
മലയാളനാട്ടിൽ ജനിച്ചുവെന്നതാണ് ഒരു പക്ഷെ സി കെ ജാനുവിന്റെ പരാജയം. വയനാട്ടിലെ തൃശ്ശിലേരിയിൽ അടിയർ എന്ന അടിമകുലത്തിൽ ജനിച്ച ജാനു സ്‌കൂൾ ഫൈനൽ എത്തിയില്ലെങ്കിലും ഇരുതാം വയസിൽ സ്വിസ് തലസ്ഥാനമായ ബേണിൽ പോയി ജനിതക മാറ്റക്കമ്പനി മൊൺസാന്റോയുടെ ആസ്ഥാനത്ത് സത്യഗ്രഹം ഇരുന്നു, മലയാളത്തിൽ പ്രസംഗിച്ചു
ഗ്ളാസ്ഗോയ്ക്കടുത്തു ട്വാവെച്ചറിൽ ഇക്കഴിഞ്ഞ ജൂലൈ 22 മുതൽ 29 വരെ നടന്ന സ്കോട്ടിഷ് ക്‌ളൈമറ്റ് ക്യാമ്പിൽ ഒരു ഉശിരൻ പ്രസംഗം ചെയ്തു മടങ്ങിയെത്തിയതേ ഉള്ളു ഈ വയനാടൻ അടിയത്തി. അടിമയായി ജനിച്ചുവെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒരു പെട്രാക്കൊല്ലിയായി വളർന്നു. ജർമ്മൻ ഗ്രീൻ പ്രസ്ഥാനത്തിന്റെ സ്ഥാപകയായി ശോഭിച്ച ആളാണല്ലോ ബുണ്ടസ്‌റ്റാഗ് അംഗമായിരുന്ന പെട്രാക്കൊല്ലി.

സികെ ജാനു ആദിവാസിലോകത്തെ പെട്രാകെല്ലി
പതിനഞ്ചാം വയസുമുതൽ വയനാട്ടിലെ ആദിവാസികൾക്കായി പോരാടുന്ന ജാനു അമ്പത്തഞ്ച് എത്തിയിട്ടും പോരാട്ടവീര്യം കെടാതെ സൂക്ഷിക്കുന്നു. ലോകമൊട്ടാകെയുള്ള അശരണരും പതിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ഭൂമിയുടെ മക്കൾ കൈകോർക്കണം എന്നാണ് ഗ്ലാസ്ഗോയിൽ ജാനു ആഹ്വാനം ചെയ് തത്
2003ൽ മുത്തങ്ങ സമരത്തിലൂടെ ദേശീയ, അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ജാനു 1993ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യ ഇൻഡിജെനസ് പീപ്പിൾസ് പാക്ട് സമ്മേളനത്തിനു വേണ്ടിയാണ് ആദ്യമായി വിദേശത്തു പോയത്. പ്രായം 23. കന്നഡ കലർന്ന ആദിവാസി ഭാഷയല്ലാതെ മലയാളമോ ഇംഗ്ളീഷോ അറിഞ്ഞുകൂടാ. പ്രസംഗം ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തു.

സമരകാല ബുദ്ധി കേന്ദ്രം എം ഗീതാനന്ദനുമൊത്ത്
ബാങ്കോക്കിനു പോകാൻ വേണ്ടി ഡൽഹി എയർപോർട്ടിൽ എത്തിയ ജാനുവിനെ പാസ്‌പോർട്ടിൽ എമിഗ്രേ ഷൻ ക്ലീയറൻസ് ഇല്ലെന്നു പറഞ്ഞു തടഞ്ഞു വച്ചു. ക്ലീയറൻസിസിനു വേണ്ടി പിറ്റേന്ന് ഡൽഹിയിലെ പാസ്പോര്ട്ട് ഓഫീസ് സന്ദർശിച്ചപ്പോൾ ആംഗ്യഭാഷയിലാണ് സംസാരിച്ചതെന്ന് 'അടിമ മക്ക' (അടിമ മക്കൾ) എന്ന 2023ലെ ആത്മകഥയിൽ ജാനു പറയുന്നു.
ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ ജാനു ഇപ്പോൾ ഇംഗ്ളീഷ് പഠിക്കുകയാണ്. അതിനു വേണ്ടി 2023 സെപ്റ്റംബറിൽ മാനന്തവാടിയിലെ നിള അക്കാദമിയിൽ ചേർന്നു. എന്നാൽ ആ നവംബറിൽ അമ്മ മരിച്ചതോടെ ക്ലാസിൽ പോകാൻ കഴിയാതെയായി. മരണാന്തരചടങ്ങുകൾ കഴിഞ്ഞു വീണ്ടും ക്ലാസ്സിൽ ഹാജരായി.

അടിയത്തി അമ്മയോടൊപ്പം
ജാനു അവിവാഹിതയാണ്. പക്ഷെ ഒരു പെൺകുട്ടിയെ ദത്തെടുത്ത് വളർത്തുന്നു. അവൾക്കു ജാനകി എന്ന് പേരിട്ടു. നല്ല ഇംഗ്ളീഷ് പഠിപ്പിക്കുവാൻ വേണ്ടി ജാനകിയെ എറണാകുളത്തുള്ള ഇൻഫന്റ് ജീസസ് സ്‌കൂളിൽ ചേർത്തിരിക്കുന്നു.
ആദിവാസികൾ സ്വന്തം ഭൂമി വീണ്ടെടുക്കാൻ നടത്തിയ സമരം ഫലം കാണാതെ വന്നപ്പോൾ 2003ൽ മുത്തങ്ങവനമേഖലയിൽ അതിക്രമിച്ച് കടന്നു കുടിലുകൾ കെട്ടി താമസിക്കുകയായിരുന്നു. അവിടം വനമേഖലയല്ല ആകെയുള്ള 12,000 ഏക്കർ ഭൂമി യൂക്കാലി തോട്ടത്തിനായി ബിർളക്ക് കൈമാറ്റം ചെയ്തതാണ്. അതിൽ ആറായിരം ഏക്കർ ആദിവാസികൾക്ക് നൽകണമെന്നായിരുന്നു ആവശ്യം.
എകെ ആന്റണി മുഖ്യമന്ത്രിയായി യുഡിഎഫ് ഭരിക്കുന്ന കാലം. 2001ൽ തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുമ്പിൽ കുടിൽ കെട്ടി 48 ദിവസം നിൽപ്പു സമരം നടത്തി. ഭൂമിനഷ്ട്ടപെട്ടവർക്കു ഭൂമി തിരികെക്കിട്ടാൻ അർ ഹതയുണ്ടെന്നു 1987ലെ കേന്ദ്രനിയമം അനുശാസിക്കുന്നു. അതിന്റെ ബലത്തിലായിരുന്നു സമരം. ഭൂമി നൽകാമെന്ന യുഡിഎഫ് ഗവർമെന്റിന്റെ വാഗ്ദാനം കേട്ട് സമരം അവസാനിപ്പിച്ചു.

2003 ലെ മുത്തങ്ങാ സമരം
പക്ഷെ സർക്കാർ വാഗ്ദാനം പാലിച്ചില്ല. അതിനെത്തുടർന്നാണ് കുഞ്ഞുകുട്ടികളടക്കം 283 ആദിവാസികൾ മുത്തങ്ങയിൽ അതിക്രമിച്ചു കടന്നു കുടിൽ കെട്ടിയത്. അവരെ കുടിയിറക്കണമെന്ന അക്കാര്യത്തിൽ ഇടതും വലതും ഒന്നിച്ചു നിന്നു. 2003 ഫെബ്രുവരി 19 കുടിയിറക്കി. പോലീസ് കുടിലുകൾക്കു തീയിട്ടു. ആദിവാസികൾ കല്ലും വടിയുമായി പോലീസിനെ നേരിട്ടു.
ജാനു ഉൾപ്പെടെ ഒരുപാടുപേർക്കു പരുക്കേറ്റു. ജാനുവിന്റെ അടികൊണ്ടു വീർത്ത മുഖം കേരളത്തിന്റെ വേദനയായിമാറി. കെവി വിനോദ് എന്ന പോലീസുകാരൻ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു വെന്നായിരുന്നു അധികൃത ഭാഷ്യം. എന്നാൽ പതിനാറു പേർ മരിച്ചുവെന്ന് സ്വതന്ത്ര അന്വേഷണങ്ങൾ വെളിപ്പെടുത്തി. ജാനുവും സമരനേതാക്കളൂം മൂന്നു മാസം ജയിലിൽ കിടന്നു.

അടികൊണ്ടു വീർത്ത മുഖവുമായി ജാനുവും കൂടെ ഗീതാനന്ദനും
മുത്തങ്ങാ സമരത്തിൽ ജാനുവിന്റെ പങ്കു വെളിപ്പെടുത്തുന്ന ചിത്രമാണ് 2025ൽ ടോവിനോ തോമസ് നായകനും ആര്യാ സലിം സമര നായികയുമായി ഇറങ്ങിയ 'നരിവേട്ട'. വൻ ജനപ്രീതി നേടിയചിത്രം. നാൻസി എന്ന ധീര പോരാളി വെടിയേറ്റു മരിക്കുന്നതാണ് ചിത്രത്തിന്റെ പരിസമാപ്തി. പക്ഷെ അതിലൂടെ സികെ ജാനുവിന്റെ തിരിച്ചു വരവിന്റെ കേളികൊട്ടാണ് മലയാളികൾ കേട്ടതെന്നു വ്യാഖ്യാനമുണ്ട്. പക്ഷെ ചിത്രം സത്യം തുറന്നു പറഞ്ഞില്ല എന്നാണ് ജാനു പ്രതികരിച്ചത്.
മുത്തങ്ങാ വെടിവയ്പ്പിന് ശേഷം അരുന്ധതി റോയ് എ.കെ. ആന്റണിക്കയച്ച കത്തിൽ 'നിങ്ങളുടെ കൈയിൽ രക്തം പുരണ്ടിരിക്കുന്നു'വെന്നു കുറ്റപ്പെടുത്തി. സംഭവങ്ങളെത്തുടർന്നു ആദിവാസികളോടുള്ള അധികൃത നയത്തിൽ വലിയ മാറ്റം വന്നു. ഓരോകുടുംബത്തിനും അഞ്ചേക്കർ വീതം പട്ടയം നൽകി. പിണറായി സർക്കാർ 2023 മാർച്ച് 17നു 37 കുടുംബങ്ങൾക്ക് പട്ടയം നൽകിയതാണ് ഏറ്റവും ഒടുവിലത്തെ നടപടി.

മേധാപഡ് കറോടൊപ്പം
'ഞാനന്ന് തെറ്റ് ചെയ്തു, അതിൽ പശ്ചാത്തപിക്കുന്നു' എന്ന് ആന്റണി 2025 സെപ്റ്റംബറിൽ പത്രസമ്മേളനം വിളിച്ച് ഏറ്റു പറയുന്നതും കേരളം കേട്ടു. നിയമസഭയിൽ ഈവിഷയം ചർച്ചചെയ്തപ്പോൾ ഒരൊറ്റ കോൺഗ്രസ് മെമ്പർ പോലും തന്നെ പിന്തുണക്കാൻ ഉണ്ടായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി.
ജാനുവിന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ കഥയും ഇതുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആദിവാസി ഗോത്രമഹാസഭയുടെ പേരിൽ ഒന്നും നേടാൻ ആവില്ലെന്നു ജാനു തിരിച്ചറിഞ്ഞു. തന്മൂലം ജനാധിപത്യ രാഷ്ട്രീയ സഭ (ജെആർഎസ്) എന്ന പാർട്ടിയുണ്ടാക്കി.
എൻഡിഎ സഖ്യത്തിൽ ചേർന്ന് സുൽത്താൻ ബത്തേരിയിൽ 2016ലും 2021ലും ജാനു നിയമസഭയിലേക്ക് മത്സരിച്ചു. രണ്ടു തവണയും കോൺഗ്രസിലെ ഐ.സി. ബാലകൃഷ്ണനാണ് വിജയിച്ചത്. 2016ൽ 27,920 വോട്ടു നേടി മൂന്നാം സ്ഥാനത്തെത്തിയ ജാനുവിന്റെ വോട്ടു വിഹിതം 2021ൽ 15,198 ആയി കുറഞ്ഞു.

. 'സ്വന്തം കുരുമുളക് വിറ്റു' വാങ്ങിയ കാറിൽ
ജാനുവിന്റെ കക്ഷിക്ക് ബിജെപി പത്തുലക്ഷം രൂപ നൽകിയെന്ന് വാർത്തയുണ്ടായിരുന്നു. ആ തുക അണികൾ;ക്കു നൽകാതെ ജാനു കവർന്നെടുത്തു എന്ന് ആരോപണം വന്നു. ആ പണം ഉപയോഗിച്ച് വലിയ കാർ വാങ്ങി ഓടിച്ച് നടക്കുന്നു എന്നായി മറ്റൊരു ആരോപണം. താൻ സമരം ചെയ്തു നേടിയ ഭൂമിയിൽ കൃഷി ചെയ്തുണ്ടാക്കിയ കുരുമുളക് വിറ്റാണ് കാർ വാങ്ങിയതെന്നായിരുന്നു ജാനുവിന്റെ മറുപടി.
'എത്രയോ ആദിവാസികൾക്ക് കാറുണ്ട്! ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്ത് ഒരു കാർ വാങ്ങിയതാണെന്നോ കുറ്റം? എന്റെ പണം കൊടുത്തു വാങ്ങുന്ന കാർ ഞാൻ ഇഷ്ട്ടം പോലെ ഓടിച്ച് നടക്കും! തൃശൂരും ബംഗലൂരുമൊക്കെ കാര് ഡ്രൈവ് ചെയ്‌ത് പോയിട്ടുണ്ട്.'

ബിജെപി ചങ്ങാത്തക്കാലത്തു സ്‌മൃതി ഇറാനിയോടൊപ്പം
രാഷ്ട്രീയ പാർട്ടികളെല്ലാം ആദിവാസികളെ കൂട്ടുപിടിച്ച് കാര്യം നേടിയ ശേഷം ഉപേക്ഷിക്കുന്നവരാണെന്നു ആത്മകഥയിൽ ജാനു കുറ്റപ്പെടുത്തുന്നു. പതിനഞ്ചാം വയസിൽ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിൽ അംഗമായിരുന്നു. മുദ്രാവാക്യം വിളിക്കാനും പോസ്റ്റർ ഒട്ടിക്കാനും കൂടെ കൂട്ടിയിട്ടു തന്റെ പേര് പോലും ഉച്ചരിക്കാത്തവരാണ് സിപിഎം!
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നിട്ട് കാൽക്കാശിന്റെ ഉപകാരം സഖ്യകക്ഷിയായ ജെആർഎസി ന് കിട്ടിയിട്ടില്ല. തരാം, പരിഗണിക്കാം എന്നൊക്കെ ആവർത്തിക്കുന്നതല്ലാതെ പേരിനു ഒരു പദവി പോലും നൽകിയിട്ടില്ല.

ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന വളർത്തുമകൾ ജാനകി
അതുകൊണ്ടു അടുത്ത പഞ്ചായത്തു, മുനിസിപ്പൽ, കോർപറേഷൻ തെരെഞ്ഞെടുപ്പിൽ ജാനു യൂഡിഎഫിനെ പിന്തുണക്കാൻ ആലോചിക്കുന്നുവെന്നാണ്കേൾവി. സെക്രട്ടറിയേറ്റിൽ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി എം. ഗീതാനന്ദൻ ആയിരുന്നു ദീർഘകാലം ജാനുവിന്റെ ബുദ്ധികേന്ദ്രം. അദ്ദേഹം അകന്നു മാറി. ഇപ്പോൾ ഒറ്റക്കാണ്. കൂട്ടാളിയായിഎന്നും ജാനകിയുണ്ട്.

മുത്തങ്ങയുടെ കഥ പറയുന്ന 'നരിവേട്ട'യിലെ സമര നായിക ആര്യ സലിം