
കുറച്ചു കാലം രോഗബാധിതനായി കിടന്നതിനു ശേഷം എഴുത്ത് വീണ്ടും ആരംഭിക്കാൻ തോന്നിയത് ഒ.വി. വിജയൻ്റെ ഓർമകൾ ഉറങ്ങുന്ന തസ്റാക്ക് സന്ദർശത്തോടെ ആകാമെന്നു കരുതി.
കൂമൻകാവ് ബസ്റ്റോപ്പിൽ രവി ഇറങ്ങി. ആ റൂട്ടിലെ അവസാന സ്റ്റോപ്പ്. ഒരു ആശ്രമത്തിൽനിന്നു തുടങ്ങിയ യാത്ര ഇവിടെയാണ് അവസാനിച്ചത്.
തൻറെ ജീവിത സാഹചര്യങ്ങളിൽ വിരക്തി തോന്നി, നാട്ടിലെ ഓണേഴ്സ് ഡിഗ്രിയും, ഗോളോർജ്ജതന്ത്ര പഠനത്തെ ഉപനിഷത്തുക്കളിൽ ഒളിഞ്ഞുകിടക്കുന്ന വിജ്ഞാനം ഉപയോഗിച്ചു സ്പഷ്ടമാക്കുന്ന പ്രബന്ധത്തിനു ഒരു അമേരിക്കൻ യൂനിവേഴ്സിറ്റി വാഗ്ദാനം ചെയ്ത ഫെലോഷിപ്പും ഉപേക്ഷിച്ചു, പ്രണയിനി പത്മയേയും വിട്ടു, ഖസാക്കിൽ പോയി സ്വയം ശുദ്ധീകരിക്കാൻ.
കുതിരാനിലെ കുരുക്കു കഴിഞ്ഞു ഞങ്ങൾ കിണാശ്ശേരിയിൽ എത്തുമ്പോൾ, ഞാനൊരു മൂന്നു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്തുകാണും. രവി ഇറങ്ങിയ കൂമൻകാവ് ബസ്റ്റോപ്പ് ഖസാക്കിലാണ്, കിണാശ്ശേരിയിലില്ല. ഇതിഹാസത്തിലെ കൂമൻകാവ് തിരക്കി, കിണാശ്ശേരിയിലെത്തുന്നവർ അനേകമാണത്രെ! ഈ വിവരത്തിനു ഞാൻ, കിണാശ്ശേരി പാതയോരത്തു പന്തലിട്ടു നിൽക്കുന്ന പേരാലിൻ ചുവട്ടിൽ കായ്കനി വിൽക്കുന്ന ഒരു സ്പെഷ്യൽ സ്റ്റാളുകാരന് കടപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തോടാണ് ഞാൻ കനാൽപാലം ബസ്റ്റോപ്പ് അന്വേഷിച്ചത്.

രവിക്ക് കൂമൻകാവും പരിസരവും, പടർന്നു പന്തലിച്ചു നിൽക്കുന്ന മാവുകളും ഏറുമാടങ്ങളും പരിചിതമായിരുന്നു. തുമ്പികളായ് വരുന്ന ചിതലിമല ആത്മാക്കളേയും, അശാന്തരായ ഇഫിരീത്തുകളേയും തിരിച്ചറിയാമായിരുന്നു. പാമ്പിൻ പുറ്റുകൾ പോലും സാധാരണമായ കാഴ്ച്ച.
എന്നാൽ, കനാൽപാലം തന്നെ ഞങ്ങൾ ആദ്യം കാണുകയായിരുന്നു. ഉള്ളോട്ട് ഇനിയും പോയാലാണ് തസ്രാക്ക്. രവിക്ക് അനുഭവപ്പെടാത്ത ഒരു ആകുലത സ്വാഭാവികമായും അവിടെ ഞങ്ങളെ ഗ്രസിച്ചിരുന്നു.
തസ്രാക്കിലേക്കുപോകാൻ കനാൽപാലം ബസ്റ്റോപ്പിൽനിന്ന് ഇടത്തോട്ടാണ് ഞാ൯ കാർ തിരിച്ചത്. തൃശ്ശൂർ-പാലക്കാട് ഹൈവെയിൽ നിന്നു തുടങ്ങിയ ഈ റോഡ്, കനാൽപാലവും പിന്നിട്ട് പെരുവമ്പ് വഴി ചിറ്റൂരിലേക്ക് പോകുന്നു. മലമ്പുഴ ഡാമിൽ നിന്ന് വരുന്ന കനാലിൻറെ അരികിലൂടെയുള്ള നടപ്പാത ഇപ്പോൾ ഒരു ടാറിട്ട റോഡായി മാറിയിട്ടുണ്ട്. എതിർദിശയിൽനിന്ന് വാഹനമൊന്നും വന്നില്ലെങ്കിൽ റോഡിൻറെ അവകാശം നമുക്കുമാത്രം!

വഴിയമ്പലവും കനാൽപാലം ഗെയ്റ്റും കടന്ന് ഞങ്ങൾ കുറച്ച് ദൂരം നീങ്ങിക്കഴിഞ്ഞു. ഇരുവശത്തു നിന്നും വഴിയിലേക്ക് ചാഞ്ഞ് കിടന്നിരുന്ന മിഥുനമാസത്തിലെ ചെടികൾ, ഈ നിരത്തിൻറെ ചാരുത അൽപ്പം വർദ്ധിപ്പിച്ചതുപോലെ.
പൂപ്പലോടിയ ഇലക്ട്രിക് പോസ്റ്റുകളിലുരക്കാതെ, പച്ചപ്പിനെ തുളച്ചു വഴി കണ്ടുപിടിച്ച്, ഹോൺഡ ഓടുന്നത് മിക്കവാറും ഫസ്റ്റ് ഗീറിൽ തന്നെയാണ്. ജി.പി.എസ് ഉപയോഗിച്ചുള്ള റൂട്ട് ഗൈഡൻസ് മകൾ പറഞ്ഞുകൊണ്ടിരുന്നതിനാൽ ശരിയായ ദിശയിൽ തന്നെയാണ് സഞ്ചാരമെന്ന് ഉറപ്പ് വരുത്താനായി.
സുന്ദരനായൊരു മുയൽ റോഡുമുറിച്ചോടി പൊന്തക്കാട്ടിൽ മറഞ്ഞു. പാതയിൽ 'മേഘങ്ങളുടെ നിഴലുകൾ പാണ്ടിപ്പയ്ക്കളെപ്പോലെ മേഞ്ഞുമേഞ്ഞു പോകുന്നു'. ഇൻസ്പെക്റ്ററും രവിയും കഥകൾ പറഞ്ഞു നന്നാരി സർവ്വത്ത് കുടിച്ച സ്ഥലമോ, അലിയാരുടെ ചായക്കടയോ, കുപ്പുവിൻറെ കള്ളുഷാപ്പോ ആ വഴിയിൽ ഞങ്ങൾ കണ്ടില്ല. വാസ്തവത്തിൽ, സാഹിത്യ തീർത്ഥയാത്രക്കാരുടെ സൗകര്യാർത്ഥം ആ പ്രദേശത്ത് ഒന്നും തന്നെ ഒരുക്കിയതായി കാണാനായില്ല.

ഓണമുണ്ണാൻ ഊക്കോടെ വളരുന്ന നെല്ലിൻറെ ശ്യാമളത മനോഹരമായി പരന്നുകിടക്കുന്നു. കുന്നിന്‍ചരിവുകൾ അത്ര ദൂരെയല്ലാതെ എല്ലായിടത്തും. പാലക്കാടൻ പ്രവശ്യയുടെ പൊതു സൗന്ദര്യമാണെങ്കിലും, ഒ. വി. വിജയൻറെ പ്രതിരൂപമെന്ന് പലരും വിശേഷിപ്പിക്കുന്ന ഓജസ്സുള്ള കരിമ്പനകൾ അങ്ങിങ്ങായി കാണാ൯ തുടങ്ങിയപ്പോൾ, ഒറ്റപ്പെട്ടു നിൽക്കുന്ന ഗ്രാമാന്തരീക്ഷം ഞങ്ങളെ അൽപ്പം അലോസരപ്പെടുത്താതിരുന്നില്ല.
അപരിചിതമായ വഴിയരികിലേക്കിറങ്ങി തലയെടുപ്പുള്ള കരിമ്പനകളുടെ സൗന്ദര്യം കേമറയിൽ പകർത്തുന്ന തിരക്കിൽ, 'മൺകട്ടകൾക്കിടയിൽ പാമ്പുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന്' ഞാൻ ഓർത്തതേയില്ല. കരിമ്പനപ്പൊത്തുകളിൽ നിന്ന് പത്തിവിടർത്തിയാടുന്ന കരിനാഗങ്ങളും അവയുടെ പ്രണയമർമ്മരങ്ങളും ഇവിടങ്ങളിലൊക്കെ പതിവാണെന്നും ചിന്തയിലെത്തിയില്ല.
നീലാകാശവും വെള്ളിമേഘങ്ങളും കാവ്യാത്മകം -- വിജയൻറെ പ്രചോദനം! മഴ ചെറുതായൊന്നുചാറി. രണ്ടു മിനിറ്റുമാത്രമേ വൈപ്പർ ഇട്ടുള്ളൂ. ഈ വീഥിയിലെവിടെയോവെച്ച് ഞങ്ങൾ വീണ്ടും തസ്രാക്കുവിട്ട് ഖസാക്കിൽ ചെന്നെത്തി. തസ്രാക്കും ഖസാക്കും തമ്മിലുള്ള സാമ്യവും, രവിയും വിജയനും തമ്മിലുള്ള ഭിന്നതയും കൂടിയും കുറഞ്ഞുമിരിക്കുന്ന ഒരു മാസ്മരഭൂമികയിൽ.
'തലയിൽ തട്ടനിടാതെ, നീലഞരമ്പോടിയ കൈകളിൽ കരിവളയിട്ട്' മനോഹരിയായ മൈമൂന ഇവിടെ രവിക്കും വിജയനും, പത്മയുടെ പകരക്കാരിയായിരുന്നു.
ഇന്ന്, ഇത് വിജയൻറെ സ്മാരകഭൂമി!

സഹോദരി ശാന്തക്ക് തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിൽ ജോലി കിട്ടിയപ്പോൾ, വാടകക്കെടുത്ത ഞാറ്റുപുരയിൽ അവരുടെ കുടുംബത്തോടൊപ്പം താമസിക്കാൻ, തൊഴിൽ നഷ്ടപ്പെട്ടു വെറുതെ വീട്ടിലിരുന്നിരുന്ന വിജയനും എത്തിയിരുന്നു. ശാന്തയുടെ ശിക്ഷകജോലി തന്നെയാണ് ഖസാക്കിലെത്തി രവിയും ഏറ്റെടുത്തു ചെയ്തത്. തസ്രാക്കിലെ വിജയൻറെ അനുഭവമാണ് ഖസാക്കിലെ രവിയുടേത്.
എന്നാൽ നിഗൂഢ സ്വഭാവമാണ് ഖസാക്കിന്. യഥാർത്ഥത്തിൽ, സ്വത്വം തേടിയാണ് രവി ഇവിടെ എത്തിയത്. രവി തീർത്ത 'Shangri-La' യിൽ വിജയൻറെ നവീകരണം നടക്കുന്നു. അതുവരെ ഉള്ളിലേറ്റിയ ആശയത്തോട് വേദനയോടെ വിട പറയുകയായിരുന്നു. പന്ത്രണ്ടു വർഷത്തെ തീവ്രമായ ചിന്തനങ്ങൾക്കൊടുവിൽ പരിവർത്തനം പൂർത്തിയായി. മലയാള സാഹിത്യ ചരിത്രത്തിലെ പ്രഥമ മാജിക്കൽ റിയലിസം പെറ്റുവീണു -- ഖസാക്കിന്റെ ഇതിഹാസം!
ഇത് അതുവരെയുണ്ടായിരുന്ന സകല മലയാള സാഹിത്യസങ്കൽപ്പങ്ങളെയും മാറ്റിമറിച്ചു! പ്രമേയവും അതുപറഞ്ഞ രീതിയുമാണ് ഒരു സാഹിത്യ സൃഷ്ടിയുടെ ഉൽകൃഷ്ടങ്ങളെങ്കിൽ, ഇതിഹാസത്തിന് മലയാള ഭാഷയിൽ സമാനതകളില്ല. മുന്നെ കേട്ടിട്ടില്ലാത്തതൊന്ന്, മുന്നെ കേട്ടിട്ടില്ലാത്തൊരു ഭാഷയിൽ! ഏറ്റവും ലളിതമായ രീതിയിൽ ഇതിഹാസത്തെ ഇങ്ങിനെ നിർവചിക്കാം. ഒരൊറ്റ ഇതിവൃത്തമല്ല, നൂറുകണക്കിനു കഥാപാത്രങ്ങളുടെ ജീവിതവുമായുള്ള ഏറ്റുമുട്ടലുകളുടെ ഒരു പരമ്പരയാണ് ഈ ഇതിഹാസം. ഐക്യരൂപമില്ലാത്ത ശ്ലഥചിത്രങ്ങൾ!

ഞാറ്റുപുരയിലും, തസ്രാക്കിലെ നാട്ടുമ്പറമ്പിലും, മൈലാഞ്ചി ചെടികൾ വളരുന്ന പാടവരമ്പത്തും, കാളവണ്ടികൾ അരിച്ചു നീങ്ങുന്ന ഇടവഴികളിലും വിജയൻ കണ്ടതും കാണാതെ അറിഞ്ഞതുമാണ് ആധാരഭൂതമായ ദ്രവ്യമെങ്കിലും, മിത്തും, ഫോക്കും, സങ്കൽപ്പവും, വൈരുദ്ധ്യവും, വിചിത്രഭാവനയും, ഗൂഢാർത്ഥങ്ങളുമെല്ലാം വേണ്ടുവോളമുണ്ട് ഇതിഹാസത്തിൽ. എന്നാൽ, കാൽപനികതയുടേയും യാഥാർത്ഥ്യത്തിൻറേയും ഇടക്ക് വിജയൻറെ അതിസൂക്ഷ്മമായ പോക്കുവരവ് അറിയണമെങ്കിൽ വായനക്കാരനും ഇതിഹാസ സൃഷ്ടാവിൻറെയത്ര ക്രാഫ്റ്റ്മാൻഷിപ്പ് കാലിബർ ഉണ്ടായിരിക്കണം. വിജയൻറെ പ്ലോട്ടുകളിൽ സഹജമായി കാണുന്ന mystical charm എന്ന മനം കവരുന്ന സവിശേഷത, അദ്ദേഹത്തിൻറെ ഈ വൈദഗ്ദ്ധ്യത്തിൽനിന്ന് ജന്മം കൊണ്ടതാണ്!
കേരളത്തിലെ ഏറ്റവും പ്രിയമേറിയ ലിറ്റററി ട്രാവൽ ഡെസ്റ്റിനേഷനാണ് ഇന്ന് തസ്രാക്ക് എന്നറിഞ്ഞപ്പോഴാണ് സന്ദർശിക്കാൻ തീരുമാനിച്ചതെങ്കിലും, അവിടെ ഒരു 'high-tech’ ഞാറ്റുപുരയല്ല പ്രതീക്ഷിച്ചിരുന്നത്! ഞാറ്റിൻ കെട്ടുകളും, വയ്ക്കോൽ കൂനകളും, നെൽചാക്കുകളും, അരിവാളും, കൈക്കോട്ടും, നിലം തല്ലിയും മറ്റുമൊക്കെയുള്ള ഒരു കളപ്പുര ആയിരുന്നു മനസ്സിൽ. ഏറെ തിരഞ്ഞതിന് ശേഷമാണ് കുറച്ച് മുറങ്ങൾ മാത്രം ഞാറ്റുപുരയുടെ പിൻഭാഗത്ത്, വെളിയിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ടത്. ഞാറ്റുപുരയുടെ ആകെയുള്ള തിരുശേഷിപ്പുകൾ!

കെട്ടിടത്തിൻറെ കോലായയും, തിണ്ണയും, ചായിപ്പുമൊക്കെ പഴയതുപോലെത്തന്നെ നിലനിർത്തിയിട്ടുണ്ടെങ്കിലും, ഞാറ്റുപുരക്കകത്ത് ഞങ്ങൾ കണ്ടത്, ലേപ്ടോപ്പും, പ്രോജക്റ്ററും, ഹോം തിയേറ്റർ സ്ക്രീനും, സർവൈലൻസ് കേമറകളും, CCTV യും, എയർകണ്ടീഷനറുമൊക്കെയാണ്! പ്രതീകാത്മകമായെങ്കിലും കാർഷികോപകരണങ്ങൾ ഞാറ്റുപുരയിലും പരിസരത്തും ഇല്ലാതെ പോയതിലെന്തോ അനൗചിത്യം തോന്നി. തേവാരത്തു ശിവരാമൻ നായരിൽനിന്നും വിജയൻറെ സഹോദരി വാടകക്കെടുത്ത ഞാറ്റുപുര ഇങ്ങിനെയായിരുന്നില്ലല്ലൊ! നവീകരണമാകാം, പക്ഷെയത് പൂര്‍വ്വകാലത്തെ ചുരണ്ടിക്കളഞ്ഞിട്ടാവരുത്!
അറബിക്കുളത്തിലേക്കുള്ള ടൈൽ വിരിച്ച നടപ്പാതയിപ്പോൾ കഥാപാത്രങ്ങളുടേയും കഥാസന്ദർഭങ്ങളുടേയും ഒരു കലാശാലയാണ്. ശിൽപവനവും, ഫോട്ടോ ഗാലറിയും, കാർട്ടൂൺ ഗാലറിയും, ലൈവ് തിയേറ്ററും ചേലൊത്ത് പണിതതിൻറെ കൂട്ടത്തിൽ, ഞാറ്റുപുരയുടെ മൗലികതയും കുറച്ചൊക്കെ പരിഗണിക്കാമായിരുന്നു.

“രവിയുടെ പണിക്കാരി ആബിദ വന്ന് തുണി മുക്കി തുടക്കാൻ തുടങ്ങിയതിനുശേഷമാണ് ഇവിടെനിന്ന് ഞാറ്റിൻറേയും ചളിയുടേയും മണം ആദ്യമായകന്നത്,” വിജയൻറെ നോവലിൽ ഞാറ്റുപുരയെ വിശേഷിപ്പിച്ചത് ഇങ്ങിനെയാണ്! ആരും മറന്നുകാണില്ല.
തുമ്പിയും, പാമ്പും, മയിലും, ഓന്തും, ചിലന്തിയും, മാധവൻനായരും മുതൽ അള്ളാപ്പിച്ച വരെയുള്ള കഥാപാത്രങ്ങൾ, താന്താങ്ങളുടെ കല്ലിൽ കൊത്തിവെച്ച രൂപത്തിൽ നിന്ന്, ഖസാക്കിൽ ഏറ്റവും ഒടുവിലെത്തിയ അതിഥികളെ കിഴക്കെ അതിർത്തിയിൽനിന്ന് ഊഷ്മളമായി ഉറ്റുനോക്കിയപ്പോൾ, ഞങ്ങളും അൽപ്പ സമയം
അവരുടെ സാമ്രാജ്യത്തിലെ ആരൊക്കെയൊ ആയിത്തീർന്നു.
'ബാല്യമോ യൗവനമോ വാർദ്ധക്യമോ മുഖത്തു തെളിയാത്ത' അപ്പുക്കിളിയുടേയും, ദീനം വന്ന്, ആദ്യം മകൻ കുഞ്ഞുനൂറിനേയും, പിന്നീട് മകൾ ചാന്തുമുത്തുവിനേയും നഷ്ടമായ ചാന്തുമ്മയുടേയും ശോകങ്ങൾ മനസ്സിലെവിടയൊ തളംകെട്ടിനിന്നു. അവരോട് എന്തെങ്കിലും സാന്ത്വന വാക്കുകൾ പറയാ൯ കഴിഞ്ഞിരുന്നെങ്കിൽ!

മൈമൂന 'അങ്ങിനെയൊക്കെ' ആയിരുന്നുവെങ്കിലും, അവളുടെ ശിൽപം തേടി കണ്ണുകൾ അവിടെയെല്ലാം അലയാതിരുന്നില്ല. അവൾ, 'ആ ഉടലിൻറെ ധാരാളിത്തത്തിന് പൊന്ന് വേണ്ടെന്ന് കണ്ടവരെല്ലാവരും പറഞ്ഞ ഖസാക്കിലെ യാഗാശ്വം'!
ഇന്നത്തെപോലെ സ്ത്രീപക്ഷവാദം എന്ന പദം നാഴികക്കു നാൽപ്പതുവട്ടം പുരുഷന്മാൻ ഉരുവിടാൻ തുടങ്ങാത്ത ഒരുകാലത്ത്, ജീവിതം തനിക്കു നൽകിയ വിണ്ടുകീറിയ യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ പതറാതെ നിന്ന മൈമൂനയക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് ഉത്തമം ഏന്നാണെങ്കിൽ പറയട്ടെ, രവി എന്ന പേര് ഉരുവിടുന്നത് ആദ്യമേ നിർത്തണമായിരുന്നു! കൃശഗാത്രനെങ്കിലും കരുത്തുള്ള ആ ധിക്കാരിക്കു നാം കൊടുക്കുന്ന ആനുകൂല്യത്തിൻറെ ചെറിയ ഒരംശമെങ്കിലും, വശംവദയാകേണ്ടിവന്ന മൈമൂനക്ക് അനുവദിച്ചുകൂടേ?
കൂമൻകാവിലെ രാഗരൂപിണി, കോയമ്പത്തൂരിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നത്, അന്വേഷണം ബാക്കിനിൽക്കേ, എ൯റെ ഒരു കേട്ടറിവാണ്. ഞങ്ങൾ അന്വേഷിക്കും, ഞങ്ങൾ അവിടേയും ചെല്ലും! അവർക്കിപ്പോൾ മരിച്ചുപോയ എൻറെ മാതാവിൻറെയത്ര പ്രായം കാണുമല്ലൊ. എന്തൊക്കെ ആയാലും, കഥാപാത്രങ്ങളുടെ സാർവ്വലൗകികത എന്നതൊന്നല്ലേ വിജയൻറെ പുസ്തകത്തെ ഒരു best-selling ഇതിഹാസമാക്കിയത്, അമ്പതു വർഷത്തിനകം പത്തറപതു തവണ അച്ചടിക്കാൻ അവസരമുണ്ടാക്കിയത്!
ഗഹനമായതെല്ലാം നിസ്സാരമായി ചെയ്യുന്ന നൈസാമലിയെപ്പോലെ പാതിരാക്ക് വേണ്ട, പാനീസ് വിളക്കും വേണ്ട, പകൽ വെളിച്ചത്തിൽ തന്നെ, എല്ലാം നനച്ചു അറബിക്കുളത്തിൽ ഒന്നു മുങ്ങിക്കുളിച്ചാലോ, മനസ്സു മന്ത്രിച്ചു!

ഇപ്പോൾ തയ്യാറെടുപ്പില്ല, അടുത്ത വരവിലാവാം…
ഞങ്ങൾ ഇവിടെ ഇനിയും വരും…
വരണം!
ഒരു പുസ്തകത്തിൻറെ പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഈ ഊരിൽ ഓരോ വരവിലുമുണ്ടാകും ഒരോന്നറിയാൻ! നിമഗ്നമായി നിരവധി തവണ വായിച്ചാലും ഗ്രഹിക്കാനാവത്തവയാണ് രവിയുടെ ബിംബങ്ങൾ!
ഒരു ജീവിതം ജീവിച്ച്, സന്ദിഗ്ദ്ധമായതിനെല്ലാം സമാധാനം ലഭിച്ച്, ഇവിടെ നിന്നുള്ളതിൽനിന്നെല്ലാം മുക്തിയും നേടി, എന്നന്നേക്കുമായി മറ്റൊരു ലോകത്തേക്ക് പോകാൻ ഒരു വിഷസർപ്പത്തിൻറെ സഹായം കാംക്ഷിക്കുന്ന രവിയുടെ പരമാനന്ദാവസ്ഥയിൽ നമുക്കിതുവരേയും എത്താനായില്ലല്ലൊ!
മഴ പെയ്യുന്നു.
മഴ മാത്രമേയുള്ളൂ.
കാലവര്‍ഷത്തിൻറെ വെളുത്ത മഴ.
മഴ ഉറങ്ങി.
മഴ ചെറുതായി.
രവി ചാഞ്ഞുകിടന്നു.
കൂമൻകാവിലെ മൺകട്ടകൾ കാലുകൊണ്ട് നമുക്കുമൊന്നു ഇളക്കി നോക്കേണ്ടേ?