എന്നെ
ശിഷ്ടമില്ലാത്ത
കണക്കുകൾ
വിഴുങ്ങുന്ന ഒരു
മഹാസൗധത്തിന്റെ
ശമ്പളമില്ലാത്ത
കാവൽക്കാരിയാക്കിയതിന്
ഓരോ മുറിയിൽ നിന്നും
ഉയിർത്തെഴുന്നേൽക്കുന്ന
ഓർമ്മകൾ കൊണ്ടു
നിരന്തരം
കുത്തി
മുറിവേല്പിച്ചതിന്
അടുത്തറിഞ്ഞ
സൗഹൃദങ്ങളെ പോലും
സ്ത്രീയെ വെറുമൊരു
പെൺ ശരീരം
മാത്രമായ് കാണാൻ
പഠിപ്പിച്ചതിന്
അലങ്കാരങ്ങളിൽ
ഭ്രമിക്കാത്തവളെ
ഒരു നക്ഷത്രലോകം
കാണിച്ച്
വെറുതെ
വിസ്മയിപ്പിച്ചതിന്
പിന്നെ ഓരോ വിളക്കും
ഊതിക്കെടുത്തി
നിനച്ചിരിക്കാത്ത നേരത്ത്
വഴികാട്ടിയാകേകേണ്ടവനെ
പടിയിറക്കി
കൊണ്ടു പോയതിന്
തണലിനെ
തീയാക്കിയതിന്
മഞ്ഞിനെ
കനലാക്കിയതിന്
കാൽക്കീഴിലെ മണ്ണിനെ
മനസ്സിലെ
ദിശയറിയാത്ത
മണൽക്കാറ്റാക്കിയതിന്
എങ്കിലും നിന്നോടെനിക്ക്
പൊരുതി നിൽക്കണം
ഇരുളിൽ
ഇത്തിരി വെളിച്ചമായവർക്കൊപ്പം
നിനക്ക് മുൻപേ
നടക്കണം
നിന്നിൽ എന്നെ
അടയാളപ്പെടുത്തി
അക്ഷരത്തോണി തുഴഞ്ഞു
അക്കരെയെത്തണം