
അമേരിക്ക തകർച്ചയിലേക്ക്. ശമ്പളം കിട്ടാതെ ജോലിക്കാർ മുഴു പട്ടിണിയിൽ. ജന ജീവിതം സ്തംഭനത്തിൽ. വില കയറ്റം കൊണ്ട് ഭക്ഷണമില്ലാതെ ജനം മുണ്ട് ക്ഷമിക്കണം പാന്റ് മുറുക്കി ജീവിക്കുന്നു. ചുരുക്കത്തിൽ അമേരിക്ക സൊമാലിയയെക്കാൾ മെലിഞ്ഞു. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങളിൽ ഈ അടുത്തിട കണ്ട വാർത്തയാണ്. ഇവരുടെയൊക്ക അഭിപ്രായത്തിൽ അമേരിക്ക തൊഴുത്തിൽ പോലും കെട്ടാൻ പറ്റാത്തത്ര മെലിഞ്ഞിരിരുന്നു. അതിന് മേന്പൊടിയായി ചില മാധ്യമ ലേബലൊട്ടിച്ച അമേരിക്കൻ മലയാള നേതാക്കളും. എങ്ങനെങ്കിലും നാലാളറിയാൻ അവർ പടച്ചുവിടുന്ന മൂന്നാംകിട വാർത്തകളും. ഇവരെല്ലാം കൂടി തള്ളി തള്ളി അമേരിക്കയെ സൊമാലിയയ്ക്കും പിറകിലാക്കി കൊണ്ടിരുത്തി. ഈ വർത്തകളൊക്ക കേൾക്കുമ്പോൾ അമേരിക്കൻ വിരോധികളും ട്രംപ് വിരോധികളും ആനന്ദത്തിലാറാടുകയാണിപ്പോൾ. ഇന്ത്യക്കാർ അമേരിക്കയുടെ തകർച്ചയിൽ നിന്ന് ഒരു കുളം കുഴിച്ച അതിൽ നിന്ന് ഒരു കുടം വെള്ളം കുടിക്കാനുള്ള സ്വപ്നം കാണുകയാണ്. അവരത് സ്വപ്നം കാണാൻ തുടങ്ങിയത് ട്രംപ് താരിഫ് ഇന്ത്യക്കും മറ്റു രാജ്യങ്ങൾക്കും ഏർപ്പെടുത്തിയതുമുതലാണ്. ഇപ്പോൾ ഈ സ്വപ്നത്തിന് ആക്കം കുട്ടൻ കാരണം അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന ഷട്ട് ഡൗണാണ്. എങ്ങനെയും നീ കുത്തുപാള എടുത്തുകാണുന്നത് എനിക്ക് കാണണമെന്ന് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിൽ പറയുന്നപോലെ അമേരിക്ക കുത്തുപാളയെടുത്ത് കാണാനാണ് ഇന്ന് എല്ലാവര്ക്കും ആഗ്രഹം. അതാണ് ഇന്ന് ഇന്ത്യക്കാർ സ്വപ്‌നം കാണുന്നതും.
അതിന് ചിറക് മുളക്കാൻ ഒരു സംഭവമായി അമേരിക്കയിലെ ഷട്ട് ഡൗൺ. അത് കേട്ടതോട് ഇന്ത്യയിലെ മാധ്യമങ്ങൾ നെഹ്‌റു ട്രോഫി വള്ളംകളിയിൽ കമന്ററി പറയുന്നതുപോലെയാണ് വാർത്തകൾ പുറത്ത് വിടുന്നത്. കേരളത്തിലെ മാധ്യമങ്ങൾ ഗ്രഹണി പിടിച്ച പിള്ളാര് ചക്ക കൂട്ടാൻ കണ്ടപോലെയായിരുന്നു. ഇവരെല്ലാവരും കൂടി അമേരിക്കയെ എരുത്തിലിൽ കയറ്റികെട്ടി. ഇന്ത്യയിലെ ജങ്ങൾക്ക് ഇതിൽ പ്പരം ആവേശം പിന്നെന്താണെന്ന് പറയാത്തവസ്ഥയാണ്. ഇന്ത്യക്കാർക്ക് അമേരിക്ക വർഗ്ഗ ശത്രുവും ചൈന ആത്മ മിത്രവുമാണല്ലോ ഇപ്പോൾ. കാഴ്ച്ചയില്ലാത്തവർ ആനയെ വിവരിക്കുന്നതുപോലെയാണ് ഇവർ അമേരിക്കയിലെ ഷട്ട് ഡൗണിന് വിവരിച്ചത്.
എന്താണ് ഷട്ട് ഡൌൺ ഇത് ഏതൊക്ക് സ്ഥാപനങ്ങളെയും സർവീസുകളെയും തൊഴിലാളികളെയും ബാധിക്കും. ആദ്യമായി ഷട്ട് ഡൗണ് എന്താണെന്ന് നോക്കാം. യുഎസ് സംവിധാനത്തിൽ, നിയമമാകുന്നതിന് മുമ്പ് ഗവൺമെന്റിന്റെ വിവിധ ശാഖകൾ ചെലവ് പദ്ധതികളെക്കുറിച്ച് ഒരു കരാറിലെത്തേണ്ടതുണ്ട്. നിലവിൽ കോൺഗ്രസിന്റെ രണ്ട് സഭകളുടെയും നിയന്ത്രണം റിപ്പബ്ലിക്കൻമാർക്കാണ്. എന്നാൽ സെനറ്റിൽ - അല്ലെങ്കിൽ ഉപരിസഭയിൽ - ചെലവ് ബിൽ പാസാക്കാൻ ആവശ്യമായ 60 വോട്ടുകളിൽ അവർക്ക് കുറവാണ്, ഇത് പ്രതിപക്ഷ ഡെമോക്രാറ്റുകൾക്ക് ചില ചർച്ചാ അധികാരം നൽകുന്നു. ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് വിലകുറഞ്ഞതാക്കുന്ന കാലഹരണപ്പെടുന്ന നികുതി ക്രെഡിറ്റുകളുടെ വിപുലീകരണം കാണാനും ദശലക്ഷക്കണക്കിന് പ്രായമായവരും വികലാംഗർക്കും താഴ്ന്ന വരുമാനക്കാരും ഉപയോഗിക്കുന്ന സർക്കാർ ആരോഗ്യ സംരക്ഷണ പദ്ധതിയായ മെഡികെയ്ഡിലേക്ക് ട്രംപിന്റെ വെട്ടിക്കുറയ്ക്കലുകൾ റദ്ദാക്കാനും അവർ ആഗ്രഹിക്കുന്നു.
ഗവൺമെന്റ് ആരോഗ്യ ഏജൻസികൾക്കുള്ള ചെലവ് വെട്ടിക്കുറയ്ക്കുന്നതിനെ ഡെമോക്രാറ്റുകളും എതിർക്കുന്നു.
ഷട്ട്ഡൗൺ ഒഴിവാക്കാൻ രൂപകൽപ്പന ചെയ്ത ഒരു സ്റ്റോപ്പ് ഗ്യാപ്പ് ബിൽ ഹൗസിൽ അല്ലെങ്കിൽ ലോവർ ചേംബറിൽ പാസാക്കി, പക്ഷേ സെനറ്റിൽ അത് പാസായില്ല.
സർക്കാരിന്റെ എല്ലാ മേഖലകളും അടച്ചുപൂട്ടപ്പെടില്ല - അത്യാവശ്യമെന്ന് കരുതുന്ന സേവനങ്ങൾ സാധാരണപോലെ തുടരും, എന്നിരുന്നാലും പല കേസുകളിലും ജീവനക്കാർക്ക് അടച്ചുപൂട്ടൽ കാലയളവിൽ ശമ്പളം ലഭിക്കില്ല. അതിർത്തി സംരക്ഷണ, നിയമ നിർവ്വഹണ ജീവനക്കാർ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാർ, ആശുപത്രിയിലെ മെഡിക്കൽ കെയർ, എയർ-ട്രാഫിക് കൺട്രോൾ തൊഴിലാളികൾ എന്നിവർ പതിവുപോലെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആനുകൂല്യ പരിശോധനയും കാർഡ് വിതരണ ജോലികളും നിർത്തിവച്ചേക്കാം, എന്നിരുന്നാലും സാമൂഹിക സുരക്ഷ, മെഡികെയർ ചെക്കുകൾ ഇപ്പോഴും അയയ്ക്കും.
അത്യാവശ്യമല്ലാത്തതായി കണക്കാക്കുന്ന സർക്കാർ ജീവനക്കാരെ താൽക്കാലികമായി ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കും. ഫെഡറൽ ഏജൻസികൾക്കായി ജോലി ചെയ്യുന്നതും എന്നാൽ സർക്കാർ നേരിട്ട് ജോലി ചെയ്യാത്തതുമായ കരാറുകാർക്കും ജോലി നഷ്ടമാകും.
ഭക്ഷ്യ സഹായ പരിപാടി, ഫെഡറൽ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പ്രീ-സ്‌കൂൾ, സ്മിത്‌സോണിയൻ മ്യൂസിയങ്ങൾ പോലുള്ള സ്ഥാപനങ്ങൾ എന്നിവ കുറയ്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) തുടങ്ങിയ നിരവധി ഏജൻസികൾ നിരവധി തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് നിലവിലുള്ള ഗവേഷണ പദ്ധതികളെ ബാധിക്കുന്നു.
2018-ൽ അവസാനമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചപ്പോൾ ദേശീയോദ്യാനങ്ങളും വനങ്ങളും തുറന്നിരുന്നു, എന്നാൽ ജീവനക്കാരുടെ എണ്ണം കുറവായിരുന്നതോ അല്ലെങ്കിൽ ആരുമില്ലാത്തതോ ആയതിനാൽ ചരിത്ര സ്ഥലങ്ങൾ നശിപ്പിക്കൽ, മാലിന്യം തള്ളൽ, കൊള്ളയടിക്കൽ എന്നിവ വർദ്ധിച്ചതായി വിദഗ്ദ്ധർ പറഞ്ഞു. യാത്രാ കാലതാമസവും ഉണ്ടായേക്കാം. വിമാന സംവിധാനങ്ങൾ "വേഗത കുറയ്ക്കേണ്ടി വന്നേക്കാം, ഇത് കാര്യക്ഷമത കുറയ്ക്കും" എന്ന് എയർലൈൻസ് ഫോർ അമേരിക്ക ട്രേഡ് ബോഡി മുന്നറിയിപ്പ് നൽകി. യാത്രാ രേഖകൾ പ്രോസസ്സ് ചെയ്യുന്നതിന് പതിവിലും കൂടുതൽ സമയമെടുക്കുമെന്ന് പാസ്‌പോർട്ട് ഏജൻസികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ കോണ്ഗ്രെസ്സും പ്രസിഡന്റും തമ്മിലുള്ള ശീത സമരമാണ് ഷട്ട് ഡൗണ്. അത് ഏറെ കാലം നീണ്ടുപോകാറില്ല. നീക്കുപോക്കുകൾ ഇരു ഭാഗത്തുനിന്നും ഉണ്ടാകുകയും ഷട്ട് ഡൗണ് ഇല്ലാതാകുകയുമാണ് പതിവ്. കാരണം ജനത്തെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷമായി ബാധിക്കുമെന്നതാണ്. ഇതിനുമുൻപ് പല പ്രസിഡന്റുമാരുടെയും ഭരണ കാലത്തും ഷട്ട് ഡൗണ് നടന്നിട്ടുണ്ട്. ഷട്ട് ഡൗണ് കാലത്ത് ഭരണ പ്രതിസന്ധി ഉണ്ടാകുമെങ്കിലും അമേരിക്ക തകരുകയോ തകർച്ചക്ക് തുടക്കമാകുകയോ ചെയ്തിട്ടില്ല. എന്നാൽ അമേരിക്കയുടെ പതനമാഘോഷിക്കാൻ കാത്തിരിക്കുന്നവർ ഇത് അമേരിക്കയുടെ തകർച്ചയായിട്ടാണ് കാണുന്നത്. പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങൾ. ഇന്ന് ജി ഡി പിയിൽ അമേരിക്കയുടെ അടുത്തെത്താൻ ലോകത്തെ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ചൈനപോലും വളരെ പിന്നിലാണ്. അതുമാത്രമല്ല സാമ്പത്തീക ശക്തിയോടൊപ്പം സൈനീക ശക്തിയും അമേരിക്കക്ക് മറ്റ് രാജ്യങ്ങളെക്കാൾ ഉണ്ട്. ലോകത്തെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന യൂണിവേഴ്സിറ്റികൾ അമേരിക്കയിലാണ്. ചുരുക്കത്തിൽ ഏതുമേഖലയിലും അമേരിക്ക മറ്റുള്ള രാജ്യങ്ങളെക്കാൾ മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്. അമേരിക്കയുടെ അടിത്തറ അത്ര ശക്തമാണ്. അതുകൊണ്ടാണ് അമേരിക്കയിൽ എത്താൻ മറ്റു രാജ്യക്കാർ ശ്രമിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യക്കാർ.
താരിഫ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ഉല്പന്നങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നു. അത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചു. എച് വൺ ബി വിസയുടെയും മറ്റ് വിസ്സയുടെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക വഴി അമേരിക്കയിൽ എത്തുക എളുപ്പവുമല്ല. ഇതെല്ലം ക്കൂടിയായപ്പോൾ അമേരിക്ക കിട്ടാത്ത മുന്തിരിങ്ങായായി. ആ മുന്തിരിങ്ങ പുലിക്കുന്നതാക്കുകയല്ലാതെ മാറ്റ് മാർഗമില്ല. അതാണ് അമേരിക്കയുടെ മേൽ ആരോപിക്കപ്പെടുന്ന തകർച്ച. എന്നാൽ ഇതൊക്ക പറയുമ്പോഴും അമേരിക്കയുടെ വാതിൽ തുറന്നോഎന്നറിയാൻ കണ്ണ് തുറന്ന് പിടിച്ചിരിക്കുന്നുണ്ട് ഇന്ത്യക്കാർ. കാരണം ഇവിടം സ്വതന്ത്രവും മെച്ചപ്പെട്ട ജീവിത സ്വകര്യങ്ങളും ഒപ്പം ഭാവി സുരക്ഷയുമുണ്ട്.