Image

സ്വര്‍ണ വില വര്‍ധന റോക്കറ്റ് വേഗത്തില്‍; കട്ടെടുത്ത പാളികളുടെ മൂല്യം കോടികളുടേത് ( എ.എസ് ശ്രീകുമാര്‍)

Published on 09 October, 2025
സ്വര്‍ണ വില വര്‍ധന റോക്കറ്റ് വേഗത്തില്‍; കട്ടെടുത്ത പാളികളുടെ മൂല്യം കോടികളുടേത് ( എ.എസ് ശ്രീകുമാര്‍)

സ്വര്‍ണത്തിന്റെ വില അനുദിനം റോക്കറ്റ് വേഗത്തില്‍ കുതിച്ചുകയറുമ്പോള്‍ ശബരിമലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട അനേക പവന്റെ മൂല്യം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ന് ഒരു പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 11,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ 2019-ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ അതില്‍ ഒന്നര കിലോ സ്വര്‍ണമുണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോള്‍ 394 ഗ്രാം സ്വര്‍ണം മാത്രമാണെന്നാണ് ദേവസ്വം വിജിലന്‍സിന്റെ നിര്‍ണായക കണ്ടെത്തല്‍.

ഒന്നര കിലോ 24 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ മാര്‍ക്കറ്റ് വില ഏകദേശം 18,900,000 രൂപയാണ്. പാളികളിലെ ഒന്നര കിലോ സ്വര്‍ണത്തിന് പുറമെ ശ്രീകോവിലിന്റെ കട്ടിള, ദ്വാരപാലക ശില്‍പങ്ങളുടെ പീഠം എന്നിവയിലും കൃത്രിമം നടന്നുവെന്നാണ് സംശയം. അതിന്റെ കൃത്യമായ കണക്കുകള്‍ പൂഴ്ത്തിവച്ചുവെന്നാണ് അനുമാനിക്കേണ്ടത്. ശബരിമലയിലെ സ്വത്തുക്കളുടെ കണക്കെടുപ്പിന് ഹൈക്കോടതി നിയോഗിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരന്‍ നാളെ (ഓക്‌ടോബര്‍ 10) ശബരിമലയിലെത്തും. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ എത്രത്തോളം സ്വര്‍ണം കൊള്ളയടിക്കപ്പെടുവെന്ന് വ്യക്തമാവുമെന്നാണ് കരുതുന്നത്.

2019-ലും ഇക്കഴിഞ്ഞ സെപ്റ്റംബറിലും സ്വര്‍ണം പൂശിയ പുതിയ പാളി ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരന്‍ പരിശോധിക്കും. വിദഗ്ധന്റെ സഹായത്തോടെ, ശബരിമലയിലെ സ്വര്‍ണ്ണത്തിന് പുറമെ വെള്ളി, വിലയേറിയ കല്ലുകള്‍, പുരാവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. ആറന്‍മുളയിലെയും സന്നിധാനത്തെയും സ്ട്രോങ്ങ് റൂം രജിസ്റ്റര്‍, തിരുവാഭരണം രജിസ്റ്റര്‍ എന്നിവയും രഹസ്യസ്വഭാവത്തില്‍ പരിശോധിക്കണമെന്നാണ് ഹൈകോടതിയുടെ നിര്‍ദേശം. പരിശോധനകള്‍ക്ക് ശേഷം വിലപ്പിടിപ്പുള്ള എല്ലാ വസ്തുക്കളുടെയും കണക്കെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.

സ്വര്‍ണ കവര്‍ചയ്ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം (എസ്.ഐ.ടി-സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) അനൗദ്യോഗിക അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘത്തിലെ രണ്ട് എസ്.ഐമാര്‍ തിരുനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ്.പിയുമായി കൂടിക്കാഴ്ച നടത്തി. ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നാളെ, വെള്ളിയാഴ്ച സമര്‍പ്പിക്കപ്പെട്ടതിന് ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി അന്വേഷണം തുടങ്ങുക. ശബരിമലയില്‍ സംഭവിച്ചത് സ്വര്‍ണ കവര്‍ച്ചയാണെന്നും ഇതില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും ദേവസ്വം വിജിലന്‍സ് പറയുന്നു.

2019-ല്‍ ദ്വാരപാലക ശില്‍പ പാളികള്‍ കൊണ്ടുപോയതിലെ ചട്ടലംഘനങ്ങള്‍, സ്വര്‍ണമോ ചെമ്പോ എന്നതിലെ വ്യക്തതയില്ലായ്മ, തൂക്കത്തിലെ വ്യത്യാസം എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞിട്ടില്ല. അഥവാ അവര്‍ കാര്യങ്ങള്‍ മറച്ചു വയ്ക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്. തട്ടിപ്പ് നടക്കുന്ന സമയത്ത് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നടത്തിയ കത്തിടപാടുകളിലും ഫയലുകളിലും ദേവസ്വം മഹസറിലുമൊക്കെ വലിയ ദുരൂഹതയുണ്ട്. പാളികള്‍ 'ചെമ്പ് തകിട്' എന്ന് രേഖയുണ്ടാക്കി. അവ എടുത്തപ്പോഴും തിരികെ വച്ചപ്പോഴും ദേവസ്വം വിജിലന്‍സിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. തിരികെ വച്ചപ്പോള്‍ തൂക്കം നോക്കിയില്ല. കൊള്ളയ്ക്ക് പിന്നിലെ ആസൂത്രിത ഗൂഢാലോചന വ്യക്തമാക്കുന്നതാണ് ഈ നടപടികള്‍.

വിജയ് മല്യ 1999-ല്‍ ഒന്നര കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പത്തിന്റെ പാളികള്‍ 2019-ല്‍ ചെമ്പ് പാളിയെന്നു മഹസറില്‍ രേഖപ്പെടുത്തി തട്ടിപ്പിനു കളമൊരുക്കിയ മുരാരി ബാബു ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. തട്ടിപ്പു നടന്ന 2019-ല്‍ പുതിയതായി സ്ഥാപിച്ച പാളികളില്‍ 397 ഗ്രാം സ്വര്‍ണം മാത്രമാണ് പൂശിയിരുന്നത്. 4 വര്‍ഷത്തിനു ശേഷം 2023-ല്‍ പാളിക്ക് അറ്റകുറ്റ പണി വേണമെന്ന് പറഞ്ഞ് വീണ്ടും ഇളക്കിയെടുത്തു കൊണ്ടുപോകാന്‍ ശ്രമിച്ചു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് ഇതിനു പിന്നിലെ ചരടു വലി നടത്തിയത്. 2024 ഒക്ടോബര്‍ 10-ന് മുരാരി ബാബു സ്മാര്‍ട് ക്രിയേഷന്‍സിന് അയച്ച കത്തില്‍ ശില്‍പത്തിലെ 'ചെമ്പ്' പാളികളുടെ അറ്റകുറ്റപ്പണി നടത്തി സ്വര്‍ണം പൂശണമെന്നാണ് ആവശ്യപ്പെട്ടത്. അവരുടെ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

സ്വര്‍ണം പൂശിയതിന്റെ 40 വര്‍ഷത്തെ വാറന്റി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പേരിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇയാളുടെ പക്കല്‍ പാളികള്‍ കൊടുത്തുവിടാന്‍ മുരാരി ബാബു നിര്‍ബന്ധം പിടിച്ചത്. ഇതിനായി മുരാരി ബാബുവും ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡിനോട് അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പാളികള്‍ ഇളക്കിയെടുത്ത് ഉദ്യോഗസ്ഥര്‍ മുഖേന ചെന്നൈയിയെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ രണ്ടാമതും സ്വര്‍ണം പൂശാന്‍ എത്തിക്കുകയായിരുന്നു. ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെയായിരുന്നു ദ്രുതഗതിയിലുള്ള ഈ കള്ളത്തരം. കമ്മിഷണര്‍ ഹൈക്കോടതിയെ വിവരം ധരിപ്പിച്ചതോടെയാണ് വന്‍ കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്.

ഇതിനിടെ തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുള്‍പ്പടെയുള്ള യാത്രാ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. അറസ്റ്റിനോടടുക്കുമ്പോള്‍ പലര്‍ക്കും ഇല്ലാത്ത തലകറക്കവും ദേഹാസ്വസ്ഥ്യവും ഉരുണ്ടുകയറ്റവുമെക്കെ ഉണ്ടവുന്നത് കേരളം എത്ര കണ്ടതാണ്. ഇനിയങ്ങോട്ട് ശബരിമലയിലെ തസ്‌കര വീരന്‍മാരുടെ ഇത്തരം നാടകീയ ഷോകള്‍ രാഷ്ട്രീയ കേരളത്തില്‍ അരങ്ങു തകര്‍ക്കുന്നത് കണ്ട് രസിക്കാം.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക