Image

നൃത്ത ജീവിതം (വിജയ് സി.എച്ച് )

Published on 01 October, 2025
നൃത്ത ജീവിതം (വിജയ് സി.എച്ച് )

എം.ടെക് വരെയുള്ള സ്കൂൾ-കോളേജ് പഠന കാലത്താണ് ഗായത്രി വിജയലക്ഷ്മി എന്ന ഹരിപ്പാട് സ്വദേശിനി ഭരതനാട്യം അഭ്യസിച്ചത്.1986-ൽ കൊല്ലം നഗരത്തിലുള്ള ടി.കെ.എം എ൯ജിനീയറിംങ് കോളേജിൽ അധ്യാപികയായി അവർ ജോലിയിൽ പ്രവേശിച്ചു. തുടർന്നു ഔദ്യോഗികവും ഗാർഹികവുമായ കാരണങ്ങളെക്കൊണ്ടു നൃത്തവുമായി മുന്നോട്ടു പോകാൻ ഗായത്രിക്കായില്ല. 

വിദ്യാർത്ഥികളുടെ സീനിയർ അഡ്വൈസറായി ജോലിയിൽ നിന്നു വിരമിക്കുന്നതിനു തൊട്ടു മുമ്പെ നടന്ന ഒരു വിടവാങ്ങൽ ചടങ്ങിനാണു പഠിതാക്കളുടെയും സഹപ്രവർത്തകരുടെയും നിർബന്ധത്തിനു വഴങ്ങി കലാകാരി വീണ്ടും പാദങ്ങളിൽ ചിലങ്ക അണിഞ്ഞത്. നീണ്ട ഇരുപത്തിയാറു വർഷത്തെ ഇടവേളയ്ക്കു ശേഷം അവരുടെ ശരീരം പിന്നെയും നടനത്തിനു രൂപപ്പെടുകയായിരുന്നു. വേദിയിലെ അവതരണം ഗായത്രി മറന്നിട്ടില്ലെന്നു നൃത്തം അറിയാവുന്നവർ വിലയിരുത്തി!

ഗായത്രിയെ രംഗത്തു കണ്ടുകൊണ്ടിരിക്കുകയെന്നാൽ സദസ്സുകളിരുന്നു നിറഞ്ഞ മനസ്സോടെ ശാസ്ത്രീയ നൃത്ത ഇനങ്ങൾ കാണുന്നതിനു സമാനം...

🟥 രണ്ടാം വരവ്

നൃത്തത്തിലേയ്ക്കുള്ള എൻ്റെ രണ്ടാം വരവ് വളരെ അപ്രതീക്ഷിതമായാണു സംഭവിച്ചത്. ടി.കെ.എം എ൯ജിനീയറിംങ് കോളേജിലെ 2011-15 ബേച്ചിൻ്റെ അവസാന പരീക്ഷാ നാളിനു മുമ്പു നടത്തിയ സ്റ്റാൻഡോഫ് മീറ്റിങിനൊരു നൃത്ത പരിപാടി വേണമെന്നും ഞാൻ സ്റ്റേജിലെത്തിയാൽ കൊള്ളാമെന്നുമുള്ള സംഘാടകരുടെ തീരുമാനം ഒരു നിമിത്തമായി. രണ്ടു ദിവസത്തെ തയ്യാറെടുപ്പിനു ശേഷം 'ശ്വേതാംബരധരേ ദേവി...' എന്നു തുടങ്ങുന്ന പരമ്പരാഗത ഗാനത്തിനൊരു പുതു നാട്യരൂപം ഞാൻ ആവിഷ്കരിച്ചെന്നു നിരൂപകർ ചർച്ച ചെയ്തു. സർക്കാർ സർവീസിൽ നിന്നു വിരമിക്കാൻ അല്പകാലം മാത്രം ബാക്കിയുണ്ടായിരുന്ന എനിയ്ക്ക് അതൊരു പുതിയ തുടക്കമായിരുന്നു!

🟥 ചങ്ങമ്പുഴ പാർക്കിലെ കച്ചേരി

സംഗീതജ്ഞർക്കെന്നപോലെ നർത്തകർക്കും കച്ചേരി ഒരു ഹൃദ്യമായ അവതരണമാണ്. രണ്ടാം വരവിൻ്റെ ആരംഭത്തിൽ തന്നെ എറണാകുളത്തെ ചങ്ങമ്പുഴ പാർക്കിൽ അതിനൊരു അവസരം കിട്ടിയെന്നത് അഭിമാനത്തോടെ ഓർക്കുന്നു. ചങ്ങമ്പുഴ പാർക്കിലെ കലാപരിപാടികൾക്കു സാക്ഷ്യം വഹിക്കാൻ പൊതുവേ വിശിഷ്ടരായ പലരും എത്താറുണ്ടെന്നതാണ് യാഥാർത്ഥ്യം. എൻ്റെ ഗുരുനാഥനായ ജനാർദനൻ മാഷും അവിടെ എത്തിയിരൂന്നു. ടി.കെ.എം എൻജിനീയറിങ് കോളജ് കൊല്ലത്താണെങ്കിലും എറണാകുളം പരിപാടികൾക്കാണ് അവിടത്തെ പൂർവ വിദ്യാർത്ഥികൾ കൂടുതൽ എത്തുകയെന്ന പതിവ് കച്ചേരിയ്ക്കു മാറ്റുകൂട്ടി.

🟥 വേദികൾ ലഭിക്കുന്നതു പുണ്യം

ഇക്കഴിഞ്ഞ മാർച്ചു മാസത്തിൽ അരങ്ങേറിയ വിഖ്യാതമായ ആറ്റുകാൽ പൊങ്കാല എൻ്റെ നൂറ്റിയറുപതാമത്തെ നൃത്തവേദി ആയിരുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും, ആറ്റുകാൽ ശ്രീ ചാമുണ്ടി ക്ഷേത്രവും, ശംഖുമുഖം ദേവീ ക്ഷേത്രവും മുതൽ തലസ്ഥാന നഗരിയിൽ എനിയ്ക്കു ലഭിക്കാത്ത വേദികളില്ല. കുടജാദ്രി മലകളുടെ താഴ്വരയിലുള്ള മൂകാംബിക ദേവി ക്ഷേത്രം വരെ പോയി നൃത്തം ചവിട്ടിയിട്ടുണ്ട്! ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, അടൂർ മുള്ളുതറ ദേവി ക്ഷേത്രത്തിലും, ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലും, തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലും, കൂടൽമാണിക്യ ക്ഷേത്രത്തിലും, മലപ്പുറം ജില്ലയിലെ കാടാമ്പുഴ ദേവി ക്ഷേത്രത്തിലും കണ്ണൂർ ജില്ലയിലെ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലും, കടവല്ലൂർ ശ്രീരാമസാമി ക്ഷേത്രത്തിലും നിരവധി മറ്റു പേരുകേട്ട ദേവാലയങ്ങളിലും ഞാൻ വേഷമണിഞ്ഞെത്തിയിട്ടുണ്ട്. ഒരിക്കലല്ല; പല വട്ടം! വിവിധ ഇടങ്ങളിൽ നിന്നു ലഭിച്ച പുരസ്കാരങ്ങളുടെയും പൊന്നാടകളുടെയും വിവരണങ്ങൾ ഇവിടെ നൽകുന്നില്ല! ആലപ്പുഴ ജില്ലയിലെ മാന്നാറിൽ സ്ഥിതിചെയ്യുന്ന തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ എൻ്റെ നൃത്തത്തിൽ ആകർഷിക്കപ്പെട്ടു ഒരു പിതാവും മകനും എനിയ്ക്കു പൊന്നാട അണിയിച്ചതും, അതു കണ്ടു പ്രചോദനം ഉൾക്കൊണ്ടു മൂന്നാമതൊരാളും പൊന്നാട അണിയച്ചത് ഇന്നും ആനന്ദം തോന്നുന്ന നിമിഷങ്ങളാണ്.

🟥 കൊറോണക്കാലം

സാമൂഹിക അകലം പാലിക്കേണ്ടിയിരുന്ന മഹാമാരിക്കാലത്ത് കലാസ്നേഹികൾ താന്താങ്ങൾക്ക് കഴിയുന്ന അവതരണങ്ങളിൽ മുഴുകിയിരുന്നു കൊറോണാ വ്യാധിക്കൊരു തിരിച്ചടി നൽകിയതായിരുന്നു ഏറ്റവും സർഗാത്മകമായ ഒരു പ്രതികരണം! പരിപാടികളെല്ലാം ഓൺലൈൻ രൂപത്തിൽ പ്രദർശിപ്പിക്കാൻ തുടങ്ങി. നൃത്തങ്ങളും അവയുടെ നടത്തിപ്പും ഓൺലൈൻ രൂപങ്ങളുടെ സംവിധാനവും നിർമാണവും വിതരണവും ഒരു വെല്ലുവിളിയായാണ് ഞങ്ങൾ ഏറ്റെടുത്തത്.

🟥 മക്കളോടൊപ്പം

മകളോടും മരുമകളോടുമൊപ്പം പൊതു വേദികളിൽ നൃത്തം അവതരിപ്പിക്കാ൯ കഴിഞ്ഞത് വേറിട്ട ഒരനുഭവമാണ്. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ മകൾ ഉണ്ണിമായ, മരുമകൾ ദേവിജ എന്നിവരോടൊപ്പം ദീർഘമായൊരു ഐറ്റം അവതരിപ്പിച്ചു. മക്കളോടൊപ്പം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള പല വേദികളിലും നൃത്തം ചെയ്തു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി, പൈങ്കുനി ഉത്സവങ്ങളിൽ പല കുറി നൃത്തമാടി. കൂടാതെ ആറു വർഷത്തിൽ ഒരിക്കൽ വരുന്ന മുറജപം, ലക്ഷദീപം ആഘോഷങ്ങളിലും ചുവടു വച്ചു.

🟥 ക്ഷേത്ര നൃത്തങ്ങളുടെ ആരംഭം

കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവദാസി സമ്പ്രദായം നിലനിന്നിരുന്നില്ല. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന കലാകാരികളാണ് തിരുവിതാംകൂർ കൊട്ടാരത്തിൽ സ്വാതിതിരുനാളിൻ്റെ കാലത്ത് നൃത്തമവതരിപ്പിച്ചിരുന്നത്. വർഷങ്ങൾക്കു ശേഷം, മണക്കുളം മുകുന്ദ രാജയും വള്ളത്തോളും മുൻകൈയെടുത്തു കലാമണ്ഡലത്തിൽ ഈ കല പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ആദ്യം രൂപഘടന, അടവുകൾ, ചലനസ്വഭാവങ്ങൾ, മുദ്രകൾ, അഭിനയം മുതലായ അടിസ്ഥാന ഘടകങ്ങൾ പുനർനിർമ്മിക്കപ്പെട്ടു. അതിനു ശേഷം ചൊൽക്കെട്ടു മുതൽ തില്ലാന വരെയുള്ള മാർഗ ഇനങ്ങൾ ചിട്ട ചെയ്യപ്പെട്ടു. പിൽകാലത്താണ് വ്യത്യസ്തമായ ശൈലികളും അവതരണ രീതികളും രൂപപ്പെട്ടത്.

🟥 നൃത്ത-നൃത്ത്യ-നാട്യങ്ങൾ

നാട്യശാസ്ത്രവിധി പ്രകാരമാണ് ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തരൂപങ്ങളെല്ലാം അവതരിപ്പിക്കപ്പെടുന്നത്. ഭാവരസങ്ങൾക്കു പ്രാധാന്യമുള്ള ലാസ്യവും, താള ചലനങ്ങൾക്കു ആധിപത്യമുളള താണ്ഡവവുമാണ് നമ്മുടെ നൃത്തങ്ങളുടെ രണ്ടു പൊതു സ്വഭാവങ്ങൾ. അതേ സമയം നൃത്തവും, നൃത്ത്യവും, നാട്യവുമാണ് ഒരു ക്ലാസ്സിക്കൽ നൃത്തരൂപത്തിൻ്റെ മൂന്നു ഘടകങ്ങൾ. ചലനവും, ചലനവേഗവും, അവതരണത്തിൻ്റെ സാങ്കേതികതയുമാണു നൃത്തംകൊണ്ടു ഉദ്ദേശിക്കുന്നത്. അതിനാൽ പ്രേക്ഷകരെ ആകർഷിക്കുന്നതു നൃത്തമെന്ന ഘടകമാണ്. നർത്തകൻ്റെയോ നർത്തകിയുടേയോ പ്രകടനമാണു നൃത്ത്യം. നിശ്ശബ്ദതയ്ക്കും, ചലനങ്ങൾക്കും അർത്ഥങ്ങളുണ്ടാകണം. കഥയുടെ ആഖ്യാനമായ നൃത്ത്യം പ്രേക്ഷകരെ വിനോദിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടത്, അവരെ ബൗദ്ധികമായി വ്യാപൃതരാക്കുകയും വേണം. സമഗ്രമായ പ്രതിപാദനമാണ് മൂന്നാമത്തെ ഘടകമായ നാട്യം. ഈ ഘട്ടത്തിൽ ഒരൊറ്റ കലാകാരനോ കാലകാരിക്കോ പല കഥാപാത്രങ്ങളായി അഭിനയിക്കേണ്ടിവരും. നടനകലയുടെ മാതൃകാ ഘട്ടമാണിത്. ഓരോ ഘട്ടവും സാക്ഷാൽക്കരിക്കേണ്ടത് അതതു വേഗതയിലുമാണ്.

നൃത്ത ജീവിതം (വിജയ് സി.എച്ച് )
നൃത്ത ജീവിതം (വിജയ് സി.എച്ച് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക