാണ് ഇപ്പോൾ പറയാൻ തോന്നുന്നത്.
ഏതു ബ്രാൻഡിങ്ങിന് വിധേയമാക്കിയാലും, മതേതര കേരളത്തെ വീണ്ടെടുക്കാനുള്ള, സമാധാനത്തോടെ ജീവിക്കാനുള്ള ഒരു തുരുത്തായി അത് ഇനിയും അവശേഷിക്കണം എന്ന് ആഗ്രഹമുള്ള, ശബ്ദങ്ങളുമായി ഇവിടെ തന്നെയുണ്ടാവും, ലോകം ലിറ്ററേച്ചർ ഫെസ്ടിവലുകൾക്കപ്പുറം എത്രയോ വലുതാണ് എന്ന് വിശ്വസിക്കുന്ന പോസ്റ്റ്-മണ്ഡൽ തലമുറയിലെ സ്കോളർസും സാമൂഹ്യ ശാസ്ത്ര-നരവംശ- ചരിത്ര ഗവേഷകരും".