പാട്ടു പാടിനിർത്തി സദസ്സിനെ വണങ്ങിയ ശേഷം വേദിയിൽ നിന്ന് ഗായിക പിൻവാങ്ങിയപ്പോൾ തൊട്ടടുത്തിരുന്ന കൂട്ടുകാരൻ കാതിൽ പറഞ്ഞു: "വാ നമുക്ക് സ്റ്റേജിന്റെ പിന്നിൽ പോയി അവളെ കാണാം. "
അത്ഭുതമായിരുന്നു എനിക്ക്. ആകെ ബഹളമയമാണ് അന്തരീക്ഷം. പോരാത്തതിന് വിദ്യാർത്ഥികൾ തമ്മിൽ പരസ്പരമുള്ള പോർവിളികളും. ഏതു നിമിഷവും അടി പൊട്ടിയേക്കാം. ഈ തിരക്കിനിടയിലൂടെ ഇടിച്ചുകയറി ഒരു പരിചയവുമില്ലാത്ത പാട്ടുകാരിയെ ചെന്ന് കാണേണ്ട കാര്യമെന്ത്? ഇവനെന്തിന്റെ വട്ടാണ് ?
ചോദിക്കും മുൻപ് അതാ വരുന്നു സുഹൃത്തിന്റെ മറുപടി: "എനിക്കവളെ കല്യാണം കഴിക്കണം."
നാലരപ്പതിറ്റാണ്ടിനിപ്പുറവും ഓർമ്മയിലുണ്ട് എടുത്തടിച്ചപോലുള്ള ആ പ്രതികരണം; ഒപ്പം ഗൗരവമാർന്ന അവന്റെ മുഖഭാവവും. ഏറ്റവും പ്രിയപ്പെട്ട കൗമാരകാല ഗാനമെന്ന ആമുഖത്തോടെ കഴിഞ്ഞ ദിവസം ഒരു വായനക്കാരി "അഖിയോം കേ ജരോക്കോം സേ" ഫോണിലൂടെ പാടിക്കേൾപ്പിച്ചപ്പോൾ ആ നിമിഷങ്ങൾ വീണ്ടും ഓർമ്മവന്നു.
കോളേജിലെ ആർട്സ് ക്ലബ് ഉദ്ഘാടനമാണ്. പക്ഷേ അന്തരീക്ഷം ഒട്ടും സൗഹൃദപരമല്ല. പരിപാടി എങ്ങനേയും അലങ്കോലപ്പെടുത്തും എന്ന വാശിയിലാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടന. എന്തുവന്നാലും അതിന് സമ്മതിക്കില്ല എന്ന് ഭരണപക്ഷം. ഇരുവിഭാഗങ്ങളും സംഘട്ടനത്തിന് ഒരുങ്ങിനിൽക്കുന്നു. പോലീസ് സന്നാഹം സ്ഥലത്തുള്ളതുകൊണ്ട് ആരും കൈക്കരുത്ത് കാണിക്കുന്നില്ല എന്ന് മാത്രം. എങ്കിലും ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാം സംഘർഷം.
അവറാൻ എന്ന് ഞങ്ങൾ കൂട്ടുകാർ സ്നേഹപൂർവ്വം വിളിച്ചിരുന്ന ഹോസ്റ്റലിലെ അയൽവാസിയേയും കൂട്ടിയാണ് പരിപാടിക്ക് പോയത്. ചിത്രകാരനും സംഗീതപ്രേമിയുമാണ് അവൻ. ചെന്നപ്പോൾ അന്തരീക്ഷം ആകെ പ്രക്ഷുബ്ധം. നിലയ്ക്കാത്ത കൂവലിനിടയിലൂടെ ഉദ്ഘാടന പ്രസംഗവും ആശംസാ പ്രസംഗങ്ങളുമൊക്കെ കടന്നുപോയത് ആരും അറിഞ്ഞതുപോലുമില്ല. പ്രസംഗങ്ങൾ കഴിഞ്ഞ് കലാപരിപാടികൾ തുടങ്ങുന്നു എന്ന പ്രഖ്യാപനത്തിനും കിട്ടി കാതടപ്പിക്കുന്ന കൂവൽ. ആ ശബ്ദകോലാഹലത്തിനിടയിലേക്കാണ് കസവുകരയുള്ള സാരിയുടുത്ത് ഗായികയുടെ വരവ്. മെലിഞ്ഞു കൊലുന്നനെയുള്ള ആ രൂപം ഇന്നുമുണ്ട് ഓർമ്മയിൽ; ഭയചകിതമായ കണ്ണുകളും. തലയുടെ ഇരുവശത്തുകൂടിയും ചീറിപ്പാഞ്ഞുപോകുന്ന കടലാസ് "ബോംബുകൾ"ക്കിടയിൽ ഭയപ്പാടോടെ നിന്നുകൊണ്ട് പാട്ട് പാടിത്തുടങ്ങുന്നു അവൾ: "അഖിയോം കേ ജരോക്കോം സേ, മേ നെ ദേഖാ ജോ സാവരെ, തും ദൂർ നസർ ആയേ ബഡി ദൂർ നസർ ആയേ...."
അത്ഭുതം. പാട്ട് രണ്ടാമത്തെ വരിയിലെത്തിയതും ശബ്ദഘോഷം പൊടുന്നനെ നിലച്ചതും ഒപ്പം. ഐന്ദ്രജാലികമായിരുന്നു ആ ഗാനപ്രവാഹം. പാട്ടും പാട്ടുകാരിയും ഹൃദയം കൊണ്ട് ഒന്നായപോലെ. ആദ്യമായി കേൾക്കുകയാണ് സദസ്യരിൽ ഭൂരിഭാഗവും ആ ഗാനം എന്നത് വ്യക്തം. അധികം കേട്ടു പരിചയമില്ലാത്ത പാട്ട് പാടിക്കേൾക്കുമ്പോൾ സാധാരണ ഗതിയിൽ സദസ്സിന് ഉൾക്കൊള്ളാൻ പ്രയാസം തോന്നും. എന്നാൽ ഇതങ്ങനെയല്ല. എല്ലാം മറന്ന് പാട്ടിന്റെ ഒഴുക്കിൽ ലയിച്ചുചേരുന്നു ഭൂരിഭാഗം ശ്രോതാക്കളും. നിശ്ചലയായി നിന്ന് കയ്യിലെ ഡയറിയിലേക്ക് നോക്കി പാടുന്ന ഗായികയെ നോക്കി പകച്ചിരുന്ന സുഹൃത്തിന്റെ മുഖം ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. അത്ഭുതവും ആഹ്ളാദവും ആവേശവും മാറിമാറി അലയടിക്കുന്നു അവിടെ; ഒപ്പം പേരറിയാത്ത മറ്റൊരു വികാരവും. പ്രണയമായിരുന്നോ ?
പാട്ട് തീർന്നതിന് പിന്നാലെ, തിരക്കിനിടയിലൂടെ എന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് വേദിയുടെ പിറകിലെത്തുന്നു അവറാൻ. ഒറ്റക്ക് ഒരു ഭാഗത്ത് ഒതുങ്ങിനിന്നിരുന്ന പാട്ടുകാരിയെ ചെന്ന് പരിചയപ്പെടുന്നു. പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിന് പഠിക്കുകയാണ് ആ കുട്ടി. ഞങ്ങളാകട്ടെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും. കോളേജിൽ അന്ന് ഇംഗ്ലീഷ് എം എ കോഴ്സിന് മാത്രമേ പെൺ സാന്നിധ്യമുളളൂ. മൂന്ന് വയസ്സിനെങ്കിലും മൂത്തയാളാണെന്ന കാര്യമൊന്നും അവറാന്റെ പ്രണയത്തെ ബാധിച്ചതായി തോന്നിയില്ല. ആരാധനയുടെ മൂർധന്യത്തിലാണല്ലോ അവന്റെ മനസ്സ്. അവിടെ പ്രായത്തിനെന്ത് പ്രസക്തി?
സ്വയം പരിചയപ്പെടുത്തിയ ശേഷം അവറാന്റെ ചോദ്യം: "അപ്പോൾ വീട്ടിൽ ആരൊക്കെയുണ്ട്?"
"അമ്മയുണ്ട്. അച്ഛൻ മരിച്ചു." ഗായിക പറഞ്ഞു. ഇനിയാണ് ആന്റി ക്ലൈമാക്സ് പോലെ അടുത്ത ഡയലോഗ്. "ഹസ്ബൻഡ് ഹൈക്കോർട്ടിൽ അഡ്വക്കേറ്റ് ആണ്. മോൾക്ക് രണ്ടു വയസ്സായി. വീട്ടിലെ കാര്യങ്ങളും പാട്ടും പഠിത്തവും ഒക്കെക്കൂടി ഒരുമിച്ചു കൊണ്ടുപോവാൻ നല്ല ബുദ്ധിമുട്ട്. പാട്ട് നിർത്തിയാലോ എന്ന് ആലോചിക്കും. നിങ്ങളെപ്പോലുള്ളവർ നല്ലതു പറഞ്ഞുകേൾക്കുമ്പോൾ അത് ശരിയല്ല എന്നും തോന്നും.... എന്താ ചെയ്യുക." -- നിഷ്കളങ്കമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് പാട്ടുകാരി.
മുഖത്തെ ജാള്യം മറയ്ക്കാൻ പാടുപെടുന്ന അവറാന്റെ രൂപം ഇന്നുമുണ്ട് ഓർമ്മയിൽ. വിവാഹശേഷവും കോളേജിൽ ചേർന്ന് പഠിക്കുന്നവരുണ്ടെന്നത് പുതിയ അറിവായിരുന്നല്ലോ ഞങ്ങൾക്ക്. എന്നാൽ പിന്നെക്കാണാം എന്ന് പറഞ്ഞു യാത്ര പറയാൻ തിരക്കുകൂട്ടിത്തുടങ്ങി അവറാൻ . നിന്നിട്ട് കാര്യമില്ല എന്ന് ബോധ്യമായിക്കാണണം അവന്. അതിനിടയിലും ഒരു കാര്യം ഗായികയോട് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല എനിക്ക്: "എന്താ ഈ പാട്ടിനോട് ഇത്ര ഇഷ്ടം?.." നേർത്ത ലജ്ജ കലർന്ന ഒരു ചിരിയായിരുന്നു മറുപടി. ഒപ്പം ഒരു മറുചോദ്യവും: "എന്താ മോശം പാട്ടാണോ?" വിശദീകരണം പിറകെ വന്നു: "ഹസ്ബന്റിന്റെ ഇഷ്ടഗാനമാണ്. അദ്ദേഹം പറഞ്ഞിട്ടാണ് പഠിച്ചത്. നല്ല ഫീലുള്ള പാട്ടായി തോന്നി."
അന്ന് മുഴുവൻ മനസ്സ് മൂളിയത് ആ പാട്ടാണ്. ഹോസ്റ്റലിൽ പുതിയ സിനിമാഗാനങ്ങൾ കേൾക്കാൻ മാർഗ്ഗമൊന്നുമില്ലാത്ത കാലം. ആകെയുള്ള ആശ്രയം പോർട്ടിക്കോയിൽ കാലത്ത് വെച്ചുകേൾപ്പിച്ചിരുന്ന റേഡിയോ ആണ്. ആ സമയത്ത് അധികവും കേൾക്കുക മലയാളം പാട്ടുകളാണ് താനും. ഒരിക്കൽ കൂടി ആ പാട്ട് കേൾക്കാൻ, "അഖിയോം കേ ജരോക്കോം സേ" എന്ന ചിത്രം അടുത്തൊരു സിനിമാക്കൊട്ടകയിൽ കളിക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. അവറാനൊപ്പമാണ് പടം കാണാൻ ചെന്നത്. സച്ചിനും രഞ്ജീതയും അഭിനയിച്ച ന്യൂജെൻ പ്രണയചിത്രം. എറിക് സെഗാളിന്റെ പ്രശസ്തമായ ലവ് സ്റ്റോറി എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഹിരൺ നാഗ് ഒരുക്കിയ പടമാണ്.
രവീന്ദ്ര ജെയ്ൻ എഴുതി സ്വരപ്പെടുത്തിയ പാട്ടുകളായിരുന്നു പടത്തിന്റെ മുഖ്യ ആകർഷണം. പ്രത്യേകിച്ച് ഹേമലത പാടിയ ശീർഷക ഗാനം. പ്രണയലോലമായ വരികൾ; അതിനിണങ്ങുന്ന സംഗീതം: അങ്ങകലെയുള്ള കാമുകനെ വിടർന്ന കണ്ണുകളോടെ പ്രേമപരവശയായി നോക്കിനിൽക്കുന്ന കാമുകി. കണ്ണടച്ചാലോ ? പുഞ്ചിരിയോടെ ഹൃദയത്തിനുള്ളിൽ വന്നുനിൽക്കും അവൻ. ലളിതസുന്ദരമായ ഭാവന. ജന്മനാ കാഴ്ച്ചയുടെ പരിമിതികൾ ഉണ്ടായിട്ടും സ്വന്തം രചനകളിൽ പ്രകൃതിയിൽ നിന്നുള്ള ചാരുതയാർന്ന ദൃശ്യബിംബങ്ങൾ എങ്ങനെ കോരിനിറക്കാൻ കഴിയുന്നു എന്ന ചോദ്യത്തിന് ഒരിക്കൽ രവീന്ദ്ര ജെയിൻജി നൽകിയ കാവ്യാത്മകമായ മറുപടി ഇങ്ങനെ:
"നിങ്ങൾ കണ്ണുകളിലൂടെ കാണുന്നതെല്ലാം ഞാൻ കാതുകളിലൂടെ കാണുന്നു. അന്തരീക്ഷത്തിലെ നേർത്ത ശബ്ദവീചികൾ പോലും പിടിച്ചെടുക്കും എന്റെ കാതുകൾ. കിളിക്കൊഞ്ചൽ, കാറ്റിന്റെ ചിറകടി, മഴയുടെ ഇരമ്പം, പുഴയുടെ കാൽച്ചിലമ്പൊലി... ഈ ശബ്ദങ്ങളിൽ നിന്ന് ഞാൻ രൂപപ്പെടുത്തിയതാണ് എന്റെ മനസ്സിലെ പ്രകൃതിയെ കുറിച്ചുള്ള സങ്കൽപ്പം. ഞാനറിയുന്ന ആ പ്രകൃതിയുടെ ചിത്രം കവിതയിലേക്ക് പകർത്തുമ്പോൾ പശ്ചാത്തലത്തിൽ അതിന്റെ ഈണം കൂടി ഒഴുകിയെത്തുന്നു എന്നു മാത്രം-- ദൈവാനുഗ്രഹം പോലെ.''
പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ പ്രകൃതിയുടെ നിറസാന്നിധ്യമുള്ള വേറെയും ജനപ്രിയ ചലച്ചിത്ര ഗാനങ്ങളുണ്ട് ജെയിനിന്റെ സൃഷ്ടികളിൽ : ഗോരി തേരാ ഗാവ് ബഡാ പ്യാരാ, ജബ് ദീപ് ജലേ ആനാ, തുജോ മേരി സുർ മേ (ചിത്ചോർ), ഗുംഗ്രൂ കി തരഹ് (ചോർ മചായെ ശോർ), സുനയനാ (സുനയനാ), ശ്യാം തേരി ബൻസി പുകാരേ (ഗീത് ഗാതാ ചൽ)... ദൃശ്യവും സംഗീതവും തമ്മിലുള്ള അപൂർവ്വസുന്ദരമായ ഹൃദയബന്ധം നമ്മെ അനുഭവിപ്പിച്ച പാട്ടുകൾ.
നാലരപ്പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഒരു ഫോൺകോളിലൂടെ "അഖിയോം കേ ജരോക്കോം സേ" വീണ്ടും വന്നു ഓർമ്മയുടെ കിളിവാതിലുകൾ തുറക്കുമെന്ന് ആരോർത്തു? ഒരു വായനക്കാരിയുടേതായിരുന്നു വിളി. "പൊതുവെ ഹിന്ദി പാട്ടുകൾ കേൾക്കാറില്ല. ഭാഷ അറിയാത്തതുകൊണ്ട് താൽപര്യം തോന്നാറില്ല എന്നതാണ് സത്യം. എന്നാൽ ഈ പാട്ട് എന്ന് കേൾക്കുമ്പോഴും കോരിത്തരിക്കും. രാത്രിയുടെ ഏകാന്തതയിൽ വീടിന്റെ ടെറസ്സിൽ പോയി നിന്ന് ഹെഡ് ഫോണിൽ കേൾക്കാറുണ്ട്. അപ്പോഴെല്ലാം മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കും മനസ്സ്. പെട്ടെന്ന് ചെറുപ്പമാകും നമ്മൾ. ഭാഷ പോലും അപ്രസക്തമാകും.... എന്നെങ്കിലും ഈ പാട്ടിനെക്കുറിച്ച് എഴുതണം ചേട്ടൻ..." - വിളിച്ചയാൾ പറഞ്ഞു.
നന്ദി, പ്രിയ വായനക്കാരീ, അവറാന്റെ ഓർമ്മകളിലേക്ക് തിരികെ നടത്തിയതിന്. എനിക്കവളെ കല്യാണം കഴിക്കണം എന്ന് കുട്ടികളെ പോലെ വാശി പിടിച്ച കൂട്ടുകാരനെ എങ്ങനെ മറക്കാൻ ? ഗായികയേക്കാൾ പാട്ടിനെയായിരുന്നില്ലേ അവൻ പ്രണയിച്ചത്?
അവറാൻ ഇന്നില്ല. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ജീവിതമായിരുന്നു അവന്റേത്. കാൽ മുറിച്ചുമാറ്റപ്പെട്ട ശേഷം വീൽ ചെയറിലൊതുങ്ങി ജീവിക്കുന്നതിനിടെ ഇടക്കൊക്കെ വിളിക്കും അവൻ. ഒരു രാത്രി അസമയത്ത് വിളിച്ചുണർത്തി, അപ്പോൾ കേട്ടുകൊണ്ടിരുന്ന പാട്ട് ഫോണിലൂടെ എന്നെ കേൾപ്പിച്ചു; കൗമാര കാല പ്രണയസ്മരണകളെ തൊട്ടുണർത്തിയിരുന്ന ഗാനം: "അഖിയോം കേ ജരോക്കോം സേ ...."
"ഈ പാട്ട് ഇടക്ക് കേൾക്കും. അപ്പോഴൊക്കെ നമ്മുടെ ആ നല്ല കാലം ഓർമ്മവരും. ആ പാട്ടുകാരി ഇപ്പോൾ എവിടെയുണ്ടാകും ആവോ, അല്ലേടാ?" -- അവൻ ചോദിക്കുന്നു. "നല്ല പ്രായമായിട്ടുണ്ടാകും. ഇനിയെന്തിന് അതന്വേഷിച്ചു നടക്കണം?" എന്റെ മറു ചോദ്യം.
ഫോണിന്റെ മറുതലക്കൽ പതിവുപോലെ അവന്റെ പൊട്ടിച്ചിരി കേട്ടു അപ്പോൾ. അധികം വൈകാതെ ആ പൊട്ടിച്ചിരി എന്നന്നേക്കുമായി നിലക്കുമെന്ന് ആരോർത്തു?