Image

“പർവ്വം” എന്ന ഇതിഹാസസമാനമായ കൃതിയിലൂടെ “മഹാഭാരത” ത്തിന്റെ പുനഃസൃഷ്ടി നടത്തിയ ഭൈരപ്പ- മലയാളി അവഗണിച്ച ഒരു മഹാപ്രതിഭ (അശോകൻ വേങ്ങശ്ശേരി)

Published on 03 October, 2025
“പർവ്വം” എന്ന ഇതിഹാസസമാനമായ കൃതിയിലൂടെ “മഹാഭാരത” ത്തിന്റെ പുനഃസൃഷ്ടി നടത്തിയ ഭൈരപ്പ- മലയാളി അവഗണിച്ച ഒരു മഹാപ്രതിഭ (അശോകൻ വേങ്ങശ്ശേരി)

അഗാധപണ്ഡിതനും തത്വചിന്തകനും ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യകാരനുമായിരുന്ന എസ്.  എൽ. ഭൈരപ്പയുടെ മരണം വലിയ നഷ്ടബോധത്തോടെയാണ് ഓർമ്മിക്കുന്നത്.   ഇക്കഴിഞ്ഞ സെപ്റ്റംബർ 24-നു ബാംഗ്ലൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് കന്നഡ സാഹിത്യത്തിലെ കുലപതിയായിരുന്ന അദ്ദേഹം തന്റെ തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിക്കുന്നത്.

പത്മഭൂഷൺ, സരസ്വതി സമ്മാൻ, പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്, കർണാടക സാഹിത്യ അക്കാഡമി അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾക്കു പാത്രീഭൂതനായ അദ്ദേഹം ഇരുപത്തിയാറു നോവലുകൾ എഴുതിയിട്ടുണ്ട്. രാജ്യത്തെ വിവിധ സർവകലാശാലകളിൽ മനഃശാസ്ത്രം, ഫിലോസഫി എന്നീ വിഷയങ്ങൾ പതിപ്പിച്ചിട്ടുള്ള അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ലോകത്തെ മിക്കവാറും എല്ലാ രാഷ്ട്രങ്ങളും സന്ദർശിക്കുകയും വിവിധ ഭാഷകളെയും സംസ്കാരങ്ങളെയും അടുത്തറിയാനും അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. മലയാളമുൾപ്പെടെ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും ഇംഗ്ളീഷിലും അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കന്നഡയിൽ ഏറ്റവും വായിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരൻ എന്നതിനപ്പുറം ഹിന്ദിയും മറാട്ടിയും ഉൾപ്പെടെ മിക്ക ഭാരതീയ ഭാഷകളിലെയും വായനക്കാർക്കും ഭൈരപ്പ പരിചിതനാണ്.

ധിഷണാശാലിയായ അദ്ദേഹത്തിന്റെ മൗലികചിന്തകൾ ഇന്ത്യൻ ബൗദ്ധികസമൂഹത്തിന്റെ പുരോഗമനപരം എന്ന ലേബലിലുള്ള പല പൊതു നിലപാടുകളുടെയും പൊള്ളത്തരം അനാവരണം ചെയ്യുന്നുണ്ട്.  ഒരുപക്ഷെ ഇതാകാം ലാറ്റിൻ അമേരിക്കൻ എഴുത്തുകാരായ ഗബ്രിയേൽ മാർക്കേസിനെയും പാബ്ലോ നെരൂദയെയും പൗലോ കെയിലോയെയും ലെബനീസ് അമേരിക്കൻ കവിയായ ഖലീൽ ജിബ്രാനെയും ജർമ്മൻ നോവലിസ്റ്റായ ഗുന്തർഗ്രാസ്സിനെയും മറ്റും  നെഞ്ചോടുചേർത്ത പ്രബുദ്ധനായ മലയാളി, നമ്മോടു ചേർന്നുകിടക്കുന്ന കർണാടക സംസ്ഥാനത്തു ജനിക്കുകയും ജീവിക്കുകയും എഴുതുകയും ഏതാണ്ട് എഴുപതിറ്റാണ്ടോളം സാഹിത്യപ്രവർത്തനരംഗത്തു നിറഞ്ഞുനിൽക്കുകയും ചെയ്ത ഭൈരപ്പയെ അവഗണിക്കുവാൻ ഒരു കാരണം. നിർഭാഗ്യവശാൽ, ഭൈരപ്പയെ വേണ്ടവണ്ണം വായിക്കപ്പെടാതെ പോവാൻ അത് കാരണമാവുകയും ചെയ്തു. എന്നാൽ എത്ര തമസ്ക്കരിക്കപ്പെടാൻ ശ്രമിച്ചാലും അദ്ദേഹത്തിന്റെ സർഗ്ഗവൈഭവത്തിന്റെ ശക്തി ഇന്നല്ലെങ്കിൽ നാളെ മലയാളിയെയും കീഴ്പ്പെടുത്തുക തന്നെ ചെയ്യും.

വളരെ അവിചാരിതമായിട്ടാണ് ഭൈരപ്പ എന്ന എഴുത്തുകാരനെ ഞാൻ അറിയുവാൻ ഇടയായത്. ശ്രീനാരായണഗുരുവിനെക്കുറിച്ചു ഞാൻ ഇംഗ്ളീഷിൽ എഴുതിയ “ശ്രീനാരായണഗുരു ദി പെർഫെക്റ്റ് യൂണിയൻ ഓഫ് ബുദ്ധ ആൻഡ് ശങ്കര” എന്ന പുസ്തകത്തിന്റെ കന്നഡ പരിഭാഷയുമായി ബന്ധപ്പെട്ടു ഏതാണ്ട് മൂന്നു വർഷങ്ങൾക്കുമുൻപ് നടത്തിയ ബാംഗ്ലൂർ യാത്രയാണ് അതിനു വേദിയൊരുക്കിയത്.   കന്നഡ പരിഭാഷയുടെ എഡിറ്ററായും കാർമ്മികനായും സഹായിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത കന്നഡ-മലയാള സാഹിത്യകാരനായ സുധാകരൻ രാമന്തളിയെയും പരിഭാഷ നിർവഹിക്കുന്ന കന്നഡ എഴുത്തുകാരനായ സത്യനാരായണ രാജുവിനെയും കാണുന്നതിനുമായിരുന്നു ഞാനുൾപ്പെടുന്ന ചെറു സംഘത്തിന്റെ യാത്ര. ഒടിയൻ, ബഹുരൂപികൾ എന്നീ നോവലുകൾ ഉൾപ്പെടെ ഒട്ടുവളരെ കൃതികൾ മലയാളത്തിനു് സംഭാവന ചെയ്ത പ്രതിഭാധനനായ എഴുത്തുകാരനായ പി. കണ്ണൻകുട്ടി, എഴുത്തുകാരനും പണ്ഡിതനുമായ പി. ആർ. ശ്രീകുമാർ, പ്രഭാഷണകല ഉൾപ്പെടെ നാനാ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആത്മീയവിഷയങ്ങളിൽ അഗാധജ്ഞാനം നേടിയിട്ടുള്ള ജയരാജ് ഭാരതി തുടങ്ങിയവർ ആയിരുന്നു ഒപ്പം. കണ്ണൻകുട്ടിയും സുധാകരൻ രാമന്തളിയും ചിരപരിചിതരും ആത്മസുഹൃത്തുക്കളുമായിരുന്നു.

ശ്രീനാരായണ ദർശനത്തിൽ മാത്രമല്ല ഗുരുദേവ സാഹിത്യത്തിലും ഏറെ അവഗാഹമുള്ളയാണ് സുധാകരൻ രാമന്തളി. ഗുരുവിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവക്കുന്നതിന്റെ ഇടയിൽ ആനുകാലിക പ്രാധാന്യമുള്ള പല വിഷയങ്ങളും സാഹിത്യമുൾപ്പെടെ ചർച്ചാവിഷയമായി.   രാമന്തളി ഏറെ വര്ഷങ്ങളായി പ്രസിഡന്റായി പ്രവർത്തിക്കുന്ന ബാംഗ്ലൂരിന്റെ ഹൃദയസ്ഥാനത്തുള്ള കൈരളീനിലയം ഹയർ സെക്കണ്ടറി സ്‌കൂളിലെ കോൺഫറൻസ് ഹാളിലായിരുന്നു അന്നു ഞങ്ങൾ ഒത്തുകൂടിയത്.  ഞങ്ങളുടെ സൗഹൃദഭാഷണം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു തടിച്ച പുസ്തകം രാമന്തളി ഇരു കൈകളിലും താങ്ങി കണ്ണൻകുട്ടിയുടെ കൈയിൽ വച്ചുകൊടുത്തു. അത് ഭൈരപ്പയുടെ “പർവ്വം” എന്ന നോവലിന്റെ മലയാള പരിഭാഷ ആയിരുന്നു. കേന്ദ സാഹിത്യ അക്കാഡമിയുടെ പ്രസിദ്ധീകരണം.  കന്നഡയിലും മലയാളത്തിലും കൃതഹസ്തനായ സുധാകരൻ രാമന്തളി എന്ന സാഹിത്യകാരൻ മലയാള വായനക്കാർക്കു നൽകിയ അപൂർവ സമ്മാനം. അദ്ദേഹത്തിന്റെ രണ്ടുവര്ഷക്കാലത്തെ നിരന്തര സമർപ്പണത്തിന്റെ ഫലം.

കൂടിക്കാഴ്ച കഴിഞ്ഞു ബാംഗ്ലൂരിൽ നിന്നും മടങ്ങുമ്പോൾ കാറിൽവച്ചു ഒരു കൗതുകത്തിനുവേണ്ടിയാണ് ആ പുസ്തകം കണ്ണൻകുട്ടിയിൽ നിന്നും വാങ്ങി ഞാനൊന്നു മറിച്ചുനോക്കിയത്. ഏതാണ്ട് ആയിരത്തോളം പേജുകളുള്ള ഒരു തടിയൻ പുസ്തകം.  അത് കൈയിലെടുക്കുമ്പോൾ ഭൈരപ്പ ആരെന്നെനിക്കറിവില്ലായിരുന്നു.     പുസ്തകം തുറക്കുമ്പോൾ ആമുഖത്തിനു മുൻപ് ഭൈരപ്പയുടെ വികാരോഷ്മളമായ ഒരു ചെറു കുറിപ്പ്. സ്നേഹമയിയായ, വിദുഷിയായിരുന്ന, മഹാഭാരത കഥകൾ പാടി തുറക്കുകയും ഉണർത്തുകയും ചെയ്ത, ജീവിതഭാരത്തിന്റെ കനത്ത നുകവും പേറി ഭർത്താവുപേക്ഷിച്ചുപോയ മക്കളെ പോറ്റിവളർത്താൻ പാടുപെട്ട ദരിദ്രയായ, തന്റെ പതിനൊന്നാം വയസ്സിൽ മരിച്ചുപോയ, മാതാവിനോടുള്ള കടപ്പാട് ഇതിലും ആർദ്രമായും ആത്മാർത്ഥമായും ആർക്കാണ് പങ്കുവെക്കാൻ കഴിയുക?   പിന്നെ നാലു പേജുകൾ ഭൈരപ്പയുടെ മുഖവുര.  ഏതാണ്ട് പത്തു വർഷക്കാലത്തെ നിരന്തര പഠനത്തിനു ശേഷമാണ് എഴുത്താരംഭിച്ചത്.

യാത്ര തുടരുന്നതിന്റെ ഇടയിൽ ഞാൻ പർവ്വം വായിച്ചുതുടങ്ങി. കൈയിൽനിന്നും താഴെവെക്കാൻ തോന്നിയില്ല. അത്രയ്ക്ക് ഉദ്വേഗജനകവും അതോടൊപ്പം ആസ്വാദ്യകരവുമായ പ്രതിപാദന ശൈലി.  ഏതായാലും കണ്ണൻകുട്ടിയുടെ സ്വദേശമായ പാലക്കാട്ടെത്തുമ്പോഴേക്കും ആദ്യത്തെ നൂറ്റിഅമ്പതോളം താളുകൾ വായിച്ചുതീർത്തു. എന്നാൽ പുസ്തകം മടക്കിനൽകാൻ വല്ലാത്ത മടി. "സാറെ, ഞാനിത് ഒരാഴ്ചക്കുള്ളിൽ വായിത്തുതീർത്തു സ്പീഡ്പോസ്റ്റിൽ അയച്ചുനൽകാം. അനുവദിക്കുമോ?" പുസ്തകം മടക്കിവാങ്ങാൻ കൈനീട്ടിയ അദ്ദേഹം ഏതായാലും സമ്മതിച്ചു. അങ്ങനെ “പർവ്വ”വുമായി ഞാൻ വീട്ടിലെത്തി.

അടുത്ത ഏതാനും ദിവസങ്ങളിൽ തിരക്കായിപോയതിനാൽ പുസ്തകവായനക്കു സമയം കിട്ടിയില്ല. ഒരാഴ്ച പിന്നിട്ടത് അറിഞ്ഞതേയില്ല. അപ്പോഴാണ് കണ്ണൻകുട്ടിസാർ വിളിക്കുന്നത്:  " നോവൽ തിരികെ കിട്ടിയാൽ നന്നായിരുന്നു.   ഒരു റിവ്യൂ എഴുതുവാൻ വേണ്ടിയായിരുന്നു.”  

അമേരിക്കയിലേക്കുള്ള യാത്രക്ക് ഒരുങ്ങിയിരിക്കുകയിരുന്നതിന്റെ ഇടയിലായിരുന്നു ബാംഗ്ലൂർ യാത്ര എന്നതിനാൽ ചെയ്തുതീർക്കാൻ പലകാര്യങ്ങൾ ബാക്കി. വിമാനം കയറുന്നതിനു മുൻപ് പുസ്തകം കണ്ണൻകുട്ടി സാറിന് അയച്ചുകൊടുക്കുകയും വേണം. ഏതായാലും വായിച്ചുതീർക്കാതെ തിരിച്ചയക്കാൻ മനസ്സുവന്നില്ല. അമേരിക്കയിലേക്കുള്ള യാത്രക്ക് ഒരുങ്ങിയിരിക്കുകയിരുന്നതിന്റെ ഇടയിലായിരുന്നു ബാംഗ്ലൂർ യാത്ര എന്നതിനാൽ വിമാനം കയറുന്നതിനു മുൻപ് പുസ്തകം കണ്ണൻകുട്ടി സാറിന് അയച്ചുകൊടുക്കുകയും വേണം. " ഏതായാലും വായിക്കാതെ തിരിച്ചയക്കാൻ മനസ്സുവന്നില്ല.  അടുത്ത മൂന്നുനാലു ദിനരാത്രങ്ങൾ പർവ്വത്തിനുവേണ്ടി മാറ്റിവച്ചു. നോവൽ മുഴുവൻ വായിച്ചുകഴിഞ്ഞപ്പോൾ ഒരു പുതിയ വെളിച്ചം കൈവന്നപോലെ.

പ്രമേയം മഹാഭാരതമെങ്കിലും നൂതനമായ ആവിഷ്കാര രീതി. നാം വായിച്ചുശീലിച്ചു പരിചിതമാക്കിയ മഹാഭാരതമല്ല ഭൈരപ്പ ആവിഷ്കരിക്കുന്നത്.  കഥയും കഥാപാത്രങ്ങളും ഉപരിപ്ലവമായി പഴയതു തന്നെ എന്നു വേണമെങ്കിൽ പറയാം. എന്നാൽ അതിൽനിന്നും അതിഭാവുകത്വത്തിന്റെയും അമാനുഷികതയുടെയും അംശങ്ങൾ ഒഴിവാക്കി ചരിത്രബോധത്തോടെയും വിശ്വാസ്യതയോടെയും കൂടുതൽ സർഗ്ഗാത്മകമായും ഓരോ കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു.

ഓരോ പേജ് മറിക്കുമ്പോഴും ഭൈരപ്പ പറയുന്ന മഹാഭാരതകഥ മറ്റാരു പറഞ്ഞിട്ടുള്ളതിനെക്കാളും കൂടുതൽ വിശ്വാസ്യയോഗ്യമാകുന്നതുപോലെ. ഇതിഹാസത്തിന്റെ രൂപഭാവങ്ങൾ മാറുകയും കഥാപാത്രങ്ങൾ നമുക്കുമുന്പ് ഈ മണ്ണിൽ ജീവിച്ചുമറഞ്ഞ യഥാർത്ഥ പൂർവികർ തന്നെ എന്ന ബോധ്യം കടന്നുവരുകയും ചെയ്യുന്നു. മഹാഭാരതകഥയെക്കുറിച്ചും കഥാപാത്രങ്ങളെ സംബന്ധിച്ചും കഥാസന്ദർഭങ്ങളെപ്പറ്റിയും മനസ്സിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ സന്ദേഹങ്ങളും ഒഴിഞ്ഞു. മഹാഭാരതത്തിൽ നാം വായിച്ചിട്ടുള്ള അമാനുഷിക കഥാപാത്രങ്ങളെല്ലാം നമ്മെപ്പോലെ സാധാരണ മനുഷ്യർ തന്നെ. ദേവന്മാരും അസുരന്മാരും യക്ഷ-കിന്നരന്മാരും അപ്സരസ്സുകളും ആര്യരും ആര്യേതര വിഭാഗങ്ങളായ കിരാതർ, രാക്ഷസർ, നാഗർ തുടങ്ങിയവരും എല്ലാം മനുഷ്യകുലത്തിൽ പെട്ട വിവിധ വംശങ്ങളും വർഗ്ഗങ്ങളും മാത്രം.  വിഭിന്ന സ്വഭാവ സവിശേഷതകളും ശരീരപ്രകൃതിയുമുള്ള, വീഴ്ചകളും ബലഹീനതകളുമുള്ള മനുഷ്യർ മാത്രം.  ശാപവും അനുഗ്രഹവും അപ്രസക്തം. ബുദ്ധിയും തന്ത്രവും കായിക ശക്തിയും പ്രധാനം.

അവരുടെ രീതികൾക്കും വിശ്വാസങ്ങൾക്കും ഇടപെടലുകൾക്കും തീർച്ചയായും വ്യത്യാസങ്ങളുണ്ട്. പക്ഷെ, ആത്യന്തികമായി എല്ലാവരും മനുഷ്യർ തന്നെ. ചുരുക്കത്തിൽ അമാനുഷിക ഇടപെടലുകൾ ഇല്ലാതെ കഥ മുഴുവൻ യുക്തിസഹമായി അവതരിപ്പിച്ചിരിക്കുന്നു. ഭൈരപ്പയുടെതന്നെ അഭിപ്രായത്തിൽ വെറും ഇരുപതുശതമാനം മാത്രമാണ് വ്യാസവിരചിതമായ മഹാഭാരതത്തിൽനിന്നും കടം കൊണ്ടിട്ടുള്ളത്. ബാക്കി എൺപതുശതമാനവും അന്വേഷണാത്മകമായ പഠനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ഭാവനയിൽ ഉരുത്തിരിഞ്ഞത്.

1966-ൽ സുഹൃത്തായ നാരായണപ്പയുമായി നടന്ന സംഭാഷണ മദ്ധ്യേയാണ് മഹാഭാരതകഥയുടെ കൂടുതൽ വസ്തുനിഷ്ഠമായ പുനരാവിഷ്കരണം ആശയമായി രൂപപ്പെട്ടത്. 1971-ലാണ് നോവൽരചനക്കുവേണ്ടിയുള്ള ഗവേഷണം തുടങ്ങിയത്.  മഹാഭാരതകഥയുടെ മുദ്രകൾ പതിഞ്ഞിട്ടുള്ള ഹിമാലയസാനുക്കളിലെയും സമീപനാടുകളിലെയും സ്ഥലങ്ങളിൽ ഒരു താപസനെപ്പോലെ താമസിച്ചും അവധൂതനെപ്പോലെ അലഞ്ഞും പ്രമേയത്തോടുള്ള കൂറും ആത്മാർത്ഥതയും സത്യസന്ധതയും സ്വയം ബോധ്യപ്പെടുത്തി. മഹാഭാരതവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള പൗരാണിക ഗ്രാമങ്ങളിൽ അവിടുത്തെ തദ്ദേശവാസികളോടൊപ്പം താമസിച്ചു. അവരുടെ ജീവിതവും അവർക്കറിയാവുന്ന കഥകളും അറിഞ്ഞു.  കാലത്തിലൂടെ അനേക സഹസ്രാബ്ദങ്ങൾ പിന്നോട്ടു യാദവരുടെ ദ്വാരകയിലും കുരുക്ഷേത ഭൂമിയിലും സഞ്ചരിച്ചു.  അക്കാലത്തെ നാടിനെയും ജനജീവിതത്തെയും സമുദ്രനിലയെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും ഗവേഷണ നിരീക്ഷണങ്ങൾ നടത്തി. ഹിമാലയത്തിലെ ഗഡ്‌വാൾ മേഖലയിൽ ബഹുഭർത്തൃത്വം നിലവിലുള്ള ചില ഉൾനാടൻ ഗ്രാമങ്ങളിൽ ഈ യാത്രകൾക്കിടയിൽ താമസിച്ച അനുഭവവും അവിടുത്തുകാരിൽനിന്നും കേട്ട " ദ്രൗപദിയുടെ കാലം മുതൽ നിലനിന്നുവരുന്ന ഏർപ്പാട്" എന്ന അറിവും ദ്രൗപദി എന്ന ആ കഥാപാത്രത്തെ കൂടുതൽ മികവുറ്റതാക്കാൻ സഹായകകരമായിട്ടുണ്ട്. ഭീമൻ കീചകനെ കൊന്നു എന്നു വിശ്വസിക്കപ്പെടുന്ന ജയ്പ്പൂർ ജില്ലയിലുള്ള വിരാടനഗരത്തിനു സമീപം ഒരു ഗുഹാക്ഷേത്രവും അദ്ദേഹം കാണുകയുണ്ടായി. ഭാര്യയുടെ സംരക്ഷണം പ്രതിജ്ഞ ചെയ്യാൻ നവദമ്പതികൾ ഭീമനെ പൂജിക്കുവാൻ ഇന്നും അവിടെ എത്തുന്നത് നേരിൽ കണ്ടതും ഭൈരപ്പ വിവരിക്കുന്നുണ്ട്.  

ഈ യാത്രകൾക്കിടയിൽ ഹിമാലയത്തിലെ ബദരീനാഥിനു സമീപമുള്ള മാനാഗ്രാമത്തിലും അദ്ദേഹം പോയിരുന്നു. മഹാഭാരതം എഴുതുന്ന വേളയിൽ വ്യാസൻ താമസിച്ചു എന്നു വിശ്വസിക്കപ്പെടുന്ന വ്യാസഗുഹയിൽ അദ്ദേഹം തീർത്ഥാടകനായി എത്തിയിട്ടുണ്ട്. അനേകായിരങ്ങൾ മരിച്ച 2013-ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഏതാണ്ട് മൂന്നാഴ്ചകളോളം ബദരീനാഥിൽ പെട്ടുപോയ അവസരത്തിൽ മാനഗ്രാമത്തിലെ വ്യാസഗുഹയിൽ ഏതാനും നിമിഷങ്ങൾ ധ്യാനനിമഗ്നനായിരിക്കുവാൻ എനിക്കും കഴിഞ്ഞിരുന്നു (ശിവഗിരിമഠത്തിൽ നിന്നും തീർത്ഥാടകരായെത്തിയ സംഘത്തിലെ ഒരംഗമായിരുന്നു ഞാൻ).

മഹാഭാരതയുദ്ധം ആദിമ ഭാരതത്തിൽ നടന്ന ആദ്യത്തെ ഏറ്റവും പ്രചണ്ഡമായ മഹായുദ്ധം. ആ യുദ്ധത്തിന് ഇരു പക്ഷങ്ങളും സൈനികബലവും പിന്തുണയും ഉറപ്പാക്കാൻ നടത്തുന്ന ശ്രമങ്ങളുടെ വിവരണങ്ങളോടെയാണ് പർവ്വം തുടങ്ങുന്നത്. യുദ്ധത്തിനുവേണ്ടി സഖ്യരാജ്യങ്ങളെ പ്രലോഭിപ്പിച്ചു ഒപ്പം ചേർക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ദ്രൗപദിയുടെ ബഹുഭർത്തൃത്വം ആര്യസംസ്കാരത്തിൽ സംഭവിച്ച ഒരു മൂല്യച്യുതി എന്ന നിലയിൽ വിവാദവിഷയമായി ഉയർന്നുവരുന്നുണ്ട്.

പാണ്ഡവർ എന്നു വിളിക്കപ്പെടാനുള്ള  യുധിഷ്ഠിരാദികളുടെ അവകാശം തന്നെ രാജസഭയിൽ  സന്ധിസാധ്യതക്കുപോയ കൃഷ്ണനോടു ദുര്യോധനൻ ചോദിക്കുന്നുണ്ട്. കുന്തിയുടെ മക്കൾ എന്ന സംബോധനയിലൂടെ അവരുടെ മാതാവായ കുന്തിയെത്തന്നെ അവർ അർഥം വക്കുകയും ചെയ്യുന്നു.  ഷണ്ഡനായ ഭർത്താവിന്റെ അനുവാദത്തോടെയാണെങ്കിലും നിയോഗം എന്നപേരിൽ  സ്ത്രീ അന്യപുരുഷനുമായി നടത്തുന്ന സംയോഗത്തിന്റെ ധാർമ്മികത ആദ്യമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഷണ്ഡനായ പുരുഷന്റെ പീഡനങ്ങളും നിന്ദകളും ഏറ്റു കഴിയേണ്ടിവന്ന നിർഭാഗ്യയായ, ആശകളും അഭിലാഷങ്ങളുമുള്ള, ഭാര്യയെപ്പറ്റി ആർക്കും അനുതാപമില്ല. പെറാത്തതിന്റെ കുറ്റം പോലും വെറുതെ പേറേണ്ടിവരുന്ന അവസ്ഥ കുന്തിയെപ്പോലെ അനുഭവിച്ചവർ വേറെ ആരുണ്ട്? ഭാര്യയുടെ ഋതുസ്രാവം അവർത്തിക്കപ്പെടുംതോറും പാപത്തിന്റെ എണ്ണം ഏറുന്നു എന്ന വിശ്വാസത്തിൽ നിന്നും മുക്തി തേടാൻ പര്ണശാലകെട്ടി തപസ്സിനു തുനിയുന്ന ഭർത്താവായ പാണ്ഡുവിനെ ഓർത്തു പരിതപിക്കുന്ന ഭാഗ്യഹീനയായ കുന്തി എന്ന പത്നി.

2013-ലെ ഉത്തരാഖണ്ഡ് പ്രളയകാലത്തു ഹിമാലയ തീർത്ഥാടനകേന്ദ്രമായ ബദരീനാഥിൽ ഞാനുൾപ്പെടുന്ന ചെറുസംഘം മൂന്ന് ആഴ്ചകളോളം കുടുങ്ങിക്കിടന്ന അവസരത്തിൽ അവിടെവച്ചു മലയാളിയായ ഒരു സന്യാസിയെ പരിചപ്പെട്ടിരുന്നു. നാരായണപർവതത്തിന്റെ താഴ്വാരത്തിലുള്ള ഒരു അശമത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.  അദ്ദേഹത്തിന്റെ  ആശ്രമത്തിൽ പലതവണ പോവുകയും അദ്ദേഹം പാകം ചെയ്ത ആഹാരം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സംഭാഷണ മദ്ധ്യേ അങ്ങ് ഉയരേയ്ക്കു  ചൂണ്ടി അദ്ദേഹം പറഞ്ഞു: "ദാ അക്കാണുന്നതാണ് നരപർവതം. ഈ ആശ്രമത്തിന്റെ മുകളിലുള്ള പർവതം ആണ് നാരായണപർവതം. സാധാരണക്കാർക്ക് തീർത്തും അപ്രാപ്യമായ ഇടം.  അപൂർവം യോഗിമാരും സിദ്ധന്മാരും സന്യാസിമാരും അതിന്റെ മുകളിൽ കയറിയിട്ടുണ്ട്. അതിവിശാലമായ ഒരു സമതലം അതിന്റെ ഉച്ചിയിലുണ്ട്. അവിടെ പണ്ടെങ്ങോ തകർന്നുപോയ ഒരു സഭാമണ്ഡപത്തിന്റെ അവശിഷ്ടങ്ങൾ ഉള്ളതായി പറയപ്പെടുന്നു. വലിയ തൂണുകളും തകർണ്ണ മണ്ഡപത്തിന്റെ തറയും അവിടെയുണ്ട്.  അതായിരുന്നു ദേവലോകം."  

അവരുടെ രാജാവിന്റെ സ്ഥാനപ്പേരാണ് ഇന്ദ്രൻ. ഓരോ ഉത്തരവാദിത്വങ്ങളും ഓരോരുത്തരെ ഏല്പിച്ചിരിക്കുന്നു.  യമദേവനും വായുദേവനും അഗ്നിദേവനും ഒക്കെ ഇങ്ങനെ ഓരോ ചുമതലക്കാരുടെ സ്ഥാനപ്പേരുകൾ. ഒരാളുടെ കാലം കഴിഞ്ഞാൽ അടുത്തയാൾ സ്ഥാനം ഏറ്റെടുക്കുമ്പോൾ അതേ സ്ഥാനപ്പേരു സ്വീകരിക്കും. ഭൈരപ്പയുടെ പർവ്വം നോവലിന്റെ താളുകളിലൂടെ കടന്നുപോയപ്പോൾ അന്ന് സാന്ദർഭികമായി ആ സ്വാമിയിൽ നിന്നും കിട്ടിയ ദേവലോകത്തെക്കുറിച്ചുള്ള അറിവുകൾ എന്നെ കൂടുതൽ ജിജ്ഞാസുവാക്കി.

അമൃതെന്ന അപൂർവ ഔഷധം, പ്രായത്തെ  മറികടക്കാൻ കഴിയുന്ന മരുന്നുകൾ തുടങ്ങി അതിവിശിഷ്ടവും അമൂല്യവുമായ പല ഔഷധങ്ങളെ സംബന്ധിച്ചും അറിവുള്ളവരാണവർ.  അവരിൽനിന്നും വന്ധ്യത അകറ്റാനുള്ള ഔഷധം ലഭിക്കും എന്ന പ്രതീക്ഷയോടെയാണ് പാണ്ഡു ഇവിടേയ്ക്ക് വന്നിട്ടുള്ളത്‌. മരുന്നുകൾ ഫലവത്താകാതെ പ്രതീക്ഷയറ്റു ഇരിക്കുമ്പോൾ ഹസ്തിനപുരത്തിന്റെ സിംഹാസനത്തിൽ അന്ധനായ തന്റെ ജേഷ്ഠൻ അവരോധിതനായത് ദൂതൻ അറിയിച്ചത്. ഗാന്ധാരദേശത്തുനിന്നും ഒരുവളെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. സിംഹാസനം പിടിവിട്ടുപോവാതിരിക്കാൻ കുന്തി പ്രസവിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണ് ദേവലോകവാസികളായ പ്രമുഖരിൽനിന്നും ഗർഭം ധരിക്കുവാൻ ഭാര്യമാരെ പാണ്ഡു അനുവദിക്കുന്നത്. ഇങ്ങനെ സ്വാഭാവികമായി വികസിക്കുകയാണ് പർവ്വത്തിന്റെ ഇതിവൃത്തം.      

അസാധാരണമായ ബുദ്ധിയും കൗശലവും രാഷ്ട്രതന്ത്രജ്ഞതയും സ്വായത്തമാക്കിയ സാധാരണ മനുഷ്യനായ കൃഷ്ണൻ പർവ്വത്തിൽ കടന്നുവരുമ്പോൾ അദ്ദേഹത്തോട് ഏറെ ആരാധനയും ആദരവും തോന്നുന്ന മുഹൂർത്തങ്ങൾ ഏറെ.

നാം പൊതുവെ അറിയുന്ന ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടം എന്നതിനപ്പുറം മണ്ണിനും പെണ്ണിനും വേണ്ടി മത്സരിക്കുന്ന ഒരു സംസ്കാരത്തിന്റെ പ്രതിഫലനമായിരിക്കാം മഹാഭാരതയുദ്ധം എന്നും ഭൈരപ്പ ചിന്തിച്ചുപോവുന്നുണ്ട്. മഹാഭാരതത്തിലെ കഥാപാത്രങ്ങൾക്കു പുതിയ മാനങ്ങൾ പകർന്നുകൊണ്ട് , വൈവിധ്യപൂര്ണമായ മനുഷ്യാനുഭവങ്ങളും മനുഷ്യബന്ധങ്ങളും ആവിഷ്‌ക്കരിക്കുവാനാണ് പർവ്വം എന്ന നോവലിലൂടെ ഭൈരപ്പ ശ്രമിച്ചിട്ടുള്ളത്.

നീച കഥാപാത്രമായി നാം പരിചയപ്പെട്ടിട്ടുള്ള ദുശ്ശാസനൻ ധർമ്മത്തെക്കുറിച്ചും സഹോദരനായ ദുര്യോധനന്റെ ഭരണമികവിനെപ്പറ്റിയും മാദ്രയിലെ ശാല്യരാജനുമായി സംസാരിക്കുന്നതു കേൾക്കുമ്പോൾ അയാളുടെ രാഷ്ട്രതന്ത്രജ്ഞതയാണ് നമ്മുക്ക് ബോധ്യപ്പെടുക.

അന്ധനായ ഒരുവന്റെ ഭാര്യയായി കഴിയേണ്ടിവന്നതിന്റെ പ്രതിഷേധസൂചകമായിട്ടാണ് പർവ്വത്തിലെ ഗാന്ധാരി തന്റെ കണ്ണുകൾ മൂടിക്കെട്ടിയത്.  ഒരു വലിയ വിനാശത്തിലേക്കു താൻ പ്രസവിച്ച സന്തതികളെ ആ പ്രവൃത്തി തള്ളിവിടുകയും ചെയ്തു. ഒടുവിൽ കൃഷ്ണന്റെ നിർബന്ധത്തിനു വശംവദയായി കണ്ണുകളെ കെട്ടിമറച്ച തുണി അഴിച്ചുകളയുമ്പോഴേക്കും സർവവും നഷ്ടപ്പെട്ടിരുന്നു.  കുന്തിയാകട്ടെ, പുത്രന്മാരുടെ വഴികാട്ടിയായി നിന്ന് അവരെ ലക്ഷ്യത്തിലേക്കു നയിക്കുകയും സർവ പ്രതിബന്ധങ്ങളെയും ഇച്ഛാശക്തിയാൽ തോൽപ്പിക്കുകയും ചെയ്യുന്നു.

അസാധാരണമാംവിധം പഠനവും ഗവേഷണങ്ങളും നടത്തിയ ശേഷം 1975-ലാണ് “പർവ്വം” നോവൽ രൂപത്തിൽ എഴുതുവാൻ തുടങ്ങി. എഴുതിത്തീർക്കാൻ വേണ്ടിവന്നു വീണ്ടും ഒരുവര്ഷത്തിലധികം. അങ്ങനെ പർവ്വം 1976-ൽ പുസ്തകരൂപത്തിൽ കന്നഡ ഭാഷയിൽ പുറത്തുവന്നു.

ആറു പതിറ്റാണ്ടുകൾ നീണ്ട സാഹിത്യസപര്യയുടെ ഉടമയാണ് ഭൈരപ്പ. സാമൂഹിക-രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി നോവലുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആദ്യ നോവലായ “ഭീമകായ” 1958-ൽ പുറത്തുവന്നു. ഇരുപത്തിനാലു നോവലുകൾ എഴുതിയിട്ടുണ്ട്.

മലയാളഭാഷക്കു സുധാകരൻ രാമന്തളി നൽകിയ മഹത്തായ സംഭാവനയാണ് പർവ്വത്തിന്റെ പരിഭാഷ. പർവ്വം പരിഭാഷ ചെയ്യുവാൻ താൻ നിയോഗിതനായതിനെക്കുറിച്ചു സുധാകരൻ രാമന്തളി വിശദീകരിക്കുന്നുണ്ട്.   “പർവ്വം” വായിക്കുന്നതിനു മുൻപാണ് ഭൈരപ്പയുടെ തന്നെ “ദാട്ടു” എന്ന മറ്റൊരു ബൃഹത് നോവൽ “അതിക്രമണം” എന്ന പേരിൽ രാമന്തളി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്.  2016-ൽ "അതിക്രമണ"ത്തിന്റെ പ്രകാശനച്ചടങ്ങിൽ വച്ചായിരുന്നു രാമന്തളിയും ഭൈരപ്പയും ആദ്യമായി കണ്ടുമുട്ടുന്നത്. അന്നാണ് പർവ്വം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുവാൻ രാമന്തളിയെ ഭൈരപ്പ നിയോഗിക്കുന്നത്. കന്നഡഭാഷയിൽ എഴുതിയിരിക്കുന്ന “പർവ്വം” നോവലിലൂടെ കടന്നുപോകവെ, ആ രചനാ വൈഭവത്തിനുമുൻപിൽ നമസ്കരിച്ചുപോവുന്ന രാമന്തളി ആ നിയോഗം സർവാത്മനാ ഏറ്റെടുത്തു. ഔദ്യോഗിക കൃത്യനിർവഹണങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിലും 2020-ൽ പർവ്വം മലയാളത്തിൽ പുറത്തിറക്കാൻ രാമന്തളിക്കു കഴിഞ്ഞു. ഇരുപത്തേഴോളം കൃതികൾ കന്നടയിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള രാമന്തളിക്ക് കർണാടക സാഹിത്യഅക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 28-നു ബാംഗ്ലൂരിൽ വച്ച് രാമന്തളിയെ കാണുമ്പോൾ ഭൈരപ്പ അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇംഗ്ളീഷിൽ ഞാനെഴുതിയ ഗുരുവിന്റെ ജീവചരിത്രത്തിന്റെ തെലുങ്ക്‌ പരിഭാഷയുടെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ രാമന്തളിയും ബാംഗ്ലൂരിൽ നിന്നും ഞങ്ങളോടൊപ്പം ഹൈദരാബാദിലേക്കു വന്നിരുന്നു. പർവ്വം വായിച്ച അനുഭവത്തെക്കുറിച്ചു രാമന്തളിയുമായി ഏറെനേരം ചർച്ചചെയ്യുകയും ചെയ്തിരുന്നു. കന്നഡഭാഷയിലെ ഭീഷ്മാചാര്യനായിരുന്ന ഭൈരപ്പയെ നേരിൽ കണ്ടു അനുഗ്രഹം വാങ്ങണമെന്ന ആഗ്രഹം ഇനി യാഥാർഥ്യമാവുകയില്ലല്ലോ  എന്ന ദുഃഖം ബാക്കി.

എം.ടി യുടെ രണ്ടാമൂഴത്തെ നെഞ്ചിലേറ്റിയ മലയാളി മഹാഭാരതത്തെ സമാന ദിശയിൽ, എന്നാൽ കൂടുതൽ സമഗ്രമായി, വിശകലനം ചെയ്യുന്ന ഭൈരപ്പയുടെ പർവ്വം വായിക്കാതെ പോവരുത്.  

 

Join WhatsApp News
P R Sreekumar 2025-10-04 06:01:37
Excellent writeup
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക