Image

പോറ്റിക്ക് രക്ഷപെടാന്‍ മഹസര്‍ തുണ; ചോദ്യം ചെയ്യുന്ന ദേവസ്വം വിജിലന്‍സ് വെറും കടലാസുപുലി (എ.എസ് ശ്രീകുമാര്‍)

Published on 05 October, 2025
പോറ്റിക്ക് രക്ഷപെടാന്‍ മഹസര്‍ തുണ; ചോദ്യം ചെയ്യുന്ന ദേവസ്വം വിജിലന്‍സ് വെറും കടലാസുപുലി (എ.എസ് ശ്രീകുമാര്‍)

ശബരിമലയിലെ ദ്വാരപാലക ശില്‍പപാളി വിവാദത്തില്‍ ഉല്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റിയെയും അയാള്‍ക്ക് സ്വര്‍ണം അടിച്ചുമാറ്റാന്‍ സൗകര്യം ചെയ്തുകൊടുത്ത കൂട്ടുകച്ചവടക്കാര്‍ക്കും ഊരിപ്പോരാന്‍ തക്കവിധം ദേവസ്വം മഹസറില്‍ വലിയ അട്ടിമറിയാണ് നടത്തിയിരിക്കുന്നത്. 1999-ല്‍ വിജയ് മല്യ സ്വര്‍ണത്തില്‍ പൊതിഞ്ഞ ദ്വാരപാലക ശില്‍പങ്ങളുടെ പാളികള്‍ 2019-ല്‍ വെറും ചെമ്പ് മാത്രമായി മാറിയ അത്ഭുതത്തിന്റെ കഥകളാണല്ലോ നമ്മളിപ്പോള്‍ കേള്‍ക്കുന്നത്. ദ്വാരപാലക ശില്‍പങ്ങളില്‍ ഉള്‍പ്പെടെ വിജയ് മല്യ വഴിപാടായി 1998-ല്‍ സമര്‍പ്പിച്ച 30 കിലോ സ്വര്‍ണം 40 വര്‍ഷത്തെ ഗ്യാരന്റിയിലാണ് പൊതിഞ്ഞത്.

എന്നാല്‍ നിറം മങ്ങിയെന്ന് ചൂണ്ടാക്കാട്ടി 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പാളികള്‍ ചൈന്നൈയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ 'ചെമ്പ് തകിട്' എന്നാണ് ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയത്. മഹസറില്‍ തിരുവാഭരണം കമ്മിഷണറോ ദേവസ്വം സ്മിത്തോ ഒപ്പിട്ടിരുന്നില്ല. ഇത് ഉദ്യോഗസ്ഥ തലത്തിലെ ഗുരുതരമായ ക്രമക്കേടാണ്. 2019 ജൂലൈ 20-ന് ദേവസ്വം ചട്ടങ്ങള്‍ ലംഘിച്ച് അഴിച്ചെടുത്ത പാളികള്‍ 39 ദിവസങ്ങള്‍ക്ക് ശേഷമാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയിലെത്തിയത്. ചെമ്പുപാളികളാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന് കമ്പനിയും സാക്ഷ്യപ്പെടുത്തുന്നു. 2019 ജൂലൈ മാസത്തിലാണ് സ്വര്‍ണ്ണം പൂശുന്നതിനായി ശില്‍പ്പങ്ങള്‍ കൊണ്ടുപോയത്. എന്നാല്‍ ഇതിന് മൂന്ന് മാസം മുന്‍പത്തെ ദൃശ്യങ്ങളില്‍ പാളികള്‍ സ്വര്‍ണ്ണമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതിനിടെ, ഇക്കൊല്ലം സെപ്റ്റംബറില്‍ വീണ്ടും ഈ പാളികള്‍ നവീകരിക്കാന്‍ ചൈന്നൈയിലേയ്ക്ക് കൊണ്ടുപോയി. ഇത് തന്നെ അറിയിച്ചില്ലെന്ന് ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന അവതാരത്തിന്റെ ഇടപെടലും 4 കിലോ സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവന്നത്. ഇതിനിടെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണ പീഠം ഉണ്ണികൃഷ്ണല്‍ പോറ്റി സഹോദരിയുടെ വീട്ടില്‍ കൊണ്ടുപോയി വച്ചതും വിവാദമായി. വിജയ്മല്യ പൊതിഞ്ഞ പാളികളും അതിലെ സ്വര്‍ണവും എവിടെയെന്ന ചോദ്യത്തിന് പോറ്റിക്കോ ദേവസ്വം ബോര്‍ഡിനോ ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവര്‍ക്കോ മറുപടിയില്ല.

വിവാദ സ്‌പോണ്‍സറായി വിലസിയ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഇന്നലെയും ഇന്നുമായി ഏഴ് മണിക്കൂര്‍ ആണ് ദേവസ്വം ബോര്‍ഡിന്റെ ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്തത്. എന്നാല്‍ ഈ ഇന്റലിജന്‍സ് സംവിധാനത്തിന്റെ വിശ്വാസ്യത പരിശോധിക്കപ്പെടേണ്ടതുണ്ട്. പോലീസ് സ്റ്റേഷനിലോ കോടതിയുടെ സാന്നിധ്യത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിയമ സംവിധാനത്തിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിലോ വച്ചല്ല ഈ ചോദ്യം ചെയ്യല്‍. നിയമപരമായി ഒരു തരത്തിലുമുള്ള എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഒന്നും ഇല്ലാത്ത വെറും കടലാസു പുലിയാണ് ദേവസ്വം വിജിലന്‍സ്.

''ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് സ്വാതന്ത്ര്യം ഇല്ലേ..? ഹൈക്കോടതിയില്‍ എല്ലാം തെളിയിക്കപ്പെടും. എനിക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അവകാശമില്ലേ..? സത്യം വിജയിക്കും...'' എന്നാണ് പോറ്റി ഇന്ന് പറഞ്ഞത്. എന്നാല്‍ തിരുവനന്തപുരത്ത് നന്ദാവനത്തുള്ള ദേവസ്വം ബോര്‍ഡിന്റെ എയര്‍ക്കണ്ടീഷന്‍ മുറിയില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കടുത്ത ശിക്ഷ കൊടുത്ത് കാരാഗൃഹത്തില്‍ അടയ്ക്കുമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരായിരിക്കും ഏറ്റവും വലിയ മണ്ടന്‍മാര്‍. ചോദ്യം ചെയ്യല്‍ ഹൈക്കോടതിയോ കേരളാ പോലീസോ മറ്റ് അന്വേഷണ ഏജന്‍സികളോ ഒന്നും നിരീക്ഷിക്കുന്നില്ല. ആ നിലയ്ക്ക് ഇതൊരു പ്രഹസനമാണ്.

ശബരിമലയില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഭക്തിയില്‍ പൊതിഞ്ഞ മോഷണം ഉള്‍പ്പെടെയുള്ള അനധികൃത ഇടപാടുകള്‍ എല്ലാം കണ്ടില്ലെന്നു നടിച്ച ദേവസ്വം ബോര്‍ഡിന്റെ ഉന്നതന്മാര്‍ വിരാജിക്കുന്ന ബോര്‍ഡ് ആസ്ഥാനത്ത് ആണ് ചോദ്യം ചെയ്യല്‍ എന്നത് രസകരമാണ്. പോറ്റിയുടെ ഇടപെടലുകള്‍ ബോര്‍ഡിന് കാണാന്‍ പറ്റുന്നില്ലത്രേ. ദ്വാരപാലക ശില്പ പാളികളും ശ്രീകോവിലിന്റെ കട്ടിള പാളികളും ഇളക്കിക്കൊണ്ടുപോയി നാടുനീളെ പ്രദര്‍ശിപ്പിച്ച് പോറ്റി കാശുണ്ടാക്കിയതും ഇവര്‍ക്കറിയില്ല. അല്ലെങ്കില്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല.

ഇതര സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയവരാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്. അവരുടെയെല്ലാം നിയമനം ഭരിക്കുന്ന സര്‍ക്കാരിന്റെ ഔദാര്യം മാത്രമാണ്. അതിന് പാര്‍ട്ടി നിറവും ഉണ്ട്. അവര്‍ക്ക് ഉദ്ദിഷ്ടകാര്യ സാധ്യത്തിനുള്ള ഉപകാര സ്മരണയുമുണ്ട്. അതിനാല്‍ത്തന്നെ ഇത് ഇന്ത്യാമഹാരാജ്യത്തെ ഔദ്യോഗിക അന്വേഷണ സംവിധാനങ്ങളുടെ നിയമബലമുള്ള യഥാര്‍ത്ഥ ചോദ്യം ചെയ്യലാണെന്ന്  തെറ്റിദ്ധരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അത്രയ്ക്ക് വിഡ്ഢികളുമല്ല.

അനേക പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പ് പട്ടയങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളെല്ലാം ദേവസ്വം ബോര്‍ഡിന്റെ അലമാരകളില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നിരിക്കെ 1998-ലും 2019-ലും നടത്തിയ സ്വര്‍ണം പൊതിയലും പൂശലുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇപ്പോള്‍ കാണാനില്ലെന്നു പറഞ്ഞാല്‍ അത് പച്ചയ്ക്ക് വിഴുങ്ങാന്‍ നമുക്കാവില്ല. അതുകൊണ്ട് ഒരു ഉന്നതതല അന്വേഷണം വരുന്നതിനു മുമ്പ് ദേവസ്വം ബോര്‍ഡും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും സര്‍ക്കാരിന്റെ കൂട്ടാളികളുമൊക്കെ ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുന്ന പരിപാടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് 'ചോദ്യം ചെയ്യല്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു എന്നു മാത്രം.

ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന യാതൊരു ക്രെഡിബിലിറ്റിയുമില്ലാത്ത, ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ കൈവശം ശബരിമലയിലെ ഭക്ത കോടികള്‍ ശരണം മന്ത്രത്തോടെ ഹൃദയത്തില്‍ സൂക്ഷിച്ചാരാധിക്കുന്ന പരമപവിത്രവും അമൂല്യവുമായ വസ്തുക്കള്‍ ഒരുറപ്പുമില്ലാതെ കൈകൈര്യം ചെയ്യാല്‍ കൊടുത്തത് മനപ്പൂര്‍വമാണ്. ഈ കച്ചവടത്തിന് പിന്നില്‍ പോറ്റി മാത്രമല്ല, വലിയൊരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരൂഹമായ മൗനം വിമര്‍ശിക്കപ്പെടുന്നുണ്ട്. കപ്പലില്‍ തന്നെയുള്ള കള്ളന്‍മാരെ പുകച്ച് പുറത്തു ചാടിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത് ആത്മഹത്യാപരമായിരിക്കും. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക