
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥ പ്രഭുക്കളുടെയും സര്‍ക്കാര്‍ സില്‍ബന്ധികളുടെയുമൊക്കെ അറിവും സമ്മതവും ഇല്ലാതെയാണോ ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ഗജഫ്രോഡ് ശബരിമല അയ്യപ്പന്റെ പേരില്‍ തട്ടിപ്പുകള്‍ നടത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇല്ല. 1998-ല്‍ ഇളക്കിയെടുത്ത ദ്വാരപാല ശില്‍പങ്ങളുടെ പാളിയല്ല, സ്വര്‍ണം പൂശാനായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയിലെത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ശ്രീകോവിലിന്റെ കട്ടിള പാളികള്‍ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ച് ഭക്തരില്‍നിന്ന് ഇയാള്‍ പണപ്പിരിവും നടത്തി. നടന്‍ ജയറാമും പോറ്റിയുടെ പറ്റിക്കലിന് ഇരയായി. നെയ്‌ത്തേങ്ങ ഇടപാടിലൂടെയും ഈ വ്യാജന്‍ ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്നാണ് വിവരം.
സോണിയാ ഗാന്ധി, പിണറായി വിജയന്‍, ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ കാട്ടിയാണ് ഇയാള്‍ ഇതര സംസ്ഥാനങ്ങളിലെ ധനികരായ അയ്യപ്പ ഭക്തരുടെയും മറ്റും വിശ്വാസം നേടി അവരെ ചൂഷണം ചെയ്തിരുന്നത്. കോടികളുടെ ഭൂമി ഇടപടും പോറ്റി നടത്തിയിരുന്നു. നാളെ ദേവസ്വം വിജിലന്‍സ് പോറ്റിയെ ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇയാള്‍ നടത്തിയത് അക്ഷരാര്‍ത്ഥത്തില്‍ മോഷണം തന്നെ ആണെന്നിരിക്കെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോറ്റിയെ കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യം ശക്തമാണ്. കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയും ഇതൊരു തിരഞ്ഞെടുപ്പ് ആയുധമായി ഉയര്‍ത്തിക്കാട്ടി പിണറായി സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങുകയാണ്.
ശബരിമല അയ്യപ്പന്റെ സ്വത്ത് അടിച്ചുമാറ്റുന്നവരെ കൂടെകൂട്ടുന്ന നിലപാട് സ്വീകരിക്കുന്നവര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ ഏതെങ്കിലും തരത്തിലുള്ള ആത്മാര്‍ത്ഥതയുണ്ടോയെന്ന ചോദ്യവും പ്രസക്തമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ സ്വര്‍ണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കെ, സ്വര്‍ണപ്പാളി ബെംഗളൂരുവില്‍ കൊണ്ടുപോയത് പണപ്പിരിവിനുവേണ്ടിയായിരുവെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു. സ്വര്‍ണപ്പാളി ശബരിമല ശ്രീകോവിലിന്റെ വാതിലെന്ന പേരില്‍ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തില്‍ പൂജിച്ചിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. ഇപ്പോള്‍ ശബരിമലയിലേക്കുള്ള വാതിലെന്ന പേരില്‍ പാളികള്‍ ചെന്നൈയിലും പ്രദര്‍ശനം നടത്തിയെന്ന വിവരവുംം ഭക്തരെ ഞെട്ടിക്കുന്നു.
എട്ടു വര്‍ഷം മുന്‍പ് കീഴ്ശാന്തിയുടെ പരികര്‍മികളിലൊരാളായി ശബരിമലയില്‍ എത്തിയ പോറ്റി, പടിപൂജ ഉള്‍പ്പെടെയുള്ള വിലകൂടിയ വഴിപാടുകള്‍ നടത്താനുള്ള 'സ്‌പോണ്‍സര്‍' ആയി വളര്‍ന്നത് നേര്‍വഴിയിലൂടെയല്ല, തട്ടിപ്പിലൂടെ മാത്രമാണ്. ശബരിമല ക്ഷേത്രത്തിന്റെ നടയും കട്ടിളപ്പടിയുമെന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വാതില്‍ ചെന്നൈയില്‍ പ്രദര്‍ശിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്നാണ് നടന്‍ ജയറാമിന്റെ വിശദീകരണം. ശബരിമലയിലേക്കുള്ള വാതില്‍ തൊട്ടുതൊഴാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കാരണം തനിക്ക് ഭാഗ്യം ലഭിച്ചെന്നും അന്നെടുത്ത വീഡിയോയില്‍ ജയറാം പറയുന്നത് കേള്‍ക്കാം.
അതേസമയം, ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൂശിയതിനെച്ചൊല്ലിയുള്ള വിവാദത്തിലും, പീഠം കാണാതായതിലും ഉണ്ണികൃഷ്ണന്‍ പോറ്റി മറുപടി പറയേണ്ടിവരും. 1999-ലാണ് വിജയ് മല്യ 30 കിലോ സ്വര്‍ണം വഴിപാടായി ശബരിമലയ്ക്ക് നല്‍കുന്നത്. ഈ സ്വര്‍ണം ഉപയോഗിച്ച് ശബരിമലയുടെ ശ്രീകോവില്‍, മേല്‍ക്കൂര, ദ്വാരപാല ശില്‍പ്പങ്ങള്‍ എന്നിവ പൂശുന്നു. 2018-ല്‍ ശ്രീകോവില്‍ കട്ടളയുടെ സ്വര്‍ണത്തിന് തിളക്കം കുറഞ്ഞുവെന്ന പേരിലാണ് അറ്റകുറ്റപ്പണിക്കായി തീരുമാനിക്കുന്നത്. ഈ സമയത്താണ് സ്പോണ്‍സറായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തുന്നതും, ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതും. ചെന്നൈയിലും കേരളത്തിലും വെച്ച് ഇത് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രദര്‍ശന വസ്തുവാക്കി പൂജ നടത്തി പണം നേടിയിരുന്നു.
2019-ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം പൂശാന്‍ എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകന്‍ കെ.ബി പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്. അതായത് നേരത്തെ സ്വര്‍ണം പൂശിയ പാളി അടിച്ചെടുത്തുവെന്നര്‍ത്ഥം. ഇതിലെ സ്വര്‍ണം രാസ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുത്തിട്ടുണ്ടാവണം. കമ്പനിയിലെത്തിച്ചത് മുമ്പൊരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ചെമ്പുപാളികളാണെന്നും സ്ഥാപനത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹം അറ്റകുറ്റപ്പണിക്കായി സ്ഥാപനം സ്വീകരിക്കാറില്ലെന്നും പദീപ് പറഞ്ഞു. ദ്വാരപാലക ശില്‍പ പാളികളുടെ ക്ലീന്‍ ചെയ്തപ്പോഴുള്ള ഭാരം 40.137 കിലോ ഗ്രാമാണ്. തുടര്‍ന്ന് ആസിഡ് വാഷ്, എല്‍ഗ്രേറ്റ് കെമിക്കല്‍ വാഷ്, ബഫിങ് എന്നിവയെല്ലാം കഴിഞ്ഞപ്പോള്‍ 38 കിലോയാണ് ലഭിച്ചതത്രേ.
ശ്രീകോവിലില്‍ നിന്ന് 2019 ജൂലായ് 20-ന് സ്വര്‍ണപ്പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയില്‍ എത്തിച്ചത് 40 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. ഒരു മാസത്തിലേറെ ഇതൊക്കെ എവിടെയായിരുന്നു എന്നതിന് ഉത്തരമില്ല. ഇങ്ങനെ കൊണ്ടുപോകാനും വച്ചുതാമസിപ്പിക്കാനും പോറ്റിക്ക് എന്ത് അധികാരമാണുള്ളത്. അപ്പോള്‍ പോറ്റിക്ക് പിന്നില്‍ ഉന്നതരുടെ ഒരു ലോബിയുണ്ട്. തന്നെ ഒരു ചുക്കും ചെയ്യാനാവില്ല എന്ന തരത്തിലാണ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പോറ്റിയുടെ ബോഡി ലാംഗ്വേജ്. ദ്വാരപാലക ശില്‍പം തിരികെ ക്ഷേത്രത്തില്‍ എത്തിച്ചപ്പോള്‍ ഭാരത്തില്‍ നാലു കിലോയിലേറെ കുറവു വന്നത് മഹസറില്‍ രേഖപ്പെടുത്താതിരുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല.
സന്നിധാനത്ത് അഭിഷേകത്തിന് എത്തിക്കുന്ന നെയ് തേങ്ങയില്‍ നിന്നും പോറ്റി കാശുണ്ടാക്കി. 2021 മുതല്‍ 2023 വരെ പതിനായിരത്തി ഒന്ന് നെയ്ത്തേങ്ങകളാണ് പോറ്റി സന്നിധാനത്ത് എത്തിച്ചത്. വിവിധ ഇടങ്ങളിലെ ഭക്തരില്‍ നിന്നും നെയ്ത്തേങ്ങകള്‍ ശേഖരിച്ച് ലക്ഷങ്ങളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സമ്പാദിച്ചത്. ആചാര പ്രകാരം ഭക്തര്‍ ഇരുമുടി കെട്ടുകളിലാണ് നെയ്‌ത്തേങ്ങ സന്നിധാനത്തേയ്ക്ക് അഭിഷേകത്തിനായി കൊണ്ടുപോകുന്നത്. എന്നാല്‍ പോറ്റി അവ എത്തിച്ചിരുന്നത് പമ്പയില്‍ നിന്ന് ട്രാക്ടറുകളിലാക്കിയാണ്. തുടര്‍ന്ന് അഭിഷേകം നടത്തി പ്രസാദം ഭക്തര്‍ക്ക് നല്‍കുകയാണ് പതിവ്. 2023-ല്‍ ദേവസ്വം ബോര്‍ഡ് ഈ ഇടപാട് വിലക്കിയിരുന്നു. എന്നിട്ടും പോറ്റി ശബരിമലയില്‍ തന്റെ 'അവതാരോദ്ദേശ്യം' നിറവേറ്റിക്കൊണ്ടിരുന്നു.
ഇതിനിടെ ശബരിമലയില്‍ പൊലീസ് വാഹനത്തിനായി ഇടനില നിന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്നതിനുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഒരു ഓഫ് റോഡ് ഖുര്‍ഗ ജീപ്പ് വാങ്ങി മുഖ്യമന്ത്രിക്കാണ് ഉണ്ണികൃഷ്ണന്‍ പോറ്റി താക്കോല്‍ കൈമാറിയത്. ഡി.ജി.പി റവാഡ ചന്ദ്രശേഖറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പോറ്റി ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി 2020 നും 2025 നുമിടയില്‍ ബംഗലൂരു ഉള്‍പ്പെടെ പലയിടത്തും ഭൂമി ഏറ്റെടുത്തുവെന്നാണ് വിവരം. മൂന്നു വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. തലസ്ഥാനത്തു തന്നെ കോടികളുടെ ഇടപാടുകളാണ് നടത്തിയത്. 2020 നും 2025 നുമിടയിലാണ് കോടികളുടെ ഇടപാടു നടന്നതെന്നാണ് വിലയിരുത്തല്‍. ബംഗലൂരുവിലും ഭൂമി ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.
ശബരിമലയില്‍ നിന്ന് ഈ ഉഡായിപ്പ് പോറ്റി അടിച്ചുമാറ്റാത്ത വിലമതിക്കാത്ത ഒന്നുണ്ട്. അത് സാക്ഷാല്‍ അയ്യപ്പന്റെ വിഗ്രഹമാണ്. ആ ബിംബം കൈവിട്ട് പോകും മുമ്പ് പോറ്റിയെ പൂട്ടാനാവുമോ..? ''അയ്യപ്പാ... സ്വാമിക്ക് സ്വാമി തന്നെ തുണ...''