
കഥകളിക്കു കണ്ണുകൊടുത്തത് കൂടിയാട്ടമാണെന്നത് ഒരു നാടൻ ചൊല്ലാണെങ്കിൽ, ഉഷാ നങ്ങ്യാർ കൂടിയാട്ടത്തിൻറെയും നങ്ങ്യാർ കൂത്തിൻറെയും നയനങ്ങളാണെന്നത് നാട്ടുകാർ പറയുന്നൊരു നേരാണ്! കേരള കലാമണ്ഡലം കഴിഞ്ഞയാഴ്ച്ച ഉഷാ നങ്ങ്യാരെ സംസ്ഥാന നൃത്ത്യ-നാട്യ പീഠത്തിൻറെ പുരസ്കാരത്തിനു തിരഞ്ഞെടുത്തു ആദരിച്ചപ്പോൾ യഥാർത്ഥത്തിൽ നേർത്തതല്ലാത്ത അടിവര വീണത് ഈ നേരിനായിരുന്നു!
2014-ൽ കൂടിയാട്ടത്തിനു കേരള സംഗീതനാടക അക്കാദമിയുടെ അവാർഡു നേടിയ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാടക വിഭാഗം അദ്ധ്യാപികക്ക്, ഈയെത്തിയിരിക്കുന്നത് എന്നും അഭിമാനത്തോടെ ഓർത്തുവെക്കാവുന്നൊരു അംഗീകാരം! യുനസ്കൊ അതിൻറെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏക ഭാരതീയ നാട്യകലാരൂപമാണ് കേരളക്കരയിൽ വളർന്നു വേരോടിയ കൂടിയാട്ടം!

ചതുർവിധാഭിനയങ്ങളെ കൂട്ടിയിണക്കുന്ന കൂടിയാട്ടത്തിൻറെയും, അതിൻറെ അനുബന്ധകലയായി ആരംഭിച്ചു പിന്നീട് സാത്വികാഭിനയത്തിൻറെ ഉത്തമ മാതൃകയായി സ്വത്വം നേടിയ നങ്ങ്യാർ കൂത്തിൻറെയും രംഗൈശ്വര്യമാണിന്ന് ഉഷാ നങ്ങ്യാർ!
ചാത്തക്കുടം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻറെ തെക്കു വശത്തുള്ള നമ്പ്യാർമഠത്തിൽ, കൂടിക്കാഴ്ചക്കായി ഞാൻ കൂട്ടുകൂടിയ കൂടിയാട്ടം കലാകാരിയുമായി ഒരു സമാസമ സംവാദം സാദ്ധ്യമല്ലെന്ന് ചർച്ചയുടെ തുടക്കത്തിൽതന്നെ തിരിച്ചറിഞ്ഞിരുന്നു! പത്തുപതിനഞ്ചു വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള അനേകം അരങ്ങുകളിൽ 39 കൊല്ലം കൂടിയാടി, അവബോധമുള്ള സദസ്സ്യരെ വിസ്‌മയിപ്പിച്ചൊരു ഇതിഹാസ താരവുമായി കൂടിയാട്ടം പര്യാലോചിക്കാൻ, ഈ സപര്യയിൽ ഏറെ ദൂരം ഒരുമിച്ചു സഞ്ചരിച്ചവർക്കു മാത്രമേ കഴിയൂ.

അസന്ദിഗ്‌ദ്ധമായി പറയട്ടെ, കൂടിയാട്ടത്തെപ്പോലെ അത്യന്തം ഗഹനമായൊരു അവതരണകല രാജ്യത്തു വേറെയില്ലെന്ന്! സാർവ്വലൗകിക പാരമ്പര്യങ്ങളിൽ പ്രാതിനിധ്യം ലഭിച്ചതു വിരൽ ചൂണ്ടുന്നതും മറ്റൊന്നല്ലല്ലൊ. എന്നാൽ, അസ്തമയ ഭീഷണിയിലും ഒറ്റത്തിരിയായി നിന്നു കത്തി കൂടിയാട്ടത്തിൻറെ ഒളി കലാവീഥിയിൽ ഇപ്പോഴും പരത്തുന്ന ഉഷാ നങ്ങ്യാരെപ്പോലെയുള്ളവരെ രാജ്യം വേണ്ടവിധത്തിൽ തിരിച്ചറിഞ്ഞുവോയെന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
കൂടിയാട്ടം
ഒന്നിൽ കൂടുതൽ പ്രതിഭകൾ ഒരുമിച്ച് സംസ്കൃത നാടകങ്ങളെ വ്യാഖ്യാനിച്ചു, നാട്യശാസ്ത്ര വിധികൾ അടിസ്ഥാനമാക്കി അഭിനയിച്ചു കാട്ടുന്നതാണ് പ്രാഥമികമായി പറഞ്ഞാൽ കൂടിയാട്ടം. എന്തെങ്കിലുമൊന്ന് തന്മയത്തത്തോടെ പ്രകടിപ്പിക്കുന്നതാണല്ലൊ കൂത്ത്. കൂടിയാട്ടത്തിൽ ഉള്ളത് ചാക്യാർ കൂത്തും, നങ്ങ്യാർ കൂത്തും. നാടകത്തിലെ പുരുഷ കഥാപാത്രങ്ങളെ ചാക്യാർമാരും, സ്ത്രീ കഥാപാത്രങ്ങളെ നങ്ങ്യാർമാരും അവതരിപ്പിക്കുന്നു.
ഇതൊരു നൃത്തരൂപമല്ല, നാട്യരൂപമാണ്! തനിമയുള്ള മുഖഭാവങ്ങളും, മറ്റു ശരീരഭാഷകളും, വേഷവിതാനവുമാണ് ഇതിലെ ആശയസംവേദന ഉപാധികൾ.
ഈ കലാരൂപത്തിൽനിന്ന്, അനുക്രമമായി ആവിഷ്‌ക്കാരത്തിൽ സവിശേഷതയുള്ള ചാക്യാർകൂത്തും നങ്ങ്യാർകൂത്തും വെവ്വേറെയുള്ള കലാരൂപങ്ങളായി പിറവികൊണ്ടു. മാത്രവുമല്ല, അവ നമ്പ്യാർ, ചാക്യാർ എന്നീ രണ്ടു സമുദായക്കാരുടെ സാമ്പ്രദായിക വ്യവഹാരമായി പരിണമിക്കുകയും ചെയ്തു.

നങ്ങ്യാർ കൂത്ത് പരമോന്നതം
പഴമകൊണ്ടും, അഭിനയ വൈവിധ്യംകൊണ്ടും, കഥാപാത്ര സങ്കൽപംകൊണ്ടും പ്രഥമ സ്ഥാനത്തു നിൽക്കുന്ന അഭിനയരൂപമാണ് നങ്ങ്യാർ കൂത്ത്. ഭാരതീയ രൂപങ്ങളുടെ അവതരണത്തിൽ പൊതുവെ കാണുന്ന ചതുർവിധാഭിനയം അതിൻറെ പരമോന്നത നിലയിലെത്തുന്നത് നങ്ങ്യാർ കൂത്തിലാണ്!
കൂടിയാട്ടം ആട്ടമല്ല
ആട്ടമെന്നാൽ നൃത്തമാണെന്നു തോന്നാെമെങ്കിലും, കൂടിയാട്ടം ആട്ടമല്ല, അഭിനയ കലയാണ്. 'നൃത്ത-നൃത്ത്യ-നാട്യം' എന്നതിലെ മൂന്നാമത്തേതാണ് കൂടിയാട്ടം.
നൃത്തത്തിൽ അംഗ ചലനങ്ങളേയുള്ളൂ. മുഖഭാവങ്ങൾ വേണ്ട. ഉദാഹരണം, തിരുവാതിരക്കളി.
രണ്ടാമത്തെ ശാഖയായ നൃത്ത്യത്തിൽ, മുഖഭാവങ്ങൾ അൽപ്പം ആവശ്യമാണ്. മോഹിനിയാട്ടവും, ഭരതനാട്യവും, കുച്ചിപ്പുടിയും മറ്റും നൃത്ത്യ വിഭാഗത്തിലാണ്.
നൃത്തം ചെയ്യുന്നവരും, നൃത്ത്യം ചെയ്യുന്നവരും പാദങ്ങളിൽ ചിലമ്പണിയുന്നു. എന്നാൽ, കൂടിയാട്ടം കലാകാരനും കലാകാരിയും ചിലമ്പണിയുന്നില്ല. കാരണം, ഇവ നൃത്തവുമല്ല, നൃത്ത്യവുമല്ല. വാക്യാർത്ഥാഭിനയ പ്രധാനമായ നാട്യമാണിത്! രസാഭിനയമാണ് ഇതിൽ മുഖ്യം. ചാക്യാർ അഭിനേതാവും, നങ്ങ്യാർ അഭിനേത്രിയുമാണ്!

കൂടിയാട്ടത്തിൻറെ ഉത്ഭവം
ഭാരതത്തിലെ ഏറ്റവും പുരാതനമായ ശാസ്ത്രീയ നാടകമാണ് കൂടിയാട്ടം. ഈ കലാരൂപം വൈദിക കാലം മുതൽ അതിൻറെ പ്രാചീനമായ അവസ്ഥയിൽ നിലവിലുണ്ടായിരുന്നു. വൈദിക കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആചാരങ്ങൾ കൂടിയാട്ടത്തിൻറെ അവതരണ രീതികളിൽ ഇന്നും ദർശിക്കാനാകും. ആരംഭകാലത്ത് പൂർണ്ണമായും ഇന്നുകാണുന്ന അവതരണ രൂപത്തിൽ ആയിരുന്നിരിക്കില്ല എന്നേയുള്ളൂ.
രണ്ടാം നൂറ്റാണ്ടിൽ, വടക്കൻ പറവൂരിൽ ജീവിച്ചിരുന്ന പറൈയൂർ കൂത്തച്ചാക്കൈയൻ എന്നൊരു ചാക്യാർ, ചേര രാജാവായ ചെങ്കുട്ടുവനുവേണ്ടി 'ത്രിപുരദഹനം' എന്ന കഥ അവതരിപ്പിച്ച ഒരു പരാമർശം ഇളംകോവടികൾ രചിച്ച ചിലപ്പതികാരത്തിലുണ്ട്.
എന്നാൽ, ഒമ്പതാം നൂറ്റാണ്ടിലായിരിക്കാം കൂടിയാട്ടത്തിൻറെ ഇന്നു പിന്തുടരുന്ന ചിട്ടകൾ രൂപപ്പെടാൻ തുടങ്ങിയത്. ക്രമേണ ക്ഷേത്രാങ്കണങ്ങളിലും കൂത്തമ്പലങ്ങളിലുമായി കൂടിയാട്ടാവതരണങ്ങൾ വികസിച്ചു പൂർണ്ണ രൂപം പ്രാപിച്ചു. അങ്ങിനെ, പന്ത്രണ്ടാം നൂറ്റാണ്ടിൽ കൂടിയാട്ടത്തിന് വേറിട്ടൊരു രൂപം പൂർണ്ണമായും ലഭിച്ചു. പരിണാമ വഴിയിൽ എവിടെയൊവച്ച് ഈ കലാശാഖ സാമുദായിക അനുഷ്ഠാനങ്ങളായിമാറി.
സംഗീത ഉപകരണങ്ങൾ
മിഴാവ്, ഇടയ്ക്ക, കഴിത്താളം, ശംഖ് മുതലായവ. എല്ലാം എപ്പോഴും ഉപയോഗിക്കണമെന്നില്ല. മിഴാവാണ് മുഖ്യം.

ഒരു സ്ത്രീ നങ്ങ്യാർ കൂത്ത് കലാകാരിയാകുമ്പോൾ...
'നടി' എന്ന സ്ഥാനത്തോട് സമൂഹത്തിൽ പൊതുവെയുള്ള മനോഭാവം കൂടിയാട്ടത്തിലെ സ്ത്രീയോട് ഒരുകാലത്തുമില്ല. സ്ത്രീക്കു പതിത്വം കൽപിക്കുന്നൊരു കലാരൂപമല്ല നങ്ങ്യാർ കൂത്തും കൂടിയാട്ടവും. സമുദായ ഭ്രഷ്‌ട് ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം കുടുംബമാണ് പാശ്ചാത്തലം എന്നതുകൊണ്ടാണ്. നങ്ങ്യാർ കൂത്ത് കലാകാരിയെ ഏറെ ആദരവോടുകൂടിയാണ് സമൂഹം കാണുന്നത്.
കുടുംബ പാശ്ചാത്തലം, പഠിപ്പ്
ഞാൻ ഒരു കൂടിയാട്ട പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. അതിനാൽ കുട്ടിക്കാലത്ത് നല്ല പ്രോത്സാഹനം ലഭിച്ചിരുന്നു. കൂത്തും കൂടിയാട്ടവും പഠിച്ചത് ഇരിങ്ങാലക്കുടയിലെ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിലായിരുന്നു.
പൊതു വിദ്യാഭ്യാസം ശ്രീ കേരളവർമ്മ കോളേജിലായിരുന്നു.
അറിഞ്ഞിട്ടല്ല പഠിച്ചത്
കലാരൂപത്തെ സൂക്ഷമായി അറിഞ്ഞിട്ടല്ലല്ലൊ പഠിക്കാൻ ചേരുന്നത്! ചെറുപ്രായത്തിൽ ഒരു കലയെക്കുറിച്ചും സ്വയം തീരുമാനമെടുക്കാനുള്ള ജ്ഞാനവുമില്ലല്ലൊ. നങ്ങ്യാർ കൂത്തിൻറെ അഭ്യാസമാണെങ്കിൽ ക്ലേശകരവുമാണ്! പക്ഷെ, ഈ കലയെക്കുറിച്ച് അറിയാൻ തുടങ്ങിയപ്പോൾ അതൊരു ആവേശമായി. ജീവിത യാത്രയിൽ ഒഴിച്ചുകൂടാനാകത്ത ഒരു സപര്യയായി അതു മാറുകയായിരുന്നു!

ആസ്വാദനം വഴങ്ങാത്തത്
ഇതര കലാരൂപങ്ങളെപ്പോലെ ലളിതമല്ല കൂടിയാട്ടത്തിൻറെ ഘടനയും അവതരണ രീതിയും. ആസ്വദിക്കാൻ പൂർണ്ണ ശ്രദ്ധ ആവശ്യമാണ്. പ്രേക്ഷകരുടെ എണ്ണം കുറയാനുള്ള കാരണവും ഇതാണ്. അവതരണ ഇടവും, സമുദായ സ്വാധീനവും ആസ്വാദകരുടെ എണ്ണം കുറക്കാൻ കാരണങ്ങളായിട്ടുണ്ട്. കൂടിയാട്ട അരങ്ങ് വിളംബകാലത്തായതിനാൽ, അതും പ്രേക്ഷകർക്ക് വിഘാതമായി ഭവിക്കുന്നു.
ആസ്വാദനം പോലെ, കൂടിയാട്ടം അഭ്യസിക്കുന്നതും ക്ലേശകരമാണ്.
സന്തുഷ്ടയാണ്
നങ്ങ്യാർ കൂത്ത് സമ്പൂർണ്ണമായി അരങ്ങേറിയതിന് ഹേതുവാകാൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടയാണ്! ഏതോ കാലത്ത് അരങ്ങിൽനിന്നും അപ്രത്യക്ഷരായ സ്ത്രീ കഥാപാത്രങ്ങളെ സപരിവാരം കൂടിയാട്ട ഭൂമികയിൽ പുനഃസൃഷ്ടിച്ചു. മേനക, ശകുന്തള, സുഭദ്ര, കാർത്ത്യായനി, ലളിത, മലയവതി, ഗുണമഞ്ജരി, വിജയ മുതലായ കഥാപാത്രങ്ങൾക്കു ജീവൻ കൊടുത്തത് ഏറെ സംതൃപ്തി നൽകി!
അഭിനേത്രി എന്ന നിലയിൽ ഓരോ കഥാപാത്രത്തേയും ഉൾക്കൊണ്ടു എന്നതായിരുന്നു എൻറെ വിജയം. ആ അർത്ഥത്തിൽ ഓരോ ഇതിഹാസ കഥാപാത്രവും ഓരോ അനുഭവവുമായിരുന്നു.

പുതിയ തലമുറ സ്വീകരിക്കുന്നുവോ?
പുതിയ തലമുറയിലെ പെൺകുട്ടിൾ നങ്ങ്യാർ കൂത്തു പഠിക്കാൻ വളരെ തൽപ്പരരാണ്. സ്ത്രീ നാട്യരൂപമെന്ന നിലയിൽ നങ്ങ്യാർ കൂത്ത് ഇന്ന് അതിപ്രസക്തമല്ലേ! എന്നാൽ, ദീർഘകാലം പഠിച്ചു, ഇതിൽതന്നെ ഉറച്ചുനിന്നു അതിജീവനം നടത്തുന്നവർ കുറവാണ്. നിരന്തര പ്രോത്സാഹനവും ധാരാളം വേദികളും ലഭിക്കാത്തതാണ് കാരണം.
ഉറച്ച അടിത്തറയും, ചിന്താശേഷിയും, സർഗ്ഗഭാവനയും, അദ്ധ്വാന ശീലവുമുണ്ടെങ്കിൽ ഏതു പെൺകുട്ടിക്കും ഒരു മികച്ച കലാകാരിയായിത്തീരാൻ കഴിയും. ഏതു കാലത്തേയും അതിജീവിച്ചു മുന്നേറാൻ നങ്ങ്യാർ കൂത്തിൻറെ ഘടനക്കു പ്രാപ്തിയുമുണ്ട്!
ഇതര സമുദായക്കാർ പഥ്യമോ?
കാലം മാറി. ഇപ്പോൾ ഇതര സമുദായത്തിൽപെട്ട കലാകാരികൾ ധാരാളമുണ്ട് കൂടിയാട്ടത്തിൽ. മറ്റു സമുദായത്തിൽപെട്ട പുതിയ തലമുറയും പഠിക്കാനായി മുന്നോട്ടു വരുന്നു. പഠന സൗകര്യങ്ങളുമുണ്ട്. രക്ഷിതാക്കളും താൽപര്യം കാണിക്കുന്നു. സമൂഹം ഇതു സ്വീകരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ വ്യത്യാസം!
അതിജീവനം സാധ്യമല്ല
കൂടിയാട്ട അവതരണങ്ങൾകൊണ്ടു മാത്രം ജീവിക്കാനാവില്ല. ബുദ്ധിമുട്ടിൽതന്നെയാണ് പല കലാകാരന്മാരും കലാകാരികളും. കൂടിയാട്ട സ്ഥാപനങ്ങൾക്ക് കേന്ദ്ര സംഗീത അക്കാദമിയുടെ ചെറിയൊരു ധനസഹായമാണ് ആകെ ലഭിക്കുന്നത്.