ഈ ദുരിതകാലത്ത്
നാട്ടിൽ പോവേണ്ടി വന്നതിൽ
എന്നെപ്പോലെ നീ
അസ്വസ്ഥതപ്പെട്ടിട്ടുണ്ടാവില്ല...
പോവുന്ന വഴിക്ക്
മഴ പെയ്തപ്പോൾ
നീ മഴയെ ശപിച്ചിട്ടുണ്ടാവില്ല...
ഈറനുടുത്തിരുന്നപ്പോൾ
പനിയും ജലദോഷവും
പിടിച്ച്
കൊറോണ രോഗിയെന്ന്
മുദ്രകുത്തുമോയെന്നോർത്ത് നീ
പേടിച്ചിട്ടുണ്ടാവില്ല,..
ഇരിക്കുന്ന സീറ്റ് മുഴുവൻ
പത്തുവട്ടം സാനിറ്ററൈസറടിച്ച്
ടിഷ്യു പേപ്പറിട്ട് തുടച്ച് നീ
ആശങ്കപ്പെട്ടിട്ടുണ്ടാവില്ല...
വിയർപ്പിനിടയിലൂടെ
ചൊറിച്ചിൽ കണങ്ങളരിച്ചപ്പോൾ
മാസ്ക് വലിച്ചൂരിയെറിയാൻ
നിനക്ക് തോന്നിയിട്ടുണ്ടാവില്ല...
എത്ര അനായാസമാണ്
പച്ച മണമുള്ളൊരെൻ്റെ
തീവണ്ടി മുറിയിൽ
നീ കാറ്റിനോടൊപ്പം കയറി
പൂത്ത ജമന്തിപ്പാടം
വിരിച്ചിടുന്നത്...
ഓരോ പൂക്കളുടെയും
ഇതളുകളെണ്ണി
ഒറ്റയോ ഇരട്ടയോ
വേർതിരിച്ചെടുക്കുന്നത്...
ഒറ്റസംഖ്യയിലുള്ള
ജമന്തിപ്പൂക്കളെയെല്ലാം
ജനലരികിലിരുന്ന്
പുഴയിലെ മീനുകൾക്ക്
തിന്നാനിട്ടു കൊടുക്കുന്നത്...
ഇതളുകളിലെത്ര
മഞ്ഞയുണ്ടോ
അത്രയും മഞ്ഞയിൽ
പണ്ട്
പുഴ നിറച്ചും
ജമന്തിമീനുകളുണ്ടായ
കഥ പറഞ്ഞ്
തരുന്നത്...
ഇരട്ട സംഖ്യ വരുന്ന
ജമന്തിപ്പൂക്കളെയെല്ലാം
വെയിലും
മഴയുമൊന്നിച്ച്
വരുമ്പോൾ
കുറുക്കൻ്റെ കല്യാണത്തിന്
മാലയാക്കാൻ വേണ്ടി,
നോട്ട് ബുക്കിനിടയിൽ
ഇതുവരെ
പെറ്റിട്ടില്ലാത്തൊരു
മയിൽപ്പീലിയുടെ
കൂടെ വയ്ക്കുന്നത്...
അല്ലയോ
ജമന്തിത്തോട്ടങ്ങളുടെ
സൂക്ഷിപ്പുകാരാ...
ടിക്കറ്റില്ലാതെയിങ്ങനെ
ദീർഘദൂര
യാത്ര ചെയ്തതിന്
നീയും കാറ്റും
നാളെ ഉത്തരം
പറയേണ്ടി വരും
കോടതിയിൽ...
സൂക്ഷിച്ചോ..