
2005-ല്‍ ദക്ഷിണാഫ്രിക്കയിലും 2017ല്‍ ഇംഗ്ലണ്ടിലും ഫൈനലില്‍ കൈവിട്ട വിജയം ഇക്കുറി ഇന്ത്യയ്ക്കു സാധ്യമാകുമോ ? മിതാലി രാജിന് ഇല്ലാതെപോയ ഭാഗ്യം ഹര്‍മന്‍പ്രീത് കൗറിനെ തുണയ്ക്കുമോ? വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ പുതിയ പതിപ്പ് ഇന്ന് തുടങ്ങിയപ്പോള്‍ ഉയരുന്ന ചോദ്യമാണ്. ആദ്യമത്സരത്തില്‍ സംയുക്ത ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയുമാണ് എതിരാളികള്‍. ഗുവാഹത്തിയിലാണ് മത്സരം.
ഇന്ത്യ, ശ്രീലങ്ക, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ എട്ടുടീമുകളാണ് പങ്കെടുക്കുന്നത്. പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ്. എട്ടു ടീമുകള്‍ക്കായി 31 മത്സരങ്ങള്‍ ഉണ്ട്. വനിതകള്‍ മാത്രമാണ് ഇക്കുറി മത്സരങ്ങള്‍ നിയന്ത്രിക്കുക. 14 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരും വനിതകളാണ്. ജേതാക്കള്‍ക്ക് 39.75 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 19.87 കോടിയും സെമിയില്‍ എത്തുന്നവര്‍ക്ക് 9.23 കോടി രൂപയും കിട്ടും. ആകെ 124 കോടി രൂപയുടെ സമ്മാനം.
ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഏഴു തവണ അവര്‍ ലോകകപ്പ് നേടി. നാലു തവണ ഇംഗ്ലണ്ട് ജേതാക്കളായി. ഒരിക്കല്‍ ന്യൂസിലന്‍ഡും വിജയികളായി. ഈ മൂന്നു ടീമുകള്‍ മാത്രമാണ് ഇതുവരെ കപ്പ് നേടിയത്. ലോകകപ്പിന്റെ പതിമൂന്നാം പതിപ്പാണ് ഇന്ത്യ തുടങ്ങിയത്.
പുരുഷന്മാരുടെ ഏകദിന ലോകകപ്പ് 1975 ല്‍ ആണു തുടങ്ങിയതെങ്കില്‍ വനിതാ ലോകകപ്പ് 1973ല്‍ ആരംഭിച്ചു. 2005 വരെ രാജ്യാന്തര വനിതാ ക്രിക്കറ്റ് കൗണ്‍സില്‍ ആയിരുന്നു സംഘാടകര്‍. 1978 ല്‍ ഇന്ത്യ ആതിഥേയരായപ്പോഴാണ് ഇന്ത്യന്‍ ടീം അരങ്ങേറിയതും. പിന്നീട് 1997 ലും 2013 ലും ഇന്ത്യ വനിതാ ലോകകപ്പ് വേദിയായി. ഏറ്റവും ഒടുവില്‍ 2022ല്‍ ന്യൂസിലന്‍ഡിലാണ് ലോകകപ്പ് നടന്നത്. 2005ല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയും 2017ല്‍ ഫൈനലില്‍ ഇംഗ്ലണ്ടും ഇന്ത്യയെ പരാജയപ്പെടുത്തി.
മിതാലി രാജ് 2005ലും 2009ലും 2013ലും 2017ലും 2022 ലും ഇന്ത്യയെ നയിച്ചു. 2022ല്‍ സെമി കാണാതെയാണ് ഇന്ത്യ മടങ്ങിയത്. ലോകകപ്പ് എന്ന സ്വപ്‌നം ബാക്കിയാക്കി മിതാലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ആറു ലോകകപ്പ് കളിച്ച താരമെന്ന റെക്കോര്‍ഡിന് ഉടമയാണ് മിതാലി. ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ എന്ന നേട്ടം ജൂലന്‍ ഗോസ്വാമിക്കുമുണ്ട്. മിതാലിക്കു പിന്നാലെ ജൂലനും വിരമിച്ചു.
അരങ്ങേറിയ വര്‍ഷം മൂന്നു മത്സരങ്ങളും തോറ്റ്, നാലാമത്തെയും അവസാനത്തെയും സ്ഥാനം നേടിയ ഇന്ത്യയെ രണ്ടു തവണ കലാശപ്പോരാട്ടത്തിനു സജ്ജരാക്കിയ മിതാലിയും ജൂലനും ഇല്ലാത്ത ഇന്ത്യയെയാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി കാണുന്നത്. പക്ഷേ, മിതാലി നിര്‍ത്തിയിടത്തു നിന്ന് ഹര്‍മന്‍ പ്രീത് കൗര്‍ തുടര്‍ന്നു. ഉപനായിക സ്മൃതി മന്ഥാന മികച്ച ഫോമിലാണെന്നതാണ് ഇത്തവണ ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യന്‍ ടീമില്‍ ജെമൈമ റൊഡ്രിഗ്‌സ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ തുടങ്ങിയവരൊക്കെ അനുഭവസമ്പരാണ്. 1978 ല്‍ ഇന്ത്യ പങ്കെടുത്ത ആദ്യ ലോകകപ്പില്‍ തമിഴ്‌നാടിന്റെ മലയാളി താരം സൂസന്‍ ഇട്ടിച്ചെറിയയെയാണ് നായികയാക്കിയതെങ്കിലും വിമാനം വൈകിയതിനാല്‍ കൊല്‍ക്കത്തയില്‍ ആദ്യ മത്സരത്തിന് സൂസന് സമയത്ത് എത്തിച്ചേരാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഡയാനാ എഡുൾജി ഇന്ത്യയെ നയിച്ചു. കേരളത്തില്‍ ജനിച്ച തമിഴ്‌നാട് താരം സുധാ ഷായും 1978 ലെ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. ഇത്തവണ കേരളത്തിൻ്റെ മിന്നു മണി റിസര്‍വ് താരമാണ്. ഒക്ടോബര്‍ അഞ്ചിന് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കൊളംബോയില്‍ നടക്കും. നവംബര്‍ രണ്ടിനാണ് ഫൈനല്‍.