Image

നിസ്സംഗതയുടെ രണ്ടക്ഷരം (കവിത: ജയശ്രീ രാജേഷ്)

Published on 03 October, 2025
നിസ്സംഗതയുടെ രണ്ടക്ഷരം (കവിത: ജയശ്രീ രാജേഷ്)

സത്യത്തിന്റെ 
പൊയ്മുഖമണിഞ്ഞ
അസത്യങ്ങളുടെ 
അവസാനിക്കാത്ത
നീണ്ട നിരകൾ താണ്ടി 
കിതപ്പടക്കി അയാളുടെ
വട്ടകണ്ണടയിൽ 
കാഴ്ചകൾ അദൃശ്യമായി

അഹിംസയുടെ 
വാഗ്ധോരണികൾ
ആൾക്കൂട്ടങ്ങളിൽ
കൈയടി നേടുമ്പോൾ
യാഥാർത്ഥ്യങളുടെ
പിന്നാമ്പുറങ്ങളിൽ 
വാക്കിലും പ്രവർത്തിയിലും
ചോര കിനിഞ്ഞു

ആഡംബരത്തിന്റെ 
അന്ത: പുരങ്ങളിൽ
ആർക്കും വേണ്ടാത്തൊരു
നൂൽചർക്ക 
അപശകുനമായി
കിടക്കുന്നുണ്ട്

നഗ്നപാദനായി
നടന്ന വഴികളിലെ
സത്യധർമ്മങ്ങളെ
ബൂട്ടിട്ട കാലുകൾ
ചവിട്ടിമെതിക്കുന്നു
എല്ലുന്തിയൊരു രൂപം
ചുമരിൽ കാഴ്ചക്കാരനായി

പ്രതിഷേധത്തിൻ്റെ
നിരാഹാര മാർഗ്ഗത്തിൽ
കൊടിവെച്ച കാറും
വിശപ്പറിയാത്ത 
ഉദരവേഷങ്ങളും
നിറഞ്ഞാടുന്നു

സ്വാർത്ഥതയുടെ  
ഒറ്റയടിപ്പാതകളിൽ 
സത്യവും ആദർശവും
കുഴഞ്ഞു വീണു,
പ്രതീക്ഷകൾ
വാഗ്ദാനപ്പെരുമകളായി
എ സി ഹാളിൽ
പ്രകമ്പനം കൊണ്ടു

കാഴ്ച നരച്ച വട്ടക്കണ്ണാടി 
തുടച്ചെടുത്ത് വെച്ച് 
ആരോ പിറുപിറുക്കുന്നു ;

"എന്റെ സ്വപ്നം ഇതായിരുന്നോ !! "

ഗാന്ധിയെന്ന രണ്ടക്ഷരത്തിൻ്റെ
നെഞ്ചിലേക്ക്
ഇനിയുമെത്ര വെടിയുണ്ടകൾ ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക