
കനേഡിയന്‍ സര്‍ക്കാര്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിനെ 'വിദേശ തീവ്രവാദ സംഘടന'യായി പ്രഖ്യാപിച്ചതിന് പിന്നാലെ സംഘാംഗമായ അബ്ജീത് കിംഗ്രയ്‌ക്കെതിരെ വിക്ടോറിയയിലെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. പ്രമുഖ കനേഡിയന്‍ ഗായകന്‍ എ.പി ധില്ലന്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടില്‍ വെടിവെപ്പ് നടത്തിയ സംഭവത്തിലാണ് 26 കാരനായ അബ്ജീത് കിംഗ്രയെ ശിക്ഷിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ കിംഗ്ര കുറ്റം സമ്മതിച്ചിരുന്നു. കിംഗ്ര ഏകദേശം നാലര വര്‍ഷം ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി കിംഗ്രയ്ക്ക് ആജീവനാന്ത തോക്ക് നിരോധനവും ഏര്‍പ്പെടുത്തി.
2024 സെപ്റ്റംബര്‍ രണ്ടിനാണ് ബ്രിട്ടീഷ് കൊളംബിയയിലെ കോള്‍വുഡിലുള്ള ധില്ലന്റെ വസതിക്ക് പുറത്ത് വെടിവെപ്പ് ഉണ്ടായത്. ഒക്ടോബറില്‍ അബ്ജീത് കിംഗ്രയെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. തോക്ക് കൈവശം വെച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കിംഗ്ര സമ്മതിച്ചിരുന്നു. ആക്രമണത്തിലെ രണ്ടാം പ്രതി വിക്രം ശര്‍മ ഇന്ത്യയിലേക്ക് പലായനം ചെയ്തതായി കരുതപ്പെടുന്നു. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ധില്ലന്‍ ഒരു മ്യൂസിക് വീഡിയോയില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനുമായി സഹകരിച്ചതാണ് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ പ്രകോപിപ്പിച്ചത്. ഇന്ത്യക്കാരനായ ലോറന്‍സ് ബിഷ്‌ണോയ്‌യുടെ കടുത്ത എതിരാളിയാണ് സല്‍മാന്‍ ഖാന്‍.
അതേസമയം, കൊലപാതകം, വെടിവയ്പ്പ്, കൊള്ള, ഭീഷണിപ്പെടുത്തല്‍, ഭീകരത സൃഷ്ടിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കനേഡിയന്‍ സര്‍ക്കാര്‍ ബിഷ്‌ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. സംഘം കാനഡയിലുടനീളം നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. 2023-ല്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതോടെയാണ് ബിഷ്ണോയ് സംഘത്തെപ്പറ്റി കാനഡയില്‍ ചര്‍ച്ച ആരംഭിച്ചത്. ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന സംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി മൊബൈല്‍ ഫോണ്‍ വഴിയാണ് കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ഇന്ന് കേരളത്തില്‍ വിജയദശമിയും നോര്‍ത്ത് ഇന്ത്യയില്‍ ദസറയും ആഘോഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ശനിയാഴ്ച രാത്രി ദസറ ആഘോഷത്തിനിടെയാണ് മുംബൈ ബാന്ദ്രയിലെ ഓഫീസിന് പുറത്ത് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിനെ ലോറന്‍സ് ബിഷ്‌ണോയ് സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ബാബ സിദ്ദിഖിയുടെ ഉറ്റ മിത്രമാണ് സല്‍മാന്‍ ഖാന്‍. അതിനാല്‍ ബിഷ്‌ണോയ് സംഘം അടുത്തതായി ഉന്നമിട്ടിരിക്കുന്നത് സന്‍മാന്‍ ഖാനെയാണെന്ന് അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സല്‍മാനെതിരെയുള്ള വധഭീഷണിയാണ് ലോറന്‍സ് ബിഷ്‌ണോയ്‌യെ ഇന്ത്യയുടെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത്.
1998-ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിലായിരുന്നു ബിഷ്‌ണോയ്‌യുടെ ഭീഷണി. പടിഞ്ഞാറന്‍ ഥാര്‍ മരുഭൂമിയിലും പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലുമുള്ള ഒരു ഹിന്ദു മതവിഭാഗമാണ്, വൈഷ്ണവ ആരാധകരായ ബിഷ്‌ണോയ്. ഗുരു ജംബേശ്വര്‍ രൂപപ്പെടുത്തിയ ഇരുപത്തി ഒന്‍പത് തത്ത്വങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബിഷ്‌ണോയികള്‍ ജീവിച്ചുവരുന്നത്. പ്രകൃതി സംരക്ഷണത്തിലും, സസ്യജന്തുജാലങ്ങളോടുള്ള സ്‌നേഹത്തിലും ബിഷ്‌ണോയികള്‍ പ്രസിദ്ധരാണ്. എന്നാല്‍ ഈ സമുദായത്തില്‍പ്പെട്ട ലോറന്‍സ് ബിഷ്‌ണോയ് അക്രമത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചത്.
ബിഷ്‌ണോയ് സമുദായം ആദരിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. തന്നെ വെറുതെവിടാന്‍ സല്‍മാന്‍ ലോറന്‍സിന് പണം വാഗ്ദാനം ചെയ്തെങ്കിലും പണമല്ല തനിക്ക് വേണ്ടതെന്നും വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തെ കൊന്ന സല്‍മാന്റെ ജീവന്‍ അതേരീതിയില്‍ എടുക്കുമെന്നുമാണ് ഇയാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വധഭീഷണിക്ക് പിന്നാലെ സല്‍മാന്റെ വൈ പ്ലസ് സുരക്ഷ മുംബൈ പോലീസ് വര്‍ധിപ്പിക്കുകയുണ്ടായി. സല്‍മാന്റെ വീട്ടില്‍ നിരീക്ഷണം നടത്താന്‍ ലോറന്‍സ് ബിഷ്‌ണോയ് തന്റെ സഹായിയായ സമ്പത്ത് നെഹ്‌റയെ അയച്ചിരുന്നവെങ്കിലും ഇയാളെ ഹരിയാന പോലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു.
സല്‍മാന്‍ ഖാനുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെ പേരില്‍ പഞ്ചാബി ഗായകന്‍ ജിപ്പി ഗ്രെവാളിന്റെ കാനഡയിലെ വീടിന് പുറത്ത് ലോറന്‍സ് ബിഷ്‌ണോയ്‌യുടെ സംഘം വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന്, താന്‍ സല്‍മാന്റെ സുഹൃത്തല്ലെന്നും ഒരുമിച്ച് ചില പ്രോജക്ട്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും ഗായകന് പ്രസ്താവനയിറക്കേണ്ടി വന്നു. ജിപ്പിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയി ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2022-ല്‍ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിലൂടെയാണ് ബിഷ്ണോയ് പേടിസ്വപ്നമായിമാറിയത്. സൗത്ത് ഡല്‍ഹിയില്‍ ജിം ഉടമയെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ഇയാള്‍ ഇപ്പോള്‍ ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ്.
ബിഷ്‌ണോയ് തടവിലാണെങ്കിലും യു.എസ്.എ, കാനഡ എന്നിവിടങ്ങളിലുള്ള സഹോദരന്‍ അന്‍മോന്‍ ബിഷ്‌ണോയ്‌യും ഗോള്‍ഡി ബ്രാര്‍, രോഹിത് ഗൊദാര എന്നിവരുമാണ് ഇപ്പോള്‍ സംഘത്തെ നയിക്കുന്നത്. നേരത്തെ കനേഡിയന്‍ പോലീസും ഇന്ത്യന്‍ ഏജന്‍സികളും കുറ്റവാളിയായി പ്രഖ്യാപിച്ച ഗോള്‍ഡി ബ്രാര്‍ എന്ന സത്വിന്ദര്‍ സിങ് ആണ് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ അമരക്കാരന്‍. 11 സംസ്ഥാനങ്ങളിലായി 700-ലധികം അന്താരാഷ്ട്ര ബന്ധമുള്ള ഷൂട്ടര്‍മാര്‍ ഉള്‍പ്പെടുന്ന ബിഷ്ണോയ് സംഘത്തിന്റെ വിപുലമായ ശൃംഖല ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിക്ക് സമാനമാണ്. ഷൂട്ടര്‍മാരില്‍ 300 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 2020-'21 കാലയളവില്‍ കൊള്ളകള്‍ നടത്തിയാണ് സംഘം കോടിക്കണക്കിന് രൂപ സമ്പാദിച്ചത്.
പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ധട്ടരന്‍വാലി ഗ്രാമത്തില്‍ നിന്നുള്ള ഒരു സമ്പന്ന കര്‍ഷകന്റെ മകനാണ് 32 കാരനായ ബിഷ്‌ണോയ്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 2010-ല്‍ കോളേജിനായി ചണ്ഡിഗഡിലേക്ക് മാറി. ഡി.എ.വി കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ട ഇയാള്‍ 2011 മുതല്‍ 2012 വരെ പഞ്ചാബ് സര്‍വകലാശാലയിലെ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റായിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും മറ്റുള്ളവരുടെയും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ രണ്ട് ഡസനിലധികം കേസുകള്‍ ഈ കൊടും ക്രിമിനലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയുധക്കടത്ത്, കൊലപാതകികളെ സംരക്ഷിക്കല്‍, മദ്യവില്‍പ്പന തുടങ്ങിയവയാണ് പ്രധാന ഏര്‍പ്പാടുകള്‍.
നേരത്തെ പഞ്ചാബില്‍ മാത്രം ഒതുങ്ങിയ ബിഷ്‌ണോയി സംഘം ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കൂടി നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും സംഘത്തിന് സ്വാധീനമുണ്ട്. സംഘത്തിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയ അടക്കം ബിഷ്ണയ് ഉപയോഗിക്കുന്നുണ്ട്. കാനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവാക്കളെ സംഘം ആകര്‍ഷിക്കുന്നത്. അതേസമയം, ഭീകര സംഘടനായി പ്രഖ്യാപിച്ചതോടെ ബിഷ്‌ണോയ് സംഘത്തിന്റെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ കാനഡ സര്‍ക്കാരിനു കഴിയും. ഇതിന് പുറമേ ബിഷ്‌ണോയ് സംഘാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കനേഡിയന്‍ നിയമപാലകര്‍ക്ക് നിയമപരമായ അധികാരവും ലഭിക്കും.