Image

സ്ത്രീയും പുരുഷനും ഒന്നെന്ന് സുജയ പാര്‍വതി; തുല്യരല്ലെന്ന് മോത്തി രജേഷ്: ഐ.പി.സി.എന്‍.എ വിമന്‍ ഇന്‍ മീഡിയ കോണ്‍ക്ലേവില്‍ ചര്‍ച്ച കസറി

Published on 11 October, 2025
സ്ത്രീയും പുരുഷനും ഒന്നെന്ന് സുജയ പാര്‍വതി; തുല്യരല്ലെന്ന് മോത്തി രജേഷ്: ഐ.പി.സി.എന്‍.എ വിമന്‍ ഇന്‍ മീഡിയ കോണ്‍ക്ലേവില്‍ ചര്‍ച്ച കസറി

ന്യൂജേഴ്‌സി: ഐ.പി.സി.എന്‍.എ 11-ാം അന്താരാഷ്ട്ര കോണ്‍ഫറന്‍സിലെ ശ്രദ്ധേയമായ വിമന്‍ ഇന്‍ മീഡിയ കോണ്‍ക്ലേവില്‍ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചുള്ള ചര്‍ച്ച വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളാല്‍ സജീവമായി. ''സ്ത്രീയോ പുരുഷനോ എന്നത് പെന്‍ഡുലം പോലെയാണ്. ഇടത്തുനിന്ന് വലത്തേക്കോ വലത്തുനിന്ന് ഇടത്തേക്കോ അതിന്റെ നീക്കം ഒരു ബാലന്‍സിന്റെ പുറത്താണ്. തൊഴിലിടങ്ങളിലായാലും വീട്ടിലായും സമൂഹത്തിന്റെ ഏത് തുറയിലായാലും പരസ്പര പൂരകങ്ങളാണ് സ്ത്രീയും പുരുഷനും എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റിപ്പോര്‍ട്ടര്‍ ടി.വിയുടെ വനിതാ ശബ്ദമായ  സുജയ പാര്‍വ്വതി.

കലഹിച്ചുകൊണ്ട് പുരുഷന്റെ കയ്യില്‍ നിന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ പിടിച്ചുവാങ്ങണമെന്ന കാഴ്ചപ്പാടില്ലെന്നും സുജയ വ്യക്തമാക്കി. കഴിവ് കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലാണ് നിലനില്‍പിരിക്കുന്നത്. കുടുംബത്തിന് ശേഷം മാത്രം കരിയറിന് സ്ഥാനം കല്പിക്കുകയും രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തതില്‍ അഭിമാനിക്കുകയും ചെയ്യുന്നതായി സുജയ അഭിപ്രായപ്പെട്ടു. വുമണ്‍ഹുഡിനകത്ത് ഒരു മാന്‍ ഉണ്ടെന്നും സ്ത്രീയും പുരുഷനും ഒന്നാകുമ്പോഴാണ് വുമണ്‍ഹുഡ് യാഥാര്‍ത്ഥ്യമാകുന്നതെന്നും സുജയ പറഞ്ഞു.



പ്രകൃതിയുടെ നിര്‍മിതിക്ക് ഓരോ ലക്ഷ്യമുണ്ടെന്നും സ്ത്രീയും പുരുഷനും ആ ലക്ഷ്യ സാക്ഷാത്ക്കാരത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് മാതൃഭൂമി ചാനലിന്റെ മുഖമായ മോത്തി രാജേഷ് പറഞ്ഞു. ഒരാള്‍ക്കും സാധിക്കാത്തതായി ഈ ലോകത്ത് ഒന്നും തന്നെയില്ല. പക്ഷേ, ജന്‍ഡര്‍ എന്നത് വ്യത്യസ്തമായി നിലകൊള്ളുന്നതാണ്. ഒരു കാര്യത്തെ വളരെ അനുകമ്പയോടെ കാണാന്‍ പുരുഷനേക്കാള്‍ സ്ത്രീക്ക് കഴിയും. ഏറ്റവും പ്രിയപ്പെട്ട ഒരാളെ ഒന്നു ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കാനുള്ള കഴിവ് പുരുഷനേക്കാള്‍ സ്ത്രീക്കാണ് കൂടുതല്‍ എന്ന് താന്‍ മനസ്സിലാക്കുന്നുവെന്ന് മോത്തി രാജേഷ് വ്യക്തമാക്കി.

എല്ലാ കാര്യങ്ങളും സമചിത്തതയോടെ ചെയ്യാനും ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും സ്ത്രീക്ക് സാധിക്കുന്നു. പുരുഷന്‍ ഒരു സാധനം കാണുന്നില്ല എന്ന് പറഞ്ഞാല്‍ സ്ത്രീക്ക് അത് വളരെ എളുപ്പത്തില്‍ കണ്ടുപിടിച്ചു കൊടുക്കാന്‍ പറ്റും. ഇങ്ങനെ വളരെ നിസ്സാരമെന്ന് തോന്നുന്ന വലിയ വ്യത്യാസങ്ങള്‍ സ്ത്രീയും പുരുഷനും തമ്മിലുണ്ട്. പക്ഷേ, നമ്മള്‍ ഒക്കെ ആഗ്രഹിക്കുന്ന തുല്യത എന്നത് സഹജീവി എന്ന നിലയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അംഗീകാരമാണെന്നും ജെന്‍ഡര്‍ ഏതു തന്നെയായാലും നല്ല വ്യക്തിയാവുക എന്നതാണ് പ്രധാനമെന്നും മോത്തി രാജേഷ് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ വനിതാകമ്മീഷന്‍ അംഗമായിരുന്ന പ്രൊഫസര്‍ കെ.എ തുളസിക്ക് പറയാനുള്ളത് സ്ത്രീകളുടെ ഇന്നത്തെ അവസ്ഥ പൊതുവേ ആശാസ്യകരമെന്നാണ.് പുരാതന കാലഘട്ടത്തില്‍ സ്ത്രീയും പുരുഷനും എന്ന വേര്‍തിരിവ് ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നത് പല സാഹചര്യങ്ങളിലും പ്രകടമാണ്. അത് മാറ്റിയെടുക്കണമെന്നുണ്ടെങ്കില്‍ ആ മാറ്റത്തിനു വേണ്ടി വാദിക്കുന്നവര്‍ തന്നെ ആദ്യം മാറേണ്ടതുണ്ടെന്ന് തുളസി ടീച്ചര്‍ ചൂണ്ടിക്കാട്ടി. വ്യക്തി എന്ന നിലയില്‍ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്ത് പോകുമ്പോള്‍ അവിടെ സ്‌ത്രൈണത ആഘോഷിക്കപ്പെടുമെന്ന് ടീച്ചര്‍ പറഞ്ഞു. 

ഏത് പ്രതിസന്ധി ഘട്ടത്തിലും മാറ്റങ്ങള്‍ വരുത്താന്‍ പ്രാപ്തരാണ് സ്ത്രീകളെന്ന് ഡോ. ആനി പോള്‍ പറഞ്ഞു. വെല്ലുവിളികളിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയും ആണ് മാറ്റം കൊണ്ടുവരുവാന്‍ പറ്റുക. കഠിനാദ്ധ്വാനത്തിലൂടെ നമുക്ക് മുന്നിലുള്ള അവസരങ്ങളുടെ വാതില്‍ തുറന്ന് നേട്ടങ്ങള്‍ കൊയ്യുമ്പോഴാണ് വുമണ്‍ഹുഡ് അംഗീകരിക്കപ്പെടുകയെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഡോ. ആനി പോള്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ ഒരുപാട് സാക്രിഫൈസ് ചെയ്താണ് ഒരു കുടുംബം കെട്ടിപ്പടുക്കുന്നതെന്നാണ് മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകയായ ലീല മാരേറ്റിന്റെ അഭിപ്രായം. പഴയ കാല സ്ത്രീകള്‍ നാട്ടില്‍ വളര്‍ന്നത് പുരുഷാധിപത്യമുള്ള ഒരു സാമൂഹിക പശ്ചാത്തലത്തിലാണ്. സ്ത്രീയ്ക്ക് ശബ്ദിക്കാന്‍ പോലുമുള്ള അവസരമുണ്ടായിരുന്നില്ല. പക്ഷേ, വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ് ഇന്നീ ആധുനിക കാലഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പുരുഷന്മാര്‍ക്കൊപ്പമോ അവര്‍ക്ക് മുകളിലോ ആണ് സ്ത്രീകളുടെ സ്ഥാനം. 

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്ന് പറയുന്നതുപോലെ തന്നെ ഏതൊരു സ്ത്രീയുടെ ഉയര്‍ച്ചയ്ക്ക് പിന്നിലും ഒരു പുരുഷന്‍ ഉണ്ടെന്ന് ലീല മാരേറ്റ് പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണെന്ന വാദത്തോട് യോജിക്കില്ലെന്ന് തങ്കം അരവിന്ദ് പറഞ്ഞു. ഞാനൊരു സ്ത്രീയാണ് എന്ന് ആവര്‍ത്തിച്ചുള്ള പറച്ചില്‍ സ്ത്രീയുടെ അവസരങ്ങളും ശക്തിയും കുറയ്ക്കുമെന്നും തങ്കം ചൂണ്ടിക്കാട്ടി. 
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക