Image

ശബരിമല അയ്യപ്പ സ്വാമിയുടെ സ്വര്‍ണം അടിച്ചുമാറ്റുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോ..? (എ.എസ് ശ്രീകുമാര്‍)

Published on 30 September, 2025
ശബരിമല അയ്യപ്പ സ്വാമിയുടെ സ്വര്‍ണം അടിച്ചുമാറ്റുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോ..? (എ.എസ് ശ്രീകുമാര്‍)

ഭക്തകോടികളുടെ ശരണസ്ഥലിയായ ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വര്‍ണം, ദേവസ്വം ബോര്‍ഡ് ഭരണ-ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെ കൊള്ളയടിക്കപ്പെടുകയാണെന്ന ആക്ഷേപം ശരിയാണെന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദ്വാരപാലക ശില്‍പങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച സ്വര്‍ണം പൂശിയ പീഠങ്ങള്‍ അപ്രത്യക്ഷമായതും ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയി തിരിച്ചെത്തിച്ചപ്പോള്‍ കിലോക്കണക്കിന് സ്വര്‍ണം കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിവാദം. ഇതിന്റെ പിന്നാലെ പോകുമ്പോള്‍ മനസിലാവുന്നത് ശബരിമലയുടെ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡിലോ ബന്ധപ്പെട്ട ഇടങ്ങളിലോ വ്യക്തമായ ഒരു കണക്കും ഇല്ലെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. 2019-ല്‍ ഇത് സ്വര്‍ണം പൂശാനായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോയി തിരികെ എത്തിച്ചപ്പോള്‍ തൂക്കിനോക്കിയിട്ടില്ലെന്നും 4.514 കിലോയുടെ കുറവുണ്ടായത് മറച്ചുവയ്ക്കാനായിരുന്നോ തൂക്കിനോക്കാതിരുന്നതെന്നുമാണ് കേരള ഹൈക്കോടതി ചോദിക്കുന്നത്. സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകുമ്പോള്‍ 42 കിലോഗ്രാം ഉണ്ടായിരുന്നു. 1999-ല്‍ സ്ഥാപിച്ച സ്വര്‍ണപ്പാളികളുടെ വിവരങ്ങള്‍ മഹസറിലടക്കം ഇല്ലെന്നാണ് വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ഓഫീസര്‍ പറയുന്നത്.

ഇതേ വര്‍ഷം ശ്രീകോവിലിന്റെ മേല്‍ക്കൂരയടക്കം സ്വര്‍ണം പൂശുന്നതിന് 30 കിലോയിലധികം സ്വര്‍ണം ഉപയോഗിച്ചിട്ടുണ്ട്. ഇതേപ്പറ്റിയുള്ള വിവരങ്ങളും രജിസ്റ്ററില്‍ ഇല്ല. ദേവസ്വം ബോര്‍ഡ് അധികൃതരുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്തപ്പോള്‍ സ്വര്‍ണത്തെക്കുറിച്ച് പരാമര്‍ശമില്ലാതെ 'ചെമ്പുപാളികള്‍' എന്ന് മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ മഹസറില്‍ ചേര്‍ത്തതത്രേ. ഇക്കാര്യത്തില്‍ അടക്കം ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണം, വെള്ളി, വിലയേറിയ കല്ലുകള്‍, പുരാവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും സമഗ്രമായ ഓഡിറ്റ് നടത്തുന്നതിനായി വിരമിച്ച ജസ്റ്റിസ് കെ.ടി ശങ്കരനെ കേരള ഹൈക്കോടതി നിയമിച്ചു.

ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്ര സങ്കേതത്തിനുള്ളില്‍വെച്ച് നടത്തണമെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെയോ ഹൈക്കോടതിയുടെയോ അറിവോടെ മാത്രമേ ഇത് ചെയ്യാവൂ എന്നും നിലവിലുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേയ്ക്ക് കൊണ്ടുപോയത്. വിഷയം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെയാണ് ഹൈക്കോടതി ഇടപെടുന്നത്. പവിത്രമായ വസ്തുക്കളുടെ ദുരുപയോഗം, മോഷണം എന്നിവ തടയുന്നതിനായി കൃത്യമായ ഡിജിറ്റല്‍ രേഖകള്‍ ഉറപ്പാക്കുകയാണ് രഹസ്യ സ്വഭാവത്തിലുള്ള ഈ കണക്കെടുപ്പിന്റെ ലക്ഷ്യമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ബന്ധപ്പെട്ടവരുടെ ഗുരുതരമായ വീഴ്ചയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി കുറ്റപ്പെടുത്തിയത്. കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമാണ് സംഭവിച്ചതെന്ന് നിരീക്ഷിച്ച ഹൈക്കോടതി,  രജിസ്റ്ററുകള്‍ ഉദ്യോഗസ്ഥര്‍ അപ്‌ഡേറ്റഡായി സൂക്ഷിക്കാത്തത് ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണോയെന്നും പരിശോധിക്കണമെന്ന് നിര്‍ദേശിച്ചു. സ്ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കണം. തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വിശദമായി പരിശോധിക്കണം. 1999 മുതല്‍ രേഖകളില്‍ അവ്യക്തതയുണ്ട് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണപ്പാളിയുടടെ 4 കിലോ തൂക്ക വ്യത്യാസത്തിലൂടെ ഇപ്പോഴത്തെ വിലയനുസരിച്ച് ഏകദേശം 48 കോടി 91 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ വിലയുടെ ഇന്നത്തെ മാര്‍ക്കറ്റ് വിലപ്രകാരം 48.94 കോടി രൂപ. ആറന്‍മുള സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ളവയുടെ കസ്റ്റോഡിയന്‍ തിരുവാഭരണം കമ്മിഷണറാണ്. വഴിപാടായി കിട്ടുമ്പോഴും വിശേഷ ദിവസങ്ങളില്‍ പൂജയ്ക്ക് കൊണ്ടുപോകുമ്പോഴും അറ്റകുറ്റപ്പണികള്‍ക്ക് നല്‍കുമ്പോഴും കൃത്യമായ തൂക്കം മഹസറായി രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന കര്‍ശന വ്യവസ്ഥയുള്ളപ്പോഴാണ് ഈ പകള്‍ക്കൊള്ള നടക്കുന്നത്.

ഇതിനിടെ, ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സമര്‍പ്പിച്ച കാണാതായ സ്വര്‍ണം പൂശിയ പീഠങ്ങള്‍ കണ്ടെടുത്തെങ്കിലും സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വിദ്വാന്‍ ഉഡായിപ്പുകാരനാണെന്ന് വ്യക്തമായിട്ടുണ്ട്. പീഠങ്ങള്‍ ശബരിമല ക്ഷേത്രത്തിലേയ്ക്ക് നല്‍കിയെന്നും അവിടെനിന്ന് കാണാതായെന്നുമായിരുന്നു ഇയാള്‍ നേരത്തെ പറഞ്ഞത്. 2019-ല്‍ വിഗ്രഹങ്ങളുടെ പാളികള്‍ സ്വര്‍ണം പൂശുന്നതിനായി മാറ്റിയപ്പോള്‍ പീഠങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് താനാണെന്ന് പോറ്റി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2020-ല്‍ പണി പൂര്‍ത്തിയായ പീഠം ക്ഷേത്രത്തില്‍ എത്തിക്കാതെ പോറ്റിയുടെ തൊഴിലാളിയായ വാസുദേവന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും പിന്നീട് അത് സഹോദരി മിനിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

സെപ്റ്റംബര്‍ 13-നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. 2021 മുതല്‍ ഇത് വാസുദേവന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിഷയത്തില്‍ കോടതി ഇടപെട്ടതോടെ വാസുദേവന്‍ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്നെ കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ വാസുദേവന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി സൂപ്രണ്ട് ഓഫ് പോലീസ് സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ആസ്ഥാനമായുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പീഠം കണ്ടെടുക്കുകയായിരുന്നു. ഇതോടെ പോറ്റി മെനഞ്ഞ കഥകളെല്ലാം പൊളിഞ്ഞു.

എന്നാല്‍ ആരാണ് ഈ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന് വ്യാപകമായി ഉയരുന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്പി.എസ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ആഗോള അയ്യപ്പ സംഗമത്തില്‍ മുഷ്ടി ചുരുട്ടി ശരണം വിളിച്ച്  സ്വാഗത പ്രസംഗം നടത്തി തന്നെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ച സി.പി.എമ്മിനോടും പിണറായി വിജയനോടുമുള്ള കൂറ് പരസ്യമായി പ്രകടിപ്പിച്ച വ്യക്തിയാണ് പ്രശാന്ത്. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന മഹാന്‍ ഒരു സ്‌പോണ്‍സര്‍ ഏജന്റാണത്രേ. ശബരിമലയില്‍ ഭക്തരുടെയും അയ്യപ്പന്റെയും ഇടയില്‍ ഇത്തരം ഏജന്റുമാര്‍ യഥേഷ്ടം വിലസുന്നുണ്ടെന്നാണ് അവിടെ നിര്‍ബാധം നടക്കുന്ന വെട്ടിപ്പുകള്‍ പുറത്തുവരുമ്പോള്‍ മനസിലാവുന്നത്. സ്‌പോണ്‍സര്‍മാര്‍ക്കും ദേവസ്വം ബോര്‍ഡ് സാറന്‍മാര്‍ക്കും ഇടയിലെ ബ്രോക്കര്‍മാരാണ് ഈ ഭക്തവ്യാജന്‍മാര്‍.

ഈ പോറ്റിയുടെ ഇടപെടലുകളെക്കുറിച്ച് വലിയ ദുരൂഹതയുണ്ട്. ശബരിമലയില്‍ വഴിപാടായി നല്‍കിയ പീഠവും ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണപ്പാളികളും യഥേഷ്ടം കൈകാര്യം ചെയ്യാന്‍ ഉണ്ണികൃഷ്ണന് ആര് അധികാരം നല്‍കി..? പീഠങ്ങള്‍ കൈവശമുണ്ടായിട്ടും കാണാതായെന്നു കള്ളം പറഞ്ഞതെന്തിന്..? ദേവസ്വം ബോര്‍ഡ് സംശയിക്കുന്നതുപോലെ ഗൂഢാലോചനയുണ്ടായെങ്കില്‍ അതിന്റെ സൂത്രധാരന്‍മാര്‍ ആരാണ്..? പീഠങ്ങള്‍ ശബരിമലയില്‍ ഏല്‍പിക്കുന്നതിനു പകരം കൈവശം വെച്ചതെന്തിന്..? ഏതെങ്കിലും കാരണത്താല്‍ ബോര്‍ഡ് കൈപ്പറ്റാതിരുന്നതാണെങ്കില്‍ അക്കാര്യം നേരത്തേ പറയേണ്ടതല്ലേ..? പീഠം ശബരിമലയില്‍ നിന്ന് കാണാതായെന്ന്, ആഗോള അയ്യപ്പസംഗമം നടക്കാറായപ്പോള്‍ പറഞ്ഞതെന്തിന്..?

കാണാതായ സ്വര്‍ണ പീഠം സ്‌പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്നും കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചത്. അയ്യപ്പ സംഗമം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പീഠം കണാനില്ലെന്ന പോറ്റിയുടെ നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പറയുന്നു. ഇവര്‍ക്കെല്ലാം ഇങ്ങോട്ട് പറയാനും നിരത്താനും ന്യായവാദങ്ങളേറെയുണ്ട്. എന്നാല്‍ വ്യക്തമായ ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടിയില്ല താനും. ഏതായാലും അയ്യപ്പന്റെ മുതല്‍ അടിച്ചുമാറ്റി പുട്ടടിക്കുന്ന സംഘം ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ആരുടെയൊക്കെ പിണിയാളുകളാണെന്നാണ് ഭക്തജനങ്ങള്‍ക്കറിയേണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക