
ഫോമാ നാഷണൽ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ പെൻസിൽവാനിയായിലെ അതിമനോഹരമായ പോക്കോണോസ് മലഞ്ചെരുവിലുള്ള വുഡ് ലാൻഡ്‌സ് ഇൻ റിസോർട്ടിൽ വച്ച്, സെപ്റ്റംബർ 26 മുതൽ സെപ്റ്റംബർ 28 വരെ നടത്തപ്പെട്ട ത്രിദിന വനിതാ ഉച്ചകോടി -“സഖി ” (women‘s summit) ആവേശോജ്വലമായി.
വർണശബളമായ ഒട്ടേറെ പരിപാടികൾ കൊണ്ടും സംഘാടന മികവും കൊണ്ടു ശ്രദ്ധേയമായ ഈ പരിപാടി, ഫോമായ്ക്ക് എന്നെന്നും അഭിമാനിക്കാവുന്ന വിധത്തിൽ ചരിത്രത്തിലെ നിറമേറിയ ഒരു അധ്യായമായി. ഫോമാ നാഷണൽ വിമൻസ് ഫോറം ചെയർ പേഴ്സൺ സ്മിത നോബിളിന്റെ നേതൃത്വത്തിൽ, സെക്രട്ടറി ആശ മാത്യു, ട്രഷറർ ജൂലി ബിനോയ്, വൈസ് ചെയർ പേർസൺസ് ആയ ഗ്രേസി ജെയിംസ്, വിഷിൻ ജോ, ജോയിന്റ് സെക്രട്ടറി സ്വപ്ന സജി, ജോയിന്റ് ട്രഷറർ ഡോ മഞ്ജു പിള്ള എന്നിവർ ചേർന്ന് വിഭാവനം ചെയ്തു നടപ്പിലാക്കിയ ഈ പരിപാടി വമ്പിച്ച ജനപ്രീതി നേടി. ഫോമാ ജോയിന്റ്റ് ട്രഷറർ അനുപമ കൃഷ്ണൻ ഇവരോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നുകൊണ്ടു പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു .

ഫോമായുടെ പ്രസിഡന്റ് ബേബി മണക്കുന്നേലും, എക്സിക്യൂട്ടീവ് കമ്മിറ്റി ടീം അംഗങ്ങൾ ആയ ബൈജു വർഗീസ്, സിജിൽ പാലക്കലോടി, ശാലു പുന്നൂസ്, പോൾ പി ജോസ് എന്നിവരും വിമൻസ് സമ്മിറ്റിനു പൂർണപിന്തുണയേകി. പ്രശസ്ത സിനിമാതാരം സ്വാസിക നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്തതോടെ പരിപാടികൾക്ക് തുടക്കമായി.
സഖി എന്ന പേര് പോലെ തന്നെ ഈ വനിതാകൂട്ടായ്മയിൽ നിന്നും എന്നെന്നും നിലനിൽക്കുന്ന നല്ല സൗഹൃദങ്ങൾ ഉണ്ടാകട്ടെ എന്ന് സ്വാസിക ആശംസിച്ചു. പിന്നീട് ഫോമാ വിമൻസ് ഫോറത്തിന്റെ സ്ഥാപക നേതാക്കൾ ആയ ഗ്രേസി ജെയിംസ്, കുസുമം ടൈറ്റസ്, ലാലി കളപ്പുരക്കൽ, സുജ ഔസോ എന്നിവരെ പൊന്നാട നൽകി ആദരിച്ചു. ഫോമാ റീജിനൽ ടീം അംഗങ്ങൾ തങ്ങളുടെ പ്രവർത്തങ്ങളെക്കുറിച്ച് സംസാരിച്ചു.

ബിനോയ് തോമസ് മനോഹരമായി അണിയിച്ചൊരുക്കിയ ചായപ്പീടികയും, നാടൻ പലഹാരങ്ങളും ആകർഷകമായി. മോളമ്മ മോൻസി, അനിത നായർ എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകൾ നാടൻപാട്ടിനൊപ്പം ചുവടുകൾ വച്ചതും കാണികളിൽ ഗൃഹാതുരത്വം ഉണർത്തി. സിദ്ധിഖ് റോഷൻ അവതരിപ്പിച്ച സ്റ്റാൻഡ് അപ്പ് കോമഡി ചിരി പടർത്തി. ലാസ്യ ഡാൻസ് ഗ്രൂപ്പിന്റെ നൃത്തചുവടുകൾ അതീവസുന്ദരമായി . നസീർ മിന്നലെയുടെ ഗാനമേളയും ഡിജെ യാഷിന്റെ ബോളിവുഡ് ഡിജെ പാർട്ടിയും പരിപാടികൾക്ക് തിളക്കം കൂട്ടി. മനോഹരമായ ഫോട്ടോബൂത്തും, ഫ്ലാഷ്മോബുകളും സദസ്യർ ആസ്വദിച്ചു.
ശനിയാഴ്ചത്തെ പരിപാടികൾ ആരംഭിച്ചത് ഡോ മഞ്ജു പിള്ളയുടെ നേതൃത്വത്തിലുള്ള പ്രഭാതസവാരിയും യോഗാക്ലാസും ആയിട്ടാണ്. പ്രകൃതിമനോഹരമായ വുഡ്ലാൻഡ്‌സ് ഇൻ റിസോർട്ടിനെ തഴുകിക്കൊണ്ട് ഒഴുകുന്ന നീരുറവയുടെ സമീപത്തു കൂടിയുള്ള പ്രഭാതസവാരി പങ്കെടുത്തവരിൽ ഉന്മേഷം നിറച്ചു. ഫിനാൻഷ്യൽ പ്രൊഫഷണൽസ് ആയ ജെറിക്സ് തെക്കേൽ, ഡയസ് തോമസ് എന്നിവർ വിൽ & ട്രസ്റ്റ് എന്നിവയുടെ ആവശ്യകതയെക്കുറിച്ചും, സാമ്പത്തിക അച്ചടക്കത്തെകുറച്ചും ആളുകളെ ഉദ്ബോധിപ്പിച്ചു.

പിന്നീട് സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ഡോ അലിയും, സൗന്ദര്യസംരക്ഷണത്തിനു വേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് കോസ്മ്മറ്റോളജിസ്റ് ഡോക്ടർ മൈക്കിൾ കിങ്‌സ്മാനും പഠിപ്പിച്ചു. ശ്രീമതി വിന്നിയുടെ saree draping പ്രവർത്തി പരിചയ ക്ലാസ്സ് സ്ത്രീകൾക്ക് സാരി മനോഹരമായി എളുപ്പത്തിൽ ഉടുക്കാൻ ഉപകാരപ്രദമായി.
ഫാഷൻ ഷോകളിൽ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ശേഖർ മുട്ടുമ്പുറത്ത് നേതൃത്വം കൊടുത്ത “ബോൾഡ് വാക് ചലഞ്ച്” പഠനകളരി വനിതകൾക്ക് 'കാറ്റ് വാക്കി'നു ന് ആത്മവിശ്വാസവും പുതിയ ഉണർവും നൽകി. അടുത്തത് എല്ലാവർക്കും ഒരു പോലെ ഇഷ്ടമായ ഹവായിയൻ ഡാൻസ് ആയിരുന്നു. കഴുത്തിൽ പൂമാലയും തലയിൽ പൂക്കളും ചൂടി അതിനൊത്ത വസ്ത്രങ്ങളും ധരിച്ചു ഹവായിയൻ ഡാൻസേഴ്സിനൊപ്പം ചുവടുകൾ വയ്ക്കവേ പ്രായഭേദമെന്യേ എല്ലാ സ്ത്രീകളും മനസ്സു തുറന്നു ചിരിക്കുന്നതും ഉന്മേഷവതികൾ ആവുന്നതും അനുഭവവേദ്യമായിരുന്നു.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ, നാഷണൽ വിമൻസ് ഫോറം ചെയർപേഴ്സൺ സ്മിത നോബിൾ ഈ വിമൻസ് സമ്മിറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ചും, ഇത് വരെ നാഷണൽ വിമൻസ് ഫോറം ചെയ്ത ചാരിറ്റിപ്രവർത്തങ്ങളെക്കുറിച്ചും മറ്റു പ്രധാന പരിപാടികളെക്കുറിച്ചും ഹൃദ്യമായി സംസാരിച്ചു. സമ്മേളനത്തിൽ അധ്യക്ഷനായ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഫോമായുടെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് ഫോമാ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ്പ്രസിഡന്റ് ശാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ വിമൻസ് ഫോറത്തിനു ആശംസകൾ നേർന്നു.
സമ്മേളനത്തിലെ മുഖ്യ പ്രഭാഷകയായ ഹോണറബിൾ ജഡ്ജ് രാജരാജേശ്വരി സ്ത്രീശക്തിയെക്കുറിച്ചും, നമ്മുടെ സാമൂഹികസാംസ്‌കാരികവികസനത്തിനായി സ്ത്രീകൾ ഒത്തൊരുമയോടെ ഉണർന്നു പ്രവർത്തിക്കേണ്ടതിനെക്കുറിച്ചും പ്രബോധിപ്പിച്ചു. അതോടൊപ്പം ഈ സ്ത്രീ കൂട്ടായ്മ സമൂഹത്തിനു നൽകിയ സംഭാവനകളെ പ്രശംസിച്ചു.
തുടർന്ന് ഫോമാ വിമൻസ് ഫോറം ടീം അംഗങ്ങൾ ആയ സ്മിത നോബിൾ, ആശ മാത്യു, ജൂലി ബിനോയ്, ഗ്രേസി ജെയിംസ്, വിഷിൻ ജോ, സ്വപ്ന സജി , ഡോ മഞ്ജു പിള്ള എന്നിവർ ഈ പരിപാടിയുടെ സ്പോൺസർസിനോടുള്ള നന്ദി പ്രകാശിപ്പിക്കുകയും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അവരെ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
രുചിയേറിയ ബാങ്ക്യുറ്റ് ഡിന്നറും വിമൻസ് റെഡ് കാർപെറ്റ് വാക് /ഫാഷൻ ഷോയും പരിപാടികൾക്ക് മാറ്റ് കൂട്ടി. സമ്മേളനങ്ങളിൽ നാഷണൽ വിമൻസ് ഫോറം സെക്രട്ടറി ആശ മാത്യു സ്വാഗതപ്രസംഗവും ട്രഷറർ ജൂലി ബിനോയിയും ജോയിന്റ് ട്രഷറർ ഡോ മഞ്ജു പിള്ളയും ചേർന്ന് നന്ദിപ്രകാശനവും നടത്തി.
പരിപാടികളുടെ അവതരണം നീനു പ്രതാപ്, ഡയാന സ്കറിയ, പ്രിൻസി ഫിലിപ്പ്, സ്വപ്ന നായർ എന്നിവരുടെ കൈകളിൽ ഭദ്രമായിരുന്നു. സമ്മേളനത്തിന് ശേഷം നടന്ന Musify Philly ട്രൂപ്പിന്റെ സംഗീതമേള മാസ്മരികമായ മെലഡികളും, അടിച്ചുപൊളി പാട്ടുകളും ചേർന്നതായിരുന്നു. ഗാനങ്ങൾക്കൊപ്പം രാവേറും വരെ സദസ്യർ ചുവടുകൾ വച്ചു ഉല്ലസിച്ചു.
ഞായറാഴ്ച രാവിലത്തെ പ്രഭാത ഭക്ഷണവും സോഷ്യൽ അവറും കഴിഞ്ഞതോടെ വിമൻസ് സമ്മിറ്റിന് തിരശീല വീണു. അമേരിക്കയിലും കാനഡയിലും, അങ്ങോളമിങ്ങോളം ഉള്ള മലയാളി വനിതകൾ പങ്കെടുത്ത ഈ ത്രിദിന സ്ത്രീ സംഗമം കഴിഞ്ഞു മടങ്ങുമ്പോൾ പങ്കെടുത്തവർ പറഞ്ഞത് അവർക്ക് ഈ പരിപാടി വളരെ ഇഷ്ടമായി എന്നാണ്. സഖി എന്ന പേര് അന്വർത്വമാക്കുംവിധം പഴയ സൗഹൃദങ്ങൾ പുതുക്കുവാനും, പുതുസൗഹൃദങ്ങൾ സ്ഥാപിക്കുവാനും ഈ കൂട്ടായ്മ സഹായിച്ചു എന്നും, ഒരുപാട് നല്ല ഓർമകളുടെ വസന്തം ഈ പരിപാടിയിലൂടെ ലഭിച്ചു എന്നും അവർ ഒന്നടങ്കം പറഞ്ഞു.
വാർത്ത നൽകിയത് : വിഷിൻ ജോ ( ഫോമാ വിമൻസ് ഫോറം വൈസ് ചെയർപേഴ്സൺ )