Image

ഒടുവില്‍ ദേവസ്വം വിജിലന്‍സ് എല്ലാം സമ്മതിച്ചു; ഹൈക്കോടതി ഉത്തരവ് പലര്‍ക്കും പൊള്ളും (എ.എസ് ശ്രീകുമാര്‍)

Published on 06 October, 2025
ഒടുവില്‍ ദേവസ്വം വിജിലന്‍സ് എല്ലാം സമ്മതിച്ചു; ഹൈക്കോടതി ഉത്തരവ് പലര്‍ക്കും പൊള്ളും (എ.എസ് ശ്രീകുമാര്‍)

ശബരിമലയില്‍ പെരും കൊള്ളകള്‍ നടക്കാതിരിക്കാന്‍ സദാ ജാഗ്രത പുലര്‍ത്തേണ്ട ദേവസ്വം വിജിലന്‍സിന് അത് സാധിക്കാതെ വന്നതുകൊണ്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്പോലുള്ള വ്യാജന്‍മാര്‍ അവിടെക്കയറി നിരങ്ങിയതും സ്വര്‍ണം അടിച്ചുമാറ്റല്‍ ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതും. ഇപ്പോള്‍ സമസ്താപരാധങ്ങളും വിജിലന്‍സ് സമ്മതിച്ചതിന്റെ വെളിച്ചത്തിലാണ് സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ സംശയത്തിന്റെ നിഴലിലുള്ളവരെല്ലാം കടുത്ത പ്രതിരോധത്തിലായി. വിജയ് മല്യ വഴിപാടായി സ്വര്‍ണം പൂശിയ യഥാര്‍ത്ഥ ദ്വാരപാലക ശില്‍പ പാളി എവിടെയെന്ന ചോദ്യത്തിന് മതിയായ മറുപടി നല്‍കാതിരുന്ന ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഹൈക്കോടതി ഉത്തരവ് കനത്ത തിരിച്ചടിയാണ്.

ശബരിമലയില്‍ സംഭവിച്ചത് സ്വര്‍ണ കവര്‍ച്ച തന്നെയാണെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതല്ല, ഗത്യന്തരമില്ലാതെ അവര്‍ ഇപ്പോള്‍ സമ്മതിച്ചതാണെന്നുവേണം മനസിലാക്കാന്‍. സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും വിജിലന്‍സ് പറയുന്നു. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ പോറ്റി കൊണ്ടുപോയതിലെ ചട്ടലംഘനങ്ങള്‍, സ്വര്‍ണമോ ചെമ്പോ എന്നതിലെ വ്യക്തതയില്ലായ്മ, തൂക്കത്തിലെ വലിയ വ്യത്യാസം എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ എല്ലാം അറിയാമായിരുന്നിട്ടും ഒന്നും ഉരിയാടിയില്ല. എന്നാല്‍ 1998-ലെ ദൃശ്യങ്ങളും മറ്റും പുറത്തുവന്ന സാഹചര്യത്തില്‍ ദേവസ്വം വിജിലന്‍സിന് കള്ളക്കളി സമ്മതിക്കേണ്ടി വന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ദ്വാരപാലക ശില്‍പ പാളികളില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വന്‍ കുറവ് വന്നുവെന്നും 2019-ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ പാളികളില്‍ ഒന്നര കിലോ സ്വര്‍ണമുണ്ടായിരുന്നുവെന്നും അത് പൂശല്‍ കഴിഞ്ഞ് തിരിച്ചെത്തിച്ചപ്പോള്‍ 394 ഗ്രാം സ്വര്‍ണം മാത്രമാണുണ്ടായിരുന്നതെന്നുമാണ് ദേവസ്വം വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്. 2019-ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറുമ്പോള്‍ 'ചെമ്പ് തകിട്' ആയിരുന്നുവെന്നാണ് ദേവസ്വം മഹസറില്‍ ബോധപൂര്‍വം രേഖപ്പെടുത്തിയത്. ഇതിന്റെ ബലത്തിലാണ് തനിക്ക് കിട്ടിയത് ചെമ്പ് പാളികളാണെന്ന് പോറ്റി പറഞ്ഞിരുന്നത്. എന്നാല്‍ ആ പ്രതിരോധം ഇപ്പോള്‍ പാളിയിരിക്കുന്നു.

വിജയ് മല്യ 1998-99 കാലത്ത് ദ്വാരക പാല ശില്പങ്ങളില്‍ മാത്രം ഒന്നര കിലോ സ്വര്‍ണ്ണം പൂശിയെന്നാണ് ദേവസ്വം വിജിലന്‍സ് വ്യക്തമാക്കിയത്. ശ്രീകോവിലില്‍ പ്രതിഷ്ഠിച്ച എട്ട് പാളികളിലായി നാലു കിലോ സ്വര്‍ണവും പൊതിഞ്ഞു. എട്ട് പാളികളില്‍ വശത്തെ രണ്ട് പാളികളും ദ്വാരപാലക ശില്പത്തിന്റെ എല്ലാ പാളികളും 2019-ല്‍ പോറ്റിക്ക് കൈമാറി. ഇതെല്ലാം സ്വര്‍ണ്ണമായിരുന്നു. സന്നിധാനത്ത് വച്ചുതന്നെ സ്വര്‍ണം പൊതിഞ്ഞ ചെന്നൈയിലെ ജെ.എന്‍.ആര്‍ ജ്വല്ലറി 30-40 വര്‍ഷത്തെ ഗ്യാരന്റിയും ഉറപ്പാക്കിയിരുന്നു. എന്നാല്‍ 2019-ല്‍ പാളികള്‍ പോറ്റി തിരിച്ചെത്തിച്ചപ്പോള്‍ അതിലുണ്ടായിരുന്നത് 394 ഗ്രാം സ്വര്‍ണ്ണം മാത്രമാണ്. ഇതില്‍ ഇനിയും വ്യക്തത വരണമെന്നും ശബരിമലയില്‍ സമര്‍പ്പിക്കപ്പെട്ട സ്വര്‍ണ്ണം കളവ് പോയെന്നുമാണ് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണപ്പാളികളല്ല 2019-ലെ 39 ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചത്. ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന് വിജിലന്‍സ് സമ്മതിച്ചിരിക്കുന്നത്. 2019-ലുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഇവ രണ്ടും ഒന്നല്ല എന്ന നിഗമനത്തിലെത്തിയത്. 2025-ല്‍ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയുമായി 2019-ലെ പാളികളെ തട്ടിച്ചുനോക്കുകയും ചെയ്തപ്പോള്‍ കള്ളി വെളിച്ചത്തായി.

സ്വര്‍ണം പൊതിഞ്ഞ പാളിയുടെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാന്‍ വേണ്ടിയാണ് 39 ദിവസം വച്ചു താമസിപ്പിച്ചത് എന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ല,  പോറ്റിയുടെ താത്പര്യപ്രകാരം മറ്റേതെങ്കിലും ദുരൂഹ കേന്ദ്രത്തില്‍ വച്ച് രാസപ്രക്രിയയിലൂടെ സ്വര്‍ണം വേര്‍തിരിച്ചെടുന്നുവെന്നുവേണം അനുമാനിക്കാന്‍. ഏതായാലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഇന്നത്ത ഹൈക്കോടതി ഉത്തരവ് അയ്യപ്പ ഭക്തര്‍ക്ക് പ്രതീക്ഷയേകുന്നു. എ.ഡി.ജി.പി എച്ച് വെങ്കിടേഷ് ആണ്  പ്രത്യേക അന്വേഷണ സംഘത്തിന്റെ അധ്യക്ഷന്‍. വിപുലമായ അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എസ്.പിക്കാണ് അന്വേഷണ ചുമതല. ഹൈക്കോടതി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. രണ്ട് ആഴ്ചക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

2019 മാര്‍ച്ചില്‍ ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൂശിയ പുതിയ വാതില്‍ സ്ഥാപിച്ച സമയത്തെടുത്ത ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ കാര്യങ്ങള്‍ക്ക് നേരത്തെതന്നെ കൂടുതല്‍ വ്യക്തത ലഭിച്ചിരുന്നു. ഈ ചിത്രങ്ങളില്‍ ശ്രീകോവിലിന്റെ വാതിലിന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന രീതിയിലുള്ള ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണ്ണം പൊതിഞ്ഞ നിലയില്‍ തിളങ്ങിയാണ് കാണുന്നത്. 1998-ല്‍ വ്യവസായി വിജയ് മല്യ സ്വര്‍ണം പൂശിച്ച കവചങ്ങള്‍ തന്നെയാണ് 2019 മാര്‍ച്ചിലും അവിടെ ഉണ്ടായിരുന്നത്. 20 വര്‍ഷം പഴക്കമുണ്ടായിരുന്ന പാളികളായിരുന്നിട്ടും, അറ്റകുറ്റപ്പണി നടത്തേണ്ട തിളക്കക്കുറവൊന്നും ഈ ചിത്രങ്ങളില്‍ കാണുന്നുമില്ല. മാര്‍ച്ചില്‍ സ്വര്‍ണ്ണമായി കണ്ട ഈ പാളികള്‍ നാല് മാസങ്ങള്‍ക്കു ശേഷം 2019 ജൂലൈയില്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഴിച്ച് കൊടുത്തപ്പോള്‍ '12 ചെമ്പുപാളികള്‍' എന്നാണ് മഹസറില്‍ എഴുതിയത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എമ്മിന്റെ നോമിനിയുമായ എ പത്മകുമാറും ഈ പാളികള്‍ ചെമ്പായിരുന്നെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

സ്വര്‍ണ്ണം പൂശാനായി പാളികള്‍ നല്‍കിയ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയുടെ പ്രതിനിധികള്‍ പുറത്തുവിട്ട വിവരങ്ങളും പോറ്റിക്കും കൂട്ടര്‍ക്കും എതിരായി. തങ്ങള്‍ക്ക് കിട്ടിയത് ഒറിജിനല്‍ ചെമ്പ് തന്നെയായിരുന്നു എന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ്  വ്യക്തമാക്കിയത്. പഴയതോ, സ്വര്‍ണ്ണം പൂശിയതോ, ക്ലാവ് പിടിച്ചതോ ആയ ചെമ്പ് അവരുടെ ഇലക്ട്രോപ്ലേറ്റിങ് മെഷീനില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും തനി ചെമ്പിലാണ് സ്വര്‍ണം പൂശി സന്നിധാനത്തേക്ക് അയച്ചതെന്നും കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. അതേസമയം വിശ്വസമീയമായ കേന്ദ്രങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും മൊഴികള്‍ സ്വര്‍ണപ്പാളിയെ സാധൂകരിക്കുന്നതുമായിരുന്നു. ഇപ്പോള്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഇക്കര്യം അന്വേഷിച്ച സ്ഥിരീകരിക്കേണ്ടതുണ്ട്. എങ്കിലേ വലിയൊരു ആസൂത്രിത മോഷണത്തിന്റെയും അതിന് പിന്നിലെ വന്‍ ഗൂഡാലോചനയുടെയും ശരിയായ 'ചെമ്പ്' തെളിയൂ.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക