പ്രവാസജീവിതത്തിൽ നേരിട്ട തീക്ഷ്ണമായ അനുഭവങ്ങളുടെ നേർചിത്രവുമായി നൈന മണ്ണഞ്ചേരിയുടെ പുതിയ നോവൽ ‘’മണൽക്കാറ്റടിച്ച രാവുകൾ’’ പ്രസിദ്ധീകരിച്ചു. പരിധി ബുക്സ്, തിരുവനന്തപുരം ആണ് പ്രസാധകർ. സൗദി അറേബ്യയിലെ ഷറൂറ എന്ന ആദിവാസി ഗ്രാമവും അവിടെ നോവലിസ്റ്റും സുഹൃത്തും നേരിട്ട അനുഭവങ്ങളും ഒപ്പം നാടും നാട്ടുകാരുമടക്കം നിരവധി കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്ന നോവലിന്റെ പ്രകാശനം ഈ മാസം നടക്കും.
ഗ്രന്ഥകാരന്റെ ഇരുപതാമത്തെ പുസ്തകമാണ് ‘’മണൽക്കാറ്റടിച്ച രാവുകൾ..1982 ലാണ് നൈന മണ്ണഞ്ചേരിയുടെ ആദ്യ കഥ പ്രസിദ്ധീകരിക്കുന്നത്.തുടർന്ന് ബാലസാഹിത്യം,കവിത,കഥ,നർമ്മകഥാ വിഭാഗങ്ങളിലായി നിരവധി സൃഷ്ടികൾ വിവിധ പ്രസിദ്ധീകരണങ്ങളിലും ആകാശവാണിയിലും , പുഴ മാഗസിൻ,ഇ മലയാളി വാർത്ത, മനോരമ ഓൺലൈൻ മാഗസിൻ തുടങ്ങിയവയിലും പ്രസിദ്ധീകരിച്ചു.ഹാസ്യ-ബാലസാഹിത്യ വിഭാഗങ്ങളിലായി 15 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
കഥ,കവിത, തിരക്കഥ, ലേഖന വിഭാഗങ്ങളിലായി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘’സ്നേഹതീരങ്ങളിൽ’’ എന്ന നോവലിന് 2013-ലെ പാലാ കെ.എം.മാത്യു ബാലസാഹിത്യ പുരസ്ക്കാരം ലഭിച്ചു.ഈ നോവൽ ‘’സ്നേഹത്തെ തീരത്തെ അക്ഷരപ്പൂക്കൾ’’ എന്ന പേരിൽ കുട്ടികളുടെ സിനിമയായപ്പോൾ അതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ,സംവിധാനം എന്നിവ നിർവ്വഹിച്ചു.
’മന്ത്രവാദിയുടെ കുതിര’’ എന്ന ബാലകഥാ സമാഹാരം 2014-ലെ ചിക്കൂസ് ബാലസാഹിത്യ പുരസ്ക്കാരം നേടി. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ 2014..ലെ കുഞ്ചൻ പ്രബന്ധ പുരസ്ക്കാരം നേടിയിട്ടണ്ട്. ’’അച്ഛൻ മകൾക്കെഴുതിയ യാത്രാ വിവരണങ്ങൾ’’ എന്ന കൃതിയ്ക്ക് കേരള ബാലസാഹിത്യ അക്കാദമി പുരസ്ക്കാരവും പരസ്പരം വായനക്കൂട്ടം പുരസ്ക്കാരവും, ലഭിച്ചു .
’’പങ്കൻസ് ഓൺ കൺട്രി’’ എന്ന ഹാസ്യകഥാ സമാഹാരത്തിന് ഏറ്റവും നല്ല ഹാസ്യ സാഹിത്യകാരനുള്ള 2020.ലെ ഇൻഡീവുഡ് ഭാഷാ സാഹിത്യ പുരസ്ക്കാരം ലഭിച്ചു. സംസ്ഥാന തൊഴിൽ വകുപ്പ് നടത്തിയ ഭാഷാ സാഹിത്യ മൽസരത്തിൽ ’’കിനാവിന്റെ ബാക്കി’’ എന്ന ചെറുകഥയും .വി.സി.ബുക്സിന്റെ ചെറുകഥാ മൽസരത്തിൽ ’’നൂറ’’ എന്ന കഥയും പുരസ്ക്കാരം നേടി.
എമർജിംഗ് വൈക്കം നടത്തിയ തിരക്കഥാ മൽസരത്തിൽ ''ജാഗ്രത'' എന്ന തിരക്കഥ ഒന്നാം സ്ഥാനം നേടി. ഇത് ''തിരികെ'' എന്ന പേരിൽ ഷോർട്ട് ഫിലിമായി. ‘’ജന്മദിനം’’ എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരത്തിന് ഭരതൻ സ്മാരക ഹൃസ്വചിത്ര പുരസ്ക്കാരം ലഭിച്ചു. അകപ്പൊരുൾ സാഹിത്യവേദിയുടെ 2025-ലെ ചെറുകഥാ പുരസ്ക്കാരം ലഭിച്ചു
തൊഴിൽ വകുപ്പിൽ ആലപ്പുഴ ലേബർ ഓഫീസിലെ ജീവനക്കാരനായിരുന്നു. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി സ്വദേശി. ഇപ്പോൾ എരമല്ലൂരിൽ താമസം.ഭാര്യ ബീന.ജെ.നൈന
മക്കൾ.ഡോ.മാരി.ജെ.നൈന
മിറാസ്.ജെ.നൈന