Image

ഗുരുദേവന്റെ ശിഷ്യൻ, മഹാത്മജിയെ തൊട്ടറിഞ്ഞു, മഹാകാവ്യം രചിച്ചു (കുര്യൻ പാമ്പാടി)

Published on 04 October, 2025
ഗുരുദേവന്റെ ശിഷ്യൻ, മഹാത്മജിയെ തൊട്ടറിഞ്ഞു, മഹാകാവ്യം രചിച്ചു (കുര്യൻ  പാമ്പാടി)

ലോകം കണ്ട  ഏറ്റവും വലിയ മലയാളിയായി ആദരിക്കുന്ന ശ്രീനാരായണഗുരുവിനെ പരിചയപ്പെടാനും  ശിഷ്യത്വം സ്വീകരിക്കാനും  കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ സായൂജ്യമെന്നു ജീവിതസായാഹ്നത്തിൽ ഏറ്റുപറഞ്ഞ ആളാണ്‌ കോട്ടയത്തെ  സെഡ്. എം. മാമ്പറ. വൈക്കം സത്യഗ്രഹവേളയിൽ മഹാത്മാഗാന്ധിയെ തൊട്ടടുത്ത് കാണാനും ആ കരങ്ങളിൽ സ്പർശിക്കാനും കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ പോരാളിയായി.

ഇരുപത്തിരണ്ടാം വയസിൽ ശ്രീയേശു വിജയം എന്ന ആദ്യപുസ്തകം പുറത്തിറക്കിയ ആളാണ്‌. സംസ്കൃതം പഠിച്ച് സംകൃത കാവ്യങ്ങൾ മനഃപാഠമാക്കി മണിപ്രവാള ശൈലിയിൽ സംകൃതപദ സമ്മോഹനമായി രചിച്ച  ഒമ്പതു സർഗങ്ങൾ നീണ്ട ഗ്രന്ഥം അന്നത്തെ കാവ്യാസ്വാദകരെ  വിസ്മയം കൊള്ളിച്ചു.

കോട്ടയം  ആർപ്പൂക്കര മാമ്പറവീട്ടിൽ സക്കറിയാ മാത്യു എന്ന സെഡ്.എം മാമ്പറ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ 1893ൽ ജനിക്കുമ്പോൾ മലയാളത്തിൽ രണ്ടേ രണ്ടു വർത്തമാനപത്രങ്ങളേ ജനിച്ചിട്ടുണ്ടായിരുന്നുള്ളു. 1887ൽ ദീപികയും പിറ്റേ വർഷം മലയാള മനോരമയും. അക്കൊല്ലം  അരുവിപുറത്തു ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ട നടത്തി.

മാമ്പറയും മഹാകാവ്യവും

മാമ്പറ  മാത്തച്ചൻ എന്നു നാട്ടുകാർ വിളിച്ചിരുന്ന സക്കറിയ   1979ൽ 86 ആം വയസിൽഅന്തരിച്ചു. ജീവിതത്തിൽ അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം. പക്ഷെ ഇന്നും എന്നും ഓമ്മിക്കപ്പെടുന്നത്   ഗർഭശ്രീമാനായ ഒരെഴുത്തുകാരൻ എന്ന നിലയിൽ.

ഒളശ്ശയിൽ ഇംഗ്ളീഷ് അദ്ധ്യാപകനായി, പട്ടാമ്പിയിൽ  സംസ്കൃതം പഠിച്ചു.  ഒളശ്ശ മൂസിന്റെ കീഴിൽ ആയുർവ്വേദം പഠിച്ച് പ്രാക്ടീസ് ചെയ്തു, സെക്രട്ടേറിയറ്റിനു സമീപം പുളിമൂട് ജംക്ഷനിലും കോട്ടയത്തും ഭരണങ്ങാനത്തും ആയുർവേദ ചികിത്സാലയങ്ങൾ  തുറന്നു,

മലങ്കര ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ സുഹൃത്തതായി. ബസ് സർവീസ് നടത്തി. ഗാന്ധി നഗറിൽ കോട്ടയം മെഡിക്കൽ കോളജ് കൊണ്ടുവരാൻ അധ്വാനിച്ചു. നെഫ്രോളജി വകുപ്പിൽ സെഡ്. എം മെമ്മോറിയൽ  വാർഡ് അവശേഷിപ്പിച്ചു  കടന്നു പോയി. ആർപ്പൂക്കര  പഞ്ചായത്ത് ഒന്നാം വാർഡിൽ  മാമ്പറ  റോഡും.

ഒരുപോലെ-ഐ.സി. ചാക്കോ, സെഡ്. എം. മാമ്പറ, ആൽബർട്ട് ഐൻസ്റ്റീൻ

കുട്ടനാട്ടിലെ നവരത്നങ്ങളിൽ ഒരാളും പ്രാണിനീ പ്രദ്യോതകം രചയിതാവുമായ ഐസി ചാക്കോയുമായി പലവിധത്തിൽ സാമ്യമുള്ള ആളാണ് മാമ്പറ. ഐ സി. ചാക്കോയ്ക്ക് ആൽബെർട് ഐൻസ്റ്റീനുമായി സാമ്യം.

 'ഏകദേശം ആറടി പൊക്കം, വെളുത്ത മുണ്ടും ഷർട്ടും, ഷൂസ്, തലപ്പാവ്, കയ്യിലൊരു രാജകീയ വടി.' എന്നിങ്ങനെയാണ് കൊച്ചുമകൾ ഡോ.മെർലി ജോസ് അദ്ദേഹത്തെ ഓർമ്മിക്കുന്നത്‌.

നാടൻ കൃഷിക്കാരനെപ്പോലെ കഷണ്ടിയും തലക്കെട്ടും നീണ്ടു വെളുത്ത  മീശയും ഉണ്ടായിരുന്ന  ഐസി ചാക്കോ കർഷകനും കൃഷി ശാസ്തജ്ഞനുമായിരുന്നു. പക്ഷെ മാമ്പറ ബൗദ്ധിക താൽപര്യങ്ങൾക്കും നാടിനും നാട്ടാർക്കുമായി സമ്പത്തു മുഴുവൻ വാരി വിതറി.


ക്ലാസ്സ്‌മേറ്റ്സ്- ജോർജ് മാമ്പറ, റോസ് എലിസബത്ത് കുര്യൻ; ഇടത്ത്  മാത്യു ജോർജ്

വിശുദ്ധൻ ചാവറ കുര്യക്കോസ് അച്ചൻ സ്ഥാപിച്ച മാന്നാനം സെന്റ് എഫ്രേംസ് ഹൈ സ്‌കൂളിൽ അഞ്ചാം ഫോറം (ഇന്നത്തെ പത്താം സ്റ്റാൻഡേർഡ്) വരെ പഠിച്ച സക്കറിയ  പട്ടാമ്പിയിൽ പോയി പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മയുടെ ഗുരുകുല സംസ്കൃത പാഠശാലയിൽ മൂന്നുവർഷം പഠിച്ചു. അഷ്ട്ടവൈദ്യൻമാരിൽ പെട്ട ഒളശ്ശ മൂസിന്റെ കീഴിൽ ആയുർവേദവും.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കൃത്യമായി പറഞ്ഞാൽ  1909ൽ, ആ പതിനാറുകാരൻ പതിനൊന്നു വയസുള്ള ചെറുവാണ്ടൂർ വടക്കേൽ അന്നമ്മയുടെ കഴുത്തിൽ താലി കെട്ടി. അവർക്കു എട്ടു മക്കൾ--ആറാണും രണ്ടു പെണ്ണും. ബൗദ്ധിക പാരമ്പര്യത്തിനു  പ്രസിദ്ധമാണ് വടക്കേൽ കുടുംബം. 1942 ൽ പ്രസിദ്ധീ ദധീകരിച്ച ചങ്ങമ്പുഴയുടെ 'രക്തപുഷ്പ്പങ്ങൾ' എന്ന സമാഹാരത്തിനു ആമുഖം എഴുതിയത് ഫാ. ഡോ. എബ്രഹാം വടക്കേൽ ആണ്.  

ന്യുയോർക് ലിബർട്ടി ഐലൻഡിൽ അന്നമ്മ, സെഡ്. എം. മാത്യു, ജോർജ്, ഹെലൻ

സോക്രേറ്റീസിനെപ്പോലെ നാടു ചുറ്റിയ സക്കറിയയെ പിന്നീട് കാണുന്നത് തിരുവനന്തപുരത്താണ്‌. സെക്രട്ടേറിയറ്റിനു സമീപം അദ്ദേഹം മാമ്പറ ആയുർവേദ ചികിത്സാലയം തുറന്നു. മലങ്കര ആർച്  ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ അരമനയിൽ നിത്യസന്ദർശകനായ സക്കറിയയോട് സഭയുടെ തക്സ (പ്രാർത്ഥനാക്രമം) പരിഷ്‌ക്കരിക്കാൻ സഹായിക്കാമോ എന്ന് മാർ ഗ്രിഗോറിയോസ് ചോദിച്ചു. സസന്തോഷം  സഹകരിച്ചു.

'ആ കാലത്താണ്  കൊച്ചുമകൻ മകൻ മാത്യുവും ഞാനുമായുള്ള വിവാഹത്തിന് അദ്ദേഹം വഴിയൊരുക്കിയത്,' പട്ടത്തെ സെന്റ് മേരീസ് ഹൈസ്‌കൂളിൽ അദ്ധ്യാപികയായിരുന്ന ശാന്തി എന്ന അന്നമ്മ ഇക്കഴിഞ്ഞ ദിവസം എന്നോടു പറഞ്ഞു. എംജി കോളജിനു എതിർവശത്ത്  മാർ ഇവാനിയോസ് നഗറിലെ മാമ്പറ എന്ന 404 ആം  വീട്ടിലിരുന്നു സംസാരിക്കുമ്പോൾ ഞാൻ ഉൾപ്പെടെയുള്ള സഹപാഠികളെപ്പറ്റി മാത്യു കൂടെക്കൂടെ സംസാരിക്കുമായിരുന്നുവെന്നു ശാന്തി വെളിപ്പെടുത്തി. മാത്യു ഇന്നില്ല.

ആർച്ച്ബിഷപ് മാർ ഗ്രിഗോറിയോസുമായി ആത്മബന്ധം

'ഏജീസ് ഓഫിസിൽ ഓഡിറ്റ് ഓഫീസറായിരുന്ന കാലത്ത് മാത്യു കേരളം മുഴുവൻ യാത്ര ചെയ്യുമായിരുന്നു. ഞങ്ങൾ ഒരുമിച്ച് രണ്ടു തവണ യുഎസിൽ പോയി. പിതൃ സഹോദരൻ ജോർജ് മാമ്പറയുമൊത്ത്  ലിബർട്ടി ഐലൻഡ് കണ്ടത് മറക്കില്ല. എന്റെ സഹോദരൻ ന്യൂയോർക്കിലെ മലങ്കര സഭാ മേധാവി ഫാ. അഗസ്റ്റിൻ മംഗലത്ത്  കോർ എപിസ്കോപ്പയെയൂം ഞങ്ങൾ സന്ദർശിച്ചു.'

കോട്ടയത്തു തിരികെ വന്ന സക്കറിയ വെറുതെയിരുന്നില്ല. നഗരഹൃദയമായ തിരുനക്കരയിൽ മാമ്പറ ആയുർവേദ ചികിത്സാലയം തുറന്നു. അതു നടത്തുന്നതിനിടയിൽ വാച്ചുകടയുടമ  കൃഷ്ണൻ നായരുമായി ചങ്ങാത്തംകൂടി. ഇരുവരും പങ്കുചേർന്നു മംഗലം മാമ്പറ ബസ് സർവീസ് ആരംഭിക്കുന്നത് അങ്ങിനെയാണ്. അന്ന് പുതിയ ബസിനു 15,000  രൂപ വില. ശ്രീകൃഷ്ണവിലാസം കമ്പനി ഓടിച്ചിരുന്ന  ബസ് 10,000 രൂപയ്ക്കു വാങ്ങി.  

കോട്ടയം-മുണ്ടക്കയം  റൂട്ടിലായിരുന്നു ആദ്യ സർവീസ്.  രണ്ടാമത് എറണാകുളം-പേപ്പതി റൂട്ടിൽ. പഴഞ്ചൻ ബസ്. അതെന്നും വർക്ക്‌ഷോപ്പിലായിരുന്നു. സർവീസ് നിലച്ചു. 5000 രൂപ നൽകി പങ്കു പിരിയാമെന്നു കൃഷ്ണൻ നായർ സമ്മതിച്ചു. എറണാകുളത്തു ബ്രാഞ്ച് തുടങ്ങി ബോംബയിൽ നിന്ന് സ്വർണം കൊണ്ടുവന്നു ആഭരണ ങ്ങളാക്കി വിറ്റ കൃഷ്ണൻ നായർ വളർന്നു. പക്ഷെ ഒരിക്കലും പണം നൽകിയില്ല. ബസ് വാങ്ങാൻ പണയം വച്ച സക്കറിയയുടെ  ഭൂമി ജപ്തിയിലായി.

മകൻ മാത്യുവിന്റെ ഗ്രാഡുവേഷൻ; ജോർജ്, ലെവിനിയ, ഹെലൻ, മാത്യു

കൃഷണൻ നായരുടെ മകൻ പദ്‌മനാഭൻ നായർ മകൾ രാധയെ എല്ലാദിവസവും രാവിലെ സിഎംഎസ് കോളജിൽ ഫിയറ്റ് കാറിൽ കൊണ്ടിറക്കുന്നത് ഇപ്പോഴും ഓർക്കുന്നു. എനിക്കും ജോർജിനും മാത്യുവിനു
മൊപ്പം  ബിഎ ഇംഗ്ലീഷ് ക്ലാസ്സിൽ രാധയും പഠിച്ചു. ആഢ്യത്തമുള്ള  സുന്ദരിക്കുട്ടിയിരുന്നു. പക്ഷെ രാധയെ അന്നു ജോർജ് തിരിച്ചറിഞ്ഞോ എന്നു സംശയം

സക്കറിയയുടെ മക്കളിൽ ന്യൂ ജേഴ്‌സിയിലുള്ള റിട്ട. കോളജ് അദ്ധ്യാപകൻ ജോർജ് മാത്രമേ ജീവിച്ചിരിപ്പുള്ളൂ.
തിരുവനന്തപുരത്തു കേരള യൂണിവേഴ്‌സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷിൽ മാസ്റ്റേഴ്സ് ചെയ്ത ജോർജ് തൊടുപുഴ  ന്യൂമാൻസ്, തിരുവനന്തപുരം മാർ ഈവാനിയോസ്, മാവേലിക്കര ബിഷപ് മൂർ എന്നിവയ്ക്ക് ശേഷം മധുര അമേരിക്കൻ കോളേജിൽ അദ്ധ്യാപകനായി. 1972 ൽ അമേരിക്കയിലെത്തി കോഴിക്കോടുകാരി ഹെലനെ വിവാഹം ചെയ്തു ന്യൂജേഴ്‌സിയിലെ ടീനെക്കിൽ താമസം.

ഇരുപതു വർഷം അരിസോണയിലെ ഫീനിക്സിൽ  സേവനം ചെയ്തു കടന്നു പോയ  ജ്യേഷ്ടൻ ഫാ. മാത്യു മാമ്പറ 1989  ജൂണിൽ പിതാവിന്റെ പത്താം ചരമവാർഷിക വേളയിൽ പ്രസാധനം ചെയ്ത ക്രിസ്തുദേവോദയം  മഹാകാവ്യത്തിന് അവതാരിക എഴുതിയത് അനുജൻ ജോർജ് ആണ്. മുഖവുര എഴുതിയത്  കോഴിക്കോട് സർവകലാശാലയിലെ മുൻ മലയാളം പ്രൊഫസർ കെ. ഗോപാലകൃഷ്ണൻ.


സഹോദരങ്ങൾ ഒരുമിച്ച്


'സ്വമനസിന്റെ അഭിനിവേശങ്ങളെയും പ്രേരണകളെയും ഉപോദ്ബലകമാക്കി സനാതനങ്ങളും പുതു തലമുറയ്ക്ക് നിത്യതാല്പര്യം ജനിപ്പിക്കാനുതകുന്നവയുമായ ഇതിവൃത്തങ്ങളെ ആധാരമാക്കികവിത രചിച്ച ഒരു കലാകാരനായിരുന്നു സെഡ്. എം മാമ്പറ എന്ന മാമ്പറ മാത്തച്ചൻ,' അവതാരികയിൽ ജോർജ് പറയുന്നു.  

'യേശു എന്ന ചരിത്രപുരുഷന്റെ വളർച്ച ലളിതമായും ചമൽക്കാര പുഷ്‌ടിയോടെയും അദ്ദേഹം പ്രതിപാദിക്കുന്നു. യേശുവിന്റെ പാഠങ്ങൾ  ആരിലെങ്കിലും അടിചേല്പിക്കാനോ അവ മാത്രമാണ് മൗലിക സന്മാർഗ ശാസ്ത്രങ്ങളെന്നു സ്ഥാപിക്കാനോ പരോക്ഷമായിപ്പോലും അദ്ദേഹം ശ്രമിച്ചുകാണുന്നില്ല. ഹിന്ദു പുരാണങ്ങളോടും പ്രത്യയ ശാസ്ത്രത്തോടുംകവിക്കേറ്റവും ശ്രേയസ്കരമായ ആദരവുണ്ടായിരുന്നുവെന്നു ഈ കാവ്യത്തിലെ സങ്കേതങ്ങളും ശൈലികളും തെളിയിക്കുന്നു'

'അനുഭവസമ്പന്നനായിരുന്നു മാമ്പറയെന്നു  മുഖവുരയിൽ പ്രൊഫ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഗാന്ധിഭക്തൻ, ശ്രീനാരരായണ ഗുരു ശിഷ്യൻ, സ്വന്തന്ത്ര്യ സമര സേനാനി, ആയുർവേദ വൈദ്യൻ എല്ലാറ്റിലുമുപരി എഴുത്തുകാരൻ. സമ്പത്തു മുഴുവൻ പൊതുക്കാര്യങ്ങൾക്കായി ചെലവഴിച്ച ശേഷം അദ്ദേഹം ജീവിത സായാഹ്നത്തിൽ വാടകയ്‌ക്കെടുത്തൊരു മുറിയിൽ ഏകനായി എഴുത്തു തുടർന്നു.

സഹപാഠികൾ ജോർജ്,, കുര്യൻ, ശോശാമ്മ;  ദ്രോണാചര്യ സണ്ണി തോമസുമായികുശലം

'ശ്രീയേശുവിന്റെ ജീവിതം ഒമ്പതു സർഗങ്ങളിലായി പ്രതിപാദിക്കുന്ന 'ക്രിസ്തുദേവോദയം' നായകന്റെ ജ്ഞാനസ്നാനോപവാസം ചിത്രീകരിച്ചുകൊണ്ടു സമാപിക്കുന്നു. വർണ്ണപ്പൊലിമയുള്ള സങ്കൽപ്പനങ്ങളെക്കാൾ  കവി വിലകല്പിക്കുന്നതു ആദർശസുന്ദരമായ ജീവിത നിഷ്‌ഠക്കാണ്.  ക്രൈസ്തവധർമ്മം  കൈകാര്യം ചെയ്യുമ്പോഴും ഭാരതീയതയിൽ അദ്ദേഹം ഊന്നി നിൽക്കുന്നു.'

'ഏകാന്തതയുടെ അനർഘസംഗീതം സ്വന്തം  കാവ്യവിപഞ്ചികയിൽ സംവിധാനം ചെയ്യാൻ മാത്രം ഉത്സാഹിച്ച  മാമ്പറയുടെ സാഹിത്യ ലോകത്തെ പരിചയപ്പെടുത്തിയതിനു സിസ്റ്റർ ഇമ്മാനുവേലക്കും പ്രിയ ശിഷ്യ സിസ്റ്റർ ധന്യയ്ക്കും പ്രൊഫ. ഗോപാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തുന്നു.

'പ്രഭയിലുമനിലങ്കലും പ്രപഞ്ചം
പ്രമദമൊടീശനലങ്കരിച്ചു പിന്നെ
പ്രശമിതമതി  സർഗ്ഗത്ത്വമേകീ
പ്രകൃതിയിലായതു താൻ മയാഭിവാദ്യം'  എന്നു  തുടങ്ങി

മൂവാണ്ടാണു മനുഷ്യനന്ദന മഹാമേധത്തിനശ്വോപമം
താനേ ദിഗ്വിജയാർഥമഗ്ഗുരുവരൻ
ദേശാടനം ചെയ്തിടാൻ...ദ്രാവിഡ വൃത്തമതിലായ്
വൈകാതെ വർണ്ണിക്കുവാൻ'

എന്നു പരിസമാപിക്കുന്നു മഹാകാവ്യം.


മാമ്പറ പ്രതിഭകൾ: സ്കറിയ സെബാസ്റ്റിയൻ ഐപിഎസ്,  കേന്ദ്ര ഡിഫൻസ് വകുപ്പിൽ  ഡയറക്ടർ എം. ജെ. മാത്യു, പ്രൊഫ. മെർലി ജോസ്  


മാമ്പറയുടെ ഇതരകൃതികൾ: സാഹിത്യ സുധാകരം,  കൈലേസ്, മഗ് ദലന മറിയം ഇസ്രായേൽ പുത്രൻ (മൂന്നും നാടകങ്ങൾ), ഭാരതീയ മഹാൻമാർ, വനിതാരത്നങ്ങൾ, തത്വചിന്തകൾ, ഹംസസന്ദേശം, ലാവണ്യസാരം, നവരത്നഹാരം (മൂന്നു ഭാഗങ്ങൾ), ചിത്രദർശനം, സ്വാതന്ത്ര്യ സമരം (ബാലസാഹിത്യം)

മക്കൾ:  എം.എം. സക്കറിയ, എം.എം. ജോസഫ്, സിസിലി ഉലഹന്നാൻ (വൈക്കം), എം.എം. ജെയിംസ്, എം.എം തോമസ്, ഫാ. മാത്യു മാമ്പറ (അരിസോണ), ഫിലോമിന പോൾ (പുത്തൻവേലിക്കര), ജോർജ് മാമ്പറ (ന്യൂ ജേഴ്‌സി)

മാമ്പറ കുടുംബത്തിൽ  ശ്രദ്ധേയരായ  ചിലരുണ്ട്-സ്കറിയ സെബാസ്റ്റിയൻ ഐപിഎസ്, സെഡ്. എം. മാത്യു (എജീസ് ഓഫീസ്, തിരുവനന്തപുരം),  എം ജെ  മാത്യു (പ്രതിരോധ വകുപ്പ് മുൻ ഡയറക്ടർ, ഡൽഹി),  ഡോ. മെർലി ജോസ് (അമലഗിരി ബികെ കോളജ് മുൻ എക്കണോമിക്സ് പ്രൊഫസർ)

'ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി മാമ്പറ മാത്തച്ചൻ അച്ചായൻ ആയിരുന്നു' വെന്നു .  2004 ലെ മാമ്പറ അനുസ്മരണപതിപ്പിൽ 'ആർപ്പൂക്കര അച്ചായൻ' എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിൽ   മെർലി ജോസ് പറയുന്നു. 'കൊച്ചുന്നാളിൽ  തിരുവനന്തപുരത്തു നിന്നു  വരുന്ന അച്ചായനെ  ദൂരെനിന്നു കാണുമ്പോഴേ ഓടിച്ചെന്നു ആ കയ്യിൽ തൂങ്ങി വിശേഷങ്ങളൊക്കെ പറഞ്ഞു വീട്ടിലേക്കു ആനയിക്കും.

ഇൻഫോസിസ് സ്ഥാപകൻ ഷിബുലാലിനൊപ്പം ജോർജ്    

'ഒരിക്കൽ എനിക്കും ചേച്ചിക്കും ഓരോ പാവ സമ്മാനമായി കൊണ്ടുവന്നു. അന്നൊക്കെ കേ ട്ടിട്ടുപോലുമില്ലാ
ത്ത സമ്മാനം. വീട്ടിൽ  ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും ക്ലാസ്സിലെ സംശയങ്ങൾ തീർത്തു തരാനും  പ്രസംഗം, ഉപന്യാസം എന്നിവ പഠിപ്പിക്കാനും അച്ചായൻ സമയം കണ്ടെത്തി.

'വാർദ്ധക്യകാലത്തു മൂടിപുതച്ചിരുന്ന അച്ചായന്റെ കമ്പിളി പുതപ്പിനുള്ളിൽ ഒളിച്ചുകളിക്കാൻ എന്നെ അനുവദിച്ചിരുന്നു. ദിനേശ് ബീഡി ശീലമാക്കിയിരുന്ന അച്ചായന് നിത്യേന ബീഡി തീപ്പെട്ടി വാങ്ങിക്കൊടുത്തിരുന്നത് ഞാനായിരുന്നു. ആഷ്‌ട്രേ നിറയുമ്പോൾ കളയുക, പിച്ചളവടി ഉമുക്കരിയിട്ടു  മിനുക്കുക ഒക്കെ പതിവായി. സന്ദർശകർ വരുമ്പോൾ മെർലീ എന്ന ആ വിളി എന്റെ മനസ്സിൽ  ഇന്നും മുഴങ്ങുന്നു.'
 

Join WhatsApp News
George mampara 2025-10-04 20:42:36
Do the readers a favor please. Hold on to Kurian Pampady, one accomplished journalist/story teller. I have known of his writing proclivity for over sixty years. Lots of luck to the emalayalee team and to k Pampady.
Abdul 2025-10-05 00:11:06
Dear Kurian sir, glad to see that you are introducing prominent people frequently. Your article is easy and worth reading but lengthy.
George mampara 2025-10-05 03:28:18
I am the only surviving son of the late zm mampara. I am glad Mr k Pampady chose my dad as deserving of some grateful words of praise. He served the community he was a part of, and still pursued his chief goal in life, namely writing poetry. His kristudevodayam whose earlier edition appeared as early as 1926, the poet in his late twenties. The early editions had come out with generous encomia proffered by mallur govinda pillai, an early time principal of Kerala government law college. A later edition included generous prefaces by kottarathil sankunni and pandalam Krishna varier, both literary luminaries. The young debuting poet’s poetic sensibility is very generously praised by these poets and critics of the time. One life well lived.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക