
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ ഇടപാടുകളില്‍ ദുരൂഹതയേറുമ്പോള്‍ ദേവസ്വം ബോര്‍ഡ് മേലാളന്‍മാര്‍ കടുത്ത പ്രതിരോധത്തിലായിരിക്കുന്നു. 1998-ല്‍, അന്ന് മള്‍ട്ടി മില്യണറും ഇന്ന് പാപ്പരുമായ വിജയ് മല്യ ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണം പൂശാനായി സമര്‍പ്പിച്ച 30 കിലോ സ്വര്‍ണം കണ്ടെത്താന്‍ ദേവസ്വം വിജിലന്‍സിന് സാധിച്ചിട്ടില്ല. യു.ബി ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന വിജയ് മല്യ വഴിപാടായി ശബരിമല ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിക്കുകയായിരുന്നു. ദ്വാരപാലക ശില്പങ്ങളില്‍ അടക്കം സ്വര്‍ണം പൊതിയാന്‍ ആകെ 30.3 കിലോ സ്വര്‍ണം ഉപയോഗിച്ചതായാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററുകളും അനുബന്ധ രേഖകളും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്ന് കാണാതായിരിക്കുകയാണ്.
ചെമ്പ് തകിടുകള്‍ക്കുമേല്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ വിജയ് മല്യ സമര്‍പ്പിച്ചത് 1998 സെപ്റ്റംബര്‍ നാലിനാണ്. ശ്രീകോവിലിന്റെ മേല്‍ക്കൂര, മേല്‍ക്കൂരയിലെ നാല് നാഗരൂപങ്ങള്‍, ശ്രീകോവിലിന്റെ സീലിങ്, രണ്ട് ദ്വാരപാലക ശില്‍പ്പങ്ങള്‍, ഭിത്തിയിലെ അയ്യപ്പ ചരിതം എഴുതിയ തകിടുകള്‍ എന്നിവയിലാണ് സ്വര്‍ണം പൊതിഞ്ഞത്. ഇതിന് പുറമെ രണ്ട് കമാനങ്ങള്‍, ശ്രീകോവിലിലെ കാണിക്കവഞ്ചി, ശ്രീകോവിലിലെ മൂന്ന് കലശങ്ങള്‍, ശ്രീകോവിലിന് ചുറ്റുമുള്ള ആനയുടെ പ്രതിമകള്‍, ശ്രീകോവിലിന്റെ മുഖ്യ കവാടം, കന്നിമൂല ഗണപതി കോവിലിന്റെ കലശം, നാഗരാജ കോവിലിന്റെ കലശം എന്നിവയിലും സ്വര്‍ണം പൊതിഞ്ഞതായി സമര്‍പ്പണ ദിവസം വിജയ് മല്യ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സി.പി.എം പ്രതിനിധിയായിരുന്ന വി.ജി.കെ മേനോനായിരുന്നു അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ചെന്നൈയിലെ ജെ.എന്‍.ആര്‍ ജ്വല്ലറി ഗ്രൂപ് ഉടമ ജെ നാഗരാജന്റെ നേതൃത്വത്തിലുള്ള 42 അംഗ സംഘം സന്നിധാനത്ത് താമസിച്ചായിരുന്നു ഗോള്‍ഡ് കവറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തത്. ഇതിന് മേല്‍നോട്ടം വഹിച്ചത് ദേവസ്വം മരാമത്ത് വിഭാഗമായിരുന്നു. പ്രത്യേക ഉത്തരവിലൂടെ മരാമത്ത് ചീഫ് എഞ്ചിനീയറെയും ഡിവിഷണല്‍ എഞ്ചിനീയറെയും ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. അതുകൊണ്ടു രേഖകള്‍ മരാമത്ത് വകുപ്പിന്റെ കൈവശം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ വിജിലന്‍സ് അവരോട് വിവരങ്ങള്‍ തേടിയെങ്കിലും ഇല്ലെന്നാണ് മറുപടി ലഭിച്ചതത്രേ.
അതിനാല്‍ എത്ര സ്വര്‍ണ്ണമാണ് സന്നിധാനത്ത് ഉണ്ടായിരുന്നതെന്നോ, എത്രത്തോളം നഷ്ടപ്പെട്ടെന്നോ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ വിജിലന്‍സിന് ഇപ്പോള്‍ കഴിയുന്നില്ല. രേഖകള്‍ ബോധപൂര്‍വ്വം മാറ്റിയതാണെന്ന സംശയം ശക്തിപ്പെടുകയാണ്. അതേസമയം 2019-ലെ വിവാദങ്ങള്‍ക്ക് ശേഷമുള്ള രേഖകള്‍ മാത്രമാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജിലന്‍സിന് കൈമാറിയിരിക്കുന്നത്. 1999-ല്‍ വിജയ് മല്യ ശ്രീകോവില്‍ വഴിപാടായി സ്വര്‍ണം പൂശിയതിനൊപ്പം ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശില്‍പങ്ങളിലും സ്വര്‍ണപ്പാളികള്‍ പിടിപ്പിച്ചിരുന്നു.
ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞത് 2019-ലാണ്. നിലമ്പൂര്‍ തേക്കുകൊണ്ട് പുതിയ വാതില്‍ നിര്‍മ്മിച്ച് അതില്‍ ചെമ്പ് തകിടുകള്‍ പാകി അതിനുമേല്‍ സ്വര്‍ണ്ണം പൊതിഞ്ഞു എന്നും അതിനായി നാല് കിലോ സ്വര്‍ണ്ണം ഉപയോഗിച്ചുവെന്നാണ് അന്നത്തെ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണ്ണം പൊതിയാന്‍ വേണ്ടി വഴിപാടായി നല്‍കിയത് വ്യവസായികളാണ്. അവരുടെ കൂട്ടത്തിലെ ഉണ്ണി തിരുമേനിയാണ് ഇപ്പോഴത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന് കരുതുന്നു. 1998-ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകരുടെ ശില്‍പ്പത്തില്‍ നിന്നാണ് ഈ സ്വര്‍ണപ്പാളി എടുത്ത് മാറ്റി സ്വര്‍ണം പൂശാനായി കൊണ്ടുപോയത്.
പക്ഷേ സ്വര്‍പ്പാളികള്‍ക്ക് പകരം ബോധപൂര്‍വം 'ചെമ്പുപാളികള്‍' എന്നാണ് ദേവസ്വം ബോര്‍ഡിന്റെ മഹസറില്‍ ചേര്‍ത്തത്. 1998-ല്‍ സ്വര്‍ണമായിരുന്നത് 2019-ലെത്തിയപ്പോള്‍ വെറും ചെമ്പുപാളി ആയി മാറിയതെങ്ങനെയെന്നാണ് ചോദ്യം. എ പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്തായിരുന്നു ഈ മറിമായം. 1998-ല്‍ വിജയ് മല്യ സമര്‍പ്പിച്ച സ്വര്‍ണം എവിടെയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. 40 വര്‍ഷത്തെ ഗ്യാരണ്ടിയുണ്ടായിരുന്ന സ്വര്‍ണ്ണപ്പാളികള്‍ മങ്ങിയെന്ന് പറഞ്ഞ് വീണ്ടും സ്വര്‍ണം പൂശിത്തരാമെന്ന് ഏറ്റത് ഇപ്പോഴത്തെ വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഇയാളുടെ ക്രെഡിബിലിറ്റിയൊന്നും നോക്കാതെ പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയിലേയ്ക്ക് കൊടുത്തുവിടുകയായിരുന്നു. അന്ന് തനിക്ക് ലഭിച്ചത് ചെമ്പുപാളികള്‍ മാത്രമാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത്.
ഇതിനിടെയാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് വീണ്ടും അവ ചെന്നൈയിലേക്ക് കൊണ്ടുപോവുന്നത്. പ്ലേറ്റിങ് നടത്തി ഇത് തിരികെഎത്തിച്ചപ്പോഴാണ് 4.514 കിലോയുടെ കുറവ് കണ്ടെത്തിയത്. സ്വര്‍ണപ്പാളി ഗോള്‍ഡ് പ്ലേറ്റിങ്ങിനായി ചെന്നൈയിലേക്ക് കൊണ്ടുപോകുമ്പോള്‍ 42 കിലോഗ്രാം ഉണ്ടായിരുന്നു. ഹൈകോടതി അനുമതിയില്ലാതെയാണ് ഇവ കൊണ്ടുപോയതെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷല്‍ കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സംഭവം വിവാദമാവുന്നത്. 4 കിലോ സ്വര്‍ണം കുറഞ്ഞ സംഭവം ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചത് പോറ്റിയുമായുള്ള ബന്ധം കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്. ഉന്നത ഉദ്യോഗസ്ഥരുമായും ശാന്തിമാരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.
വിഷയത്തില്‍ ഇടപെട്ട കോടതി, സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ സംശയവും പ്രകടിപ്പിക്കുകയായിരുന്നു. 2019-ല്‍ ഇത് സ്വര്‍ണം പൂശാനായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോയി തിരികെ എത്തിച്ചപ്പോള്‍ തൂക്കിനോക്കിയിട്ടില്ലെന്നും 4.514 കിലോയുടെ കുറവുണ്ടായത് മറച്ചുവയ്ക്കാനായിരുന്നോ തൂക്കിനോക്കാതിരുന്നതെന്നുമാണ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചത്. എന്നാല്‍ ഈ സംഭവ വികാസങ്ങളില്‍ വലിയ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണിപ്പോള്‍.
ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി ബംഗലൂരുവിലെ കോറമംഗലയ്ക്കടുത്ത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍ എത്തിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നു. 2019-ല്‍ ശബരിമല ശ്രീകോവിലിലെ പ്രധാന വാതില്‍ എന്ന പേരിലാണ് ഇതെത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുന്‍ശാന്തിക്കാരനായിരുന്നു ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി. ഉണ്ണികൃഷ്ണന്‍ പോറ്റി, വ്യവസായി വിവേക് ജെയിന്‍, മറ്റൊരു വ്യവസായി എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണപ്പാളി ബംഗലൂരുവില്‍ എത്തിച്ചത്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാന്നിധ്യവും ഇടപെടലുകളും ദുരൂഹമാണെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ അഭിപ്രായപ്പെട്ടിരുന്നു.
തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, എട്ടുവര്‍ഷം മുന്‍പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ സഹായികളായ പരികര്‍മികളില്‍ ഒരാളായിട്ടാണ് സന്നിധാനത്തെത്തിയത്. ഈ വ്യാജന്‍ ബെംഗളൂരുവിലെ ബ്ലേഡ് പലിശക്കാരനാണത്രേ. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് നല്‍കിയാണ് പോറ്റിയുടെ വളര്‍ച്ച.
തനിക്ക് ശബരിമല ക്ഷേത്രവുമായി വലിയ ബന്ധമുണ്ടെന്ന് പറഞ്ഞ് കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളില്‍നിന്നുള്ള ധനികരായ അയ്യപ്പഭക്തരെ വിശ്വാസത്തിലെടുത്ത് പോറ്റി ചൂഷണം ചെയ്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണങ്ങള്‍ നടത്താനുള്ള ഇടനിലക്കാരനായിമാറിയതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സര്‍ എന്ന പേരില്‍ മറ്റ് സംസ്ഥാനങ്ങിലെ അയ്യപ്പ ഭക്തര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങി. സമ്പന്നരായ ഭക്തര്‍ക്ക് ദര്‍ശന സൗകര്യങ്ങള്‍ ഒരുക്കിയും, പടിപൂജ പോലുള്ള പ്രധാന വഴിപാടുകളില്‍ അനധികൃതമായി ഇടപെട്ടും ഇയാള്‍ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി.
ധനികരില്‍നിന്ന് പണം സമാഹരിച്ചുള്ള ഒരു സ്‌പോണ്‍സര്‍ഷിപ്പായിരുന്നു ദ്വാരപാലക ശില്പങ്ങളിലെ ഇപ്പോള്‍ നടന്ന സ്വര്‍ണംപൂശലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സന്നിധാനത്ത് ഒരു ദിവസത്തെ അന്നദാനത്തിന്റെ ചെലവ് മുഴുവനായി വഹിക്കുന്ന തരത്തിലുള്ള സ്‌പോണ്‍സര്‍ഷിപ്പും ഇയാള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന് ദേവസ്വത്തില്‍ അടയ്‌ക്കേണ്ട തുക ആറുലക്ഷം രൂപയാണെന്നിരിക്കെ, ഇതിന്റെ നാലും അഞ്ചും ഇരട്ടി തുകയാണ് പോറ്റി സമാഹരിച്ചിരുന്നതെന്നാണ് വിവരം.
അയ്യപ്പഭക്തരുടെ സഹായത്താല്‍ സാധുക്കള്‍ക്ക് വീടുവെച്ചുകൊടുക്കുന്ന പരിപാടിയും ഉണ്ണികൃഷ്ണന്‍ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കായംകുളം കണ്ണമ്പള്ളിയിലാണ് രണ്ട് നിര്‍ധനര്‍ക്ക് വീടുവെച്ചുകൊടുത്തത്. ബെംഗളൂരുവിലെ പേര് വെളിപ്പെടുത്താത്ത രണ്ട് അയ്യപ്പഭക്തരായിരുന്നു സാമ്പത്തിക സഹായം നല്‍കിയത്. താക്കോല്‍ ദാന ചടങ്ങില്‍ സ്ഥലം എം.എല്‍.എ യു പ്രതിഭ, ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ അജികുമാര്‍ എന്നിവര്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയും വേദിയിലുണ്ടായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. പോറ്റിയുടെ വഴിവിട്ട ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെട്ട തന്ത്രി ഇയാളെ ശബരിമല ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും രാഷ്ട്രീയ സ്വാധീനത്തില്‍ തിരിച്ചെത്തുകയായിരുന്നു.
അതേസമയം, ദ്വാരപാലക ശില്‍പ്പങ്ങളുടെ പീഠം കാണാതാവുകയും പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് അത് കണ്ടെടുക്കുകയും ചെയ്ത സംഭവത്തില്‍ വിചിത്രമായ പ്രതികരണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയിരിക്കുന്നത്. തനിക്ക് പറ്റിയ ഒരു ഓര്‍മക്കുറവ് മാത്രമാണിതെന്നാണ് പോറ്റിയുടെ ന്യായം പറച്ചില്‍. ''ദേവസം ഉദ്യോഗസ്ഥരാണ് പീഠം ജോലിക്കാരനായ വാസുദേവന്റെ കയ്യില്‍ കൊടുത്തയച്ചത്. മഹസറില്‍ രേഖപ്പെടുത്താതെയായിരുന്നു അന്ന് കൊടുത്തയച്ചത്. പിന്നീട് അന്വേഷണം ഉണ്ടായില്ല. ഞങ്ങളും ഇക്കാര്യം മറന്നു പോയി...'' എന്ന് 'മറവി' രോഗി പറയുന്നു. ഓര്‍മക്കുറവ് അല്ലെങ്കില്‍ അംനേഷ്യ ഒരു അസുഖമാണ്. എന്നാല്‍ പോറ്റിയുടെ ഈ അംനേഷ്യ ഒരടവാണ്. മതിയായ 'ചികില്‍സ' വേണം.