
ഗാന്ധിജിയുടെ ജന്മ ദിനം നമുക്കെല്ലാം പ്രിയപ്പെട്ടതാണ്. ഗാന്ധി ജയന്തിയായി ഓരോ ഇന്ത്യക്കാരനും ആഘോഷിക്കുന്നു. ഗാന്ധി ജയന്തി ദിനത്തിന്റെ ഓർമ്മകൾ നമ്മിൽ പലർക്കും സ്കൂൾ, കോളേജ് ദിനങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് പോലെ ഒരു ഗാന്ധി ജയന്തിയുടെ ഓർമ്മകൾ എന്റെ മനസിലും തങ്ങി നിൽക്കുന്നു.
അന്ന് ഞാൻ കൊല്ലം സെന്റ് അലോഷിയസ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ആ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു കൊല്ലം ഡിസ്ട്രിക്ട് വില്ലേജ് ആൻഡ് ഖാദി വ്യവസായ ബോർഡിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു എന്നും താല്പര്യമുള്ള കുട്ടികൾ തങ്ങളുടെ പേരുകൾ ഹെഡ്മാസ്റ്ററുടെ ഓഫീസിലെത്തി അറിയിക്കണമെന്നും സ്കൂളിലെ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം വഴി അറിയിച്ചു. ഞാൻ ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി പേരു് നൽകാൻ ശ്രമിച്ചപ്പോൾ പേരുകൾ ശേഖരിച്ചിരുന്നതു പരേതനായ എ എ റഹിമിന്റ്റെ മകൻ അൻസാർ റഹിം ആണെന്ന് കണ്ടു. എന്റെ പേര് കൂടി ചേർക്കണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തല ഉയർത്തി എന്നെ ഒന്ന് ഉഴിഞ്ഞു നോക്കി. നിക്കറിട്ടു നടക്കുന്ന ഇവൻ എന്ത് പ്രസംഗിക്കുവാനാണ് എന്ന് സംശയിക്കുന്നത് പോലെ തോന്നി. ഏതായാലും പേര് നൽകി പുറത്തു കടന്നു. അപ്പോഴാണ് വിഷയം പ്രസംഗമത്സരവേദിയിൽ അഞ്ചു മിനിറ്റിനു മുൻപ് മാത്രമേ നൽകൂ എന്നറിഞ്ഞത്. ഇത് എനിക്ക് വലിയ ആത്മ വിശ്വാസം നൽകി. കാരണം വിഷയം അപ്പോൾ മാത്രം നൽകുന്ന എക്സ്ടെമ്പോർ പ്രസംഗ മത്സരങ്ങൾ അന്നും എന്നും എനിക്ക് ഇഷ്ടമായിരുന്നു. അതിന്റെ കഥ പിന്നീടൊരിക്കൽ പറയാം.
പ്രസംഗം ഇംഗ്ലീഷിൽ വേണോ മലയാളത്തിൽ വേണോ എന്നതായിരുന്നു അടുത്ത സംശയം. മലയാളത്തിൽ മതി എന്ന് പലരും ഉപദേശിച്ചു. ഇംഗ്ലീഷിലായാൽ ജഡ്ജസ് ഉൾപ്പടെ പലർക്കും മനസ്സിലാവാൻ പ്രയാസമായിരിക്കും, മാത്രമല്ല ഗ്രാമീണ ഇന്ത്യയെ കൂടുതൽ സ്നേഹിച്ചിരുന്ന ഗാന്ധിജി നമ്മുടെ സ്വന്തം മലയാളത്തിലുള്ള ഒരു പ്രസംഗമായിരിക്കും ആഗ്രഹിക്കുക എന്നും ഇവർ വാദിച്ചു. അങ്ങനെ ഞാൻ മലയാളത്തിൽ തന്നെ പ്രസംഗിക്കുവാൻ തീരുമാനിച്ചു.
ആ വർഷങ്ങളിൽ സെന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥികളിൽ പ്രസംഗ മത്സരങ്ങളിൽ ദാവൂദും ഉണ്ണിത്താനും അൻസാറും ആണ് നിറഞ്ഞു നിന്നിരുന്നത് . അൻസാർ മത്സരിക്കുന്നില്ല എന്നറിഞ്ഞു. പ്രസംഗ മത്സരത്തിന്റെ ദിവസം രാവിലെ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഖാദി ഗ്രാമോദ്യോഗ് ഓഫീസിലെ ജീവനക്കാരും എല്ലാം എത്തി. കൊല്ലം ഡിസ്ട്രിക്ടിലെ വിവിധ സ്‌കൂളുകളിൽ നിന്നായി പതിനാറു വിദ്യാർത്ഥികളാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. ഞങ്ങളെ പ്രത്യേകം തയാറാക്കിയ മുറിയിൽ കൊണ്ടിരുത്തി. അപ്പോൾ ഉണ്ണിത്താൻ എന്റെ അടുത്ത് വന്നു എന്നോട് മാത്രമായി എന്ന പോലെ പറഞ്ഞു : 'നിങ്ങൾ അല്ലെ ഏബ്രഹാം? പറയാനുള്ളത് എന്താണെന്നു വച്ചാൽ പറഞ്ഞിട്ട് പോരണം. വെറുതെ അവിടെ നിന്ന് സ്‌കൂളിന് നാണക്കേട് ഉണ്ടാക്കി വയ്ക്കരുത്.' ഭയന്ന് വിറച്ചിരുന്ന എനിക്ക് ഉണ്ണിത്താന്റെ ഉപദേശം വീണ്ടും അങ്കലാപ്പ് വർധിപ്പിച്ചു.
മത്സര പങ്കാളികളുടെ ഊഴം തിരഞ്ഞെടുക്കുമ്പോൾ ഒന്നാമതും രണ്ടാമതും മത്സര വേദിയിലെത്താൻ പലരും തയാറായിരുന്നില്ല. ആദ്യമേ തന്നെ മത്സരത്തിൽ പങ്കെടുക്കുവാൻ തയാറായിരുന്നു ഞാൻ. പക്ഷെ വേറെ ഒരു വിദ്യാർത്ഥി ഒന്നാമതായി പ്രസംഗിക്കാമെന്നു ഏറ്റു. ഞാൻ രണ്ടാമത്തെ പ്രസംഗകനായി. വീട്ടിലെ ചെറിയ ലൈബ്രറി ശേഖരത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങളും പ്രസംഗ മത്സരങ്ങളിൽ എപ്പോഴും സമ്മാനം വാങ്ങിയിരുന്ന ജേഷ്ഠന്റെ മാർഗദർശനവും എനിക്ക് തുണയായി. മറ്റു മത്സരാർത്ഥികൾ രാഷ്ട്രീയത്തിലേക്ക് കടന്ന് അവർ പിന്തുണക്കുന്ന പാർട്ടികളുടെ സ്തുതിഗീതങ്ങൾ പാടി. 1962 ലെ ചൈനീസ് ആക്രമണവും അത് കഴിഞ്ഞുള്ള ഇന്ത്യയുടെ മുന്നേറ്റവും ഊന്നി പറഞ്ഞത് കൊണ്ടാവാം എനിക്ക് രണ്ടാം സമ്മാനം ലഭിച്ചു. ഒന്നാം സമ്മാനത്തിന് 10 രൂപയുടെ ഖാദി വസ്ത്രങ്ങൾ വാങ്ങാനുള്ള കൂപ്പണും രണ്ടാം സമ്മാനത്തിന് 5 രൂപയുടെയും മൂന്നാം സമ്മാനത്തിന് 3 രൂപയുടെയും കൂപ്പണുകളും വിജയികൾ ഏറ്റു വാങ്ങി. 5 രൂപയ്ക്കു ഒരു ഖാദി ഷർട്ടിന്റെ തുണിയും എന്റെ സഹോദരിക്ക് ഒരു ബ്ലൗസിനുള്ള തുണിയും പിന്നീട് ഞങ്ങൾ കൊല്ലത്തെ ഖാദി ഷോറൂമിൽ പോയി വാങ്ങി. 1963 ൽ ഖാദി വസ്ത്രങ്ങൾക്ക് നൽകിയിരുന്ന ഇളവുകളും വിലക്കുറവും ഇത് സാധ്യമാക്കി (ബാക്കി തുക ഞങ്ങൾ ക്യാഷ് നൽകി).
അടുത്ത സ്കൂൾ ദിവസം ഞാൻ ഹെഡ്മാസ്റ്ററെ കണ്ടു വിവരം ധരിപ്പിച്ചു. എന്നെ അഭിനന്ദിക്കുന്നതിനോടൊപ്പം ദാവൂദിനും ഉണ്ണിത്താനും ഒന്നും കിട്ടിയില്ലല്ലോ എന്ന് അദ്ദേഹം വിലപിച്ചു. സ്കൂളിലെ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റത്തിലൂടെ എനിക്ക് സമ്മാനം ലഭിച്ച വിവരം അദ്ദേഹം എല്ലാ ക്ലാസ്മുറികളും എത്തിച്ചു. എനിക്ക് ഒരു സമ്മാനം നൽകിയ വിവരം ഒരു സർട്ടിഫിക്കറ്റ് ആയി നല്കാൻ ഖാദി ഗ്രാമോദ്യോഗ് ഓഫീസിനോട് അഭ്യർത്ഥിച്ചുവെങ്കിലും അവർ നൽകിയില്ല. പിന്നീട് സ്കൂൾ ഹെഡ്മാസ്റ്ററാണ് എനിക്ക് ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കി തന്നത്.
അടുത്ത വർഷം ഖാദി ബോർഡ് മത്സരം നടത്തിയില്ല എന്നാണ് ഓർമ്മ. അതിനടുത്ത വർഷം നടന്ന മത്സരത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആയിരുന്ന ഞാൻ പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മറ്റാരും സെന്റ് അലോഷ്യസ് സ്കൂളിൽ നിന്ന് ആ വർഷം പങ്കെടുത്തില്ല.