
തമിഴ് ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന അന്ധമായ താരാരാധനയുടെ അതിഭീകരമായ ദുരന്തത്തിനാണ് ഇന്നലെ കരൂരിലെ വേലുച്ചാമിപുരം സാക്ഷ്യം വഹിച്ചത്. ശനിയാഴ്ചകളില്‍, നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് നടത്തുന്ന സംസ്ഥാന പര്യടന യോഗത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നിരിക്കുന്നു. നൂറുകണക്കിനാളുകള്‍ പരിക്കേറ്റ് ആശുപത്രികളിലാണ്. ഗുരുതരാവസ്ഥയിലുള്ളവരും നിരവധി. 15,000 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന റോഡില്‍ 60,000 പേരോളം എത്തിയതാണ് സമാനതകളില്ലാത്ത ഈ അപകടത്തിന് കാരണമായത്.
ടി.വി.കെ രൂപീകരിച്ച ശേഷം വിജയ് നടത്തുന്ന സംസ്ഥാന പര്യടനത്തിന്റെ ഭാഗമായിരുന്നു വേലുച്ചാമിപുരത്തെ റാലി അല്ലെങ്കില്‍ ശക്തി പ്രകടനമായി മാറുന്ന റോഡ് ഷോ. തുറസായ സ്ഥലത്തിന് പകരം റോഡ് തിരഞ്ഞെടുത്തത് പരിപാടിയില്‍ ആള്‍ക്കാര്‍ 'തിങ്ങി നിറഞ്ഞു'വെന്ന് കാണിക്കുവാനാണെന്നാണ് ആക്ഷേപം. എന്നാല്‍ ഇടുങ്ങിയ സ്ഥലത്ത് പരിപാടി നടത്താന്‍ പോലീസ് നിര്‍ബന്ധിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് ടി.വി.കെ പ്രവര്‍ത്തകര്‍ പറയുന്നു. സംഭവം നടന്ന ഉടന്‍ വിജയ് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേയ്ക്ക് പോയതും വിമര്‍ശിക്കപ്പെട്ടു.
''സഹിക്കാനാവാത്ത, പറഞ്ഞറിയിക്കാനാവാത്ത വേദനയില്‍ ഉള്ളം പിടയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എന്റെ സഹോദരീ സഹോദരന്‍മാരോട് നിസ്സീമമായ ആദരമറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് ഉടന്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനാവട്ടെ...'' എന്നാണ് ചെന്നൈയില്‍ മടങ്ങിയെത്തിയ ശേഷം വിജയ് പ്രതികരിച്ചത്. എന്നാല്‍ ഇതിനെ ക്ഷണിച്ചു വരുത്തിയ ദുരന്തമായേ വിശേഷിപ്പിക്കാനാവൂ. മുഷ്യനെ പറഞ്ഞ് പ്രലോഭിപ്പിച്ചും സിനിമാ പരിവേഷം കൊണ്ട് അവരെ വശികരിച്ചും താരരാഷ്ട്രീയക്കാര്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കുമ്പോള്‍ അവശ്യം പാലിക്കേണ്ട മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും അവഗണിച്ചതിന്റെ പ്രതിഫലനമാണിത്.
അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ വേലുച്ചാമിപുരത്തെത്തി. ഉച്ചയ്ക്ക് 12 മണിക്കെത്തുമെന്ന് പറഞ്ഞ വിജയ് എത്തിയത് വൈകുന്നേരം 7.40-നാണ്. സ്വന്തം പരിപാടിയില്‍ ആരാധകരെ 'പോസ്റ്റാ'ക്കിയ ഈ മഹാനടന്, സര്‍ക്കാരിനെ പഴിചാരി അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല. ഉച്ചയ്ക്ക് നാമക്കലില്‍ നടന്ന യോഗത്തില്‍ നിരവധിപേര്‍ തളര്‍ന്ന് വീഴുകയുണ്ടായി. ആള്‍ക്കാരെ പൊരിവെയിലത്തും മറ്റും ശ്വാസം വിടാനാവാതെ അടുക്കി നിര്‍ത്തി അവരുടെ ആരാധന മുതലെടുത്ത് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ഇത്തരം ഷോകളുടെ ലക്ഷ്യം. അതേസമയം പോലീസ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ കരൂരില്‍ നോക്കുകുത്തികളാവുകയും ചെയ്തു.
ഇവിടെ ആരാധനയുടെ ഈ രാഷ്ട്രീയം അക്ഷരാര്‍ത്ഥത്തില്‍ മരണക്കെണിയാവുകയായിരുന്നു. തമിഴ് മക്കള്‍ ദൈവത്തിനും മുകളിലാണ് സിനിമാ താരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതാണ് തമിഴക രാഷ്ട്രീയത്തിന്റെ അടിസ്ഥാനവും. ദ്രാവിഡ കഴകത്തിന്റെ സ്ഥാപക നേതാവും സൂമൂഹിക പരിഷ്‌കര്‍ത്താവുമായ പെരിയാര്‍ ഇ.വി രാമസ്വാമി മുതല്‍ ഇപ്പോള്‍ വിജയ് വരെ എത്തി നില്‍ക്കുന്നതാണ് ആ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ചങ്ങല. എം.ജി.ആര്‍, ജയലളിത, വിജയകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ക്കു ശേഷം രാഷ്ട്രീയത്തിലെത്തിയ വിജയ്‌യിനെ അടുത്ത മുഖ്യമന്ത്രി ആയാണ് തമിഴ് ജനം കാണുന്നത്. ആ കസേരയിലേയ്ക്ക് തന്നെയാണ് വിജയ് ഇന്നലെ വേലുച്ചാമിപുരം വഴി തേരോട്ടം നടത്തിയത്.
2026 ഏപ്രില്‍-മെയ് മാസത്തിലായിരിക്കും തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മുഴുവന്‍ സീറ്റിലും മത്സരിച്ച് കന്നി മത്സരത്തില്‍ തന്നെ ഒറ്റയടിക്ക് ഭരണം പിടിക്കാനാണ് പിന്നണിഗായകന്‍ എന്ന വിശ്ഷമം കൂടി പേറുന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന വിജയ് ലക്ഷ്യമിടുന്നത്. വിജയ്‌യുടെ ഈ നീക്കം ലോകസഭ തിരഞ്ഞെടുപ്പില്‍ തമിഴകം തൂത്തുവാരിയ ഡി.എം.കെ മുന്നണിയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സ്റ്റാലിന്‍ സര്‍ക്കാരിന്റെ ജനകീയ പ്രതിച്ഛായയെ തകര്‍ക്കാന്‍ ലഭിക്കുന്ന ഒരവസരവും ദളപതിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പാഴാക്കുന്നില്ല. അതാണിപ്പോള്‍ ടി.വി.കെയുടെ സംസ്ഥാന പര്യടനത്തിലും നിഴലിക്കുന്നത്.
സ്റ്റാലിന്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ അപകടകാരി ആയാണ് ദളപതി ഇപ്പോള്‍ മാറി കൊണ്ടിരിക്കുന്നത്. ദളപതിയുടെ വാക്കുകള്‍ക്ക് തമിഴ് ജനതയെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട് എന്നതാണ് ഡി.എം.കെ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. 2026-ലെ തിരഞ്ഞെടുപ്പ് വിജയ്‌യും മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനും തമ്മില്‍ ആകാനാണ് സാധ്യത. സ്റ്റാലിന്‍ തന്റെ പിന്‍ഗാമിയായി കാണുന്നതും ഉദയനിധിയെ തന്നെയാണ്. ദളപതിയെ പോലെ ഒരു മാസ് താരമല്ലങ്കിലും കേഡര്‍ പാര്‍ട്ടിയായ ഡി.എം.കെയുടെ കരുത്തിലാണ് ഉദയനിധിയുടെ ആത്മവിശ്വാസം. ദളപതിയുടെ കരുത്താകട്ടെ അദ്ദേഹത്തിന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകരിലുമാണ്.
എന്നാല്‍ കരൂരിലെ കൂട്ട മരണം വിജയിന്റെ ലക്ഷ്യപ്രാപ്തിയെ എത്രമേല്‍ സ്വാധീനിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. സിനിമാ തീയേറ്ററില്‍ നിരായുധനായ എംജി.ആറും വില്ലനും തന്നില്‍ സംഘട്ടനം നടക്കുമ്പോള്‍ പ്രേക്ഷകനായ ആരാധകന്‍ കൈയിലിരുന്ന കത്തി സ്‌ക്രീനിലേയ്ക്ക് എറിഞ്ഞു കൊടുത്ത പാരമ്പര്യമാണ് തമിഴരുടേത്. എം.ജി.ആറും ജയലലിതയും മരിച്ചപ്പോള്‍ ആത്മഹത്യ ചെയ്തവരും തമിഴകത്തുണ്ട്. താരങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. റാലികളിലും പാര്‍ട്ടി സമ്മേളനങ്ങളിലും തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചു വീഴുന്നത് ഇതാദ്യമല്ല. അതിനാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കുമെല്ലാം ഏതാനും ദിവസത്തെ ആയുസ് മാത്രമേയുണ്ടാവുകയുള്ളൂ. ആരാധക വൃന്ദം 'വിജയ് വിജയ'ത്തിനുവേണ്ടി എല്ലാം മറക്കുകതന്നെ ചെയ്യും.