Image

വിജയ് മല്യ പൊതിഞ്ഞത് സ്വര്‍ണം, ദേവസ്വം ബോര്‍ഡ് തന്നത് ചെമ്പെന്ന് പോറ്റി; കള്ളന്‍ കപ്പലിലുണ്ട് (എ.എസ് ശ്രീകുമാര്‍)

Published on 04 October, 2025
വിജയ് മല്യ പൊതിഞ്ഞത് സ്വര്‍ണം, ദേവസ്വം ബോര്‍ഡ് തന്നത് ചെമ്പെന്ന് പോറ്റി; കള്ളന്‍ കപ്പലിലുണ്ട് (എ.എസ് ശ്രീകുമാര്‍)

സ്വര്‍ണം പൂശാനായി തനിക്ക് ലഭിച്ച ശബരിമല ദ്വാരപാലക ശില്‍പങ്ങളുടെ പാളി ചെമ്പാണെന്നാണ് ദേവസ്വം ബോര്‍ഡ് രേഖകളില്‍ കാണിക്കുന്നതെന്ന് വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണല്‍ പോറ്റി, തനിക്കെതിരായ ആപോപണങ്ങളെല്ലാം നിഷേധിച്ച് പറയുമ്പോള്‍ ദുരൂഹത വര്‍ധിക്കുന്നു. ''ലഭിച്ചത് ചെമ്പ് പാളികളാണ്. ദേവസ്വം ബോര്‍ഡ് മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണ്. അതിന് മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ച് അറിയില്ല. സ്വര്‍ണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്. പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലക ശില്‍പങ്ങളുടെ പാളികള്‍ ഞാന്‍ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണ്...'' എന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് പറഞ്ഞത്.

അതേസമയം, ദ്വാരപാലക ശില്‍പത്തില്‍ 1998-ല്‍ വിജയ് മല്യ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണ്ണപ്പാളികള്‍ 2019-ല്‍ ചെമ്പു പാളിയായത് എങ്ങനെയെന്നതില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് പന്തളം കൊട്ടാരം. ''2019-ല്‍ മദാസിലെ കമ്പനിയില്‍ എത്തിച്ച പാളികള്‍ ആ കമ്പനി സ്വര്‍ണ്ണം പൂശി തിരികെ കൊണ്ടുവന്നതിനു ശേഷം 6 വര്‍ഷം കഴിഞ്ഞപ്പോള്‍ അത് വീണ്ടും കറത്തുപോയി. നിറം മങ്ങി എന്നു പറയുമ്പോള്‍ 2019-ല്‍ ആ കമ്പനി എത്ര കനത്തില്‍ ആണ് അന്ന് സ്വര്‍ണ്ണം പൂശിയത് എന്നു കൂടി പരിശോധിക്കണം. അവര്‍ അത് പറയണം. ഇന്ന് പ്രതി പട്ടികയില്‍ നിക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശദമായി ചോദ്യം ചെയ്താല്‍ ഇതിന്റെ എല്ലാം സത്യാവസ്ഥ അറിയാന്‍ സാധിക്കും. അതല്ല എന്നുണ്ടെങ്കില്‍ 2019-നു മുമ്പ് ഇത് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കണം...'' എന്നാണ് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

വാസ്തവത്തില്‍ 1999-ല്‍ വിജയ് മല്യ സ്വര്‍ണം പൂശുകയല്ല, പൊതിയുകയാണ് ചെയ്തത്. കടലാസുപോലെ മൈക്രോണ്‍ കണക്കില്‍ വളരെ നേര്‍ത്ത സ്വര്‍ണ ഫോയിലാണ് ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞത്.  ചെന്നൈയിലെ ജെ.എന്‍.ആര്‍ ജ്വല്ലറി ഗ്രൂപ് ഉടമ ജെ നാഗരാജന്റെ നേതൃത്വത്തിലുള്ള 42 അംഗ സംഘം സന്നിധാനത്ത് താമസിച്ചായിരുന്നു ഈ ജോലികള്‍ ചെയ്തത്. ഇതിന് മേല്‍നോട്ടം വഹിച്ചത് ദേവസ്വം മരാമത്ത് വിഭാഗമായിരുന്നു. പ്രത്യേക ഉത്തരവിലൂടെ മരാമത്ത് ചീഫ് എഞ്ചിനീയറെയും ഡിവിഷണല്‍ എഞ്ചിനീയറെയും ഇതിനായി ചുമതലപ്പെടുത്തിയിരുന്നു.  ഇതിന് 30 മുതല്‍ 40 വര്‍ഷത്തെ ഗ്യാരന്റിയും കമ്പനി നല്‍കിയിരുന്നു. അതാണ് 2019-ല്‍ ചെമ്പ് മാത്രമായി മാറിയത്. അപ്പോള്‍ സ്വര്‍ണം എവിടെപ്പോയി എന്ന് ദേവസ്വം ബോര്‍ഡിന് അറിയില്ല.

ഈ കാര്യങ്ങളുടെ നാള്‍വഴി ഒന്നുകൂടി പരിശോധിക്കാം. 1999: വിജയ് മല്യയുടെ വഴിപാടായി ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം പൊതിയുന്നു. നിറം മങ്ങിയെന്ന് പറഞ്ഞ് 2019-ല്‍ പാളികള്‍ ഇളക്കിയെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നു. എന്നാല്‍ തങ്ങള്‍ക്ക് കിട്ടിയത് പുതിയ ചെമ്പുപാളികളാണെന്ന് ചെന്നൈയിലെ 'സ്മാര്‍ട്ട് ക്രിയേഷന്‍സി'ന്റെ പ്രതിനിധി അഡ്വ. കെ.ബി പ്രദീപ് വ്യക്തമാക്കുന്നു. 2021-ല്‍ സ്വര്‍ണം പൂശിയ പീഠത്തിന്റെ നിറം മങ്ങിയതിനെ തുടര്‍ന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി പുതിയ പീഠം സമര്‍പ്പിച്ചു. 2023-ല്‍ പാളികള്‍ക്ക് വീണ്ടും നിറം മങ്ങിയെന്ന് ചൂണ്ടിക്കാട്ടി തന്ത്രി അറ്റകുറ്റപ്പണിക്ക് കത്ത് നല്‍കി. 2025 സെപ്റ്റംബര്‍ 7-ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ദ്വാരപാലക ശില്‍പ പാളികള്‍ വീണ്ടും അഴിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയി.

തിരികെ എത്തിച്ചപ്പോള്‍ നാല് കിലോയോളം തൂക്കം കുറഞ്ഞതായി ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോറ്റിയുടെ കള്ളക്കളിയയും ദേവസ്വം ബോര്‍ഡ് നിലപാടിലെ ദുരൂഹതയും കേളിളക്കമുണ്ടാക്കിയിരിക്കുന്നത്. സ്വര്‍ണം ചെമ്പായ അത്ഭുതം സംബന്ധിച്ച് വ്യക്തമായ രേഖകളോ മറുപടിയോ നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ദേവസ്വം വിജിലന്‍സിനോട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തടിതപ്പാന്‍ ശ്രമിക്കുകയാണ് ദേവസ്വം ബോര്‍ഡ്. ദേവസ്വം വിജിലന്‍സിന്റെ നിയന്ത്രണച്ചരടുകള്‍ പിണറായി സര്‍ക്കാരിന്റെ കൈയിലാണെന്നിരിക്കെ ഈ അന്വേഷണത്തിന് എന്ത് ക്രെഡിബിലിറ്റിയാണുള്ളതെന്ന ചോദ്യവും പ്രസക്തമാണ്.

ഏതായാലും സ്വര്‍ണം അടിച്ചുമാറ്റപ്പെട്ടുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് ആരാണെന്നാണ് കണ്ടെത്തേണ്ടത്. ശബരിമലയില്‍ സ്‌പോണ്‍സര്‍മാരായി വരുന്നവര്‍ക്ക് ആ പ്രവര്‍ത്തി ചെയ്യുവാനുള്ള കഴിവും സാമ്പത്തികവും ഉണ്ടോ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പന്തളം കൊട്ടാരം ചൂണ്ടിക്കാട്ടുന്നത്. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്നതിനു പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും 2019-ല്‍ ഉണ്ടാകാത്തത് ഭക്തജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നും അന്നത്തെ നടപടിക്രമങ്ങള്‍ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്ത ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ആരായാലും അവരെ കണ്ടെത്തുകയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാം കണ്ടു പിടിച്ച് ഭക്തജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഈ സര്‍ക്കാരിനുണ്ടെന്നുമാണ് പന്തളം കൊട്ടാരത്തിന്റെ നിലപാട്.

ഇതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റി പോറ്റി മുഖേനയുള്ള വാറന്റി വേണ്ടെന്നു വച്ച ദേവസ്വം ബോര്‍ഡ് ഇനി സ്വന്തം നിലയില്‍ നേരിട്ട് ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. 2019-ല്‍ ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് വാറന്റി എഴുതിയത്. 40 വര്‍ഷത്തേക്കായിരുന്നു വാറന്റി. പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് ഇത് ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഇതുവഴി 18 ലക്ഷം രൂപ ബോര്‍ഡിന് നഷ്ടമുണ്ടാവും. 4 കിലോ സ്വര്‍ണം മോഷ്ടിച്ചത് വേറെ. ദ്വാരപാലക ശില്‍പ വിവാദത്തില്‍ ദേവസ്വം ബോര്‍ഡിന് അടിമുടി വീഴ്ച സംഭവിച്ചുവെന്ന കാര്യത്തില്‍ ഇനി ഒരു സംശയവുമില്ല.

രേഖകളില്‍ സ്വര്‍ണപ്പാളി ചെമ്പ് പാളിയാക്കിയത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരാണ്. ദേവസ്വം കമ്മീഷണറും എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ചേര്‍ന്നാണ് 2019-ല്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത്. ശില്‍പങ്ങളില്‍ സ്വര്‍ണ പാളിയെന്ന മുന്‍ രേഖകള്‍ അവഗണിച്ചുള്ള ഈ നീക്കത്തിന്റെ ഗുണഭോക്താക്കള്‍ ആരെന്നാണ് തെളിയിക്കപ്പെടേണ്ടത്. എന്നിട്ടും സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഒന്നും ഒളിക്കാനില്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറയുന്നത്. പന്തളം കൊട്ടാരം പറഞ്ഞതുപോലെ ഉണ്ണികൃഷ്ണനെ ശരിക്കും പോലീസ് മുറയില്‍ ചോദ്യം ചെയ്താല്‍ കള്ളി വെളിച്ചത്തു വരാനുള്ളതേയുള്ളൂ. കള്ളന്‍ ഈ കപ്പലില്‍ തന്നെയുണ്ട്. കപ്പിത്താന്‍ കണ്ടുപിടിക്കുമോ..?
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക